UPDATES

വായിച്ചോ‌

ഹോർത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥത്തിന് സമർപ്പിച്ച ജീവിതം കെഎസ് മണിലാൽ ഓർത്തെടുക്കുമ്പോൾ

ചെടികളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമുള്ള വെറുമൊരു പുസ്തകമല്ല ഹോർത്തൂസ് മലബാറിക്കസ് എന്ന് മണിലാലിന് മനസ്സിലായി. ആ കാലത്തെ കേരളം തന്നെയാണ് 2400 പേജുകളിൽ വിവരിക്കപ്പെട്ടിരിക്കുന്നത്!

                       

ചില പുസ്തകങ്ങൾ നമ്മുടെ അസ്ഥിക്ക് പിടിക്കുന്നു. അവ നമ്മെ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളിലേക്ക് നയിക്കുന്നു. മറ്റു ചില പുസ്തകങ്ങൾ, പ്രത്യേകിച്ചും മതഗ്രന്ഥങ്ങൾ നിങ്ങൾക്ക് ജീവിതം ഓടിത്തീർക്കാനുള്ള സുനിശ്ചിതത്വത്തിന്റെ പാളങ്ങൾ നിർമിച്ചു നൽകുന്നു. വേറെച്ചില പുസ്തകങ്ങളുണ്ട്. അവ നമ്മെ തിരിച്ചുകയറ്റത്തിന്റെ പ്രതീക്ഷകളില്ലാത്ത ആഴങ്ങളിലേക്ക് വീഴ്ത്തുന്നു. അവയോട് അഗാധമായ പ്രണയത്തിലേർപ്പെടാൻ നാം നിർബന്ധിതരാകുന്നു.

കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ എന്ന, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും വിരമിച്ച ബോട്ടണി പ്രൊഫസർക്ക് ഈ പ്രേമം വളരെ നേരത്തെ തുടങ്ങുകയുണ്ടായി. ഹോർത്തൂസ് മലബാറിക്കസ് എന്ന പതിനേഴാം നൂറ്റാണ്ടിലെ ലാറ്റിൻ ചിത്രപുസ്തകത്തിലാണ് മണിലാൽ ഭ്രമിച്ചു വീണത്. മലബാറിലെ ചെടികളെയും മരങ്ങളെയും കുറിച്ചുള്ള പുസ്തകം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അതിമനോഹരമായ ബാന്ധവത്തിന്റെ ദൃഷ്ടാന്തമായി മാറിയ ഈ 2400 പേജുകളുള്ള പുസ്തകത്തെ പഠിക്കുന്നതും വിവര്‍ത്തനം ചെയ്യുന്നതുമെല്ലാമായി മണിലാലിന്റെ ജീവിതം.

ചെറുപ്പകാലത്തു തന്നെ മണിലാൽ ഏറ്റെടുത്ത ഈ ഉദ്യമം അങ്ങേയറ്റം ദുർഘടങ്ങൾ നിറഞ്ഞതായിരുന്നു. ഹോർത്തൂസ് മലബാറിക്കസിൽ പറഞ്ഞിട്ടുള്ള 742 ചെടികളെയും അവ കണ്ടെത്തിയെന്നു പറയുന്ന സ്ഥലങ്ങളിൽ നേരിൽച്ചെന്ന് തിരിച്ചറിയുകയെന്നതു തന്നെ വലിയൊരു ഉദ്യമമായി. മുന്നൂറ് വർഷം മുമ്പത്തെ വിവരണങ്ങളാണ്. ആധുനികശാസ്ത്രം ഏറെ മുന്നേറി. പലതിന്റെയും ശാസ്ത്രീയ നാമങ്ങളിൽ വലിയ മാറ്റം വന്നു. ചെടികളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമുള്ള വെറുമൊരു പുസ്തകമല്ല ഹോർത്തൂസ് മലബാറിക്കസ് എന്ന് മണിലാലിന് മനസ്സിലായി. ആ കാലത്തെ കേരളം തന്നെയാണ് 2400 പേജുകളിൽ വിവരിക്കപ്പെട്ടിരിക്കുന്നത്! അന്നത്തെ സമൂഹം, ശാസ്ത്രം, ഭാഷ, സംസ്കാരം തുടങ്ങിയവയെല്ലാം ആ താളുകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇന്ന്, എൺപതാം വയസ്സിൽ ഒരു സ്ട്രോക്ക് വന്ന് ക്ഷീണിതനാണെങ്കിലും മണിലാൽ താൻ കടന്നുപോന്ന ആ മഹാഗ്രന്ഥത്തിന്റെ താളുകളെ, അഥവാ തന്റെ ജീവിതത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. തന്റെ ജീവിതത്തിന്റെ അമ്പതു വർഷവും ചെലവിട്ടത് ഹോർത്തൂസ് മലബാറിക്കസ്സിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങൾക്കായാണ്. ആറ് പുസ്തകങ്ങൾ രചിച്ചു. നിരവധി പ്രബന്ധങ്ങൾ രചിച്ചു.

കൂടുതൽ വായിക്കാം

നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ

Share on

മറ്റുവാര്‍ത്തകള്‍