UPDATES

ഇന്ത്യ

‘തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയ്ക്ക് കിട്ടിയതെങ്ങനെ?’ മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കെഎസ്ഐഡിസി കേരളാ ഹൈക്കോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

                       

തിരുവനന്തപുരം വിമാനത്താവളം അദാനി എന്റർപ്രൈസസിന് നൽകരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. വിമാനത്താവളത്തിനു വേണ്ടി പ്രത്യേകമായി രൂപീകരിച്ച കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കമ്പനിക്ക് വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്ന് പിണറായി കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാര്‍ വഴിവിട്ട രീതികളിലൂടെ പ്രവർത്തിച്ചാണ് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് വിമാനത്താവളങ്ങൾ അദാനിയുടെ കൈകളിലെത്തിച്ചതെന്ന് കഴിഞ്ഞദിവസം കേരള സർക്കാർ ആരോപിച്ചിരുന്നു.

സർക്കാർ രൂപീകരിച്ച കമ്പനിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനച്ചുമതല നൽകുകയാണെങ്കിൽ അത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും താൽപര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളം നടത്തുന്നതിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്വകാര്യ കമ്പനിക്ക് എങ്ങനെയാണ് അതിന്റെ നടത്തിപ്പവകാശം കിട്ടിയതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ കൊച്ചിയിലും കണ്ണൂരുമുള്ള വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നത് സർക്കാർ രൂപീകരിച്ച കമ്പനികളാണ്. ഇവ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വസ്തുതയും പിണറായി തന്റെ കത്തിൽ വിശദീകരിച്ചു.

2005ൽ 635 ഏക്കർ‌ ഭൂമിയാണ് കേരളാ സർ‌ക്കാർ വിമാനത്താവളത്തിന് കൈമാറിയത്. സൗജന്യമായി. പിന്നീടും 23.57 ഏക്കർ ഭൂമി വിമാനത്തിന് വിലയൊന്നും ഈടാക്കാതെ വിട്ടു നൽകുകയുണ്ടായി. ഈ ഭൂമി കൈമാറ്റത്തിന്റെ കരാറിൽ ഭാവിയിൽ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നൽകുകയാണെങ്കിൽ സൗജന്യമായി നൽകിയ ഭൂമിയുടെ തക്ക മൂല്യത്തിനുള്ള ഓഹരികൾ സർക്കാരിന് നൽകണമെന്ന് വ്യവസ്ഥയുള്ള കാര്യവും മുഖ്യമന്ത്രി കത്തിൽ എടുത്തുപറഞ്ഞു.

കെഎസ്ഐഡിസി കേരളാ ഹൈക്കോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ടെൻഡർ നടപടികളിൽ അന്തിമതീരുമാനമുണ്ടാകുന്നത് കോടതിയുടെ വിധി വന്നതിനു ശേഷം മാത്രമാകുമെന്നും ഉത്തരവുള്ള കാര്യവും മോദിയെ കത്തിലൂടെ പിണറായി അറിയിച്ചു.

50 വർഷം അദാനിയുടെ കീഴിൽ

തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് ലേലത്തിലൂടെ നേടിയത്. തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ എന്നിവ. 50 വര്‍ഷത്തേക്കാണ് വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യവൽക്കരണ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ ലേലം നടന്നില്ല.

168 കോടി രൂപയ്ക്കാണ് അദാനി വിമാനത്താവളെ സ്വന്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ കമ്പനി 135 കോടി വരെ വിളിച്ചു. ലേലത്തുക കെഎസ്ഐഡിസിയെക്കാൾ 10% മാത്രമാണ് കൂടുതലെങ്കിൽ കരാർ സര്‍ക്കാര്‍ ഏജൻസിക്ക് കിട്ടുന്ന രീതിയില്‍ കേന്ദ്രം ഇളവനുവദിച്ചിരുന്നു. എന്നാൽ ഇത് മുൻകൂട്ടിക്കണ്ട് അദാനി ഗ്രൂപ്പ് വൻതുക കൂട്ടി വിളിച്ചു. എയര്‍പോര്‍ട്ട് വ്യവസായ മേഖലയിലേയ്ക്കുള്ള അദാനി ഗ്രൂപ്പിന്റെ ആദ്യ കടന്നുവരവാണിത്.

തിരുവിതാംകൂർ രാജഭരണകാലത്താണ് വിമാനത്താവളം തുടങ്ങിയത്. അന്ന് സ്ഥലം സൗജന്യമായാണ് നൽകിയത്. കേന്ദ്രം കൈയൊഴിയുകയാണെങ്കിൽ വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. 2018 ഡിസംബർ 14നാണ് ടെൻ‍ഡർ ക്ഷണിച്ചത്. ലേലനടപടിയുടെ ഭാഗമായ ആർഎഫ്പി രേഖകളിലെ അവ്യക്തകൾ തീർത്ത് 2019 ഫെബ്രുവരി എട്ടുവരെ തിരുത്തലുകൾ നടന്നതിനാൽ ടെൻഡർ സമർപ്പിക്കാൻ ആറ് ദിവസമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഹരജിക്കാർ ആരോപിച്ചു. നിയമവിരുദ്ധമായ രീതിയിലാണ് ടെൻഡർ നടപടികൾ നടന്നതെന്നും ഹരജിക്കാർ ആരോപിച്ചു. ടെൻഡർ നടപടികൾ റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം പക്ഷെ പരിഗണിക്കപ്പെട്ടില്ല.

Related news


Share on

മറ്റുവാര്‍ത്തകള്‍