UPDATES

ഫിനാന്‍സ്/ ബിസിനസ്‌

അദാനിയ്ക്ക് മേല്‍ സെബിയുടെ വാള്‍: നിയമ പരിധി ലംഘിച്ച് വിദേശ നിക്ഷേപമെത്തിയെന്ന് കണ്ടെത്തല്‍

പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്ന മറുപടിയാണ് ഇവരില്‍ നിന്നുണ്ടായത്

                       

അദാനിയ്ക്ക് മേല്‍ വീണ്ടും കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. അദാനി കമ്പനികളില്‍ നിക്ഷേപിക്കുന്ന 12 വിദേശനിക്ഷേപകര്‍ നിയമലംഘനം നടത്തിയെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. സെബി രണ്ട് കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. ആദ്യത്തേത,് നിയമപരിധിയില്‍ കവിഞ്ഞ നിക്ഷേപം അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എത്തിയെന്നതാണ്. രണ്ടാമതായി ഇന്ത്യന്‍ നിയമപ്രകാരം വിദേശനിക്ഷേപകര്‍ പരസ്യപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നതും. വിഷയത്തില്‍ സെബി നേരത്തെ തന്നെ വിദേശനിക്ഷേപകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് പകരം, ഇതിനുള്ള പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്ന മറുപടിയാണ് ഇവരില്‍ നിന്നുണ്ടായത്. കൂടാതെ നിയമം ലംഘിച്ചെന്ന് രേഖമൂലം ഇവര്‍ വ്യക്തമാക്കിയിട്ടുമില്ലെന്നും റൂയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫണ്ടുകളും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് സെബി ഇപ്പോള്‍. അദാനി ഗ്രീന്‍ എനര്‍ജി,അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം, ഓഹരി പങ്കാളിത്ത നിയമലംഘനം എന്നിവയെകുറിച്ചും സെബി അന്വേഷിച്ച് വരികയാണ്. നേരത്തെ അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ചതും സമാന ആരോപണങ്ങളായിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയ ഇടിവിന് കാരണമായതും. വിദേശ നിക്ഷേപ മാര്‍ഗങ്ങളുടെ ദുരുപയോഗം തടയുന്നതിനും പൊതു ഓഹരി ഉടമകളുടെ മാനദണ്ഡ ലംഘനങ്ങള്‍ തടയുന്നതിനുമായി എഫ്പിഐകള്‍ക്കായി കര്‍ശനമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ സെബി.

അന്വേഷണം തുടരുന്നു

2020 നംവബറിലാണ് വിദേശ നിക്ഷേപ വിഷയത്തില്‍ സെബിയുടെ നിരീക്ഷണം അദാനിയ്ക്ക് മേല്‍ പതിഞ്ഞത്. അദാനിയുടെ പ്രധാന കമ്പനിയായ അദാനി ഇന്‍ഡസ്ട്രീസില്‍ 2020ല്‍ നിക്ഷേപകരുടെ എണ്ണം 133 ആയിരുന്നു. നിലവില്‍ 400ലധികം വിദേശനിക്ഷേപകര്‍ക്കാണ് ഈ കമ്പനിയില്‍ നിക്ഷേപമുള്ളത്. മറ്റ് കമ്പനികളിലേക്ക് വരികയാണെങ്കില്‍ അദാനി ടോട്ടല്‍ ഗ്യാസിലെ വിദേശ നിക്ഷേപകരുടെ എണ്ണം 63ല്‍ നിന്ന് 532 ആയി വര്‍ധിച്ചപ്പോള്‍ ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപകരുടെ എണ്ണം 94ല്‍ നിന്ന് 581 ആയി. അദാനി ട്രാന്‍സ്മിഷനിലെ വിദേശ നിക്ഷേപകരുടെ എണ്ണം 2020തിലെ 62ല്‍ നിന്ന് 431 ആയി. കൂടാതെ അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികള്‍ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും അദാനിയ്‌ക്കെതിരെയുണ്ട്.ചില എഫ്.ഐകള്‍ ഓഹരി പോര്‍ട്ട്‌ഫോളിയോയുടെ ഭൂരിഭാഗവും ഒരൊറ്റ കമ്പനി അല്ലെങ്കില്‍ ഒറ്റ് ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പെട്ടതായി 2023 മെയ് 31ന് സെബി പറഞ്ഞിരുന്നു. എന്നാല്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ പേരെടുത്തു പരാമര്‍ശിച്ചിരുന്നില്ല. അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി, ഗ്രൂപ്പിലെ ചില കമ്പനികളിലെ പ്രമോട്ടര്‍മാരല്ലാത്ത ഓഹരിയുടമകള്‍ യഥാര്‍ത്ഥത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന സംശയമുണ്ടെന്നും സെബിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

 

Content Summary: SEBI finds Adani offshore funds in-violation of shareholding disclosures, breach of investment limits.

Share on

മറ്റുവാര്‍ത്തകള്‍