UPDATES

ബ്ലോഗ്

പിണറായിയെ തോല്‍പ്പിച്ച് രണ്ട് പോലീസുകാര്‍ ആര്‍ എസ് എസില്‍ ‘സുരക്ഷ’ കണ്ടെത്തുമ്പോള്‍

വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പം തന്നെയാണ് പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കിയത്.

                       

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍  വിധിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ ഉത്തരവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഡിജിപി ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് മറ്റു പല സംഭവങ്ങളിലുമായി സസ്പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അഴിമതിക്കാര്‍ തന്നെ വേട്ടയാടിയെന്നും അഴിമതിക്കെതിരെയുള്ള വിധിയാണ് ഇന്നുണ്ടായതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ജേക്കബ് തോമസ് ആദ്യം പിണറായിയുടെ വിശ്വസ്ഥനായിരുന്നു. അതിന്റെ ഫലമായി വിജിലന്‍സ് വകുപ്പിന്റെ മേധാവിയായാണ് പിണറായി അദ്ദേഹത്തെ നിയമിച്ചതും. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്തുകൊണ്ടുവരാന്‍ ജേക്കബ് തോമസിന് സാധിക്കുമെന്ന രാഷ്ട്രീയ ലക്ഷ്യം പിണറായിക്കുണ്ടായിരുന്നു. വിജിലന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരിക്കുമ്പോള്‍ ബാര്‍ കോഴക്കേസിലും പാറ്റൂര്‍ കേസിലും ജേക്കബ് തോമസ് നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

പാറ്റൂര്‍ കേസും ബാര്‍ കോഴക്കേസും വലിയ വിവാദങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റിയത്. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിന് ശേഷമായിരുന്നു ഇത്. പിന്നീട് അഗ്നിശമന സേനാ തലവനായ ശേഷവും സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള യുദ്ധം തുടര്‍ന്നു. അഗ്നിശമന സേനയില്‍ വന്‍പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ജേക്കബ് തോമസിനെ അവിടെ നിന്നും മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തലവനായായിരുന്നു പിന്നീടുള്ള നിയമനം. ജേക്കബ് തോമസ് അഗ്നിശമന സേനാ മേധാവിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ പരസ്യമായി അവഹേളിച്ചതായി വിവാദം ഉയര്‍ന്നു. ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് ഡിജിപിക്കെതിരെ നടപടിയെടുത്തതെന്നും ഉമ്മന്‍ ചാണ്ടി അന്ന് പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം തെളിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലായി. സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ആ നീക്കം അന്ന് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. അതോടെ തന്നെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ ജേക്കബ് തോമസ് തീരുമാനിച്ചു. ഇതിന് അനുമതി തേടി അദ്ദേഹം അന്നത്തെ പോലീസ് മേധാവി ടി പി സെന്‍കുമാറിന് കത്തയക്കുകയും ചെയ്തതാണ്. തനിക്കെതിരായ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിച്ചില്ലെങ്കില്‍ പത്ത് ദിവസത്തിനകം പരാതി കൊടുക്കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സെന്‍കുമാറിനെയും പ്രതിരോധത്തിലാക്കുന്ന കത്തായിരുന്നു. കാരണം, സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ജേക്കബ് തോമസിനെ പരസ്യമായി വിമര്‍ശിച്ച ആളായിരുന്നു ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ കത്തില്‍ നടപടിയെടുക്കാതെ അത് ചീഫ് സെക്രട്ടറിയ്ക്ക് കൈമാറുകയാണ് പോലീസ് മേധാവി ചെയ്തത്. ചീഫ് സെക്രട്ടറി കത്ത് മുഖ്യമന്ത്രിക്ക് തന്നെ കൈമാറി. ജേക്കബ് തോമസിന് അനുമതി നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചെങ്കിലും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും വിജിലന്‍സില്‍ എത്തിയെങ്കിലും അധികകാലം ആ സൗകര്യങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കാനായില്ല. ഓഖിയില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോഴാണ് ആദ്യ സസ്‌പെന്‍ഷന്‍ ലഭിച്ചതെങ്കിലും ഇപി ജയരാജന്റെ ബന്ധുനിയമന കേസും സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയതോടെയാണ് ജേക്കബ് തോമസ് പിണറായി വിജയന്റെയും കണ്ണിലെ കരടായത്. 2017 ഡിസംബര്‍ 19 മുതല്‍ തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായതോടെ പോലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്തികളില്‍ നിറഞ്ഞു. ആദ്യ സസ്‌പെന്‍ഷന് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വന്നപ്പോള്‍ പുസ്തക രചന വിവാദമാക്കി സസ്‌പെന്‍ഷന്‍ നീട്ടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നടപടിക്രമം പാലിക്കാത്തതിനാലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ വന്നത്.

അതിനിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായി ഡ്രഡ്ജജര്‍ വാങ്ങിയതില്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന ധനകാര്യ പരിശോധന റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള നീക്കവും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്റയെ പോലും വിമര്‍ശിച്ചിട്ടുള്ളതിനാല്‍ ഐപിഎസ് അസോസിയേന്‍ പോലും ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെ വിആര്‍എസ് എടുക്കാന്‍ ഇദ്ദേഹം കത്ത് നല്‍കിയതും വാര്‍ത്തയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തെ ട്വന്റി 20യുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. വിആര്‍എസ് എടുക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കാതെ വന്നതോടെയാണ് മത്സരിക്കാനുള്ള ശ്രമം പാളിയത്. ഇതിനിടെ ജേക്കബ് തോമസിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും സജീവമായിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ വഴി ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഇനി ഒരു വര്‍ഷം കൂടിയുള്ളപ്പോഴാണ് ജേക്കബ് തോമസിന് അനുകൂലമായി ട്രിബ്യൂണലിന്റെ വിധിയുണ്ടായത്.

മുമ്പ് സെന്‍കുമാര്‍ കേസിലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ വിധത്തില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സെന്‍കുമാറായിരുന്നു കേരളത്തിലെ പോലീസ് മേധാവി. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പം തന്നെയാണ് പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കിയത്. ജേക്കബ് തോമസ് വഹിച്ചിരുന്ന പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചുമതലയാണ് സെന്‍കുമാറിന് നല്‍കിയത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ചാണ് സെന്‍കുമാറിനെ നീക്കിയത്. സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2017 മാര്‍ച്ച് 24ന് സുപ്രിംകോടതി ഈ ഉത്തരവ് റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് തള്ളിയത്. അതോടെ വിരമിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചെത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി രാജ്യത്തെ ഏറ്റവും വിലകൂടിയ അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരായിട്ട് പോലും പരാജയപ്പെട്ടത് സര്‍ക്കാരിനും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനും കനത്ത തിരിച്ചടിയായി.

വിരമിച്ചതിന് ശേഷം സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ സെന്‍കുമാര്‍ അധികം വൈകാതെ ബിജെപിയിലുമെത്തി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ സെന്‍കുമാര്‍ ശബരിമല കര്‍മ്മ സമിതിയുടെ ഉപാധ്യക്ഷനുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും നമ്പിനാരായണന് പത്മപുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചത് ബിജെപി നേതൃത്വത്തിന്റെ അപ്രീതിയ്ക്ക് കാരണമായിരുന്നു. ഫലമോ സെന്‍കുമാറിനൊപ്പം ഉപാധ്യക്ഷനായിരുന്ന രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സെന്‍കുമാറിന് സീറ്റ് നഷ്ടമാകുകയും ചെയ്തു.

സര്‍ക്കാര്‍ നടപടി സ്വീകരിച്ച രണ്ടാമത്തെ ഉദ്യോഗസ്ഥനും കോടതി വിധിയുടെ പിന്തുണയോടെ തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നത് പിണറായി വിജയനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. പോലീസുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ പരാജയപ്പെടാനാണ് പിണറായിയുടെ വിധിയെന്ന് പറയേണ്ടി വരുന്നതും അതിനാലാണ്.

read more:ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പില്‍ എ ആര്‍ ക്യാമ്പില്‍ വീണ്ടും ജോയിന്‍ ചെയ്ത ദിവസം തന്നെ കുമാറിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആര്‌? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കുടുംബം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അരുണ്‍ ടി വിജയന്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍