UPDATES

‘ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍; ഒരു വംശഹത്യയുടെ കഥ

മാര്‍ട്ടിന്‍ സ്‌കോര്‍സെസി-ഡി കാപ്രിയോ ചിത്രത്തിന്റെ ചരിത്രം

                       

‘അവളുടെ മരണം വിഷം കഴിച്ചാണെന്നായിരുന്നു നിഗമനം,
എന്നാല്‍ ശവശരീരം കുഴിച്ചെടുത്തപ്പോള്‍;
തലയോട്ടിക്കുള്ളില്‍ വെടിയുണ്ടകൊണ്ടുള്ള ദ്വാരമുണ്ടായിരുന്നു,
‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍’

അമേരിക്കയിലെ ഒസേജ് റെയിന്‍ ഓഫ് ടെററിന്റെ ആദ്യ ഇരയായി കരുതപ്പെടുന്ന അന്ന കെയ്ല്‍ ബ്രൗണിനെ ആദരിക്കുന്നതിനായി 2009-ല്‍ ഒസേജ് എഴുത്തുകാരന്‍ എലീസ് പാസ്ചെന്‍ എഴുതിയ ‘Wi’þgi-e’ അല്ലെങ്കില്‍ ‘പ്രയര്‍’-ലെ വരികളാണ്.

1920-കളില്‍ ഒക്ലഹോമയിലെ ഒസേജ് നേഷനില്‍ അരങ്ങേറിയ ഭീകരമായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയായിരുന്നു ഒസേജ് ഇന്ത്യന്‍ റെയിന്‍ ഓഫ് ടെറര്‍ എന്നും അറിയപ്പെടുന്ന ഒസേജ് ഇന്ത്യന്‍ കൊലപാതകങ്ങള്‍. പാരമ്പര്യ ധാതു സമ്പത്താല്‍ ധനികരായിരുന്ന കുടുംബത്തിലെ അംഗമായിരുന്ന അന്ന കെയ്ല്‍ ബ്രൗണും കുറ്റകൃത്യങ്ങളുടെ ഇരയായിരുന്നു. ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍’ എന്നത് ഒസേജ് ചാന്ദ്രചക്രത്തെ സൂചിപ്പിക്കുന്നതാണ്. ഈ സമയത്ത് വൈകിവരുന്ന തണുപ്പ് കാലം പലപ്പോഴും വിടര്‍ന്നു വരുന്ന ഇളം പൂക്കളെ നശിപ്പിച്ചുകളയുമായിരുന്നു. ഇതിനു സമാനമായാണ് അമേരിക്കന്‍ ഗോത്രമായ ഒസേജ് നേഷനിലെ 50 ശതമാനത്തോളം ആളുകളെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കിയത്.

ഡേവിഡ് ഗ്രാനിന്റെ ബെസ്റ്റ് സെല്ലര്‍ ‘കില്ലേഴ്‌സ് ഓഫ് ദി ഫളവര്‍ മൂണ്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ഇതേ പേരില്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒസേജ് കൊലപാതകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.

അതി സമ്പന്നരായിരുന്ന ഒസേജ് പൗരന്മാരുടെ കൊലപാതകത്തില്‍ ഒളിഞ്ഞു കിടക്കുന്ന അത്യാഗ്രഹം, ക്രൂരത, സര്‍ക്കാര്‍ പങ്കാളിത്തം എന്നിവയുടെ നേര്‍ യാഥാര്‍ഥ്യമാണ് പുസ്തകവും ഒക്ടോബറില്‍ പുറത്തിറങ്ങിയ സിനിമയും പിന്തുടരുന്നത്. മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത ഈ ചിത്രത്തില്‍, ലിയേണാര്‍ഡോ ഡികാപ്രിയോയും ലില്ലി ഗ്ലാഡ്സ്റ്റോണും മുഖ്യകഥാപത്രങ്ങളാകുന്നു. എണ്ണ ശേഖരം കൊണ്ട് ലോകത്തിലെ പ്രതിശീര്‍ഷ സമ്പന്നരായി മാറിയ ഓസേജ് ഗോത്രത്തിലെ അംഗമായ മോളി കെയ്‌ലിനെ (ലില്ലി ഗ്ലാഡ്സ്റ്റോണ്‍) ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനായ, ഏണസ്റ്റ് ബര്‍ഖാര്‍ട്ട് (ലിയോനാര്‍ഡോ ഡികാപ്രിയോ) വിവാഹം കഴിച്ചതിനുശേഷമുള്ള സംഭവികാസങ്ങള്‍ സിനിമയില്‍ പറയുന്നു. ആത്യന്തികമായി, ഞാന്‍ പകര്‍ത്തിയെടുക്കാന്‍ ആഗ്രഹിച്ചത്, വൈറസിന്റെയോ ക്യാന്‍സറിന്റെയോ സ്വഭാവം കാണിച്ചിരുന്ന ഒരു വംശഹത്യയെ ആണെന്ന് സ്‌കോര്‍സെസി ഒക്ടോബര്‍ 16 ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറയുന്നുണ്ട്.

ഒസേജുകളുടെ യഥാര്‍ത്ഥ കഥ
1872-കാലഘട്ടങ്ങളിലാണ് തങ്ങളുടെ ജന്മദേശമായ കന്‍സസില്‍നിന്ന് ഒസേജുകള്‍ ഒക്‌ലഹോമ സംസ്ഥാനമായി മാറിയ ഇന്ത്യന്‍ ടെറിട്ടറിയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്നത്. ‘ഇന്ത്യന്‍’ എന്ന പദം ഒസേജ് നേഷന്‍ എന്നറിയപ്പെടുന്ന തദ്ദേശീയ അമേരിക്കന്‍ ഗോത്രത്തെയാണ് സൂചിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനുശേഷമാണ് ഒസേജ് നേഷന്‍ അന്നത്തെ അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതരാകുന്നത്. തത്ഫലമായുണ്ടായ 1906-ലെ ഒസേജ് അലോട്ട്‌മെന്റ് നിയമത്തിലൂടെ, ഈ ഭാഗങ്ങളിലെ ഭൂമിയില്‍ കണ്ടെത്തിയ ധാതുക്കളുടെ എല്ലാ അവകാശങ്ങളും ഒസേജ് വംശജര്‍ക്ക് സ്വന്തമായി ലഭിച്ചു. തദ്ദേശീയമായ അമേരിക്കന്‍ ഭൂമികളും നിക്ഷേപങ്ങളും സംരക്ഷിക്കുന്നതിനായി ‘രക്ഷാകര്‍തൃത്വം’ (guardianship) എന്നറിയപ്പെടുന്ന ഒരു നയം അന്ന് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെയും ദുര്‍ബലരായവരുടെയും ഭൂമി, സ്വത്ത് എന്നിവയില്‍ ഒക്‌ലഹോമയിലെ പ്രാദേശിക കോടതികള്‍ക്ക് അധികാരം നല്‍കുന്നതിനുള്ള ഒരു മാര്‍ഗമായാണ് പ്രവര്‍ത്തിച്ചത്. 1896-ലാണ് ഒസേജ് ഭൂമിയില്‍ ആദ്യമായി എണ്ണ കുഴിക്കാന്‍ ആരംഭിച്ചത്. ഇതോടെ ഈ ഭൂപ്രദേശത്തെ ഏറ്റവും സമ്പന്നമായ സമൂഹങ്ങളിലൊന്നായി ഒസേജ് ഗോത്രം മാറി. നിരവധി പൗരന്മാര്‍ക്ക് ഗണ്യമായ വാര്‍ഷിക വരുമാനം ലഭിച്ചു തുടങ്ങി. ഈ പണം തദ്ദേശീയരല്ലാത്ത പൊതുജനങ്ങള്‍ക്കിടയില്‍ നീരസത്തിന് ആക്കംകൂട്ടി. അതോടൊപ്പം അവിടെ നിലനിന്നിരുന്ന രക്ഷാകര്‍തൃത്വ നയത്തിലൂടെ എണ്ണ ഖനനത്തില്‍ കൈ കടത്തലുകളും തുടങ്ങി.

അതുവരെ പല തരത്തിലുള്ള പാരമ്പര്യ രീതികള്‍ക്ക് വിധേയരായിരുന്ന ഒസേജ് പൗരന്മാര്‍ സമ്പന്നരായത്തോടെ ചെലവ് ശീലങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ബാക്കിയെന്നോണം 1921-ല്‍, ഒസേജ് ആളുകള്‍ക്ക് അവരുടെ വലിയ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള കഴിവ് തെളിയിക്കാന്‍ ആവശ്യമായ ഒരു നിയമം പാസാക്കപ്പെട്ടു. കഴിവ് തെളിയിക്കലില്‍ അയോഗ്യരാക്കപ്പെടുന്ന ഒരു ഒസേജ് പൗരന്റെ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ ഒരു രക്ഷാധികാരിയെ നിയമിക്കും. 21 വയസ്സ് തികയുന്നതുവരെ യുവജനങ്ങള്‍ക്ക് ഒരു രക്ഷാധികാരിയെ നിയമിക്കുന്നത് അന്ന് സര്‍വ്വ സാധാരണമായിരുന്നു. 2023-ല്‍ ഒക്‌ലഹോമ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുമായുള്ള അഭിമുഖത്തില്‍ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍ ഗ്രാന്‍ വിശദീകരിച്ചതുപോലെ, ആ നിയമം സംസ്ഥാന, ഫെഡറല്‍ സംവിധാനങ്ങള്‍ അനുവാദം നല്‍കിയ ഏറ്റവും വലിയ ക്രിമിനല്‍ സംരംഭങ്ങളില്‍ ഒന്നായി മാറി.’പല രക്ഷിതാക്കളും ഒസേജ് പൗരന്മാരുടെ സ്വത്തുക്കള്‍ അശ്രദ്ധമായി ചെലവഴിക്കുകയോ അപഹരിക്കുകയോ ചെയ്തു പോന്നു.

കാലം കഴിയവെ രക്ഷാകര്‍തൃത്വത്തിന്‍ കീഴിലുള്ള ഒസേജ് വംശക്കാര്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ മരണപ്പെടാന്‍ തുടങ്ങി. അവരുടെ രക്ഷാധികാരിയെ എണ്ണ റോയല്‍റ്റിയുടെ അവകാശിയായി തെരഞ്ഞെടുക്കയും ചെയ്തിരുന്നു. ആ കാലഘട്ടത്തിലെ നികുതി രേഖകളില്‍ ഒന്നിലധികം ഒസേജ് വാര്‍ഡുകളുള്ള നിരവധി വെള്ളക്കാരായ രക്ഷിതാക്കളെ കാണിക്കുന്നുണ്ട്. അത്തരത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ ഒരാളായിരുന്ന മുകിളില്‍ അന്ന കെയ്ല്‍ ബ്രൗണും. ബ്രൗണിനെ പോലെയുള്ള ഇരകളുടെ കൃത്യമായ സംഖ്യ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒസേജ് നേഷന്റെ നിലവിലെ പ്രിന്‍സിപ്പല്‍ ചീഫ് ജെഫ്രി സ്റ്റാന്‍ഡിംഗ് ബിയര്‍ പറയുന്നത് പ്രകാരം, ഏകദേശം 150 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കുന്നുണ്ട്.

നിഷേധവും അനാദരവും

ഈ കൊലപാതകങ്ങളുടെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവന്നിട്ടും, തദ്ദേശീയാധിപത്യം പ്രദേശത്ത് തുടര്‍ന്നു. ഗൂഢാലോചന നടത്തിയവരെ സഹായിക്കുന്ന രക്ഷകര്‍തൃത്വ നിയമങ്ങള്‍ തുടരുകയും ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് വലിയ പിരിമുറുക്കത്തോടെ ജീവിക്കേണ്ടതായും വന്നു. വര്‍ഷങ്ങള്‍ക്കുശേഷം, 1970-കളില്‍, മേരി ജോ വെബ്ബ് എന്ന ഒസേജ് ടീച്ചര്‍ കൊലപാതകങ്ങളെക്കുറിച്ച് സ്വന്തമായ രീതിയില്‍ ഗവേഷണം നടത്തുകയും കണ്ടെത്തലുകള്‍ വിശദീകരിക്കുന്ന ഒരു ചെറിയ ബുക്ക്‌ലെറ്റ് പുറത്തിറക്കുയും ചെയ്തു. ഫെയര്‍ഫാക്‌സ് ലൈബ്രറിയിലേക്ക് ആ പുസ്തകം മേരി സംഭാവന ചെയ്തെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ അത് അപ്രത്യക്ഷമായി.

അമേരിക്ക ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ ഒസേജ് കൊലപാതകങ്ങള്‍

തദ്ദേശീയരായ അമേരിക്കക്കാരുടെ കൊലപാതകങ്ങളും ഏറെക്കുറെ വിസ്മരിക്കപ്പെട്ട ഈ ചരിത്രവും അമേരിക്കന്‍ സംസ്‌കാരത്തെ മനസ്സിലാക്കുന്നതില്‍ വളരെ പ്രധാനമാണെന്ന് യേല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ നെഡ് ബ്ലാക്ക്ഹോക്ക് പറയുന്നു. തദ്ദേശീയരായ അമേരിക്കന്‍ ജനങ്ങളില്‍ നിന്ന് ഭൂമി തട്ടിയെടുക്കുന്നതിലൂടെയാണ് അമേരിക്കന്‍ ജനാധിപത്യം കെട്ടിപ്പടുക്കപ്പെട്ടതെന്ന് ‘ദ റെഡിസ്‌കവറി ഓഫ് അമേരിക്ക’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ അടിമത്തത്തിന്റെ പങ്ക് ഇപ്പോള്‍ പലരും തിരിച്ചറിയുന്നുണ്ടെങ്കിലും, തദ്ദേശീയരായ അമേരിക്കക്കാര്‍ നേരിടുന്ന അനീതികള്‍ പലരും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘പല കൊലയാളികളും സ്വതന്ത്രരായി; ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിന്റെ എഴുത്തുകാരന്‍ പറയുന്നു. ”എഫ്ബിഐ യഥാര്‍ത്ഥത്തില്‍ ഇത്രയും ആഴമേറിയ ഒരു ഗൂഢാലോചന കണ്ടെത്തിയിട്ടില്ല. സാക്ഷികള്‍ മരിച്ചു, കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടു പോലുമില്ല”; ഗ്രാന്‍ പറയുന്നു.

2011 ല്‍, യു എസ് ഗവണ്‍മെന്റ് ഒസേജ് നേഷനുമായി 380 മില്യണ്‍ ഡോളറിന് ഒരു കേസ് തീര്‍പ്പാക്കിയിരുന്നു. ഒസേജ് ഗോത്രവര്‍ഗക്കാരുടെ പണം 12 വര്‍ഷമായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു കേസ്. ഈ ഒത്തുതീര്‍പ്പ് ഗവണ്‍മെന്റിന് തിരുത്തലുകള്‍ വരുത്താനും തദ്ദേശീയരായ അമേരിക്കന്‍ ജനങ്ങളോടുള്ള പ്രതിബന്ധതയും ചൂണ്ടി കാണിച്ചിരുന്നു.’അമേരിക്കന്‍ ഒസേജ് ആളുകളോടുള്ള അനുരഞ്ജനത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രസിഡന്റ് ഒബാമയുടെ പ്രതിബദ്ധതയാണ്’ ഈ ഒത്തുതീര്‍പ്പ് സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ ഗവണ്‍മെന്റില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ആദ്യത്തെ തദ്ദേശീയനായ അമേരിക്കക്കാരനാണ് നിലവിലെ ആഭ്യന്തര സെക്രട്ടറി ഡേബ് ഹാലാന്‍ഡ്. ഇത് തദ്ദേശീയരായ അമേരിക്കക്കാരോട് മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ ഈ കൊലപതകങ്ങളില്‍ പുതിയ സംഭാഷണങ്ങള്‍ തുറന്നിടുമോ, അതോ ഈ കമ്മ്യൂണിറ്റികളില്‍ കണക്കുകൂട്ടലിനുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍