കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരേ പൊലീസ് കേസെടുത്തു. മേയറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ജൂഡിനെതിരേ കേസ് എടുത്തിരിക്കുന്നത്.
സുഭാഷ് പാര്‍ക്കില്‍ സിനിമ ഷൂട്ടിംഗിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നു മേയര്‍ പറയുന്നു. അനുമതി നല്‍കില്ലെന്നും ഷൂട്ടിംഗിനും മറ്റും ഇപ്പോള്‍ പാര്‍ക്ക് വിട്ടുതരില്ലെന്നും പറഞ്ഞതോടെയാണു സംവിധായകന്‍ ഭീഷണിപ്പെടുത്തിയതെന്നു മേയര്‍ പറയുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ സുഭാഷ് പാര്‍ക്ക് ഷൂട്ടിംഗിനും മറ്റും വിട്ടുകൊടുക്കുന്നതിനു വിലക്കുണ്ടെന്നു മേയര്‍ പറഞ്ഞെങ്കിലും ജൂഡ് തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു വാശിപിടിക്കുകയായിരുന്നു. ഇതു പിന്നീട് വാക്കുതര്‍ക്കത്തിലുമെത്തി.
ഈ സംഭവത്തിനു പിന്നാലെയാണു മേയര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണിക്കെതിരേ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും എതിരേ കേസ് എടുത്തിരിക്കുന്നത്. ജൂഡിനോട് സ്‌റ്റേഷനില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.