UPDATES

വിദേശം

ലോകം 2022

കോവിഡ് മഹാമാരിയില്‍ നിന്നും ലോകം മോചിതമായെന്ന ആശ്വാസത്തിലാണ് 2022 ആരംഭിച്ചതെങ്കില്‍, വര്‍ഷം അവസാനിക്കുമ്പോള്‍ ആ ആശ്വാസം അസ്ഥാനത്തായിരുന്നവെന്ന ആശങ്കയാണ് ലോക ജനതയെ പിടി മുറുക്കുന്നത്

                       

21 ആം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വിപത്തായ കോവിഡ്. ആ മഹാമാരിയില്‍ നിന്നു രക്ഷപ്പെട്ട ആഗോള ജനത ജീവിതത്തിലേക്ക് തിരിച്ചു നടന്നു തുടങ്ങിയ വര്‍ഷം. 2022 ന്റെ ഏറ്റവും പ്രധാനമായ അടയാളപ്പെടുത്തല്‍ അതു തന്നെയാണ്. ഒരു വര്‍ഷംകൂടി കടന്നു പോകുമ്പോള്‍ 2022 ലെ ചില പ്രധാന സംഭവവികാസങ്ങളുടെ ചെറു വിവരണം…

വിട വാങ്ങി ഫുട്‌ബോള്‍ രാജാവ്
ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകം വലിയൊരു നഷ്ടത്തിന്റെ വേദനയിലാണ്. ലോക ഫുട്‌ബോളിന്റെ ഇതിഹാസം എഡ്‌സണ്‍ ആരാന്റെസ് ഡോ നാസിമെന്റോ എന്ന സാക്ഷാല്‍ പെലെ ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയില്‍ ഡിസംബര്‍ 30 പുലര്‍ച്ചെയായിരുന്നു 82 കാരനായ പെലെ മരണത്തിന് കീഴടങ്ങിയത്. ബ്രസീലിനായി മൂന്നു ലോക കപ്പ് കിരീടങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ബ്രസീലിന്റെ കായിക മന്ത്രിപദത്തിലും ആ ഫുട്‌ബോള്‍ രാജാവ് എത്തിയിരുന്നു. മഹാരഥന്മാരായ കളിക്കാര്‍ വേറെയുമുണ്ടെങ്കിലും പെലെ എന്ന ഫുട്‌ബോള്‍ രാജാവിനോട് താരതമ്യം ചെയ്യാന്‍ മറ്റൊരാളും ഇല്ല.

ലോക കിരീടം അര്‍ജന്റീനയ്ക്ക്
ലോകം ഒരു തുകല്‍പന്തോളം ചുരുങ്ങിയ കാല്‍പന്തുകളിയുടെ വിശ്വമഹോത്സവത്തോടെയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം എന്ന് ചരിത്രം രേഖപ്പെടുത്തുന്ന ഫൈനലില്‍ ഡിസംബര്‍ 18 ന് രാത്രി ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 ന് തകര്‍ത്ത് അര്‍ജന്‍ീന ചാമ്പ്യന്മാരായി. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകം ഫുട്‌ബോളിന്റെ മിശിഹ എന്നു വിളിച്ച് ആരാധിക്കുന്ന ലെയണല്‍ മെസിയും സംഘവും ലോക കീരീടം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നത്. ഏകപക്ഷീയമായി പോകുമായിരുന്ന ഒരു മത്സരത്തെ ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ ലെവലിലേക്ക് മാറ്റിയ ഫ്രാന്‍സിന്റെ കിലിയന്‍ മ്ബാപ്പയാണ് എട്ട് ഗോളുകളുമായി ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.

ലോകത്തെ ഭയപ്പെടുത്തി റഷ്യ-യുക്രെയ്ന്‍ യുദ്ധം
ലോകകപ്പ് ഫുട്‌ബോളിന്റെ ആഘോഷാരവങ്ങളോടെയാണ് ഈ വര്‍ഷം അവസാനിക്കുന്നതെങ്കിലും ലോകത്തെ വീണ്ടുമൊരിക്കല്‍ കൂടി യുദ്ധഭീതിയിലേക്ക് തള്ളിവിട്ട വര്‍ഷം കൂടിയായിരുന്നു 2022. ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമോ എന്ന് മാനവരാശി ആശങ്കപ്പെട്ട റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. നാറ്റോയില്‍ അംഗമാകാനുള്ള യുക്രൈന്‍ തീരുമാനമാണ് റഷ്യയെ പ്രകോപിച്ചത്. നാറ്റോ അംഗത്വമെടുക്കാനുള്ള യുക്രൈന്‍ തീരുമാനം സുരക്ഷാ ഭീഷണിയാകുമെന്നായിരുന്നു മോസ്‌കോയുടെ മുന്നറിയിപ്പ്. ഇത് അവഗണിച്ചതോടെ 2022 ഫെബ്രുവരി 24 ന് യുക്രൈയിനിലേക്ക് റഷ്യന്‍ സേനയുടെ അധിനിവേശം ആരംഭിച്ചു. ആയുധശക്തിയിലും ആള്‍ബലത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന റഷ്യയെന്ന അപകടകാരിയായ ശത്രുവിനെതിരേ, ദാവിദിനെതിരെ ഗോലിയാത്തെന്നപോലെ യുക്രൈനും പോരാട്ടം ശക്തമാക്കിയതോടെ, അതൊരു രൂക്ഷമായ യുദ്ധമായി മാറി. ഏതൊരു യുദ്ധത്തിലെന്നതുപോലെയും ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. ഒന്നും അവസാനിക്കാതെ ഇപ്പോഴും നീറി നീറി ഏരിഞ്ഞുകൊണ്ടിരിക്കുകയാണ് റഷ്യന്‍-യുക്രൈന്‍ പോരാട്ടം.

വെല്ലുവിളിച്ച് ചൈനയും അമേരിക്കയും
ഞങ്ങളാണ് ശക്തര്‍, നിങ്ങളെക്കാള്‍ വലിയവര്‍ എന്നു സ്ഥാപിക്കാനുള്ള ലോക രാജ്യങ്ങളുടെ പരസ്പരമുള്ള വെല്ലുവിളികളാണ് മഹായുദ്ധങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുള്ളത്. ആ വെല്ലുവിളി ഇന്നും തുടരുന്നുണ്ട്. മനുഷ്യകുലത്തിന്റെ മഹാഭാഗ്യമെന്നോണം മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്താതെ പോകുന്നു. എന്നാല്‍ അതിലൊന്നും ആശ്വസിക്കാന്‍ വകയില്ലെന്ന് ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു ചൈന-യു എസ് വെല്ലുവിളി. ലോകത്തെ നിയന്ത്രിക്കാനുള്ള ശക്തിയില്‍ തുല്യരെന്ന് വിളിക്കാവുന്ന ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളി കുറച്ചു കാലങ്ങളായി തുടരുന്നതാണ്. ആ പോര് ലോകത്തിന് അപകടമുണ്ടാക്കുമോയെന്ന ഭയത്തിന് ആക്കം കൂടിയൊരു സംഭവും 2022 ല്‍ ഉണ്ടായി. അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനമായിരുന്നു ആ ആശങ്കയുടെ കാരണം. കാല്‍ നൂറ്റാണ്ടിനിടയില്‍ ലോകം കണ്ട ഏറ്റവും പ്രധാന്യമേറിയൊരു രാഷ്ട്രീയ സന്ദര്‍ശനമായിരുന്നു അത്. 2022 ഓഗസ്റ്റ് 2 ന് ആയിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഞ്ചംഗ പ്രതിനിധികള്‍ക്കൊപ്പം പെലോസി ചൈനയുടെ അധികാരത്തിനു കീഴില്‍ കിടക്കുന്ന തായ്വാനില്‍ സന്ദര്‍ശനം നടത്തിയത്. അമേരിക്കയുടെ ആ രാഷ്ട്രീയ പ്രകോപനം ചൈനയെ വല്ലാതെ ചൊടിപ്പിച്ചു. ബീജിംഗിന്റെ കര്‍ശനമായ താക്കീതുകളെല്ലാം തള്ളിക്കളഞ്ഞ് പെലോസി വിമാനമിറങ്ങിയതോടെ തായ്വന്റെ പേരില്‍ അമേരിക്കന്‍-ചൈന യുദ്ധമുണ്ടാകുമോയെന്ന് ലോകം ഭയന്നു.

തെരുവുകള്‍ കത്തിയ ഇറാന്‍
ലോകത്തെങ്ങുമുള്ള അടിച്ചമര്‍ത്തലുകളുടെ നിയമങ്ങള്‍ തിരുത്തപ്പെട്ടിട്ടുള്ളത് തെരുവുകളില്‍ പ്രക്ഷോഭങ്ങളുടെയും പോരാളികളുടെ രക്തസാക്ഷിത്വങ്ങളിലൂടെയുമാണ്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിന്റെ മറ്റൊരു തെളിവ്. 2022 നെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും ടെഹ്‌റാനെ പിടിച്ചു കുലുക്കിയ ഇറാനിയന്‍ യുവതയുടെ് പ്രതിഷേധവും ഉള്‍പ്പെടും. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനി എന്ന കുര്‍ദ് യുവതിയുടെ മരണമാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായത്. മഹ്‌സ അസിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒപ്പം യുവാക്കളും പിന്തുണയുമായി എത്തിയതോടെ ഇറാന്‍ പ്രക്ഷുബ്ധമായി. ഇറാന്‍ യുവതയുടെ പോരാട്ടത്തിന്റെ ഫലമായി മത പൊലീസിനെ ഇറാന്‍ ഭരണകൂടം പിരിച്ചു വിട്ടെങ്കിലും പ്രക്ഷോഭത്തില്‍ നിരവധി ജീവനുകള്‍ അപഹരിക്കപ്പെട്ടു. മജീദ് റെസ റഹ്നാവാര്‍ഡ് എന്ന യുവാവിനെയടക്കം രണ്ടു പേരെ ഇറാന്‍ സര്‍ക്കാര്‍ പരസ്യമായി തൂക്കിലേറ്റി.

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് പോയതോടെ അരക്ഷിതത്വത്തിലേക്ക് വീണുപോയതാണ് ബ്രിട്ടീഷ് ഭരണകൂടം. നിലയുറപ്പിക്കാന്‍ കഴിയാതെ അവിടെ പ്രധാനമന്ത്രിമാര്‍ വീണു. ആ രാഷ്ട്രീയ അസന്തുലിതാവസ്ഥയുടെ സൃഷ്ടിയാണ് ഋഷി സുനകിന്റെ പ്രധാനമന്ത്രിപദം. സൂര്യനസ്തിമാകാത്ത സാമ്രാജ്യമെന്ന് ഒരിക്കല്‍ പുകള്‍പെറ്റ ബ്രിട്ടന്റെ ഭരണത്തലവനായി 2022 ഒക്ടോബര്‍ 25 ന് ഋഷി സുനക് അധികാരമേറിയപ്പോള്‍, അതേ രാജ്യത്തിന്റെ കോളനിയായി നൂറ്റാണ്ടുകള്‍ ദുരിതം പേറിയ ഇന്ത്യയ്ക്കും മേനി പറയാനൊരു കാരണമായി. പഞ്ചാബില്‍ ജനിക്കുകയും പിന്നീട് കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെ നിന്നും ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷി സുനകിന്റെ മാതാപിതാക്കള്‍. സുനകിന്റെ ഭാര്യ, ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഭാര്യ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഋഷി സുനക് 2015 ല്‍ യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നും ജയിച്ചാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്. തെരേസ മേ മന്ത്രി സഭയില്‍ സഹമന്ത്രിയായി. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ആദ്യം ട്രഷറി ചീഫ് സെക്രട്ടറിയും പിന്നീട് ധനമന്ത്രിയുമായി. ജോണ്‍സണ്‍ രാജിവച്ചതിനു പിന്നാലെ പ്രധാനമന്ത്രിപദത്തിലേക്ക് നടന്ന മത്സരത്തില്‍ ലിസ് ട്രസിനോട് പരാജയപ്പെടുകയും മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ട്രസിനും പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയാതെ വന്നതോടെ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി.

എലിസബത്ത് രാജ്ഞി; ഒരു യുഗാന്ത്യം
2022 ന്റെ നഷ്ടങ്ങളില്‍ ഏറ്റവും വാര്‍ത്താപ്രധാന്യമര്‍ഹിക്കുന്നതായിരുന്നു എലിസബത്ത് രാജ്ഞിയുടെ നിര്യാണം. ഏഴുപതിറ്റാണ്ട് ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി 2022 സെപ്തംബര്‍ എട്ടാം തീയതി രാത്രിയാണ് സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വച്ച് അന്ത്യശ്വാസം വലിച്ചത്. ജോര്‍ജ് ആറാമന്‍ രാജാവിന്റെ മകളായ എലിസബത്ത് രാജ്ഞി 1926 ഏപ്രില്‍ 21 ന് ലണ്ടനിലായിരുന്നു ജനിച്ചത്. പിതാവ് ജോര്‍ജ് ആറാമന്‍ അന്തരിച്ചതിനെ തുടര്‍ന്ന് 1952 ഫെബ്രുവരി 6 നാണ് ബ്രിട്ടന്റെ രാജ്ഞിയായി അധികാരമേല്‍ക്കുന്നത്. അപ്പോള്‍ അവര്‍ക്ക് പ്രായം 25 വയസ്. 70 വര്‍ഷത്തോളം അവര്‍ ബ്രിട്ടനെ ഭരിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടീഷ് രാജാവായി അധികാരമേറി.

ക്ലീന്‍ ബൗള്‍ഡ് ഇമ്രാന്‍
പേരിന് ജനാധിപത്യ രാജ്യമെന്നൊക്കെ പറയുമെങ്കിലും പാകിസ്താന്‍ അതിന്റെ രൂപീകരണകാലം മുതല്‍ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. രാഷ്ട്രീയ ഭരണകൂടവും പട്ടാള മേധാവികളും മാറിമാറി ഭരിച്ചുപോരുന്ന, കലുഷിതമായൊരു അധികാര ചാഞ്ചാട്ടമാണ് ഇന്ത്യയുടെ അയല്‍പക്കത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു ഇമ്രാന്‍ ഖാന്റെ അധികാരനഷ്ടം. ലോക ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ഹീറോകളില്‍ ഒരാളായ ഇമ്രാന്‍ അതേ പകിട്ടോടെയാണ് പാകിസ്താന്റെ രാജ്യാധികാരത്തിന്റെ ക്യാപ്റ്റനായതും. എന്നാല്‍ പാതിവഴിയില്‍ റണ്‍ ഔട്ടായി തലകുനിച്ചു പുറത്തുപോകാനായിരുന്നു അദ്ദേഹത്തിനും വിധി. പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമെന്ന് പറയാവുന്ന തരത്തില്‍ പാര്‍ലമെന്റ്ില്‍ പാസായ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനായ ഇമ്രാന്‍ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്താകുന്നത്. ഒരുമാസത്തോളം നീണ്ട രാഷ്ട്ര്ടീയ നാടകങ്ങള്‍ക്കൊടുവിലായിരുന്നു ഇമ്രാന്റെ പതനം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ സഹോദരന്‍ കൂടിയായ ഷഹബാസ് ഷെരീഫാണ് നിലവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി.

ലാറ്റിന്‍ അമേരിക്കയിലെ ഇടതുതരംഗം
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതു വിജയത്തിന്റെ തുടര്‍ച്ചകണ്ടൊരു വര്‍ഷം കൂടിയായിരുന്നു 2022. ബ്രസീല്‍ പ്രസിഡന്റായി ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത് ഈ വര്‍ഷത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ വാര്‍ത്തയായിരുന്നു. തീവ്രവലുതപക്ഷ നേതാവായിരുന്ന പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ തോല്‍പ്പിച്ചാണ് ലുല മൂന്നാം വട്ടവും ബ്രസില്‍ പ്രസിഡന്റായത്. അഴിമതികുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട നേതാവായിരുന്നു ലുല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 2018 മുതല്‍ ആരംഭിച്ച ഇടതുപക്ഷ വിജയങ്ങളുടെ തുടര്‍ച്ചയായിരുന്നു ലുലയുടെ പ്രസിഡന്റ് പദവിയും. 2017 വരെ മധ്യ-വലുതപക്ഷ നേതാക്കളായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ന്യന്ത്രിച്ചിരുന്നത്. എന്നാല്‍ 2018 ഓടെ സ്ഥിതി മാറി. ആ വര്‍ഷം ഇടതുപക്ഷ നേതാവായ മാനുവല്‍ ലോപ്പസ് ഒബ്‌റാഡോര്‍ മെക്‌സികോയുടെ അധികാരത്തിലെത്തി. 2019 ല്‍ മധ്യ-ഇടതുപക്ഷ നേതാവായ ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ പ്രസിഡന്റായി. 2020 ല്‍ ബൊളീവിയയുടെ പ്രസിഡന്റ്ായി അധികാരമേറ്റ ലൂയിസ് ആര്‍സും സോഷ്യലിസ്റ്റ് നേതാവാണ്. 2021 ലാണ് പെറുവിലും ചിലെയിലും ഇടതു നേതാക്കളായ പെഡ്രോ കാസ്റ്റിലോയും ഗബ്രിയേല്‍ ബോറികും യഥാക്രമം രാജ്യത്തിന്റെ അധികാരപദത്തിലെത്തിയത്. ആ തുടര്‍ച്ചയിലെ മറ്റൊരു കണ്ണിയായി ലുലയും മാറി.

800 കോടി ജനങ്ങള്‍
ലോക ജനസംഖ്യ 800 കോടി കടന്ന വര്‍ഷം എന്ന പ്രത്യേകത കൂടി പേറുന്നുണ്ട് 2022. ഈ വര്‍ഷം നവംബര്‍ 15 നാണ് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പ്രഖ്യാപനം വഴി ലോക ജനസംഖ്യ 800 കോടി തികച്ചത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ടോര്‍നാഡോയിലെ ഡോ. ജോസ് ഫാബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന പെണ്‍കുഞ്ഞാണ് ലോക ജനസംഖ്യ 800 കോടിയില്‍ എത്തിച്ചതെന്ന പ്രത്യേകത പേറുന്നത്. നിലവിലെ കണക്ക് പ്രകാരം ചൈനയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 141.2 കോടി മനുഷ്യരാണ് ഇന്ത്യയിലുള്ളത്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ ജനസംഖ്യ കണക്കില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്നാണ് പറയുന്നത്.

ചരിത്രം ചുവപ്പിച്ച് ഷി ജിന്‍പിംഗ്
ചൈനയുടെ കാര്യം പറയുമ്പോള്‍, 2022 നൊപ്പം കൂട്ടി ചേര്‍ത്ത് പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ചൈനയുടെ തലവനായി ഷി ജിന്‍പിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും ജിന്‍പിംഗ് തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രമാണ്. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാണ് ജിന്‍പിംഗ് ചരിത്രമെഴുതിയിരിക്കുന്നത്. ഭരണതലവന് രണ്ട് അവസരമെന്ന കീഴ്വഴക്കം കൂടി ജിന്‍പിംഗിനു വേണ്ടി ചൈന തെറ്റിച്ചു. ലി കെഗിയാങ് ആണ് ചൈനയുടെ പ്രധാനമന്ത്രി.

കത്തിയെരിഞ്ഞ ലങ്ക
2022 ന്റെ താളുകളില്‍ അഗ്നി നാളങ്ങളാലായിരിക്കും ശ്രീലങ്ക അടയാളപ്പെടുക. ഭരണത്തലവ•ാരുടെ പിടിപ്പുകേടിന്റെ ഫലം സാധാരണ ജനം അനുഭവിക്കേണ്ടി വരുന്നതിന്റെ അത്യന്തം വേദാനജനകമായ അനുഭവങ്ങളായിരുന്നു ലങ്കയില്‍ കണ്ടത്. രാജ്യം കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് വീണതോടെ അന്നത്തിനും കുടി നീരിനും വേണ്ടി ജനം തെരുവുകളില്‍ ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നു. പൊറുതി മുട്ടിയപ്പോള്‍ അവര്‍ കലാപാരികളായി. അധികാര കേന്ദ്രങ്ങളില്‍ അവര്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചു. 2022 ഏപ്രില്‍ ആരംഭിച്ച പ്രതിഷേധം ആകാശം മുട്ടെ ഉയര്‍ന്ന അഗ്നിഗോളങ്ങളായി മാറിയപ്പോള്‍ അതിലെരിഞ്ഞു വീണത് പ്രസിഡന്റിന്റെയടക്കം വസതികളായിരുന്നു. ജനകീയ കലാപത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി മഹിന്ദ രാജപ്കസെയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നു. അദ്ദേഹത്തിന്റെ സഹോദരനായപ്രസിഡന്റ് ഗോതബായ രാജ്പക്‌സെയ്‌ക്കെതിരേയും ജനം തിരിഞ്ഞു. രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊടുവില്‍ റനില്‍ വിക്രമസിംഗെ ലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തു. കലാപം തണുത്തെങ്കിലും ദ്വീപ് രാഷ്ട്രത്തിലെ കനലുകള്‍ ഇപ്പോഴും കെട്ടിട്ടില്ല.

ട്വിറ്ററും മസ്‌കും
ലോകം സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇലോണ്‍ മസ്‌ക് എന്ന ലോക കോടീശ്വരന്‍ സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതും 2022 ലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. ഏറെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് 44 ബില്യണ്‍ ഡോളറുകള്‍ക്ക് ടെസ്ല സ്ഥാപകന്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.

കോവിഡ് മഹാമാരിയില്‍ നിന്നും ലോകം മോചിതമായെന്ന ആശ്വാസത്തിലാണ് 2022 ആരംഭിച്ചതെങ്കില്‍, വര്‍ഷം അവസാനിക്കുമ്പോള്‍ ആ ആശ്വാസം അസ്ഥാനത്തായിരുന്നവെന്ന ആശങ്കയാണ് ലോക ജനതയെ പിടി മുറുക്കുന്നത്. കോവിഡ് പുതിയ വകഭേദത്തിലൂടെ വീണ്ടും മനുഷ്യനുമേല്‍ പിടി മുറുക്കുകയാണോ? ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. എങ്കിലും വീണ്ടുമൊരു ദുരന്തത്തിലേക്ക് വീണുപോകാതെ പിടിച്ചു നില്‍ക്കാന്‍ നമുക്കാകുമെന്ന വിശ്വാസത്തോടെ പുതുവര്‍ഷത്തെ  വരവേല്‍ക്കാം….

Share on

മറ്റുവാര്‍ത്തകള്‍