UPDATES

സിനിമ

ഇവന്റ് മാനേജ്മെന്റ് സിനിമയ്ക്ക് കൊള്ളാം, കമ്യൂണിസം വളര്‍ത്തുന്നത് ഇങ്ങനെയെങ്കില്‍…

കാല്‍ക്കഴഞ്ച് കമ്യൂണിസത്തില്‍ മുക്കാല്‍ക്കഴഞ്ച് വിനോദം ചേര്‍ത്തു കലക്കിയ കമ്യൂണിസ്റ്റ് സിനിമകള്‍

                       

കേരളത്തിന്റെ നവോത്ഥാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് നാടകങ്ങള്‍, പ്രത്യേകിച്ച് കെപിഎസി നാടകങ്ങള്‍. കേരളത്തില്‍ കമ്യൂണിസ് പ്രസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ പരിചിതമാക്കാനും കമ്യൂണിസ്റ്റ് ആശയങ്ങള്‍ സാധാരണക്കാരിലേക്ക് പ്രചരിപ്പിക്കാനും കെപിഎസി നാടകങ്ങള്‍ വലിയ പങ്കാണു വഹിച്ചത്. അറുപതു വര്‍ഷത്തിനിപ്പുറം കേരളത്തിന്റെ സാഹചര്യം നോക്കുമ്പോള്‍ അതിശയകരമാം വണ്ണം സാമ്യമാണു നാടകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അവസ്ഥയില്‍ ഉണ്ടായിരിക്കുന്നതും. അതെങ്ങനെയാണെന്നതു പറയാതെ തന്നെ വ്യക്തമാണല്ലോ.

പറഞ്ഞു വരുന്നത് മറ്റൊന്നാണ്. രാഷ്ട്രീയാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കലാരൂപങ്ങള്‍ എല്ലാക്കാലവും മാധ്യമമായിട്ടുണ്ട്. കഥ, കവിത, നോവല്‍, കേരളത്തിലാണെങ്കില്‍ കഥാപ്രസംഗങ്ങള്‍, നാടകം, സിനിമ; അങ്ങനെ ഒരാശയത്തെ ജനങ്ങളിലേക്ക് ലളിതമായും എന്നാല്‍ ആഴത്തിലും കയറ്റി വിടാന്‍ കലാരൂപങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആദ്യകാല കെപിഎസി നാടകങ്ങള്‍ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയപ്രചാരണങ്ങള്‍ക്കു വേണ്ടി മാത്രം എഴുതപ്പെട്ടവയാണെന്നു കാണാം. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിച്ചു കൊടുത്താലും മനസിലാകാത്ത കമ്യൂണിസം, അക്ഷരാഭ്യാസം ഇല്ലാത്തവര്‍ പോലും നെഞ്ചേറ്റിയെടുത്തത് നാടകങ്ങള്‍ കണ്ടും പാട്ടുകേട്ടുമൊക്കെയായിരുന്നു.

കാലം മുന്നോട്ടുപോയി. കെപിഎസി അടക്കം കേരളത്തിലെ നാടകപ്രസ്ഥാനം തളര്‍ന്നു. നാടകങ്ങള്‍ക്കുമേലെന്നല്ല മറ്റെല്ലാ കലാരൂപങ്ങളെയും തകര്‍ത്തു സിനിമ ആധിപത്യം സ്ഥാപിച്ചു. ഒളിപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി കമ്യൂണിസ്റ്റ് പ്രസ്ഥാനം പാര്‍ലമെന്ററി രംഗത്തേക്കു കടന്നു. കേരളത്തിലെ ഏറ്റവും ശക്തിയേറിയ പാര്‍ട്ടിയായി. ഈ വളര്‍ച്ചയ്ക്കിടയില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ സുരക്ഷിതമായിരുന്നോ എന്നു ചോദിച്ചാല്‍ തര്‍ക്കിക്കേണ്ടി വരും. കേരളത്തിന്റെ ഇടതുമനസിനു കാതലായ മാറ്റം വന്നിട്ടുണ്ട്. അഞ്ചുവര്‍ഷത്തിന്റെ ഇടവളയില്‍ ഉണ്ടാക്കുന്ന ജനവികാരം മാത്രമാണ് ഇപ്പോഴതിന് അവകാശപ്പെടാനുള്ളത്. ലോകം മുഴുവന്‍ കമ്യൂണിസം മരിക്കുന്നുവെന്നു പറയുമ്പോഴും കേരളത്തില്‍ കിതപ്പോടെയെങ്കിലും ബാക്കിനില്‍ക്കുന്നത് കേരളം ആ ആശയത്തില്‍ ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നതുകൊണ്ടാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊണ്ടല്ല. സത്യമാണത്, കേരളത്തില്‍ കമ്യൂണിസം നിലനിര്‍ത്തുന്നത് പാര്‍ട്ടിയല്ല, ഇവിടുത്തെ ജനതയാണ്. അവരുടെ വിശ്വാസങ്ങളാണ്. പക്ഷേ അനുദിനം അതിനെയും തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നുണ്ട്.

അകന്നുപോകുന്ന അനുഭാവികളെ തങ്ങളിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍, പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ ഇന്ന് ഇടതുപക്ഷത്തിന് ഇവന്റ് മാനേജ്‌മെന്റ് ശൈലിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നു. നേതാക്കന്മാരുടെ ശരീരഭാഷ പോലും ഏറെ മാറിയിരിക്കുന്നു. സമരം ചെയ്ത് എന്തുനേടുമെന്നു വരെ ചോദിക്കുന്നു. ജനകീയ പിന്തുണ നഷ്ടപ്പെടുന്നു എന്നു തിരിച്ചറിഞ്ഞിട്ടുപോലും മാറാന്‍ തയ്യറാകാതെ നില്‍ക്കുന്നവരുടെ വിചാരം നേരത്തെ പറഞ്ഞതുപോലുള്ള ഇവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അടിത്തറ സുരക്ഷിതമാക്കി നിര്‍ത്തും എന്നാണ്. അതൊരബദ്ധ ധാരണയാണെന്നറിഞ്ഞിട്ടുപോലും.

ഇത്തരമൊരു അബദ്ധധാരണയാണ് ചില സിനിമകള്‍ കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയാല്‍ അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നുള്ളത്. കെപിഎസി നാടകങ്ങള്‍ കമ്യൂണിസത്തിന്റെ പ്രചരാണര്‍ത്ഥമായിരുന്നെങ്കില്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജയാപജയങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു സിനിമകള്‍. സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍, കമ്യൂണിസ്റ്റ് നടപടികളുടെ വിമര്‍ശനങ്ങള്‍, നേതാക്കളുടെ ജീവചരിത്രാവതരണങ്ങള്‍ എന്നിങ്ങനെയാണു സിനിമകള്‍ നിര്‍മിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലുള്ള ആര്‍ട്ടും കൊമേഴ്‌സ്യലുമായ ചിത്രങ്ങള്‍ ഇറങ്ങി. ഒന്നോ രണ്ടോ ഒഴിച്ചാല്‍ കമ്യൂണിസം എന്ന മലയാളി ബോധത്തെ, പില്‍ക്കാലത്ത് ഗൃഹാതുരതയായി മാറപ്പെട്ട അനുഭവത്തെ വാണിജ്യപരമായി വില്‍ക്കുന്ന സിനിമകളാണു കൂടുതലും ഇറങ്ങിയത്. ലാല്‍സലാം പോലും ഒരു കമ്യൂണിസ്റ്റ് കച്ചവട സിനിമയായിരുന്നു. അതിനിപ്പുറം ഇറങ്ങിയവയെല്ലാം തന്നെ ഒരു ചൈനീസ് ഉത്പന്നത്തിന്റെ നിലവാരം പോലും ഇല്ലാത്തവയും. പക്ഷേ അവയ്‌ക്കെല്ലാം തന്നെ അധികലാഭം ഇല്ലായെങ്കില്‍ പോലും വ്യാപാരവിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് പുരാണസിനിമകള്‍ക്ക് ഉണ്ടായിരുന്ന മാര്‍ക്കറ്റ് ഇന്നും കേരളത്തില്‍ കമ്യൂണിസ്റ്റ് സിനിമകള്‍ക്കുണ്ടെന്നതാണ് ഇതു തെളിയിക്കുന്നത്.

ഇതൊരു വലിയ തെറ്റിദ്ധാരണയായി കാണുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. അവര്‍ വിചാരിക്കുന്നത് ഇത്തരം സിനിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും അവ കാണാന്‍ ജനം എത്തുന്നതും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണു കാണിക്കുന്നതെന്നാണ്. കച്ചവടം മാത്രമാണ് ഇത്തരം സിനിമകളുടെ ലക്ഷ്യമെന്ന് അവര്‍ തിരിച്ചറിയുന്നില്ല.എന്നോ മരിച്ച ഒരു കാലത്തിന്റെ ക്ലീഷേ പതിപ്പുകളുമാണവയെന്നും മനസിലാക്കുന്നില്ല.

വെര്‍ച്വല്‍ ലോകത്തെ വിപ്ലവകാരികള്‍ കമ്യൂണിസം സിനിമകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും വളരുന്നു എന്നു വിശ്വസിക്കുന്നവരാണ്. അതുകൊണ്ടവര്‍ മെക്‌സിക്കന്‍ അപാരത പോലുള്ള സിനിമകളെ ആഘോഷിക്കുന്നു. മുണ്ടുമടിക്കുത്തുന്ന, താടിവച്ച, മീശപിരിച്ച നായകനാണു സഖാവ് എന്നവര്‍ വിശ്വസിക്കുന്നു. അതുപോലെയാകാന്‍ ആഗ്രഹിക്കുന്നു. ഈ വിഡ്ഡിത്തം മുതലെടുക്കുന്നവരാകട്ടെ മദ്യം മരുന്നു കുപ്പിയിലെന്നപോലെ കമ്യൂണിസത്തിന്റെ പുറംച്ചട്ടയില്‍ വാണിജ്യ സിനിമകള്‍ പുറത്തിറക്കുന്നു. കാല്‍ക്കഴഞ്ച് കമ്യൂണിസത്തില്‍ മുക്കാല്‍ക്കഴഞ്ച് വിനോദം ചേര്‍ത്തു കലക്കിയാല്‍ അതോടുമെന്ന് അവര്‍ക്കറിയാം. തീയേറ്റുകള്‍ നിറയ്ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാന്‍സ് ഉണ്ടാകുമെന്നവര്‍ക്കറിയാം. ഒന്നൂടി വിശ്വാസം വരുത്താന്‍ ദേശാഭിമാനിയില്‍ ഫുള്‍പേജും ജനയുഗത്തില്‍ അരപേജും (ആനയ്ക്കും അണ്ണാനും ഒരേ ഉരുള ഉരുട്ടരുതല്ലോ!) പരസ്യം കൂടി നല്‍കും. ആവശ്യമെങ്കില്‍ ഒരു നേതാവിനെ തന്നെ തിയേറ്ററില്‍ കൊണ്ടു പോയി സിനിമ കാണിക്കും. അതൊക്കെ മതി. ഇനിയിതൊന്നും ചെയ്തില്ലെങ്കിലും ഒരാഴ്ച ആളെ കയറ്റാനുള്ള ഇടതുപക്ഷ വികാരമൊക്കെ ഇപ്പോഴും കേരളത്തിനുണ്ട്…

 

Share on

മറ്റുവാര്‍ത്തകള്‍