UPDATES

ട്രെന്‍ഡിങ്ങ്

ഗര്‍ഭിണികള്‍ക്കുള്ള ആനുകൂല്യമെന്ന നിലയില്‍ പ്രഖ്യാപിച്ചത് മൂന്നു വര്‍ഷം മുമ്പ് പാര്‍ലമെന്‍റ് പാസാക്കിയിട്ടും നടപ്പാക്കാത്ത നിയമം

ഓരോ വര്‍ഷവും 44,000 സ്ത്രീകള്‍ ഇന്ത്യയില്‍ പ്രസവത്തെ തുടര്‍ന്ന് മരിക്കുന്നു. 120 പേര്‍ ഓരോ ദിവസവും മരിക്കുന്നു എന്നര്‍ഥം.

                       

നോട്ട് നിരോധന പദ്ധതിയുടെ 50 ദിവസം പിന്നിട്ടപ്പോള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗര്‍ഭിണികള്‍ക്ക് ആശുപത്രി ചെലവിന് 6000 രൂപാ എന്നത് പാര്‍ലമെന്റ് പാസാക്കിയിട്ടും സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കാത്ത പദ്ധതി. 2013-ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് ഗര്‍ഭിണികള്‍ക്ക് 6000 രൂപാ അനുവദിക്കുന്ന കാര്യം ഉള്ളത്. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇത് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇതാണ് പുതിയ പദ്ധതിയെന്ന നിലയില്‍ മോദി ഇന്ന് പ്രസ്താവിച്ചത്.

2010-ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധി മാതൃവാ സഹയോഗ് യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 53 ജില്ലകളെ തെരഞ്ഞെടുത്ത് ഇവിടുത്തെ ഗര്‍ഭിണികളായവര്‍ക്ക് 4000 രൂപാ വീതം നല്‍കുന്നതായിരുന്നു പദ്ധതി. പിന്നീടാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2013-ല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ നവംബര്‍ 21-ന് രാജ്യത്തെ 60-ഓളം അക്കാദമിക്കുകയും സാമൂഹിക പ്രവര്‍ത്തകരും നിയമപരമായി പാസാക്കിയ  ഈ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. അതാണ് ഇപ്പോള്‍ പൊടി തട്ടിയെടുത്തിരിക്കുന്നത്.

ലോകത്ത് പ്രസവത്തെ തുടര്‍ന്ന് മരിക്കുന്നവരില്‍ 17 ശതമാനവും ഇന്ത്യയിലാണ്. ഒരു ലക്ഷത്തിന് 167 എന്നതാണ് ഇന്ത്യയില്‍ പ്രസവ സമയത്ത് മരിക്കുന്നവരുടെ നിരക്ക്. അതായത്, ഓരോ വര്‍ഷവും 44,000 സ്ത്രീകള്‍ ഇന്ത്യയില്‍ പ്രസവത്തെ തുടര്‍ന്ന് മരിക്കുന്നു. 120 പേര്‍ ഓരോ ദിവസവും മരിക്കുന്നു എന്നര്‍ഥം.

മൂന്നു വര്‍ഷം മുമ്പ് പാര്‍ലമെന്റ് നിയമം മൂലം പാസാക്കിയ നിയമമാണ് ഇതുവരെയായിട്ടും നടപ്പാക്കാന്‍ കഴിയാതെ നോട്ട് നിരോധനത്തിന്റെ പേരില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കുള്ള ആനുകൂല്യമെന്ന നിലയില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍