ദേശീയ ഗാനം, ദേശ സ്നേഹം; ചില വിരോധാഭാസങ്ങള്‍
“ഓരോ ഇന്ത്യൻ പൗരനും ദേശീയഗാനം കേൾക്കുമ്പോൾ സമ്പൂർണമായ അഭിമാനബോധം നിറഞ്ഞുകവിയുന്ന മനസ്സോടെയാണ് എഴുന്നേറ്റ് നിന്നതെങ്കിൽ ഇന്ന് മിക്കവരും പ്രതിഷേധിച്ചാൽ രാജ്യദ്രോഹിയാക്കപ്പെടുമെന്ന ഭയംകൊണ്ടാണ് എഴുന്നേറ്റ് നിൽക്കുന്നത്. അതേ, ദേശീയതയെന്നാൽ ഇന്ന് ഇന്ത്യയ്ക്ക് ഭയപ്പെടുത്തി, ഔചിത്യബോധമില്ലാതെ അടിച്ചേൽപ്പിക്കുന്ന ഒരു അനുഭവമായി മാറിയിരിക്കുന്നു! ദേശസ്നേഹം ഭയന്നുകൊണ്ട് പ്രകടിപ്പിക്കേണ്ടുന്ന ഒന്നായിത്തീർന്നിരിക്കുന്നു! ലോകത്തെ ഏറ്റവും വലിയ ആധുനിക ജനാധിപത്യ രാഷ്ട്രജനത എന്ന നിലയിൽ എത്ര ദയനീയമാണ് നമ്മുടെ അവസ്ഥ!”
IFFK-യിൽ നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽവച്ച് ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമ പ്രദർശിപ്പിച്ച് തുടങ്ങവേയാണ് ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേൽക്കാഞ്ഞതിന് ആറുപേരെ കമലിന്റെ (ചലച്ചിത്ര അക്കാദമി ചെയർമാൻ) അനുവാദത്തോടെ പോലീസ് അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുപോയത്. “രാജ്യാന്തര ചലച്ചിത്രമേളയിൽ മേളയുടെ നടത്തിപ്പുകാരൻ നോക്കിനിൽക്കെ ക്ലാഷിന്റെ പ്രദർശനവേദിയിൽനിന്ന് പ്രതിഷേധക്കാരെ പോലീസ് കൊണ്ടുപോയി” എന്ന് പറയുന്നതിൽ കൗതുകമുണ്ട്, അല്ലെങ്കിൽ കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, കടുത്ത ഐറണിയുണ്ട്.
ആ വിരോധാഭാസത്തെക്കുറിച്ച് മനസ്സിലാക്കാൻ ആദ്യം ചലച്ചിത്രമേള എന്ന സങ്കല്‍പ്പത്തെയും അവിടെ പ്രദർശിപ്പിക്കുന്ന സിനിമകളെയും, പ്രത്യേകിച്ച്, ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമയെയും അറിയണം.
ചലച്ചിത്രമേളകൾ “മെച്വർ” ആയവർക്കുള്ള ഇടമാണ്. അവിടെ ഒരു ചലച്ചിത്രകാരന് തന്റെ സിനിമ കാണിക്കാൻ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റൊന്നും വേണ്ട. അതായത്, സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും പോലീസിംഗും പടിക്ക് പുറത്ത് നിൽക്കേണ്ടുന്ന സ്ഥലമാണ് ഒരു ചലച്ചിത്രമേള. ഫ്രീഡം ഓഫ് എക്സ്പ്രഷന്റെ ഉച്ചകോടി. ചലച്ചിത്രമേളകൾ സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നത് ശക്തമായ രാഷ്ട്രീയപ്രവർത്തനമാണ്, പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ്. അവിടെ പ്രദർശിപ്പിക്കുന്ന സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം, അവ, കലാപങ്ങളാണ്! ഓരോ സിനിമയും അനീതികൾക്കെതിരെ, ഭരണകൂട ഭീകരതകൾക്കെതിരെ, അടിച്ചമർത്തലുകൾക്കും അടിച്ചേൽപ്പിക്കലുകൾക്കുമെതിരെയുള്ള ജ്വാലാകലാപങ്ങളാണ്. ക്ലാഷ് അത്തരമൊരു കലാപത്തിന്റെ കാഴ്ചയാണ്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള കലാപത്തിന്റെ, ഭരണപക്ഷത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള കലാപത്തിന്റെ തീവ്രമായ കാഴ്ച. (ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തോട് എത്ര അടുപ്പമുള്ള വാചകം!)
സ്വന്തം ഭാഷയിൽനിന്നും അന്യ ഭാഷകളിൽ നിന്നും ഇത്തരം കലാപങ്ങളെ തിരഞ്ഞുപിടിച്ചെടുത്ത് മേളയിൽ ഒരു മെച്വർ ഓഡിയൻസിനു മുൻപിൽ അഭിമാനപൂർവ്വം കാഴ്ച വയ്ക്കുന്ന, ആ കാഴ്ചവയ്ക്കലിന്റെ/പ്രവൃത്തിയുടെ രാഷ്ട്രീയത്തിന്റെ ആഴമറിയാൻ സെൻസിബിലിറ്റി ഉണ്ടായിരിക്കേണ്ടുന്ന പ്രധാന സംഘാടകന്റെ അനുവാദത്തോടെ, ക്ലാഷെന്ന കലാപത്തിന്റെ കൊട്ടകയിൽനിന്ന്, അനീതിക്കെതിരെയുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ അരങ്ങേറ്റനേരത്ത്, ഒരു അടിച്ചേൽപ്പിക്കലിനെതിരെ കലഹിച്ചവരെ സ്റ്റേറ്റിന്റെ വാച്ച്ഡോഗ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതിലെ ഐറണി ഊഹിക്കാൻ സാധിക്കുന്നുണ്ടോ?
ഇനി, വിരോധാഭാസങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. അത് ഭരണകൂടത്തിൽനിന്നും രാജ്യത്തെ നിയന്ത്രിക്കുന്ന പാർട്ടിയുടെ അടിത്തറയാകുന്ന രാഷ്ട്രീയവിഭാഗത്തിലേയ്ക്ക് നീളുന്നു. അക്കാദമി ചെയർമാൻ എന്ന രാഷ്ട്രീയക്കസേരയുടെ പരിമിതികളോ മറ്റ് വ്യക്തിപരമായ/ആശയപരമായ കാരണങ്ങളോ മേളയുടെ വേദിയിൽ കമലിനെ നിസ്സഹായനാക്കി, അല്ലെങ്കിൽ കോടതിയുടെ ഔചിത്യരഹിതമായ ഉത്തരവിനെ പിന്തുണയ്ക്കുന്നവനാക്കി. മേളയിൽ ആളുകൾ എഴുന്നേറ്റുനിൽക്കുന്നില്ലെന്ന് പരാതി കൊടുത്തവർക്ക് അപ്പോഴദ്ദേഹം കമലായിരുന്നു. അടുത്ത ദിവസം അദ്ദേഹവുമായി ബന്ധമുള്ള ഒരു സ്വതന്ത്ര ഫിലിം സൊസൈറ്റി കോടതിയിൽ ദേശീയഗാനത്തെ സംബന്ധിച്ച ഉത്തരവിന്മേൽ പുന:പരിശോധനയ്ക്ക് ഹർജി നൽകിയപ്പോൾ കമൽ പെട്ടെന്നവർക്ക് കമാലുദ്ദീനായി. സംഗതികളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാകുന്നുണ്ടല്ലോ അല്ലേ? കമൽ കമാലുദ്ദീനാകുമ്പോൾ അദ്ദേഹം മുസ്ലീമാകും. മുസ്ലീമെന്നാൽ ദേശവിരുദ്ധനാണല്ലോ അവർക്ക്! ന്യൂനപക്ഷങ്ങൾ ഇവിടെ പുലരുന്നത് വിധ്വംസക പ്രവൃത്തികൾക്ക് മാത്രമാണെന്നും ദേശസ്നേഹമെന്നത് അവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നും സ്ഥാപിക്കലാണല്ലോ ഭൂരിപക്ഷത്തിന്റെ കുറേനാളായുള്ള ശ്രമം. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യവും വിവിധാഭിപ്രായങ്ങളുമാണ് ഒരു സമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്നത് എന്ന ചരിത്രസത്യം നിലനിൽക്കെ, വിയോജിപ്പുകളെ ദേശവിരുദ്ധമാക്കി മുദ്രകുത്തി നാടുകടത്തി, രാഷ്ട്രത്തെ പുറകോട്ട് നയിക്കുകയാണല്ലോ അവരുടെ മുഖ്യപ്രവൃത്തി.
മേളയിലെ ഐറണികളിൽനിന്ന് നമുക്ക് കോടതി വിധിയിലേയ്ക്ക് വരാം. കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസത്തിനുള്ള നേരമായി എന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിധിയിൽ പറഞ്ഞത്. എന്താണ് കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസം? പണ്ട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആകെ ആശയക്കുഴപ്പത്തിലായ ജർമ്മൻ ജനതയെ ഒരു രാഷ്ട്രമായി പുന:സംഘടിപ്പിക്കാൻ ഒരാശയമെന്ന നിലയിലാണ് “ഭരണഘടനാപരമായ ദേശീയത” കാൾ ജസ്പേഴ്സ് എന്ന രാഷ്ട്രീയ ചിന്തകനാൽ മുൻപോട്ട് വയ്ക്കപ്പെട്ടത്. ദേശ, സംസ്ക്കാര, പ്രത്യേകതകൾക്കും വിവേചനങ്ങൾക്കുമൊക്കെ അപ്പുറത്ത് ഭരണഘടനയുടെ അന്ത:സത്തയെ ദേശീയതയുടെ അടിസ്ഥാനമായി സ്വീകരിക്കുന്നതിലൂടെ, ദേശീയത എന്ന സങ്കല്പത്തെ സ്വന്തം ആവശ്യങ്ങൾക്കായി വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നവരെ നിർവീര്യമാക്കുക, തദ്വാരാ, കൂടുതൽ സെൻസിബിളായ, ഉത്തരവാദിത്വമുള്ള ദേശബോധം പേറുന്ന ഒരു ജനതയെ വാർത്തെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
ഇന്നത്തെ ഇന്ത്യയിൽ കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസത്തിന്റെ സാധ്യതകൾ എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്. ജർമനിയിൽ കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസം കടന്നുവന്നത് നാസിസം (അഥവാ ഫാസിസത്തിന്റെ തീവ്രവർഗ്ഗീയ വകഭേദം) ഒരു സുനാമി പോലെ കയറിയിറങ്ങിപ്പോയ ഒരു രാജ്യത്തിലേയ്ക്കായിരുന്നു. നാസിസത്തെ അതിന്റെ എല്ലാ അർത്ഥത്തിലും അനുഭവിച്ചറിഞ്ഞ്, പതം വന്നൊരു സമൂഹത്തിലേയ്ക്കായിരുന്നു ആ ആശയം ഇറക്കുമതി ചെയ്യപ്പെട്ടത്. എന്നാൽ ആധുനിക ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ ഫാസിസം അതിന്റെ മിന്നലാട്ടങ്ങൾ കാണിച്ചുതുടങ്ങിയിട്ടേയുള്ളു. എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ലാത്ത ഒരു ജനതയാണ് നമ്മുടേത്. ഇവിടെ ഒരു അപകടകാരിയായ സാംക്രമിക രോഗാണുവിനെപ്പോലെ “ഹൈന്ദവ ദേശീയത” പടർന്നുകൊണ്ടിരിക്കുന്നു. ആ ഹൈന്ദവ ദേശീയതയെ രാഷ്ട്രീയ, സാമൂഹ്യ പ്രത്യയശാസ്ത്രമാക്കിയ ഇന്ത്യൻ വലതുപക്ഷത്തുള്ള, കൂടുതൽ കൃത്യമായി പറഞ്ഞാൽ വിശാലപരിവാറിലുള്ള ചില ഘടകങ്ങൾ (ഉദാ: ഹിന്ദുമഹാസഭ) കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസത്തിന്റെ അടിസ്ഥാനബിംബങ്ങളെ (ഉദാ: ദേശീയ പതാക) ഇതുവരെയും പൂർണമായി അംഗീകരിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ മുഖ്യധാരാ രാഷ്ട്രീയ വലതുപക്ഷം ഹൈന്ദവദേശീയതയ്ക്കുള്ള വളമായി ഉപയോഗിക്കുന്നത് ആക്ച്വൽ ദേശീയതയുടെ പ്രധാനബിംബങ്ങളെത്തന്നെയാണ്. അതുകൊണ്ടാണ് പാട്രിയോട്ടിസം ഹൈന്ദവതയോട് ഇക്കാലത്ത് പരക്കെ അസോസിയേറ്റ് ചെയ്യപ്പെടുന്നത്. (മഹിഷാസുരപൂജ ചെയ്യുന്നവർ രാജ്യദ്രോഹികളായത് ഓർക്കുക.)
അങ്ങനെ, ഹൈന്ദവ രാഷ്ട്രീയക്കാർ ദേശീയതയുടെ ഉടമസ്ഥരും മൊത്തക്കച്ചവടക്കാരുമായിരിക്കുന്ന നാട്ടിലെ, ഇരുട്ടിൽ തപ്പുന്ന ഒരു സമൂഹത്തിൽ ദേശീയഗാനമുൾപ്പെടുന്ന എല്ലാ ദേശീയ ബിംബങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥാവിശേഷമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസവും സാംസ്ക്കാരിക ദേശീയതയും തമ്മിലുള്ള വിനിമയത്തിന്റെ അതിർവരമ്പ് ഇവിടെ വളരെ നേർത്തതാണ്. കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസത്തിന്റെ അവശ്യഘടകങ്ങൾതന്നെ ഹൈന്ദവദേശീയവാദികളുടെ ആയുധങ്ങളാവുന്ന ഒരിടത്ത് കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയോട്ടിസമെന്നത് തിരിഞ്ഞുകൊത്തുന്ന പാമ്പ് ആവുകയേയുള്ളു. യഥാർത്ഥ ദേശീയത എന്ത്, ഹൈന്ദവദേശീയത എന്ത് എന്നൊക്കെ തിരിച്ചറിയണമെങ്കിൽ, മറ്റേതൊരു പോസ്റ്റ് ഫാസിസ്റ്റ് – ഡെമോക്രാറ്റിക് രാഷ്ട്രത്തെയും പോലെ അനുഭവപാരമ്യതയ്ക്ക് അപ്പുറത്ത് നിന്നുകൊണ്ട് നെല്ലും പതിരും ഓരോന്നോരോന്നായി വേർതിരിച്ച് കാണാൻ പ്രാപ്തിയുള്ള സമൂഹമായി ഇന്ത്യൻ ജനത പരിണമിക്കണം. ആ അവസ്ഥയിലേയ്ക്ക് നമ്മളെത്താൻ കാലമൊരുപാട് ഉരുളേണ്ടിവരും, അസംഭാവ്യമെന്ന് ഇപ്പോഴും നമ്മൾ പ്രതീക്ഷാനിർഭരമായ മനസ്സോടെ ചിന്തിക്കുന്ന പലതും സംഭവിക്കേണ്ടി വരും.
ദേശീയത അതിന്റെ പ്രത്യക്ഷബിംബങ്ങളുടെ മുഖം മൂടിയണിഞ്ഞ വെറും കപട ദേശീയതയാകുമ്പോൾ, അഥവാ ദേശീയതയ്ക്ക് അതിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടുമ്പോൾ, രാജ്യം രാഷ്ട്രീയപരമായി കലുഷമാകുമ്പോൾ, പാർശ്വവൽകൃത ജനവിഭാഗങ്ങളെ കൂടുതൽ അരക്ഷിതരും പരിഭ്രാന്തരുമാക്കാനും, തീവ്രാനുകൂലികൾക്ക് കൂടുതൽ കരുത്ത് പകരുവാനും, അതുവഴി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന മാസ്റ്റർ പ്ലാൻ വിദഗ്ദ്ധമായി എക്സിക്യൂട്ട് ചെയ്യാനുമായി ഇവിടെ ദേശീയത എന്നൊന്നുണ്ടെന്നും അതിനെ തങ്ങൾ രാജ്യത്തിന്റെ ഇന്റഗ്രിറ്റി പ്രമാണിച്ച് വളർത്തുന്നുണ്ടെന്നും സ്റ്റേറ്റിന് രാജ്യമൊന്നടങ്കം തെറ്റിദ്ധാരണ പരത്തേണ്ടിവരും. അതിനായി സ്റ്റേറ്റിന് ചില കെട്ടുകാഴ്ചകൾ വേണം; ഉള്ള് പൊള്ളയായ ചില സിംബലുകൾ. അത്തരം അവസരങ്ങൾക്ക് എപ്പോഴും തക്കം പാർത്തിരുന്ന സ്റ്റേറ്റിനു മുൻപിലേയ്ക്കാണ് സുപ്രീം കോടതി ദേശീയഗാനത്തെ എറിഞ്ഞിട്ടുകൊടുത്തത്. ഫലം, ഭൂരിപക്ഷ വർഗീയതയ്ക്കെതിരെയും ഭരണകൂടത്തിന്റെ അനീതികൾക്കെതിരെയും ശബ്ദമുയർത്തുന്നവരെയും നിസ്സഹായ ന്യൂനപക്ഷങ്ങളെയും രാജ്യദ്രോഹികളായി ചാപ്പ കുത്തി നാടുകടത്താൻ തലയെണ്ണുന്നവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇപ്പോളവർക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കൂട്ടിന് ഭരണകൂടത്തിനും പോലീസിനുമൊപ്പം പരമോന്നത നീതിപീഠവുമുണ്ടല്ലോ! (ഇനി ആരു ബാക്കിയുണ്ട്!)
സിനിമാഹാളിലെ ദേശീയഗാനം എന്തുകൊണ്ടാണ് ഇത്രയും എതിർപ്പുകൾ നേരിടുന്നത്? ഒരു പത്ത് വർഷം മുൻപായിരുന്നു ഈ നടപടിയെങ്കിൽ ഒരുപക്ഷേ ഇത്രയും പ്രതിഷേധമുണ്ടാകുമായിരുന്നില്ല. അന്ന് രാജ്യം ആഭ്യന്തരമായി ഇത്ര അരക്ഷിതാവസ്ഥയിലായിരുന്നില്ല. എന്നാൽ ഇന്ന് രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം മാറിയിരിക്കുന്നു. ഇപ്പോൾ, കേന്ദ്രത്തിൽ ബിജെപി സർക്കാർ ഭൂരിപക്ഷ വർഗ്ഗീയതയുടെ വോട്ടുകൾ നേടി അധികാരത്തിലിരിക്കുമ്പോൾ, സർക്കാരിന്റെ മൗനാനുവാദത്തോടെ നാടെങ്ങും ഹിന്ദുത്വവാദികൾ അഴിഞ്ഞാടുമ്പോൾ, അവർ അരക്ഷിതത്വത്തിൽനിന്നും അരക്ഷിതത്വത്തിലേയ്ക്ക് അനുദിനം പതിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ അന്യവൽക്കരിക്കാൻ ദേശീയതയെ വളച്ചൊടിക്കുമ്പോൾ, മിണ്ടിപ്പോയാൽ അന്യവൽക്കരിക്കപ്പെടുന്നവരെ സംബന്ധിച്ച് അടിച്ചേൽപ്പിക്കുന്ന ദേശസ്നേഹ പരിപോഷണം ഒരു പൊട്ടൻഷ്യൽ ത്രെറ്റ് ആയി മാറുന്നു. ജാഗ്രതയോടെയും ഭയത്തോടെയും രാജ്യത്തെ മാറ്റങ്ങൾ വീക്ഷിക്കുന്നവരെല്ലാംതന്നെ ആ അടിച്ചേൽപ്പിക്കലിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. അത് സമരങ്ങളാകുന്നു.
ദേശീയഗാനത്തോട് ബഹുമാനമില്ലാത്തവരോ ഇന്ത്യ എന്ന സങ്കൽപ്പത്തോട് വൈകാരിക അടുപ്പമില്ലാത്തവരോ ഒന്നുമല്ല ഈ പ്രതിഷേധിക്കുന്നത്. മറിച്ച്, ഇന്ത്യയെക്കുറിച്ച് ആത്മാർത്ഥമായും ആശങ്ക കൂടിപ്പോയവരാണവർ. ദേശീയഗാനത്തിനെതിരെയല്ല ആ പ്രതിഷേധം. പൗരജീവിതത്തിലേയ്ക്ക് ഔചിത്യമില്ലാതെ കടന്നുകയറാനുള്ള സ്റ്റേറ്റിന്റെ/കോടതിയുടെ നീക്കങ്ങളോടാണ് ആ പ്രതിഷേധം. അതുകൊണ്ടുതന്നെ, ഇപ്പോൾ കാണുന്ന ഇരിപ്പുസമരങ്ങൾ ദേശീയഗാനത്തിനോ രാജ്യത്തിനോ എതിരല്ലെന്നും, മറിച്ച് ഭൂരിപക്ഷവർഗ്ഗീയതയുടെ വക്താക്കൾക്ക് തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള അതിശക്തമായൊരു ടൂളായി ഈ പരിഷ്കരണം ഭാവിയിൽ മാറും എന്ന ഭീകരയാഥാർത്ഥ്യത്തെ മുന്നിൽ കണ്ട് അതിനു തടയിടാനുള്ള ശ്രമമാണെന്ന് ഇനിയും ആവർത്തിച്ച് പറയേണ്ടതില്ലെന്ന് കരുതുന്നു.
തിയറ്ററിൽ ദേശീയഗാനം കേൾക്കവേ പ്രതിഷേധപൂർവ്വം കസേരയിലിരിക്കുന്ന ഓരോ ആളിനും ഒരു ചങ്കിൽക്കുത്ത് ഉണ്ട്, ഇത്രനാളും എഴുന്നേറ്റ് നിന്ന് ആദരിച്ച ദേശീയഗാനത്തിന്റെ നേരത്ത് അത് ചെയ്യാത്തതിൽ. അത്രയും ഗൗരവമാർന്ന ഒരു ജെന്യുവിൻ കോസ് ഉണ്ട് ആ ഇരിപ്പിനെന്ന് ബോധ്യമുള്ളതുകൊണ്ട് മാത്രമാണ് ആ ഇരിപ്പ് സംഭാവ്യമാകുന്നത്. നിൽക്കുന്നവരിൽ ഒരു വിഭാഗം കോടതി തീരുമാനത്തെ സന്തോഷപൂർവ്വം ഉൾക്കൊള്ളുന്നവരായിരിക്കും. അവരുടെ രാഷ്ട്രീയം എന്താണെന്ന് പ്രത്യേകിച്ച് പറയുന്നില്ല. അവശേഷിക്കുന്ന നിൽക്കുന്നവർ ഈ അടിച്ചേൽപ്പിക്കൽ അസ്ഥാനത്താണെന്ന് അറിയാമെങ്കിലും മുൻപ് പറഞ്ഞ ചങ്കിൽക്കുത്തിനെയും രാജ്യദ്രോഹചാപ്പകുത്തലിന്റെ ഭയത്തെയും അതിജീവിക്കുവാനാവാത്ത പാവങ്ങളാണ്. ദേശീയതയെ സംബന്ധിച്ച ജനതയുടെ ഈ വൈകാരിക ദുർബലതയെ ചൂഷണം ചെയ്ത് ധ്രുവീകരണം വളർത്തുവാനുള്ള സുവർണാവസരമാണ് കോടതി ഉത്തരവ് വഴി സർക്കാരിന്റെ കടിഞ്ഞാൺ കൈയ്യാളുന്ന വലതുപക്ഷ തീവ്രദേശീയവാദികൾക്ക് കൈ വന്നിരിക്കുന്നത്.
ഈ ഇടക്കാലവിധി പുറപ്പെടുവിച്ച ബഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് ദീപക് മിശ്രയെക്കൂടി പരിചയപ്പെട്ടിരുന്നാലേ ചിത്രം പൂർണമായി വ്യക്തമാകൂ. ജസ്റ്റിസ് മിശ്ര ഇതാദ്യമായല്ല ന്യായപീഠത്തിലിരുന്നുകൊണ്ട് ഒരു ന്യായാധിപന് ഒട്ടും ഭൂഷണമല്ലാത്ത അമിതവൈകാരികത പ്രകടിപ്പിക്കുന്നത്. പണ്ട് ഹൈക്കോടതി ജഡ്ജിയായിരിക്കേ കരൺ ജോഹറിന്റെ കഭി ഖുശി കഭി ഗം എന്ന സിനിമയ്ക്കെതിരെ ദേശീയഗാനത്തിന്റെ പേരുപറഞ്ഞ് അദ്ദേഹം വാളെടുത്തിരുന്നു. ഇന്നത്തെ അതേ പരാതിക്കാരൻ ശ്യാംനാരായൺ ചൗസ്കി തന്നെയായിരുന്നു അന്നും പരാതിപ്പെട്ടത്. ചൗസ്കി സിനിമ കാണാൻ പോയപ്പോൾ സിനിമയിൽ ഒരു സീനിൽ ദേശീയഗാനം വരുന്ന നേരത്ത് ആരും എഴുന്നേറ്റില്ലെന്നും താൻ മാത്രമേ എഴുന്നേറ്റുള്ളുവെന്നും പുറകിലിരുന്നവർ സിനിമാകാഴ്ചയെ തടസപ്പെടുത്തുന്നതിന് തന്നെ വഴക്ക് പറഞ്ഞെന്നുമൊക്കെയായിരുന്നു ചൗസ്കിയുടെ ആവലാതികൾ. സിനിമ ഒരു കലാവിഷ്ക്കാരമാണെന്നും സിനിമയിൽ കാണുന്നവയോട് യഥാർത്ഥജീവിതത്തിലെന്നപോലെ പ്രതികരിക്കുന്നത് ഭോഷ്ക്കാണെന്നും അയാളെ പറഞ്ഞുമനസ്സിലാക്കേണ്ടിയിരുന്ന കോടതി പക്ഷേ ആനന്ദ് എഴുതിയ “ഗോവർദ്ധന്റെ യാത്രകൾ” എന്ന നോവലിലെ വിവേകശൂന്യനായ ചൗപട് രാജാവിനെപ്പോലെ സിനിമയെ പാടേ വിലക്കുകയാണുണ്ടായത്. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് അന്ന് ആ നിയമപരമായ വിഡ്ഡിത്തം തിരുത്തിയത്.
ഇന്ന് അതേ ജസ്റ്റിസ് ദീപക് മിശ്രയാണ്, പ്രൊമോഷൻ കിട്ടി സുപ്രീം കോടതിയിലിരുന്ന് തന്റെ അമിതദേശീയ വൈകാരികതയെ വിവേകബുദ്ധിയ്ക്കും പ്രായോഗികബുദ്ധിയ്ക്കും പകരമായി വീണ്ടും വയ്ക്കുന്നത്. “തങ്ങൾ ഒരു രാഷ്ട്രത്തിൽ ജീവിക്കുന്നവരാണെന്ന ബോധം ജനങ്ങൾക്ക് ഉണ്ടാകേണ്ട സമയമാണിത്” എന്ന അദ്ദേഹത്തിന്റെ ഉത്തരവിലെ നിരീക്ഷണത്തിന്റെ ധ്വനിയ്ക്ക് ഭയപ്പെടുത്തുന്ന ഒരു മാനം കൂടിയുണ്ട്. കോടതി പറഞ്ഞ “ഈ സമയത്തിന്റെ” അഥവാ “കാലത്തിന്റെ” പ്രത്യേകത എന്തെന്ന് നമുക്കെല്ലാമറിയാം. അരക്ഷിതത്വത്തിന്റെ രൂക്ഷതയിൽ വേവലാതിപ്പെടുന്നവരെല്ലാം ദേശവിരുദ്ധരാകുന്ന കാലത്തുനിന്ന് നോക്കുമ്പോൾ ജസ്റ്റിസ് മിശ്രയുടെ ശബ്ദം ഉത്തരവാദിത്വപ്പെട്ട ന്യായാധിപന്റേതാകുന്നതിന് പകരം അതിദേശീയവാദികളുടേതിനോട് സാമ്യത പുലർത്തുന്നുണ്ടോന്ന് “ദേശവിരുദ്ധർ” ചിന്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ല. എല്ലാവരും തങ്ങളുടെ ദേശസ്നേഹം പ്രകടിപ്പിക്കേണ്ട സമയമായിരിക്കുന്നു എന്ന് പറയുന്ന നേരത്ത് ഉത്തരവാദപ്പെട്ട നീതിന്യായ ന്യായപീഠത്തേക്കാൾ, ഓരോ പൗരനെയും സംശയപൂർവ്വം വീക്ഷിക്കുന്ന ഒരു സെക്യൂരിറ്റി സ്റ്റേറ്റിനെപ്പോലെയായിരുന്നു കോടതി. (ഇപ്പോഴിരിക്കുന്ന ചീഫ് ജസ്റ്റിസ് വിരമിച്ചുകഴിയുമ്പോൾ ജസ്റ്റിസ് മിശ്രയായിരിക്കും ഓഗസ്റ്റ് 2017 മുതൽ ഒക്ടോബർ 2018 വരെ നമ്മുടെ പരമോന്നത കോടതിയുടെ മുഖ്യന്യായാധിപൻ എന്നുകൂടി ഓർമ്മിപ്പിക്കട്ടെ!)
ദേശീയഗാനത്തിന്റെ പ്രസക്തി എന്താണ്, അത് ആലപിക്കുന്നതിന്റെ ഔചിത്യമെന്താണ് എന്നൊന്നും വൈകാരികസമ്മർദ്ദത്തിനടിപ്പെട്ടുപോയ കോടതി ഗൗരവമായി ചിന്തിച്ചിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. സ്വാതന്ത്ര്യത്തിനു മുൻപ് ദേശീയഗാനം പാടിയിരുന്നത് സ്വാതന്ത്ര്യസമരവേദികളിൽ, ഒരു ജനതയെ ഒന്നടങ്കം രണഭൂമിയിൽ ആവേശഭരിതരാക്കാനായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യതന്ത്രപ്രകാരമുള്ള വിശേഷാവസരങ്ങളിലും നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്ന വിദ്യാലയങ്ങളിലും അതീവചിട്ടയോടെ, ഗൗരവതരമായ മേൽനോട്ടത്തോടെ അത് ആലപിച്ചുവന്നു. അതിന് അതിന്റേതായ സിംഹാസനവും കിരീടവുമുണ്ടായിരുന്നു. ഇന്നത് സിനിമാതിയറ്ററിലെ ഇരുട്ടിൽ വിലകുറഞ്ഞതരം നൃത്തം കളിക്കുകയാണ്. ആ നൃത്തവേദികളിൽ ഇൻസ്റ്റന്റായി നമ്മുടെ ദേശീയത ചുട്ടെടുക്കപ്പെടാൻ പോവുകയാണ്.
ഒരു കാലത്ത് സിനിമാകൊട്ടകയിൽ ദേശീയഗാനം ആലപിക്കാൻ ശ്രമിച്ചുവന്നിരുന്നെങ്കിലും ദേശീയഗാനാലാപനം അതർഹിക്കുന്ന ഗൗരവത്തോടെയും പ്രോട്ടോക്കോളോടെയും സിനിമാഹാളിൽ നടപ്പാക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ട് മനസ്സിലാക്കിയ കോടതിതന്നെ ഇടപെട്ട് ആ ഏർപ്പാട് നിർത്തലാക്കിയിരുന്നു. ആ പ്രായോഗികബുദ്ധി വീണ്ടും നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്ക് കൈമോശം വന്നിരിക്കുന്നതിലൂടെ, ഇനി മുതൽ ദേശീയഗാനം അനവസരങ്ങളിലും ഔചിത്യരഹിതമായും ആലപിച്ചപമാനിക്കപ്പെടും. കൊൽക്കത്തയിൽ അഡൾട്ട്സ് ഒൺലി സിനിമ കളിക്കുന്ന റീഗൽ തിയറ്ററിൽ കഴിഞ്ഞ ദിവസം ദേശീയഗാനാലാപനം വഴി ദേശസ്നേഹികളാകാൻ കാണികൾ നിർബന്ധിക്കപ്പെട്ടെങ്കിലും എല്ലാവരും അത് നിരസിക്കുകയുണ്ടായി എന്നത് ഇപ്പോൾ ഓർക്കണം. എനിക്കെന്റെ നാടിനോട് സ്നേഹവും ബഹുമാനവുമുണ്ട്, അത് ഞാൻ പ്രകടിപ്പിക്കേണ്ടത് ഇക്കിളിപ്പടം കാണുമ്പോഴാണെന്ന് കരുതുന്നില്ല എന്നായിരുന്നു അവരിലൊരാൾ പറഞ്ഞത്! ആ സാധാരണ പൗരന്റെ ഔചിത്യബോധവും സെൻസിബിലിറ്റിയും എങ്കിലും നമ്മുടെ ഉന്നത നീതിപീഠം പ്രകടിപ്പിക്കേണ്ടിയിരുന്നു.
സുപ്രീം കോടതിയ്ക്ക് ഈ ഉത്തരവിന്റെ അപകടവ്യാപ്തി തിരിച്ചറിയാനാകുന്നില്ല എന്നത് രാഷ്ട്രദു:ഖമാണ്. പൗരസമൂഹത്തെ കൂടുതൽ ഛിദ്രപ്പെടുത്താനും രാജ്യത്തെ കൂടുതൽ കലുഷമാക്കാനും കൂട്ടു നിൽക്കുന്ന നിലപാടാണ് തങ്ങളെടുക്കുന്നതെന്ന് ഉന്നത ന്യായാധിപന്മാർ മനസ്സിലാക്കുന്നില്ല. അല്ലെങ്കിൽ തന്നെ സ്പർദ്ധയ്ക്കും അന്യവൽക്കരണത്തിനും അക്രമത്തിനും വേണ്ടത്ര എലമെന്റുകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. അതിലേയ്ക്ക് ഒരു സംഭാവനയാകാവുന്ന തീരുമാനമാണിതെന്ന് അവരറിയുന്നില്ല. ദേശീയതയുടെയും വർഗ്ഗീയതയുടെയും പേരിൽ നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളിലേയ്ക്ക് തങ്ങളുടെ ഉത്തരവ് നൽകിയ ചോരച്ചൊരിച്ചിലിന്റെ വിഹിതമെത്തുമ്പോഴേ കോടതി ഉണരൂ.
ഇത്രനാൾ ഒന്നൊഴിയാതെ ഓരോ ഇന്ത്യൻ പൗരനും ദേശീയഗാനം കേൾക്കുമ്പോൾ സമ്പൂർണമായ അഭിമാനബോധം നിറഞ്ഞുകവിയുന്ന മനസ്സോടെയാണ് എഴുന്നേറ്റ് നിന്നതെങ്കിൽ ഇന്ന് മിക്കവരും പ്രതിഷേധിച്ചാൽ രാജ്യദ്രോഹിയാക്കപ്പെടുമെന്ന ഭയംകൊണ്ടാണ് എഴുന്നേറ്റ് നിൽക്കുന്നത്. അതേ, ദേശീയതയെന്നാൽ ഇന്ന് ഇന്ത്യയ്ക്ക് ഭയപ്പെടുത്തി, ഔചിത്യബോധമില്ലാതെ അടിച്ചേൽപ്പിക്കുന്ന ഒരു അനുഭവമായി മാറിയിരിക്കുന്നു! ദേശസ്നേഹം ഭയന്നുകൊണ്ട് പ്രകടിപ്പിക്കേണ്ടുന്ന ഒന്നായിത്തീർന്നിരിക്കുന്നു! ലോകത്തെ ഏറ്റവും വലിയ ആധുനിക ജനാധിപത്യ രാഷ്ട്രജനത എന്ന നിലയിൽ എത്ര ദയനീയമാണ് നമ്മുടെ അവസ്ഥ!
അവസാനമായി, ചലച്ചിത്രമേളയുടെ വേദിയിൽ ഇരുന്ന് ദേശീയഗാനം കേട്ടവരെ അറസ്റ്റ് ചെയ്ത പോലീസിന് അക്കാദമി ചെയർമാന്റെ വീടിനു മുന്നിൽ ഇരുന്ന് ദേശീയഗാനം പാടിയ കേന്ദ്രഭരണകക്ഷിയുടെ അണികളുടെ പ്രവൃത്തി തിരിച്ചറിയാനാവാതെ പോയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുക. അതങ്ങനെയാവാനേ തരമുള്ളു. ദേശീയഗാനം ഇരുന്ന് കേൾക്കാനുള്ളതല്ലെന്ന് പ്രതിഷേധിക്കുന്നവർ ആ ഗാനം ഇരുന്നുകൊണ്ട് പാടുന്നത് അതിനേക്കാൾ ഗുരുതരമായ കുറ്റമാണെന്ന്, ദേശീയഗാനം അത്തരം വിലകുറഞ്ഞ സാഹചര്യങ്ങളിൽ ഔചിത്യരഹിതമായ പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കരുതെന്ന്, ഇന്നാട്ടിൽ ദേശീയത ചിലരുടെ മാത്രം കുത്തകയായിരിക്കുന്നതെന്തെന്ന്, അവർക്ക് അതിനെ എന്ത് കോമാളിവേഷവും കെട്ടിക്കാമെന്ന അവസ്ഥ എന്തുകൊണ്ടെന്ന്, ഒന്നും നമ്മുടെ പാവം പോലീസിന് അറിയുകയുണ്ടാവില്ല. അത് സ്റ്റേറ്റ് എന്ത് പറയുന്നുവോ അത് മാത്രം മനസ്സിലാകുന്ന, അനുസരിക്കുന്ന വാച്ച് ഡോഗ് മാത്രമാകയാൽ, അത് പണ്ടേ വിവേചനബുദ്ധി അല്പം കുറവുള്ള ഒരു യാന്ത്രിക സംവിധാനമാകയാൽ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലതന്നെ!
(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)