UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ജനാധിപത്യവാദികൾ വേട്ടയാടപ്പെടുന്നതിന് ഒരു ഇടതുസർക്കാർ സാക്ഷ്യം വഹിക്കുക എന്നതു തന്നെയാവും ഓഡിറ്റിംഗ്

ഹിന്ദുത്വ രാഷ്ട്രീയം നിർമ്മിച്ചെടുത്ത ഹെഗമണിയുടെ ആഖ്യാനങ്ങൾക്കനുസരിച്ച് ജനാധിപത്യ പ്രതിപക്ഷം അതിന്റെ പ്രത്യയശാസ്ത്രത്തെയും പരുവപ്പെടുത്തുകയാണെങ്കിൽ അത് എത്രത്തോളം ഗുണം ചെയ്യും എന്ന് സംശയമുണ്ട്.

“ഉദാഹരണത്തിന് ശശികല ടീച്ചറെ എടുക്കുക. ജനഗണമന ബ്രിട്ടീഷ് രാജാവിനെ വരവേൽക്കാൻ എഴുതിയതാണെന്നും അത് നമ്മുടെ ദേശീയ ഗാനമാകാൻ പാടില്ലെന്നും വിചിത്രമായ യുക്തികൾ വച്ച് അവർ സ്ഥാപിക്കുന്നു. ശശികല ടീച്ചർ പറയുന്നതൊന്നും ബിജെപിയുടെ അഭിപ്രായമല്ല എന്നാണ് ചർച്ചകളിൽ മുഖം രക്ഷിക്കാൻ അവരുടെ വക്താക്കൾ ആവർത്തിക്കുക. അങ്ങനെയെങ്കിൽ ദേശീയഗാനത്തെ അപമാനിച്ച അവർക്കെതിരേ ആദ്യം അന്യായം കൊടുക്കേണ്ടത് ബിജെപി, യുവമോർച്ചാ പ്രവർത്തകരല്ലേ?”

                       

സമീപകാലത്തായി കേരളത്തിലെ പല സിനിമാ കൊട്ടകളിലും കളി തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം പാടിക്കുന്ന ഏർപ്പാട് നിലവിലുണ്ട്. ഇത് എന്നു തുടങ്ങി എന്ന് ചോദിച്ചാൽ കൃത്യമായി ഒരു ദിവസം അറിയില്ല. ഭരണകൂടബന്ധിയായ ഏതെങ്കിലും ഉത്തരവിന്റെ ഭാഗമായാണ് ഈ പതിവ് തുടങ്ങിയത് എന്നും തോന്നുന്നില്ല. അങ്ങനെയെങ്കിൽ അത് എല്ലാ തീയേറ്ററുകൾക്കും ബാധകമാകുമായിരുന്നല്ലോ. എന്നാൽ ഈ പുതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ആദ്യത്തെ വിവാദം ഉണ്ടാകുന്നത് 2014-ലാണ്. ആ വർഷം ഓഗസ്റ്റിൽ റിലീസായ ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന സിനിമ കളിക്കുന്ന തിരുവനന്തപുരത്തെ ഒരു കൊട്ടകയാണ്. പ്രദർശനാരംഭത്തിൽ ദേശീയഗാനം കേൾപ്പിക്കവേ അഞ്ച് ചെറുപ്പക്കാർ സീറ്റിൽ തന്നെ ഇരിക്കുകയും, കഴിഞ്ഞപ്പോള്‍ കൂവുകയും ചെയ്തു എന്നാണ് ആരോപണം.

അതേത്തുടർന്ന് ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയതിന് ആ അഞ്ച് ചെറുപ്പക്കാരെയും അറസ്റ്റ് ചെയ്യുകയും അത് വിവാദമാവുകയും ചെയ്തു. തുടർന്ന് ദേശവും ദേശീയതയും അതിന്റെ ബിംബങ്ങളും ഔചിത്യരഹിതമായ അതിന്റെ അടിച്ചേൽപ്പിക്കലും ഒക്കെ സാംസ്കാരിക കേരളം അന്ന് ഏതാണ്ട് വിശദമായി തന്നെ ചർച്ച ചെയ്യുകയുമുണ്ടായി. ദേശീയഗാനത്തെ എഴുന്നേറ്റുനിന്ന് ആദരിച്ചില്ല എന്ന ഇതേ കാരണത്താൽ മുംബൈയിലെ ഒരു തീയേറ്ററിൽ നിന്ന്  ഒരു മുസ്ളീം കുടുംബം തല്ലിയിറക്കപ്പെടുന്നത് 2015-ലായിരുന്നു. സൈബർ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു ആ സംഭവവും. ഒരു വർഷത്തിനുള്ളിൽ സംഭവം ഭരണകൂട ഉപകരണങ്ങൾ വിട്ട് ആൾക്കൂട്ടം ഏറ്റെടുത്തു എന്നതാണ് ഇവിടെ സംഭവിക്കുന്ന വികാസം!

vi-4

 

പ്രതിരോധങ്ങൾ കൊണ്ട് എന്ത് നേടി?

മുംബൈ സംഭവവും സൈബർ മീഡിയയിൽ ശ്രദ്ധേയമായ ചർച്ചകളെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. തീവ്ര ദേശീയതയുടെ ഇത്തരം ആൾക്കൂട്ട നീതിയെ വിമർശിച്ചുകൊണ്ടും അതിലൂടെ ഭീഷണിയിലാവുന്ന നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെ പക്ഷം ചേർന്നും വികസിച്ച ഒരു സംവാദപരിസരത്തിൽ നിലകൊള്ളുന്നവയായിരുന്നു അവ മിക്കവാറും എല്ലാം തന്നെയും.

പക്ഷേ പ്രസക്തമാകുന്ന ചോദ്യം ഇത്തരം പ്രതിരോധങ്ങൾ പ്രയോഗതലത്തിൽ എന്തു നേടി എന്നതാണ്. 2015-ലും 16-ലും ഒക്കെയായി ഇതേ വാർത്ത പലയിടങ്ങളിലായി ആവർത്തിക്കുന്നു എന്ന് മാത്രമല്ല ആ പശ്ചാത്തലത്തിൽ പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടിയാവട്ടെ രാജ്യത്തെ സകല സിനിമ തീയേറ്ററുകളും പ്രദർശനത്തിനുമുമ്പ് ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക സ്ക്രീനിൽ തെളിയിക്കുകയും കൊട്ടകയിൽ ഉള്ളവർ മുഴുവൻ പ്രോട്ടോകോൾ പ്രകാരം അറ്റൻഷനായി നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വേണമെന്ന ഉത്തരവും! അതായത് 2014-ൽ തിരുവനന്തപുരത്തെ കൈരളി തീയേറ്ററിൽ നടന്ന സംഭവത്തോട് പ്രതികരിക്കുമ്പോൾ ദേശീയഗാനത്തെ അപമാനിക്കൽ എന്ന വകുപ്പിനെ നേരിടാൻ ഔചിത്യബോധമില്ലാതെ അത് പാടിക്കുന്ന ഏജൻസിയെ ചോദ്യം ചെയ്യുക എന്ന ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ 2016 അവസാനമാസമാകുമ്പോഴേക്കും അതും നഷ്ടമാവുകയാണ്. രാജ്യവ്യാപകമായി തീയേറ്ററുകളിലൊക്കെയും പ്രദർശനത്തിനുമുമ്പ് ദേശീയഗാനം പാടിച്ചിരിക്കണം എന്നത് നിയമമാവുകയാണ്.

തിരുവനന്തപുരത്ത് നടന്ന ഐഎഫെഫ്കെ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സംഭവങ്ങളെയും ഈ ഒരു പരിപ്രേക്ഷ്യത്തിൽ നിന്നുവേണം നോക്കിക്കാണാൻ എന്ന് തോന്നുന്നു. കേവലമായ പ്രതിഷേധങ്ങളുടെ വ്യക്തിപരമോ ചെറു കൂട്ടങ്ങളായോ ഉള്ള അടയാളപ്പെടുത്തൽക്കൊണ്ട് ഇതിനെ നേരിടാനാകുമോ? 2014 മുതൽക്കേ ലേഖനമായും ഫെയ്സ് ബുക്ക് പോസ്റ്റായും ചാനൽ ചർച്ചകളായും ഒക്കെ നാം തീവ്രദേശീയത, വ്യക്തിസ്വാതന്ത്ര്യത്തിനു മേൽ നടത്തുന്ന ഈ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു. പറഞ്ഞുപറഞ്ഞ് ഒരുവശത്തുകൂടി പ്രതിഷേധങ്ങളുടെ യുക്തിയും ഭാഷയും രീതിശാസ്ത്രം തന്നെയും ക്ളീഷേ ആയി മാറുമ്പോൾ മറുവശത്ത്, എന്തിനെ പ്രതിരോധിക്കുന്നുവോ അത് വളർന്ന് തിടംവച്ച് പാർലമെന്റിനെയും എക്സിക്യൂട്ടീവിനെയും എന്തിന് ജുഡീഷ്യറിയെ തന്നെയും വിഴുങ്ങുന്ന അവസ്ഥയാണ്!

vi-5

 

വ്യാജപൗരത്വത്തിന് മേൽ ഒരു സർജിക്കൽ സ്ട്രൈക്ക്

ദേശീയ ഗാനവും പതാകയും ഉൾപ്പെടെ ദേശവും ദേശീയതയും ഭരണഘടനയാൽ നിർവചിക്കപ്പെട്ട് നിലവിൽ വന്ന ദേശത്തോടുള്ള പൗരസമൂഹത്തിന്റെ സ്നേഹവും ഒക്കെ 1947 മുതൽ ഇന്ത്യയിൽ നിലനിന്ന് പോരുന്നുണ്ട്. ഈ കാലമൊന്നും ഭരിച്ച ജനകീയ ഭരണകൂടങ്ങൾക്കോ പൊതുസമൂഹത്തിനോ അതിൽ സംശയം തോന്നിയിട്ടില്ല. ഇപ്പോഴും ഇല്ല. അപ്പോൾപ്പിന്നെ ഈ ഏഴ് പതിറ്റാണ്ടോളം വരുന്ന കാലഘട്ടത്തിൽ ഒന്നും ഉണ്ടായിട്ടില്ലാത്ത വണ്ണം ഇവയുടെയൊക്കെ കണക്കെടുപ്പ് ഇപ്പോൾ അനിവാര്യമായി വരുന്ന സാഹചര്യം എന്താണ്?

ഉത്തരം വരെ ലളിതമാണ്. നമ്മുടെ ദേശസ്നേഹത്തിൽ നമുക്ക് ശങ്കയേതുമില്ല. പക്ഷേ പൊടുന്നനെ ഇവിടെയൊരു അപരൻ ഉണ്ടായിരിക്കുന്നു. ഇന്ത്യൻ ദേശത്തിനും ദേശീയതയ്ക്കും ഗാനത്തിനും പതാകയ്ക്കും ഒക്കെമേൽ ഒരു അപരസമൂഹം നിഴൽ വിരിച്ച് നിൽക്കുന്നു. ആ സാഹചര്യത്തിലാണ് കണക്കെടുപ്പ് വേണ്ടിവരുന്നത്. വ്യാജകറൻസി എന്നപോലെ വ്യാജപൗരത്വവും ഒരു ദേശീയ ഭീഷണിയാവുന്നു. അതായത് കറൻസി പിൻവലിക്കൽ മാത്രമല്ല സർജിക്കൽ സ്ട്രൈക്ക്. തീയേറ്ററിൽ തുടങ്ങുന്ന ദേശീയഗാനം വച്ചുള്ള ദേശസ്നേഹത്തിന്റെ കണക്കെടുപ്പ് മറ്റൊരു സർജിക്കൽ സ്ട്രൈക്കാണ്. അത് വ്യാജപൗരത്വത്തെ പിടിക്കുക ലക്ഷ്യം വച്ചുള്ളതാണ്. വ്യാജനോട്ടുകൾ പോലെ വ്യാജപൗരന്മാരും ദേശത്തിന്റെ വികാസം മുതൽ സുരക്ഷവരെയുള്ള പ്രശ്നങ്ങളിൽ നിർണ്ണായകമായ ഭീഷണി ഉയർത്തുന്നുണ്ട്. രാജ്യസ്നേഹമുള്ള സർക്കാരിനും, നീതിപീഠത്തിനും അതിനുമേൽ നടപടിയെടുക്കാതിരിക്കാനാവില്ല!

ഈ താരതമ്യമേ തെറ്റാണ്, നോട്ട് നിരോധിച്ചത് സർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഭാഗമായാണ്. തീയേറ്ററിൽ ദേശീയഗാനം നിർബന്ധമാക്കിയ നടപടി സുപ്രീം കോടതിയുടേതാണ് എന്നൊക്കെ ഓർമ്മിപ്പിക്കുന്ന നിഷ്കളങ്കർ ഉണ്ടാകാം. രേഖീയമായ യുക്തിയിലൂടെ സമീപിച്ചാൽ അവർ പറയുന്നത് ശരിയുമാണ്. പക്ഷേ യാഥാർത്ഥ്യങ്ങൾ എല്ലായ്പ്പോഴും രേഖീയമായി വെളിച്ചപ്പെടുന്നവ ആയിക്കൊള്ളണമെന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാൾമുതൽ നമ്മുടെ ഭരണഘടനയോടും ദേശീയ ഗാനത്തോടും ദേശീയ പതാകയോടും ഒക്കെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് സംഘപരിവാരങ്ങള്‍. അതവർ ഇപ്പോഴും തുടരുകയും ചെയ്യുന്നു.

vi-3

 

വൈരുദ്ധ്യാത്മക ഹിന്ദുത്വ വാദം

വൈരുദ്ധ്യാത്മക ഭൗതീകവാദം എന്നത് ഒരു ജാർഗൺ മാത്രമായി കേട്ടു ശീലിച്ചവർക്ക് ‘വൈരുദ്ധ്യാത്മക ഹിന്ദുത്വ വാദം’ എന്ന് കേൾക്കുമ്പോൾ അത് സംഘികളും കമ്യൂണിസ്റ്റുകളും ഒന്നാണ് എന്ന് സ്ഥാപിക്കാനുള്ള തന്ത്രമായി തോന്നിയേക്കാം. അത്തരക്കാർ ക്ഷമയോടെ തുടർന്നും വായിക്കണം എന്ന് അപേക്ഷിക്കുന്നു.

വൈരുദ്ധ്യാത്മകത എന്നത് ഒരു ഭൗതിക പ്രപഞ്ച സത്യം എന്നതിലുപരി അവയെ ഫലപ്രദമായി വിശകലനം ചെയ്യാൻ പറ്റുന്ന ഒരു ഉപകരണമാണ്. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന എല്ലാ ഭൗതീക പ്രതിഭാസങ്ങളെയും ആ ഒറ്റ അരിപ്പ കൊണ്ട് അരിച്ചെടുക്കാനാവില്ല. പക്ഷേ പലതിനെയും പറ്റും. ഇവിടെ ഹിന്ദുത്വ വാദത്തിന് നിർമ്മിച്ചെടുക്കേണ്ടത് ഒരു ഹിന്ദു രാഷ്ട്രത്തിന്റെ സാധൂകരണ യുക്തികളാണ്. അതിന് ഹിന്ദുക്കൾ അവർ ഭൂരിപക്ഷമാകുന്ന ഒരു ദേശത്ത് പോലും നീതി നിഷേധിക്കപ്പെട്ടവരാണെന്ന് വരുത്തിത്തീർക്കണം. അതിന് ആധുനിക ഇന്ത്യയെ നിർവചിക്കുന്ന ഭരണഘടന മുതൽ അതിന്റെ പ്രതീകങ്ങളെ വരെ ചോദ്യം ചെയ്യുകയും അവയൊക്കെ അപര സമ്മർദ്ദങ്ങളാൽ വെള്ളം ചേർക്കപ്പെട്ടവയാണെന്ന് സ്ഥാപിക്കുകയും വേണം.

എന്നാൽ മറുവശത്ത് ദേശീയത എന്നത് ഹിന്ദുവിന്റെ മാത്രമാണെന്ന്, അതായത് യഥാർത്ഥ ഹിന്ദു മാത്രമാണ് യഥാർത്ഥ രാജ്യസ്നേഹി എന്ന് സ്ഥാപിക്കാൻ ഈ വെള്ളം ചേർക്കപ്പെട്ട ദേശീയതയും ദേശീയ ഗാനവും പതാകയും ഒക്കെ തന്നെയേ ഉപകരണങ്ങളായി ഉള്ളു താനും. അതായത് ഒരേ സമയം ദേശീയ ഗാനത്തെ ഒരു വികാരമെന്ന നിലയിൽ ഉപേക്ഷിക്കുകയും, ചട്ടുകം എന്ന നിലയിൽ ഉപയോഗിക്കുകയും വേണം. നിലനിൽപ്പിനായി ഒന്നിനെ ഒരേ സമയം അടക്കിപ്പിടിക്കുകയും വിട്ടെറിയുകയും വേണ്ടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അന്തരാള ഘട്ടത്തെ, അതിൽ പ്രചോദിതമായി അവർ കൈക്കൊള്ളുന്ന തന്ത്രങ്ങളെ വിശകലനം ചെയ്യാൻ വൈരുദ്ധ്യാത്മകത പോലെ ഫലപ്രദമായ ഒരു വിശകലന ഉപകരണമില്ല.

ഉദാഹരണത്തിന് ശശികല ടീച്ചറെ എടുക്കുക. ജനഗണമന ബ്രിട്ടീഷ് രാജാവിനെ വരവേൽക്കാൻ എഴുതിയതാണെന്നും അത് നമ്മുടെ ദേശീയ ഗാനമാകാൻ പാടില്ലെന്നും വിചിത്രമായ യുക്തികൾ വച്ച് അവർ സ്ഥാപിക്കുന്നു. ശശികല ടീച്ചർ പറയുന്നതൊന്നും ബിജെപിയുടെ അഭിപ്രായമല്ല എന്നാണ് ചർച്ചകളിൽ മുഖം രക്ഷിക്കാൻ അവരുടെ വക്താക്കൾ ആവർത്തിക്കുക. അങ്ങനെയെങ്കിൽ ദേശീയഗാനത്തെ അപമാനിച്ച അവർക്കെതിരേ ആദ്യം അന്യായം കൊടുക്കേണ്ടത് ബിജെപി, യുവമോർച്ചാ പ്രവർത്തകരല്ലേ? കമൽ എന്ന മലയാള ചലചിത്ര സംവിധായകൻ (സംഘികൾക്ക് മുസ്ളിം) നടത്തിയ പരാമർശത്തിൽ ദേശീയഗാന വിരുദ്ധത കണ്ടെത്താൻ പോന്നവണ്ണം കിലോമീറ്ററുകൾ താഴോട്ട് കുഴിച്ച് വ്യാഖ്യാനിച്ച് കുഴയ്ക്കേണ്ടത്ര പ്രശ്നഭരിതമൊന്നുമല്ലാത്ത, നേരിട്ട വിമർശനമാണ് അത്.


കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍- 14:55 to 20:05 

 

രഹസ്യമേ അല്ലാത്ത അജണ്ട

എന്തുകൊണ്ട് ദേശീയ ഗാനത്തിന്റെ അന്തസത്തയെയും പ്രസക്തിയെയും തന്നെ ചോദ്യം ചെയ്ത ശശികല ടീച്ചർക്ക് നേരിടേണ്ടിവരാത്ത നിയമ നടപടികൾ പല കാരണങ്ങൾ കൊണ്ട് അത് പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവർക്ക് നേരിടേണ്ടിവരുന്നു? ഫിലിം ഫെസ്റ്റിവൽ പോലെയുള്ള ഒരു പരിപാടി എങ്ങനെ നടക്കുന്നു, അതിൽ മനുഷ്യർ എങ്ങനെ ഓടിക്കിതച്ചുവന്ന് ക്യൂനിന്ന് അകത്തുകയറി സിനിമ കാണുന്നു എന്നതിനെ കുറിച്ചൊന്നും ഒരു പ്രായോഗിക ധാരണയുമില്ലാത്ത കോടതി കേവലമായ ഒരു ഉത്തരവിലൂടെ എല്ലാ പ്രദർശനങ്ങളിലും ദേശീയ ഗാനാലാപനം നിർബന്ധിതമാക്കി എന്നത് പോട്ടെ. അത് നടക്കുമ്പോൾ ഉള്ള പ്രഖ്യാപിത പ്രൊട്ടോക്കോൾ എന്നത് എല്ലാവരും എഴുന്നേറ്റ് നിശ്ചലരായി നിന്ന് അതിനോട് ആദരവ് പ്രകടിപ്പിക്കണം എന്നതാണ്. അങ്ങനെയിരിക്കെ സ്വന്തം ദേശസ്നേഹവും ഉത്തരവാദിത്തവും നിറവേറ്റാതെ മറ്റുള്ളവർ എന്തുചെയ്തു എന്ന് നോക്കുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്തവർ നടത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനത്തിന് കേസുണ്ടോ? നിയമപ്രകാരം കുറ്റകരമായ ഈ കൃത്യം നടക്കാതെ ദേശീയഗാനം പാടുമ്പോൾ ഇരിക്കുന്ന മനുഷ്യരുടെ ചിത്രം പകർത്തി അതൊരു തെളിവായി സമർപ്പിക്കാനാവില്ല എന്നത് സാമാന്യ യുക്തി. അതുവച്ച് കോടതികൾ ഈ കൃത്യം ചെയ്ത ‘വാദി’കൾക്കെതിരെയും നടപടി എടുക്കുമോ?

ഇല്ല, അല്ലേ. ഇത്തിരി സംശയിച്ച് നിന്നായാലും അതാവും നമ്മൾ ഒക്കെയും സമ്മതിക്കുന്ന ഉത്തരം. അപ്പോൾപ്പിന്നെ ഈ നടപടിയുടെ നിയമസാധുത എന്താണ്? അത് ഏത് പൗരനും ദേശീയ ഗാനത്തെ ആദരിക്കണം എന്നതല്ല, എത് പൗരനും ദേശീയ ഗാനം പാടുമ്പോൾ ആരെങ്കിലും അതിനെ ആദരിക്കാതിരിക്കുന്നുവോ എന്ന് നോക്കണം എന്നാണ്. അതായത് ഭരണഘടനാപരമായി എല്ലാ ഇന്ത്യാക്കാർക്കും ലഭിച്ച തുല്യപൗരത്വത്തിനുമേലും സ്വയം പ്രഖ്യാപിത ‘യഥാർത്ഥ’ ഇന്ത്യാക്കാരന് സൂക്ഷ്മപരിശോധന നടത്താനുള്ള നിയമപരമായ അനുമതിയാണത്. എന്നുവച്ചാൽ സംഘികളും അല്ലാത്തവരും എന്ന നിലയിൽ ഒരു യഥാർത്ഥ, വ്യാജ പൗരത്വം 2014 മുതൽക്ക് നിലവിലുണ്ടെന്ന്.

ഏറ്റവും അപകടകരമായ കാര്യം അത് പ്രശ്നാധിഷ്ഠിതമായി ഒത്തുകൂടുന്ന ഒരു ആൾക്കുട്ടം താൽകാലികമായി നിയമം കയ്യിലെടുത്ത് ഉണ്ടാക്കുന്ന ഒരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച് ആൾക്കൂട്ട ആധിപത്യത്തിന്റെ നിയമ സാധൂകരണം കൂടിയാണെന്നതിൽ അല്ലേ? ഒരു ജനാധിപത്യ രാഷ്ട്രത്തിൽ തുല്യാവകാശമുള്ള പൗരന്മാർ എന്ന നിലയിൽ നമുക്ക് നമ്മുടെ ദേശസ്നേഹം, നമുക്ക് പുറത്തുള്ള ഒരു ഏജൻസിയാല്‍ വിലയിരുത്തപ്പെടുക എന്നത് അനുവദിച്ച് കൊടുക്കാനാവില്ല. കാരണം അത് ഒരിക്കൽ സമ്മതിച്ചാൽ പിന്നെ നമ്മുടെ ദേശീയത അവർ നിർവചിക്കും എന്നതാണ്. നമ്മുടെ ജനാധിപത്യം എന്നത് നമ്മൾ വ്യക്തിതലത്തിൽ അധ്വാനിച്ച് ഉണ്ടാക്കിയതാവില്ല. പക്ഷേ അമ്മയിൽ നിന്ന് ഒരു കുഞ്ഞിന് ഉള്ള തുടർച്ചയും അവകാശങ്ങളും പോലെ ജനാധിപത്യം നമ്മുടെ പൈതൃക സ്വത്തും ജന്മാവകാശവുമാണ്. ഒരു സർജിക്കൽ സ്ട്രൈക്കിനും അതിനെ നമുക്ക് വിട്ടുകൊടുക്കാനാവില്ല.

kamal1

 

സുപ്രീം കോടതി വിധിയിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലേ?

ഐഎഫ്എഫ്കെയുമായി അനുബന്ധിച്ചുണ്ടായ അറസ്റ്റുകൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം; സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളവും. പക്ഷേ താത്പര്യമില്ലാത്ത വിധികൾ സംസ്ഥാനങ്ങളും പൊലീസും പാലിക്കുന്നതെങ്ങനെ എന്നും നമുക്കറിയാം. ഐഎഫ്എഫ്കെ, ദേശീയ ഗാനാലാപന കേസുകളുമായി ബന്ധപ്പെട്ട് പലരെയും അറസ്റ്റ് ചെയ്ത് ‘ഉപദേശിച്ച്’ വിട്ടയച്ചതായും വാർത്തകളുണ്ട്. ആ നിലയ്ക്കാണെങ്കിൽ അത് അനിവാര്യമായ ഒരു അഡ്ജസ്റ്റ്മെന്‍റ്  എന്നൊക്കെ വ്യാഖ്യാനിച്ച് ഒപ്പിക്കാം. പക്ഷേ…

പക്ഷേ കമൽ സി ചാവറ എന്ന സാഹിത്യകാരൻ തന്റെ നോവലിലൂടെ ദേശീയഗാനത്തെ അപമാനിച്ചു എന്ന പരാതിയിന്മേലൊക്കെ പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാൻ കാട്ടിയ വ്യഗ്രതയെ അങ്ങനെ വ്യാഖ്യാനിച്ച് എവിടെയും കൊണ്ടൊപ്പിക്കാൻ പറ്റില്ല. ഇതുകൂടിയാവുമ്പോൾ ഇതുവരെ ഉണ്ടായ ദേശീയഗാന ബന്ധിയായ അറസ്റ്റുകൾക്ക് മറ്റൊരു ഉള്ളടക്കം ഉണ്ടാകുന്നു. അത് പിണറായി വിജയൻ സർക്കാരും സംഘിയായി എന്നതാണോ എന്ന കാര്യത്തിൽ തീർപ്പാക്കാൻ തത്പരകക്ഷികൾ കാണിക്കുന്ന തിടുക്കം ഒരു ഇടതുപക്ഷ അനുഭാവിക്ക് പങ്കുവയ്ക്കാൻ തീർച്ചയായും പറ്റില്ല.

എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം നിർമ്മിച്ചെടുത്ത ഹെഗമണിയുടെ ആഖ്യാനങ്ങൾക്കനുസരിച്ച് അതിന്റെ ജനാധിപത്യ പ്രതിപക്ഷം അതിന്റെ പ്രത്യയശാസ്ത്രത്തെയും പരുവപ്പെടുത്തുകയാണെങ്കിൽ അത് തന്ത്രപരമായി പോലും എത്രത്തോളം ഗുണം ചെയ്യും എന്ന് സംശയമുണ്ട്. ഇവിടെ ഈ വിഷയം ഉൾപ്പെടെ പൊലീസ് നടപടികളെക്കുറിച്ച് ഉയർന്നുവന്ന പല, സംഖ്യാപരമായി ഒരുപക്ഷേ വേണ്ടത്ര ജനകീയമല്ലാത്ത പല വിമർശനങ്ങളുടെ കാര്യത്തിലും ഒന്ന് തന്നെയേ ആവർത്തിക്കാനുള്ളു. ഇടതുപക്ഷത്തിന് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഫലത്തിൽ പ്രതിപക്ഷമായേ പ്രവർത്തിക്കാനാവു. അത് മനസിലാക്കിയില്ലെങ്കിൽ ഓരോ ഇടതു ഭരണവും ചരിത്രപരമായ ആ വിഡ്ഢിത്തത്തിന്റെ ആവർത്തനമാവും. രേഖീയമായ ഒറ്റമൂലികളൊന്നും നിർദ്ദേശിക്കാനില്ല. എഴുത്ത് ഒരു ചികിത്സയുമല്ല. പക്ഷേ അത് ഒരു രാഷ്ട്രീയ പ്രതിപക്ഷ പ്രവർത്തനമാണെന്ന് കരുതുന്നു. ജനകീയ സർക്കാരുകളിൽ മറ്റാർക്ക് ചെയ്യാനായാലും ഇടതു സർക്കാരുകൾ അത് ചെയ്താൽ ചരിത്രം കാണാത്തത്ര വലിയ ഓഡിറ്റിങ്ങുകൾക്ക് അതിന് വിധേയമാകേണ്ടിയും വരുമെന്ന് അതിന്റെ ചരിത്രം തെളിയിക്കുന്നു.

അതായത് കാലം എന്ന ആനുകൂല്യം അതിന്റെ ഇടതുവശത്ത് നിൽക്കുന്നവർക്ക് ഇല്ല എന്ന്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍