Continue reading “ട്രാക്കിലും ഫീല്‍ഡിലും ആധിപത്യമുറപ്പിക്കാന്‍ കേരളം”

" /> Continue reading “ട്രാക്കിലും ഫീല്‍ഡിലും ആധിപത്യമുറപ്പിക്കാന്‍ കേരളം”

"> Continue reading “ട്രാക്കിലും ഫീല്‍ഡിലും ആധിപത്യമുറപ്പിക്കാന്‍ കേരളം”

">

UPDATES

കായികം

ട്രാക്കിലും ഫീല്‍ഡിലും ആധിപത്യമുറപ്പിക്കാന്‍ കേരളം

                       

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസിലെ അത്ലെറ്റിക് വിഭാഗത്തിലെ മല്‍സരങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

റാഞ്ചിയില്‍ കഴിഞ്ഞതവണ നടന്ന ദേശീയ ഗെയിംസില്‍ 10 സ്വര്‍ണവും 8 വെള്ളിയും 9 വെങ്കലവുമാണ് കേരളം നേടിയത്. ഇക്കുറി സ്വന്തം നാട്ടില്‍ അതിലും വലിയ നേട്ടം കേരളം പ്രതീക്ഷിക്കുന്നു. അക്വാട്ടിക്‌സ്, റോവിങ് മത്സരങ്ങളിലെ മെഡല്‍ക്കൊയ്ത്ത് ടീമിന് ആവേശം പകരുന്നുമുണ്ട്.

ഏറ്റവും ശക്തമായ നിരയെയാണ് കേരളം രംഗത്തിറക്കുന്നത്. പുരുഷവിഭാഗത്തില്‍ ജോസഫ് ജി.എബ്രഹാം, രഞ്ജിത്ത് മഹേശ്വരി, കെ.പി.ബിമിന്‍, എസ്.അരുണ്‍ ജിത്ത്, ജിതിന്‍ പോള്‍ തുടങ്ങിയ പരിചയസമ്പന്നരും ശ്രീനിത്ത് മോഹന്‍, മുഹമ്മദ് അഫ്‌സല്‍, മനു ഫ്രാന്‍സിസ് തുടങ്ങി വലിയൊരു യുവനിരയെയും കേരളം രംഗത്തിറക്കുന്നു. 

വനിതാ വിഭാഗത്തിലും സമാനമായ നിരയാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. പ്രീജ ശ്രീധരന്‍, ഒ.പി.ജയ്ഷ, ടിന്റു ലൂക്ക, എം.ഡി താരയെയും പോലുള്ള പരിചയസമ്പന്നര്‍ക്കൊപ്പം പി.യു.ചിത്രയെയും ജെസ്സി ജോസഫിനെയും  പോലുള്ള കൗമാരതാരങ്ങളും കേരളത്തിന്റെ പ്രതീക്ഷ പേറുന്നു. ദേശീയ സ്കൂള്‍ ഗെയിംസില്‍ ദേശീയ റിക്കോര്‍ഡ് മറികടന്ന മുഹമ്മദ് അഫ്സല്‍ 800,1500 മീറ്ററുകളില്‍ പ്രതീക്ഷ വയ്ക്കുന്നു.100 മീറ്ററില്‍ ഷമീര്‍ മോനാണ് കേരളത്തിന്‍റെ മുഖ്യപ്രതീക്ഷ.

അത്ലെറ്റിക്സിന്റെ ആദ്യ ദിനമായ ഇന്ന് ദീര്‍ഘദൂര ഇനങ്ങളില്‍ കേരളത്തിന് ഉറച്ച മെഡല്‍ പ്രതീക്ഷയാണുള്ളത്. പ്രത്യേകിച്ചും വനിതകളുടെ 5000 മീറ്ററില്‍. കേരളാ ക്യാപ്റ്റന്‍ പ്രീജാ ശ്രീധരനും ഓ.പി.ജെയ്ഷയും പി.യു ചിത്രയും 5000 മീറ്ററില്‍ കേരളത്തിനായി ഇറങ്ങും. ഈ വിഭാഗത്തിലെ മൂന്നു മെഡലുകളും കേരളം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകളുടെ ഷോട്ട്പുട്ട്, ഹൈജമ്പ് ഉള്‍പ്പെടെ 4 ഫൈനലുകളാണ് ഇന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുക.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും ദേശീയ റെക്കോഡിന് ഉടമയുമായ പ്രീജ ശ്രീധരന്‍ സ്വര്‍ണ്ണ മെഡല്‍ തന്നെ ലക്ഷ്യമിട്ടാണ് തന്‍റെ അവസാന ദേശീയ ഗെയിംസിന് ഇറങ്ങുന്നത്.ഈ ഗെയിംസിന് ശേഷം അത്ലെറ്റിക്സിനോട് വിടപറയാനാണ് പ്രീജയുടെ തീരുമാനം. ഗെയിംസില്‍ മല്‍സരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ കേരള താരമാണ് 33കാരിയായ പ്രീജ.

കഴിഞ്ഞ ഗെയിംസില്‍ പഞ്ചാബിനായി ഇറങ്ങിയ ജയ്ഷ ഇക്കുറി കേരളത്തിന് വേണ്ടി സ്വര്‍ണ്ണം കൊയ്യാനുള്ള പുറപ്പാടിലാണ്. ദേശീയ സ്കൂള്‍ കായികമേളകളിലെ സ്വര്‍ണ്ണ റാണി പി.യു ചിത്ര കേരളത്തിന്‍റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. റാഞ്ചിയിലെ ഗെയിംസില്‍ 5000 മീറ്ററില്‍ പ്രീജയ്ക്ക് വെള്ളിയും ജെയ്ഷക്ക് വെങ്കലവുമാണ് ലഭിച്ചത്. അന്ന് സ്വര്‍ണം നേടിയ മഹാരാഷ്ട്രയുടെ കവിതാ റാവത്ത് ഇത്തവണയുമുണ്ട്. 45 പുരുഷന്മാരും 44 വനിതകളുമടങ്ങിയ 89 അംഗ ടീമുമായിയാണ് കേരളം ട്രാക്കിലിറങ്ങുന്നത്.

സര്‍വീസസ്, ഹരിയാണ, തമിഴ്‌നാട് തുടങ്ങിയ പതിവ് കേന്ദ്രങ്ങളില്‍നിന്നു തന്നെയാണ് കേരളം കടുത്ത വെല്ലുവിളി നേരിടുന്നത്. 

Share on

മറ്റുവാര്‍ത്തകള്‍