Continue reading “കേവലം ഒന്നരമാസത്തെ പരിശീലനം; വനിത ബീച്ച് വോളിയില്‍ കേരളം കൊയ്തത് സ്വര്‍ണവും വെങ്കലവും”

" /> Continue reading “കേവലം ഒന്നരമാസത്തെ പരിശീലനം; വനിത ബീച്ച് വോളിയില്‍ കേരളം കൊയ്തത് സ്വര്‍ണവും വെങ്കലവും”

"> Continue reading “കേവലം ഒന്നരമാസത്തെ പരിശീലനം; വനിത ബീച്ച് വോളിയില്‍ കേരളം കൊയ്തത് സ്വര്‍ണവും വെങ്കലവും”

">

UPDATES

കായികം

കേവലം ഒന്നരമാസത്തെ പരിശീലനം; വനിത ബീച്ച് വോളിയില്‍ കേരളം കൊയ്തത് സ്വര്‍ണവും വെങ്കലവും

Avatar

                       

കെ പി എസ് കല്ലേരി

കോഴിക്കോട് കോര്‍പ്പറേഷനു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ ഗ്യാലറിയില്‍ ഗെയിംസ് തുടങ്ങുന്നതിന് രണ്ടുനാള്‍ മുമ്പാണ് കേരള കോച്ച് പ്രജുഷയെ കണ്ടത്. കോഴിക്കോട് ബീച്ചിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ വനിത ബീച്ച് വോളി കളിക്കാര്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അവര്‍. എം.കെ.പ്രജുഷ എട്ടുവര്‍ഷം വോളിബോളില്‍ കേരളത്തിനുവേണ്ടി ജേഴ്‌സിയണിഞ്ഞ താരമാണ്. ഇപ്പോള്‍ കേരള വോളി ടീമിന്റേയും ബീച്ച് വോളി ടീമിന്റേയും കോച്ച്.

ദേശീയ ഗെയിംസ് ബീച്ച് വോളിബോളില്‍ ആദ്യമായി വനിതാ ടീമിനെ ഉള്‍പ്പെടുത്തിയപ്പോള്‍ കേരള വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് പ്രജുഷയോട് സംസ്ഥാനത്തിനുവേണ്ടി ഒരു ടീമുണ്ടാക്കാന്‍ പറഞ്ഞത്. പക്ഷെ പ്രജുഷ ആദ്യം ഒരു നിര്‍ദ്ദേശം അങ്ങോട്ട് വെച്ചു. ‘സര്‍ സ്വിമ്മിംഗ് സ്യൂട്ട് മോഡല്‍ ഡ്രസ്സാണ് കളിക്കാനെങ്കില്‍ ഇവിടെ കുട്ടികളെ കിട്ടില്ല’. ‘കുഴപ്പമില്ല ദേശീയ ഗെയിംസിന് സാദാ ജേഴ്‌സി അണിഞ്ഞോളാന്‍ അനുമതി തേടിയിട്ടുണ്ടെന്ന്’ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. അങ്ങനെയാണ് സോണിയയേയും ജിഷയേയും ഷഹാനയേയും അശ്വതിയേയും കണ്ടെത്തിയത്.

സോണിയ .എസ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് താരവും യൂണിവേഴ്‌സിറ്റി പ്ലയറുമാണ്. പി.വി. ജിഷ ഇന്ത്യന്‍ സീനിയര്‍ ടീമിലെ മികച്ച അറ്റാക്കറും. രണ്ടുപേരും നല്ല ഫോമുള്ള കളിക്കാര്‍. അവരെ കേരളത്തിന്റെ പ്രധാന താരങ്ങളാക്കി ഒരു ടീമുണ്ടാക്കി. വോളിബോളില്‍ കോര്‍ട്ടിലിറങ്ങുന്നത് ആറുപേരാണെങ്കിലും പത്തുപേരെയെങ്കിലും ടീമില്‍ എടുക്കും. ആര്‍ക്കെങ്കിലും പരിക്കുണ്ടാവുകയോ ഫോം കുറയുകയോ ചെയ്താല്‍ അടുത്ത ആളെ പരീക്ഷിക്കാം. പക്ഷെ ബീച്ച് വോളിയില്‍ അത് പറ്റില്ല. രണ്ടുപേര്‍ക്ക് മാത്രമേ കളിക്കാനാവൂ. ഒരാള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ടീം പുറത്താവും. അതുകൊണ്ടുതന്നെ ബീച്ച് വോളിബോളില്‍ രണ്ടു ടീം വീതം ഒരോ സ്‌റ്റേറ്റിനുമുണ്ടാകും. രണ്ടു നല്ലകളിക്കാരെ വെച്ച് ഒരു ടീമും താരതമ്യേന മോശമല്ലാത്ത രണ്ടുപേരെ വെച്ച് ബി ടീമും. അങ്ങനെയാണ് ഇപ്പോള്‍ കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ ടീമിലെ കെ.എ.ഷഹാനയേയും അശ്വതിയേയും കൂടി ടീമിലേക്ക് എടുക്കുന്നത്. ടീം സെലക്ഷനും മറ്റുമെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരുമാസമാണ് ബീച്ച് വോളി പരിശീലനത്തിന് ആകെ കിട്ടിയത്. നാലുപേരും സാധാരണ വോളിബോള്‍ കളിക്കാരാണെങ്കിലും ബീച്ച് വോളി നിയമങ്ങള്‍ കഠിനമാണ്. രണ്ട് സെറ്റ് കളിക്കണമെങ്കില്‍ തന്നെ കളിക്കാര്‍ക്ക് നല്ല സ്റ്റാമിന വേണം.

സ്വര്‍ണം നേടിയ ഷഹാനയും അശ്വതിയും

അങ്ങനെ എ ടീം സെമിഫൈനല്‍ കടക്കുമെന്നും ബി ടീം ക്വാര്‍ട്ടര്‍ കടക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അവര്‍ ഞങ്ങളുടേയും കോഴിക്കോട്ടെ നൂറുകണക്കായ വോളിബോള്‍ ആരാധകരുടേയും മുകളിലൂടെ പറന്നടിച്ച് കേരളത്തിന് ഒരു സ്വര്‍ണവും വെങ്കലും കൊയ്‌തെടുത്തു. ഞങ്ങളുടെ സന്തോഷത്തിന് ഇപ്പോള്‍ അതിരില്ല. അത്രമാത്രം മഹത്തരമാണ് ഈ നേട്ടമെന്നു കരുതുന്നു. കേരളം ആതിഥ്യമരുളുന്നൊരു നാഷണല്‍ ഗെയിംസ്. അതില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബിച്ച് വോളീബോളില്‍ സ്വര്‍ണമടക്കം രണ്ടു മെഡലുകള്‍..പ്രജുഷയിലെ കോച്ചിന് സന്തോഷം അടക്കാനാവുന്നില്ല.

കേവലം ഒന്നരമാസത്തെ പരിശീലനംകൊണ്ട് സംസ്ഥാനത്തിനുവേണ്ടി ഒരു സ്വര്‍ണവും വെങ്കലവും അടിച്ചെടുത്തിന്റെ കഥയാണ് ബീച്ച് വോളിയില്‍ കേരളത്തിന്റെ പെണ്‍പടയ്ക്ക് പറയാനുള്ളത്. കേരളത്തിന് ആറ് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലും പിറന്ന ദിനത്തില്‍ അതില്‍ രണ്ടെണ്ണം അധികമാരും ശ്രദ്ധിക്കാതിരുന്ന ബീച്ച് വോളിബോളില്‍ നിന്നായിരുന്നു. കേരളത്തിന്റെ തഴക്കവും പഴക്കവുമുള്ള പുരുഷന്‍മാര്‍ കളിയുടെ ക്വാര്‍ട്ടറിലും സെമിയിലുമായി പുറത്തായപ്പോള്‍ മുന്‍സംസ്ഥാന വോളിതാരം എം.കെ പ്രജുഷയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ രണ്ടു ടീമും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് അറ്റാക്ക് ചെയ്ത് കയറി. ഫൈനലില്‍ ഷഹാന-അശ്വതി സഖ്യം ഏറെ വിയര്‍പ്പൊഴുക്കിയാണ് ആദ്യസെറ്റ് ആന്ധ്രയില്‍ നിന്നും പിടിച്ചെടുത്തത്. 21ന് തീരേണ്ട സെറ്റ് 23-21നാണ് തീര്‍ന്നത്. രണ്ടാമത്തെ സെറ്റില്‍ തുടക്കം മുതല്‍ ആന്ധ്ര മുന്നേറ്റം നടത്തിയെങ്കിലും 21-19ന് അതും പിടിച്ചെടുത്താണ് ഈ പെണ്‍പുലികള്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്.  കഴിഞ്ഞ നാലുദിവസങ്ങളായി കേരളത്തിന്റെ ചാനലുകളും പത്രങ്ങളും മറന്നുപോയ ബീച്ച് വോളിയെ അങ്ങനെ അവര്‍ക്കെല്ലാം ഒന്നാം പേജിലും സ്‌പോര്‍ട്‌സ് പേജിലുമായി വീശി നല്‍കേണ്ടിവന്നു.

വെങ്കലം നേടിയ ജിഷയും സോണിയയും

കൊടുങ്ങല്ലൂര്‍ കോഴിക്കാട്ട് അബ്ദുവിന്റേയും ആമിനയുടേയും ഏകമകളാണ് ബീച്ച് വോളിയില്‍ സ്വര്‍ണം കൊയ്ത കേരളത്തിന്റെ മിന്നും താരം കെ.എ.ഷഹാന. വോളിബോളില്‍ യൂത്ത് ഇന്ത്യക്ക് കളിച്ച ഷഹാന കെഎസ്ഇബിയുടെ പ്ലേയറുമാണ്. കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലെ കെഎസ്ആര്‍ടിസി ഡ്രൈവറായ ഇടവലത്ത് ജനാര്‍ദ്ദനന്റേയും നിഷാകുമാരിയുടേയും മകളാണ് കെഎസ്ഇബിയുടെ വോളിബോള്‍ താരം കൂടിയായ അശ്വതി. വോളിബോളില്‍ ജൂനിയര്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട് അശ്വതി. സെമിഫൈനല്‍വരെയുള്ള കേരളത്തിന്റെ രണ്ടുടീമുകളുടേയും പ്രകടനത്തില്‍ സോണിയയും ജിഷയും നയിച്ച ടീമിനായിരുന്നു മുന്‍തൂക്കം. അതോടെ ഫൈനല്‍ പ്രതീക്ഷയും ഇവരുടെ മേലായിരുന്നു. 

എന്നാല്‍ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി കരുത്തരായ തമിഴ്‌നാട് വണ്ണിനെ ഷഹാനയും അശ്വതിയും കൂടി തകര്‍ത്തെറിഞ്ഞതോടെ ഈ പടക്കുതിരകളുടെ വീര്യം കൂടുകയായിരുന്നു. സെമിയില്‍ ഫൈനല്‍ പ്രതീക്ഷയുമായിട്ടിറങ്ങിയ സോണിയ-ജിഷ സഖ്യം പരാജയപ്പെടുകയും ചെയ്തു. പക്ഷെ ലൂസേഴ് ഫൈനലില്‍ സോണിയയും ജിഷയും ഉണര്‍ന്ന് കളിച്ചപ്പോഴാണ് കേരളത്തിന്റെ വെങ്കല മെഡല്‍ ഇവരുടെ കൈക്കുള്ളിലായത്. വയനാട് ബത്തേരി കല്ലുമുക്ക് പള്ളിപ്പാട്ട്‌തോട്ടത്തില്‍ പി.എം.വര്‍ക്കിയുടേയും മേരിയുടേയും മകളാണ് സീനിയര്‍ ഇന്ത്യന്‍ പ്ലെയര്‍ കൂടിയായ ജിഷ. കോഴിക്കോട് അത്തോളി കൊടശ്ശേരിയിലെ വിമുക്ത ഭടന്‍ ശശിയുടേയും ശ്രീജയുടേയും മകളാണ് എസ്.സോണിയ. ആദ്യ റൗണ്ട് മത്സരം മുതല്‍ ലൂസേഴ്‌സ് ഫൈനല്‍വരെ തിളങ്ങി നിന്ന സോണിയ കേഴിക്കോട്ടെ വോളിപ്രേമികള്‍ക്ക് ആവേശമായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍