UPDATES

വൈറല്‍

ഗോവന്‍ മുഖ്യമന്ത്രി പരിക്കറിന് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളുടെ വീര്യം കൂടിയ മറുപടി

മാധ്യമപ്രവര്‍ത്തക നഷ്ത ഗൗതം തുടങ്ങിവച്ച ഹാഷ്ടാഗ് പ്രചരണത്തിന് വന്‍ പിന്തുണയാണ് ട്വീറ്ററില്‍ ലഭിക്കുന്നത്‌

                       

സ്ത്രീകള്‍ ബിയര്‍ കുടിക്കാനാരംഭിച്ചിരിക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന് വീര്യം കൂടിയ മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പോസ്റ്റുകള്‍. തങ്ങള്‍ ബിയര്‍ കുടിക്കുന്നതിന്റെ ചിത്രങ്ങളും ബിയര്‍ അല്ല വിസ്‌കിയാണ് കുടിക്കുന്നതെന്നുള്ള പോസ്റ്റുകളുമാണ് ട്വിറ്ററിലാകെ നിറയുന്നത്.

ഇന്നലെ ഗോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് സ്ത്രീകളുടെ ബിയര്‍ കുടിയെക്കുറിച്ച് പരീക്കര്‍ ആശങ്ക പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് വ്യാപകമാകുന്ന ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ചും മുഖ്യമന്ത്രി ആശങ്കപ്പെടുന്നുണ്ട്. ‘എനിക്കിപ്പോള്‍ ഭയം തോന്നി തുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ ആരംഭിച്ചിരിക്കുന്നു’. എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ക്ഷമ അതിന്റെ എല്ലാ പരിധിയും ലംഘിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ കമന്റ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് തങ്ങള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. ‘വരൂ സ്ത്രീകളെ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഈ ഫ്യൂഡല്‍ കോമാളിമാരെ ഒരു പാഠം പഠിപ്പിക്കാം’ എന്ന് ഒരു ട്വീറ്റര്‍ ഉപയോക്താവ് പോസ്റ്റ് ഇട്ടതായി സ്‌ക്രോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സ്ത്രീകളെ നമുക്ക് നമ്മുടെ ബിയര്‍ കുടിച്ച് ഉറക്കെ ചിരിക്കാം’ എന്നായിരുന്നു എഴുത്തുകാരിയായ കിരണ്‍ മണ്‍റാളിന്റെ ട്വീറ്റ്.

 

ഇതിനിടെ ഗേള്‍സ് ഹു ഡ്രിങ്ക് ബിയര്‍ എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ‘ഗോവയില്‍ നിന്നും ചിയേഴ്‌സ് മിസ്റ്റര്‍ പരിക്കര്‍. #GirlsWhoDrinkBeer. സ്ത്രീകളെ വരൂ ഈ വാരാന്ത്യം മൂല്യമുള്ളതാക്കാം. ഈ ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങള്‍ ബിയര്‍ കുടിക്കുന്ന ചിത്രങ്ങള്‍ എന്റെ ടൈംലൈനില്‍ പങ്കുവയ്ക്കൂ. ഏറ്റവും നല്ല ചിത്രമിടുന്നയാള്‍ക്ക് എന്നോടൊപ്പം ബിയര്‍ കുടിക്കാം’. എന്നാണ് മാധ്യമപ്രവര്‍ത്തക നിഷ്ത ഗൗതം എന്ന യുവതി ട്വീറ്റ് ചെയ്തത്. ഒട്ടനവധി പേരാണ് നിഷ്തയുടെ ഹാഷ്ടാഗ് ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രൊഫൈലില്‍ നിന്നും ഈ ഹാഷ്ടാഗിന് ലഭിച്ച പിന്തുണ വ്യക്തമാകും.

അതേസമയം സ്ത്രീകള്‍ ബിയര്‍ മാത്രമല്ല, വിസ്‌കിയും കുടിക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്റര്‍ ഉപയോക്താവായ ഇര്‍ഷാദ് ദഫ്താരി ഒരു തമാശ കവിതയാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യം അവരുടെ തീരുമാനമാണെന്ന് അംഗീകരിക്കുന്ന ഏതെങ്കിലും വിഭാഗങ്ങളുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

 

 

 

Share on

മറ്റുവാര്‍ത്തകള്‍