ഓരോ ആഴ്ചയും ഏതാണ്ട് അരഡസന്‍ മൃതദേഹങ്ങള്‍ തിരികെയെത്താറുമുണ്ട്
അനൂപ് കാഫ്ലെ
പ്രമീള ഡാങ്കോളിന്റെ ശരീരം ആദ്യം കത്താന്‍ മടിച്ചു. അവരുടെ മകന്‍ വിറകു ചിതയിലേയ്ക്ക് കുറച്ച് ഉണങ്ങിയ വൈക്കോല്‍ കൂടി എടുത്തുവെച്ചു. പെട്ടെന്ന് തീ ആളിക്കത്തി, അവരുടെ ബന്ധുക്കളുടെ കരച്ചില്‍ പോലും കേള്‍ക്കാനാവാത്തത്ര ഉച്ചത്തില്‍. കുവൈറ്റില്‍ നിന്ന് അവരുടെ ശരീരം തിരികെയെത്തിയ ശേഷം നടന്ന ദഹിപ്പിക്കല്‍ ചടങ്ങായിരുന്നു ഇത്. ഒരു കുവൈറ്റി കുടുംബത്തിന്റെ വേലക്കാരിയായി ജോലിനോക്കുന്നതിനിടെയാണ് അവര്‍ മരിച്ചത്.
38കാരിയായ പ്രമീള കുടുംബത്തെവിട്ട് ഒന്നരവര്‍ഷം മുന്‍പ് കുവൈറ്റില്‍ പോകുമ്പോള്‍ ഒന്നുരണ്ടുമാസം കൂടുമ്പോള്‍ പണം അയയ്ക്കാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു തവണ മാത്രമാണ് പണമെത്തിയത്. പിന്നീട് വരുന്നത് അവരുടെ ശരീരമാണ് – കുവൈറ്റിലെ ഒരു മോര്‍ച്ചറിയില്‍ മൂന്നുമാസം മരവിച്ചിരുന്ന ശരീരം. ജോലിക്കിടെ ഓഗസ്റ്റിലാണ് അവര്‍ മരിക്കുന്നത്. കുടുംബം മരണത്തെപ്പറ്റി അറിയുന്നത് നവംബറിലും. മരണകാരണമായി മെഡിക്കല്‍ റിപ്പോര്‍ട്ട്കളില്‍ എഴുതിയിരുന്നത് “ഓക്സിജന്‍ കിട്ടാതെ മരിച്ചു” എന്നാണ്.
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ജോലിക്കായി ഓരോദിവസവും പോകുന്ന നൂറുകണക്കിന് നേപ്പാളികളില്‍ ഒരാള്‍ മാത്രമാണ് പ്രമീള. ഓരോ ആഴ്ചയും ഏതാണ്ട് അരഡസന്‍ മൃതദേഹങ്ങള്‍ തിരികെയെത്താറുമുണ്ട്. അവര്‍ക്ക് മുന്‍പുള്ള മറ്റുള്ളവരെപ്പോലെ തന്നെ പ്രമീളയും വീട്ടിലേയ്ക്ക് അയക്കാന്‍ പറ്റുന്ന ഭേദപ്പെട്ട ശമ്പളവും വീട്ടുകാരുടെ നല്ല ജീവിതവും കരുതിയാണ് പോകാനൊരുങ്ങിയത്.
എന്നാല്‍ പ്രമീളയുടെ പ്രശ്നങ്ങള്‍ കുവൈറ്റിനുപോകുന്നതിനുമുന്‍പ്, വീട്ടില്‍വെച്ചുതന്നെ തുടങ്ങിയിരുന്നു. മദ്യപിച്ച് വീട്ടില്‍വന്നു പ്രശ്നമുണ്ടാക്കുന്നയാളായിരുന്നു പ്രമീളയുടെ ഭര്‍ത്താവ്. ‘മാന്‍പവര്‍ കമ്പനി’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു റിക്രൂട്ടിംഗ് കമ്പനി മുഖേന രഹസ്യമായാണ് പ്രമീള അവരുടെ വിദേശയാത്ര തരപ്പെടുത്തിയത്. ഗള്‍ഫില്‍ കുടിയേറ്റതൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി അവരുടെ ബന്ധു പറഞ്ഞപ്പോള്‍ പ്രമീള പറഞ്ഞത് ഇങ്ങനെയാണ്, “ഇവിടെയും തല്ലാണ് കിട്ടുന്നത്. അത് അവിടെനിന്ന് കിട്ടിയാലും വലിയ പ്രശ്നമൊന്നുമില്ല.”
പ്രമീള ഇന്ത്യയിലെത്തി. അവിടെനിന്ന് ഒരു ഏജന്‍സി അവരെ കുവൈറ്റില്‍ എത്തിച്ചു. അവരെന്താണ് അവിടെ ചെയ്തിരുന്നതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. എന്നാല്‍ ഫോണ്‍ വിളിച്ചപ്പോള്‍ അവര്‍ വീട്ടുജോലിക്കാരിയാണ് എന്ന് പറഞ്ഞതായി ബന്ധു ഓര്‍ക്കുന്നു. സ്ത്രീകള്‍ പൊതുവേ വീട്ടുജോലിയാണ് ചെയ്യുക. പുരുഷന്മാര്‍ കണ്‍സ്ട്രക്ഷന്‍ പണിയും.
നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കണക്ക് പ്രകാരം ഏതാണ്ട് രണ്ടേകാല്‍ ലക്ഷത്തോളം നേപ്പാളിസ്ത്രീകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ക്കു മാത്രമാണ് കൃത്യമായ രേഖകളുള്ളത്. കുവൈറ്റില്‍ മാത്രം രേഖകള്‍ ഇല്ലാത്ത ഇരുപത്തിയെന്നായിരം നേപ്പാളി സ്ത്രീകളുണ്ട്. ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ വിദേശത്തുജോലിക്ക് അനുമതിക്കായി അപേക്ഷിക്കാറുണ്ട് എന്നാണ് നേപ്പാളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ എംപ്ലോയ്മെന്റിന്റെ കണക്ക്.
പ്രമീള മരിച്ചത് എങ്ങനെയെന്നു അവരുടെ കുടുംബത്തിന് അറിയില്ല. ഒരു എയര്‍കണ്ടീഷനിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ശ്വാസംകിട്ടാതെ മരിച്ചുവെന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. എന്നാല്‍ കുടുംബത്തിനു പല സംശയങ്ങളുമുണ്ട്. മരണശേഷം മൂന്നുമാസത്തോളം അവരെ അറിയിക്കാതെയിരുന്നതാണ് പ്രധാനമായും സംശയം ജനിപ്പിക്കുന്നത്. സൌദി അറേബ്യയിലും കുവൈറ്റിലുമുള്ള വീട്ടുജോലിക്കാര്‍ക്ക് ലേബര്‍നിയമങ്ങളുടെ സംരക്ഷണയൊന്നുമില്ല. അവര്‍ ജോലിചെയ്യുന്ന കുടുംബത്തെ ആശ്രയിച്ചാണ് അവരുടെ സുരക്ഷ.
നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കണക്ക് പ്രകാരം നേപ്പാളി സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്ന കണക്കില്‍ ശാരീരിക – മാനസികപീഡനങ്ങള്‍ സഹിച്ചിട്ടുണ്ട് എന്നാണ്. മിഡില്‍ ഈസ്റ്റിലെ നേപ്പാളി ജോലിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ് റൈറ്റ്സ് എന്ന സംഘടന പറയുന്നത് കുവൈറ്റിലെ നേപ്പാളി എംബസിയില്‍ ഓരോ ആഴ്ചയും പീഡന – ചൂഷണ കഥകളുടെ മുപ്പത് റിപ്പോര്‍ട്ടുകളെങ്കിലും ലഭിക്കുന്നുണ്ട് എന്നാണ്.
പ്രമീള കൃത്യമായ രേഖകള്‍ ഇല്ലാത്ത ഒരു ജോലിക്കാരിയായതുകൊണ്ട് അവര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരങ്ങളോ ഇന്‍ഷുറന്‍സൊ ലഭിക്കില്ല. പ്രമീളയുടെ മകന്‍ പതിനെട്ടുകാരനായ രാജീവ് അവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ എയര്‍പോര്‍ട്ടില്‍ നിന്നപ്പോള്‍ പറഞ്ഞത് അമ്മയുടെ യാത്രയെപ്പറ്റി രണ്ടുദിവസം മുന്‍പാണ് അവന്‍ അരിഞ്ഞത് എന്നാണ്. അവനും സഹോദരിക്കും ഒരു നല്ല ജീവിതം ഉണ്ടാക്കാനാണ് പോകുന്നതെന്ന് അവര്‍ പറഞ്ഞു. അച്ഛന്‍ ലഹരിക്ക് അടിമയായതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തം അവന്റെ തലയിലാണ് ഇപ്പോള്‍.
ഹൈസ്കൂള്‍ പാസായാല്‍ ഒരു ഹോട്ടലില്‍ കുക്കാവുക എന്നതാണ് അവന്‍റെ സ്വപ്നം. “പക്ഷെ നേപ്പാളില്‍ ജോലി ചെയ്‌താല്‍ പൈസ കിട്ടില്ല. ഗള്‍ഫില്‍ പോകണം”- അവന്‍ പറഞ്ഞു നിര്‍ത്തുന്നു.