UPDATES

കണക്കില്‍ ജയിക്കുമ്പോഴും കളത്തില്‍ തോല്‍ക്കുന്ന ബി.ജെ.പി

സാങ്കേതികമായി വിജയം ബി.ജെ.പിയുടേതാണ്. പക്ഷേ അവരുടെ രാഷ്ട്രീയത്തിന്റേതല്ല, മറിച്ച് രാഷ്ട്രീയ നീക്കങ്ങളുടേതാണ്. ഇത് ഉത്തര ജനാധിപത്യം അഥവാ പോസ്റ്റ് ഡെമോക്രസി എന്ന രാഷ്ട്രീയാവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ സഞ്ചാരത്തിന്റെ ഭാഗമാണ്

                       

മേഘാലയ, നാഗലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോള്‍ ബി.ജെ.പിക്ക് ആനന്ദിക്കാന്‍ വകയുണ്ടോ? കണക്കിലല്ലാതെ കളത്തില്‍ ശരിക്കും ബി.ജെ.പി ജയിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതാണ് വിശകലന കണക്കുകള്‍, പക്ഷേ തെരഞ്ഞെടുപ്പില്‍ വിശകലന കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല, ഭരിക്കാനാവശ്യമായ സീറ്റ് ലഭിച്ചിട്ടുണ്ടോ എന്നുള്ള കണക്കിന് മാത്രമാണ് പ്രസക്തി. ആ കണക്കില്‍ ത്രിപുരയും നാഗലാന്‍ഡും ബി.ജെ.പിയും സഖ്യകക്ഷിയും ഭരിക്കും. മേഘാലയയില്‍ അമ്പേ തോറ്റുവെങ്കിലും, വീണ്ടും രണ്ട് സീറ്റിന്റേയും കേന്ദ്രഭരണത്തിന്റേയും ബലത്തില്‍ ബി.ജെ.പി കൂടി ഭരണ മുന്നണിയില്‍ സ്ഥാനം പിടിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

അഥവ സങ്കേതികമായി മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി തിരിച്ച് ഭരണത്തിലെത്തുകയാണ്. പക്ഷേ രാഷ്ട്രീയാര്‍ത്ഥത്തില്‍ കളത്തില്‍ തോറ്റു പോവുകയും ചെയ്തു. ഇതെന്തുകൊണ്ടാണ് സംഭവിച്ചത്? ത്രിപുരയിലും നാഗലാന്‍ഡിലും മേഘാലയയിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പറയുന്ന രാഷ്ട്രീയമെന്ത്? ഇത് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇത് ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തുമോ? 2024 ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും തരത്തിലുള്ള സെമിഫൈനല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റുമോ?

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ബി.ജെ.പി തങ്ങളുടെ ശ്രദ്ധവയ്ക്കാന്‍ ആരംഭിച്ചിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. അസമിലൊഴികെ മറ്റൊരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തും ബി.ജെ.പി ദേശീയ തലത്തില്‍ ഉന്നയിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ നിലനില്‍ക്കാന്‍ പ്രയാസമാണ്. രാമജന്മഭൂമിയോ ഹിന്ദുവാണെന്നതില്‍ അഭിമാനമോ മുസ്ലീം വിരുദ്ധ ചരിത്രമോ ഇവിടെ വിലപ്പോകാന്‍ പ്രയാസമാണ്. തീവ്രദേശീയത എന്ന പുതിയ സംഘപരിവാര്‍ മുദ്രാവാക്യവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സവിശേഷമായ ഉപദേശീയതാ രാഷ്ട്രീയത്തിനോട് ചേര്‍ന്ന് പോകുന്നതല്ല. അതുകൊണ്ട് തന്നെ ബി.ജെ.പി അസമിലൊഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് വേണ്ടി തികച്ചും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. അസമിലാകട്ടെ, പാകിസ്താന്‍ രൂപീകരണ കാലം മുതല്‍ കിഴക്കന്‍ ബംഗാള്‍ അഥവാ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം വലിയ പ്രശ്നമായിരുന്നു. അത് ഹിന്ദു- മുസ്ലീം പ്രശ്നമായി എണ്‍പതുകളില്‍ രൂപപ്പെടുകയും ചെയ്തു. ആ രാഷ്ട്രീയത്തില്‍ നിന്നാണ് അസം ഗണപരിഷദ് പോലുള്ള പാര്‍ട്ടികള്‍ വരെ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഹിന്ദു- മുസ്ലീം സംഘര്‍ഷം നിലനില്‍ക്കുന്ന അസമിന്റെ മണ്ണില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ട് വേണ്ടി വന്നില്ല. സ്വാഭാവികമായും അസം ഗണപരിഷദ് ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറി. 2016 -ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ബി.ജെ.പി നേതൃത്വ മന്ത്രിസഭ നിലവില്‍ വന്നു. സര്‍ബാനന്ദ സോനോവാള്‍ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയുമായി. 2021-ലും അവര്‍ വിജയം ആവര്‍ത്തിച്ചു. സര്‍ബാനന്ദ സോനോവാളിനെ തുടര്‍ന്ന് പഴയ കോണ്‍ഗ്രസ് നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായി.

ഹിമാന്ത ബിശ്വശര്‍മ്മയ്ക്ക് ബി.ജെ.പി നേതൃത്വം ഒരു ചുമതല കൂടി നല്‍കിയിട്ടുണ്ട്. അത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ധാരാളമുള്ള പ്രദേശിക പാര്‍ട്ടികളേയും സംഘടനകളേയും ഒരു കുടയ്ക്ക് കീഴിലാക്കുക എന്നതാണ്. മുമ്പാരും ചെയ്തിട്ടില്ലാത്ത കാര്യമാണ്. പ്രാദേശിക പാര്‍ട്ടികളെ അതിന്റെ നിലയ്ക്ക് വിടുക, പക്ഷേ പണവും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും നല്‍കി കൂടെ നിര്‍ത്തുക. കോണ്‍ഗ്രസില്‍ നിന്നും തകര്‍ന്നുകൊണ്ടിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കളെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എത്തിക്കുക. ഇതായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ്മയ്ക്കുള്ള നിര്‍ദ്ദേശം. ഇതിന്റെ ഫലപ്രദമായ നടപ്പാക്കലുകളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

മേഘാലയ
മേഘാലയയില്‍ ചരിത്രപരമായി ബി.ജെ.പിക്ക് വലിയ സ്വാധീനമൊന്നുമില്ല. ഖാസി, ഗാരോ, ജെയ്ന്തിയ എന്നിങ്ങനെയുള്ള മൂന്ന് കുന്നുകളും അവയ്ക്ക് പ്രദേശിക സ്വഭാവവും വച്ചുകൊണ്ടാണ് അവിടെ രാഷ്ട്രീയം. ബി.ബി.ലിങ്തോ, പി.എ സാങ്മ തുടങ്ങി വലിയ നേതാക്കള്‍ ഇവിടെ നിന്നുണ്ടായിട്ടുണ്ടെങ്കിലും ദേശീയ രാഷ്ട്രീയവുമായി ചേര്‍ന്ന് നിന്നുകൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. പി.എ.സാങ്മയുടേയും ആദ്യകാലത്ത് വില്യംസണ്‍ എ സാങ്മയുടേയും കാലത്ത് കോണ്‍ഗ്രസ് മേഘാലയയില്‍ ശക്തമായിരുന്നുവെങ്കിലും പ്രദേശിക രാഷ്ട്രീയവും നേതാക്കളും തന്നെയാണ് അതിനെ നയിച്ചിരുന്നത്. ലോക്‌സഭ സ്പീക്കറും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും മേഘാലയില്‍ നിന്നുള്ള ആദ്യ പത്മഭൂഷണ്‍ ജേതാവുമൊക്കെയായിരുന്ന പി.എ.സാങ്മ തൊണ്ണൂറുകളില്‍ കോണ്‍ഗ്രസില്‍ നിന്നകത്ത് ശരത് പവാറിനും താരിഖ് അന്‍വറിനൊപ്പം എന്‍.സി.പി രൂപവത്രിക്കുകയും പിന്നീട് അവിടെ നിന്നും അകന്ന്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന മേഘാലയ കേന്ദ്രമാക്കിയുള്ള മറ്റൊരു പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. സാങ്മയുടെ മരണശേഷം മകന്‍ കോണ്‍റാഡ് സാങ്മ പാര്‍ട്ടിയുടെ അധ്യക്ഷനായി.

2018 തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ 20 സീറ്റുകളുള്ള എന്‍.പി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കുകയാണ് ബി.ജെ.പി ചെയ്തത്. കേന്ദ്രഭരണവും ഗവര്‍ണറും അതിന് പിന്തുണ നല്‍കി. രണ്ട് മൂന്ന് പതിറ്റാണ്ട് മേഘാലയയില്‍ സ്ഥിരമായി ശ്രമിച്ചിട്ടും നഗരങ്ങളിലെ ചില പോക്കറ്റുകളില്‍ നിന്ന് രണ്ട് മുതല്‍ അഞ്ച് വരെ ശതമാനം വോട്ടും രണ്ടോ മൂന്നോ സീറ്റും ലഭിച്ചുകൊണ്ടിരുന്ന ബി.ജെ.പിക്ക് ഒന്‍പത് ശതമാനത്തിലേറെ വോട്ട് 2018-ല്‍ ലഭിച്ചു, രണ്ട് സീറ്റും. ആ രണ്ട് സീറ്റിന്റെ ബലത്തില്‍ മേഘാലയയിലെ ഭരണത്തില്‍ അവര്‍ പങ്കാളികളായി. അഞ്ചുവര്‍ഷത്തോളം ഭരണം നിയന്ത്രിച്ചു. അവസാനം അഴിമതി ആരോപണങ്ങളുയര്‍ത്തി സര്‍ക്കാരില്‍ നിന്ന് പുറത്തിറങ്ങി ഈ തെരഞ്ഞടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ചു. ഇതിനിടെ 21 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനെ അവര്‍ തകര്‍ത്തിരുന്നു. കുറച്ച് പേര്‍ ബി.ജെ.പിയിലേയ്ക്ക് കൂറു മാറി. ബാക്കിയുള്ളവര്‍ പാര്‍ട്ടിയുടെ സഭാ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസായി മാറി.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 60 സീറ്റുകളിലും മത്സരിക്കുമ്പോള്‍ ലക്ഷ്യം വച്ചിരുന്നത് ചുരുങ്ങിയത് 15 സീറ്റുകളും ഇരുപത് ശതമാനത്തില്‍ കുറയാത്ത വോട്ടുമാണ്. പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി നദ്ദയുമെല്ലാം അണിനിരന്ന് എന്‍.പി.പിക്കെതിരെ നടത്തുന്ന അഴിമതി ആരോണപങ്ങള്‍ വഴി ഭരണത്തിനെതിരായുള്ള വികാരം അവര്‍ക്കെതിരേ പതിക്കുമെന്നും ബി.ജെ.പി രക്ഷപ്പെടുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. എന്‍.പി.പിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ഗാരോ ഹില്‍സില്‍ മുകുള്‍ സാങ്മയും തൃണമൂല്‍ കോണ്‍ഗ്രസും വലിയ വിജയം സൃഷ്ടിക്കുമെന്നും അവര്‍ കരുതി. പക്ഷേ ബി.ജെ.പിക്ക് ഒരു വിജയവും സൃഷ്ടിക്കാന്‍ അവിടെ നിന്ന് കഴിഞ്ഞില്ല. എന്‍.പി.പി കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആറ് സീറ്റും പത്ത് ശതമാനത്തിലധികം വോട്ടും നേടി. രണ്ടാം സ്ഥാനത്തെത്തിയത് ഒറ്റയ്ക്ക് മത്സരിച്ച മറ്റൊരു പ്രാദേശിക പാര്‍ട്ടിയും കഴിഞ്ഞ തവണത്തെ കൂട്ടകക്ഷി മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന മേത്ബാ ലിങ്തോ നയിക്കുകയും ചെയ്യുന്ന യു.ഡി.പിയാണ്. ബി.ജെ.പി കോടിക്കണക്കിന് രൂപ പ്രചാരണത്തിന് ചെലവാക്കി, ദേശീയ നേതാക്കള്‍ ഒട്ടേറെ തവണ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തി. പക്ഷേ പോയിന്റ് മൂന്ന് ശതമാനം വോട്ട് കുറയുകയും കഴിഞ്ഞ തവണത്തെ രണ്ട് സീറ്റില്‍ തന്നെ ഒതുങ്ങുകയുമാണ് ചെയ്തത്.

പക്ഷേ പി.എ.സാങ്മയുടെ കുടുംബവുമായി ബി.ജെ.പിക്കുണ്ടായിരുന്ന ബന്ധവും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണകൂടി വേണ്ടിവരും മേഘാലയ പോലൊരു സംസ്ഥാനത്ത് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ എന്ന സ്ഥിതിയില്‍ നിലനില്‍ക്കുന്നതിനാല്‍ തീര്‍ച്ചയായും ബി.ജെ.പി ഈ ആരോപണങ്ങളൊക്കെ വിഴുങ്ങി കോണ്‍റാഡ് മന്ത്രിസഭയുടെ ഭാഗമാകും. യു.ഡി.പി കൂടി സര്‍ക്കാരിലെത്തിയാല്‍ പഴയ കോണ്‍ഗ്രസിന്റെ അവശിഷ്ടമായ തൃണമൂല്‍ കോണ്‍ഗ്രസും ശൂന്യതയില്‍ നിന്ന് വിന്‍സന്റ് പാലയും സംഘവും നേടിയ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും പ്രദേശിക പാര്‍ട്ടികളുമാകും അവിടെ പ്രതിപക്ഷം. വളരെ ദുര്‍ബലമായ പ്രതിപക്ഷത്തിന്റെ ബലത്തില്‍ മേഘാലയയില്‍ ബി.ജെ.പിക്ക് അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കൂടുതല്‍ എളുപ്പവുമായിരക്കും.

നാഗലാന്‍ഡ്
നാഗാന്‍ഡിലും മേഘാലയയിലെ പോലെ തന്നെ ദേശീയ ബി.ജെ.പിയുടെ പ്രധാന വിഷയങ്ങളൊന്നും ചെലവാവുകയില്ല. അതുകൊണ്ട് തന്നെ 2013 ലെ തെരഞ്ഞെടുപ്പ് വരെ അപ്രധാനമായ ഇടമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന്റെ അപ്രമാദിത്തമുണ്ടായിരുന്ന നാഗലാന്‍ഡിലെ ഒരുകാലത്തെ ഏക നേതാവ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാര്‍ലമെന്ററി സെക്രട്ടറിയൊക്കെയായിരുന്ന മുതിര്‍ന്ന നേതാവ് എസ്.സി ജമീറാണ്. അക്കാലത്ത് ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയില്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി പലപ്പോഴും നാഗലാന്‍ഡിലെ പ്രദേശിക പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ മത്സരിച്ചിട്ടുണ്ട്. വിഘടന വാദവും നാഗസാമാധന കരാറുകളും വിശാല നാഗലാന്‍ഡിന് വേണ്ടിയുള്ള വാദവും പല ഗോത്രസമൂഹങ്ങള്‍ തമ്മിലുള്ള കലഹവും ആഭ്യന്തരമായി വലിയ പ്രതിസന്ധികളുണ്ടാക്കിയിരുന്ന ആ സംസ്ഥാനക്കാരുടെ പൊതുശത്രു പക്ഷേ കേന്ദ്രവും കേന്ദ്ര സേനകളുമായിരുന്നു. നാഗലാന്‍ഡ് സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് മുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് നാട്ടുകാര്‍ ഇരയായി പോന്നിരുന്നു. ഇന്ത്യന്‍ ദേശീയതയോട് ചേര്‍ന്ന് നില്‍ക്കുന്ന പല അടയാളങ്ങളും സ്വന്തമായില്ലാത്ത നാടായതിനാല്‍ തന്നെ നാഗലാന്‍ഡ് ജനതയ്ക്ക് ഇന്ത്യയിലെ പലഭാഗങ്ങളില്‍ നിന്നും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ കോണ്‍ഗ്രസിനകത്ത് പല പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും പല നേതാക്കളും പലകാലങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടികള്‍ രൂപവത്രിക്കുകയും ചെയ്തു.

അര്‍ദ്ധ സൈനിക വിഭാഗവുമായി നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡ് എന്ന വിഘടന വാദ സംഘവുമായി നടത്തിയിരുന്ന പോരാട്ടത്തിന്റെ കാലയളവില്‍ പ്രഖ്യാപിച്ച ഹൃസ്വകാലത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം നടന്ന 1998-ല്‍ നിയമസഭ തിരഞ്ഞെടുപ്പ് തീരുമാനിച്ചു. എന്നാല്‍ സമാധാനക്കരാര്‍ നടപ്പിലായെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അത് വരെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടു. അതില്‍ നിന്ന് വിരുദ്ധമായി തെരഞ്ഞെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ ഈ സംഘടനകളും നാഗലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടിയും അവരുടെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 60-ല്‍ 43 ഇടത്തും കോണ്‍ഗ്രസ് എതിരാളികളില്ലാതെ വിജയിച്ചു. ബാക്കി 17 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്തെണ്ണം കൂടി കോണ്‍ഗ്രസ് നേടി. ആ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന നിംഫൂ റിയോ ആണ് പിന്നീടുള്ള കാലത്തെ നാഗലാന്‍ഡ് രാഷ്ട്രീയത്തെ നയിച്ചത്. ആ കാലയളവില്‍ തന്നെ കോണ്‍ഗ്രസ് വിട്ട നിംഫൂ റിയോ നാഗലാന്‍ഡ് പീപ്പിള്‍ ഫ്രണ്ടിനൊപ്പം മത്സരിച്ച് 2003-ല്‍ മുഖ്യമന്ത്രിയായി. അന്നത്തെ വിശാല സഖ്യത്തില്‍ അംഗമായിരുന്ന ബി.ജെ.പിക്ക് പത്ത് ശതമാനം വോട്ടും ഏഴ് സീറ്റുകളും കിട്ടിയെങ്കിലും അവരുടെ പ്രവര്‍ത്തനമോ സാന്നിധ്യമോ സംസ്ഥാനത്ത് പ്രസക്തമല്ലായിരുന്നു. പ്രത്യേകിച്ചും 2004-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതിന് ശേഷം.

2008-ലും എന്‍.പി.എഫും നിംഫൂ റിയോയും വിജയം മെച്ചപ്പെട്ട രീതിയില്‍ ആവര്‍ത്തിച്ചുവെങ്കിലും ബി.ജെ.പിയുടെ സീറ്റുകളും വോട്ടിങ് ശതമാനവും കുറഞ്ഞു. 2013-ലും ഇതേ സഖ്യത്തിന്റെ ഭാഗമായിരുന്ന ബി.ജെ.പിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. വോട്ടിങ് ശതമാനം ഒന്നരശതമാനത്തിലേയ്ക്ക് താഴ്ന്നു. എങ്കിലും മുഖ്യമന്ത്രി നിംഫൂവും എന്‍.പി.എഫും ബി.ജെ.പിയെ കൈവിട്ടില്ല. ദേശീയ തലത്തിലാകട്ടെ എന്‍.ഡി.എയുടെ ഭാഗമായി എന്‍.പി.എഫും നിലനിന്നു. അതിനിടെ 2018 തെരഞ്ഞെടുപ്പ് കാലമായപ്പോഴേയ്ക്കും എന്‍.പി.എഫിലുണ്ടായ ചേരിപ്പോരിനെ തുടര്‍ന്ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് നിംഫൂ റിയോ മത്സരിക്കാനിറങ്ങി. ദേശീയ തലത്തില്‍ എന്‍.പി.എഫിനെ മുന്നണിയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ബി.ജെ.പി പുതിയ എന്‍.ഡി.പി.പി.ക്കും നിംഫൂവിനും ഒപ്പം മത്സരിക്കാന്‍ തീരുമാനിച്ചു. ഇരുപത് സീറ്റില്‍ മത്സരിച്ച ബി.ജെ.പിക്ക് പന്ത്രണ്ട് സീറ്റും 15 ശതമാനത്തിലേറെ വോട്ടും ലഭിച്ചു.

ദേശീയ തലത്തിലുള്ള ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് കടകവിരുദ്ധമാണ് നാഗലാന്‍ഡിലെ ബി.ജെ.പിയുടെ രീതികളെന്നുള്ളതാണ് പ്രധാനം. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ തെംജെന്‍ ഇംഅ അലോങ് വംശീയതയ്ക്കെതിരെ പൊരുതുന്ന, നാഗലാന്‍ഡ് ജനതയുടെ സ്വത്വത്തിന്റെ പ്രചാരകനായ, തമാശക്കാരനായ ജനപ്രിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുമാണ്. 2021 ഡിസംബറില്‍ നാഗലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഓട്ടിങ്ങില്‍ തദ്ദേശവാസികള്‍ക്ക് നേരെ അര്‍ദ്ധസൈനിക വിഭാഗം നടത്തിയ ആക്രമണവും കൂട്ടക്കൊലയും പോലും തെരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാതെ ബി.ജെ.പി പരിഹരിച്ചു. പള്ളികളും പാതിരിമാരും ഗോത്രവര്‍ഗ്ഗ നേതാക്കളും നിയന്ത്രിക്കുന്ന ജനസമൂഹങ്ങളില്‍ നിംഫൂവിന്റേയും എന്‍.ഡി.പി.പി.യുടേയും സഖ്യകക്ഷിയെന്ന നിലയില്‍ ഒതുങ്ങി നിന്ന് വോട്ട് വാങ്ങാനും വിജയിക്കാനും അവര്‍ക്ക് കഴിഞ്ഞു. അതേസമയം നിംഫൂവിന് വിജയകരമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള കേന്ദ്രസഹായം ഉറപ്പാക്കുകയും ബി.ജെ.പി ചെയ്യുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ദ്ധിക്കാനായില്ലെങ്കിലും ചെറിയ തോതില്‍ പോളിങ് ശതമാനം വര്‍ദ്ധിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നാഗലാന്‍ഡിലെ ബി.ജെ.പിയുടെ വിജയത്തെ നമുക്കൊരിക്കലും ദേശീയ തലത്തിലുള്ള ബി.ജെ.പിയുടെ ആശയങ്ങള്‍ ഈ സംസ്ഥാനത്ത് പ്രചരിക്കുന്നതിന്റെ പ്രതിഫലമായി കണക്കാക്കാനാവില്ല. ഇത് പ്രാദേശികമായ ഒരു നീക്കുപോക്കിന്റെ നിലനില്‍പ്പാണ്. ബി.ജെ.പിക്ക് രാജ്യസഭയില്‍ ഒരോ എണ്ണവും ഉറപ്പുവരുത്താനും പകരം നാഗലാന്‍ഡിന് വിശാലമായ കേന്ദ്രസഹായങ്ങള്‍ ലഭിക്കാനും ഇത് ഉപകരിക്കുന്നു.

ത്രിപുര
ഈ മൂന്ന് സംസ്ഥാനങ്ങളില്‍ കേരളത്തിന് താത്പര്യമുള്ളത് ത്രിപുരയിലാണ്. 1972 മുതല്‍ 2018 വരെയുള്ള ദീര്‍ഘകാലത്തിനിടയില്‍ ഒരേയൊരു തവണ മാത്രം കോണ്‍ഗ്രസ് (1988-1993) ഭരിക്കുകയും ബാക്കിയുള്ള നാല് പതിറ്റാണ്ട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടന്ന സ്ഥലമാണ് ത്രിപുര എന്നുള്ളത് തന്നെ പ്രത്യേകത. 1988-ല്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനേക്കാള്‍ ഒരു സീറ്റിന്റെ കൂടുതലും 45 ശതമാനത്തിലേറെ വോട്ടും സി.പി.ഐ.എമ്മിനുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ താളം തെറ്റിച്ചത് ത്രിപുര ഉപജാതി യുവ സമിതി എന്ന പുതിയ ഗോത്രവര്‍ഗ്ഗ പാര്‍ട്ടിയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി രംഗത്തുണ്ടായിരുന്ന ആ സംഘം ഏഴ് സീറ്റും പത്ത് ശതമാനത്തിലേറെ വോട്ടും പിടിച്ചുവെന്നതിനേക്കാള്‍ ഗോത്രമേഖലകളില്‍ പല സീറ്റുകളിലും സി.പി.ഐ.എമ്മിന്റെ തോല്‍വി ഉറപ്പാക്കാനും കാരണമായി. 1993-ല്‍ അപ്പോഴേയ്ക്കും വയോധികനായി കഴിഞ്ഞിരുന്ന ദശരഥ് ദേബിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ചത് അതാണ്. ഗോത്ര വര്‍ഗ്ഗ മേഖലയുടെ പ്രിയങ്കരനായിരുന്ന ദശരഥ് ദേബ് സി.പി.ഐ.എമ്മിന് വേണ്ടി ഭരണം തിരിച്ചു പിടിച്ചുവെന്ന് മാത്രമല്ല, ത്രിപുര ഉപജാതി യുവ സമിതിക്ക് ആ വര്‍ഷം ഒരു സീറ്റുപോലും ലഭിച്ചില്ല.

1998 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ ത്രിപുരയെ മണിക് സര്‍ക്കാര്‍ നയിച്ചു. എല്ലാ തെരഞ്ഞെടുപ്പുകളിലും അമ്പത് ശതമാനത്തോളം വോട്ടും 35 ന് മുകളില്‍ സീറ്റുകളും സി.പി.ഐ.എമ്മിന് ലഭിച്ചു. ഒരു ശതമാനവും ഒന്നര ശതമാനവുമൊക്കയായിരുന്നു അക്കാലത്ത് തെരഞ്ഞെടുപ്പില്‍ പേരിന് മത്സരിച്ചിരുന്ന ബി.ജെ.പിയുടെ വോട്ട് ശതമാനം. മണിക് സര്‍ക്കാര്‍ ത്രിപുരയെ നയിച്ച കാല്‍ നൂറ്റാണ്ടില്‍ ഇന്ത്യ കെട്ടിലും മട്ടിലും വികസിക്കുകയായിരുന്നു. വലിയ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും എക്സ്പ്രസ് ഹൈവേകളും വികസനത്തിന്റെ അടയാളമായി മാറി. എന്നാല്‍ ത്രിപുര ആഗോളീകരണ പൂര്‍വ്വകാലത്തെ അതേ പുറംകാഴ്ചകളില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സമീപ സംസ്ഥാനങ്ങളിലെ വികസന ലക്ഷണങ്ങള്‍ ത്രിപുരയിലെത്താത്തത് ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് കാരണമായി. ഗോത്രസമൂഹത്തിനിടയിലാകട്ടെ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സ്വാധീനം പതുക്കെ അയയുകയും ബംഗാളി സമൂഹത്തിന്റെ പാര്‍ട്ടിയായി മാറുകയും ചെയ്തു.

ഈ അസംതൃപ്തികളെ എല്ലാം മുതലെടുക്കാന്‍ തീരുമാനിച്ച ബി.ജെ.പി 2018-ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി പ്രചരണങ്ങളാരംഭിച്ചു. കോണ്‍ഗ്രസിന്റെ ഏതാണ്ട് മിക്കവാറും എം.എല്‍.എമാരും നേതാക്കളും ബി.ജെ.പിയിലേയ്ക്ക് എത്തി. ത്രിപുര അതുവരെ സ്വപ്നത്തില്‍ കണ്ടിട്ടില്ലാത്ത പ്രചരണ രീതികള്‍ വന്നു. സ്ഥിരമായി ജയിച്ച് മാത്രം ശീലമുള്ള ഇടതുപക്ഷം ഒട്ടും പ്രതീക്ഷിക്കാത്ത പ്രചരണ തന്ത്രമായിരുന്നു അത്. ആദിവാസി മേഖലയില്‍ പുതിയതായി രൂപം കൊണ്ട് ഐ.എഫ്.പി.റ്റി (ഇന്‍ഡീജിന്യസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)യുമായി ബി.ജെ.പി സഖ്യത്തിലെത്തി. അല്പം കുറഞ്ഞ് 43 ശതമാനത്തോളം വോട്ട് സി.പി.ഐ.എമ്മിന് ലഭിച്ചുവെങ്കിലും സീറ്റുകള്‍ 16 ആയി കുത്തനെ ഇടിഞ്ഞു. 36 സീറ്റുകള്‍ ബി.ജെ.പിക്കും എട്ട് സീറ്റുകള്‍ സഖ്യകക്ഷിയായ ഐ.എഫ്.പി.റ്റിക്കും ലഭിക്കും. മുന്‍ തെരഞ്ഞെടുപ്പില്‍ 37 ശതാമനത്തോളം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഒന്നാകെ ബി.ജെ.പിയിലെത്തി. ഒരു സീറ്റുമില്ലാതെ ഒന്നര ശതമാനം വോട്ടുമായി കോണ്‍ഗ്രസ് അപത്യക്ഷമായി.

ബി.ജെ.പിയുടെ ഭരണം ആരംഭിച്ചത് തന്നെ സി.പി.ഐ.എമ്മിനേയും അവശിഷ്ട കോണ്‍ഗ്രസിനേയും കായികമായി നേരിട്ടുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ത്രിപുരയില്‍ നിന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടു. കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, വീടുകളും ഓഫീസുകളും കത്തിക്കല്‍ എന്നിവ പതിവായി. അഞ്ചുകൊല്ലത്തിനുള്ളില്‍ ബി.ജെ.പി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അറുപതിലേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്ന് സി.പി.ഐ.എം പറയുന്നു. ചുവന്ന കൊടി ഉയര്‍ത്താന്‍ നാല് പതിറ്റാണ്ടിലേറെ ഭരിച്ച പാര്‍ട്ടിയെ അനുവദിക്കാത്ത സ്ഥിതിയായി മാറി. ഇതിനെ നേരിട്ടാണ് അവിടെ ഒരു വിഭാഗം ഇടതുപക്ഷ സമൂഹവും ന്യൂനപക്ഷമെങ്കിലും പാര്‍ട്ടിയില്‍ ഉറച്ച് നിന്ന് കോണ്‍ഗ്രസുകാരും പ്രവര്‍ത്തിച്ചത്.

എന്നാല്‍ ബി.ജെ.പി ഭരണം വിചാരിച്ച മട്ടില്‍ മുന്നോട്ട് പോയില്ല. ഗോത്രവര്‍ഗ്ഗ സമൂഹത്തിനിടയില്‍ നിന്ന് ബി.ജെ.പിക്കെതിരേ ഉയര്‍ന്ന പരാതി ഐ.എഫ്.പി.റ്റിക്കും ദോഷമായി. യുവജനങ്ങള്‍ക്ക് നേരത്തേയുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ തുടര്‍ന്നു. കേന്ദ്രഫണ്ടുകളും പ്രത്യക്ഷ വികസനവും എത്തിയെങ്കിലും ജനങ്ങള്‍ക്കുള്ള അതൃപ്തി പ്രശ്നം സൃഷ്ടിച്ചു. അതിന് പുറമേയാണ് നിരന്തരം വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച് മുഖ്യമന്ത്രി ബിപ്ലവ് ദാസ് ജനകീയത നഷ്ടപ്പെടുത്തിയത്. അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റേണ്ട അവസ്ഥ ബി.ജെ.പിക്ക് ഉണ്ടായി. ബംഗാളി ഹിന്ദു സമൂഹത്തിനിടയില്‍ കുറിച്ച് കൂടി പരിചിതനായ പഴയ കോണ്‍ഗ്രസ് നേതാവ് മണിക് സാഹയാണ് പുതിയ മുഖ്യമന്ത്രിയായി എത്തിയത്.

അതിനിടയിലാണ് പഴയ കോണ്‍ഗ്രസ് നേതാവും ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ ഇപ്പോഴത്തെ മുതിര്‍ന്നയാളുമായ പ്രദ്യോത് ദേബ് ബര്‍മ്മന്റെ നേതൃത്വത്തില്‍ തിപ്ര മോത എന്ന പാര്‍ട്ടി ഉദയം ചെയ്തത്. തിപ്ര ഇന്‍ഡിജിന്യസ് പ്രോഗ്രസീവ് റീജ്യണല്‍ അലെയ്ന്‍സ് 2019-ലാണ് രൂപം കൊള്ളുന്നത്. ഐ.എഫ്.പി.റ്റിയുടെ ഒരു വിഭാഗമടക്കം മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന്റെ ഭാഗമായിരുന്നു. പുല്യ ജാതി, ഉല്‍ബോ പാര്‍ട്ടി അഥവാ ആദ്യം ജാതി എന്നിട്ട് മാത്രം പാര്‍ട്ടി എന്ന മുദ്രവാക്യം മുഴക്കിയ അവര്‍ ട്രിപ ലാന്‍ഡ് എന്ന പുതിയ സംസ്ഥാനത്തിന് വേണ്ടിയും വാദമുയര്‍ത്തി. ആദിവാസി മേഖലയില്‍ വലിയ സ്വാധീന ശക്തിയായി ഇവര്‍ മാറിയത് പെട്ടന്നതാണ്. സ്വതന്ത്രാധികാര ജില്ലാ കൗണ്‍സിലിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് തിപ്ര മോത തൂത്തുവാരി. ഈ വിജയത്തെ സി.പി.ഐ.എം അടക്കമുള്ള പ്രതിപക്ഷം ബി.ജെ.പിക്കെതിരായുള്ള ജനകീയ ശബ്ദമായി അവതരിപ്പിച്ചതോടെ ബി.ജെ.പി അപകടം തിരിച്ചറിഞ്ഞു. വിഘടന വാദികളുടെ പാര്‍ട്ടിയാണ് തിപ്രമോത എന്നും സി.പി.ഐ.എം അടക്കമുള്ളവര്‍ വിഘടന വാദത്തേ പ്രോത്സാഹിപ്പിക്കുയാണെന്നും അവര്‍ പ്രചരിപ്പിച്ചു.

ഈ പ്രചരണം ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ വലിയ പ്രതികരണം ഉണ്ടാക്കി. കിഴക്കന്‍ പാകിസ്താനില്‍ നിന്ന് വിഭജന കാലത്തും ബംഗ്ലാദേശ് യുദ്ധകാലത്തും പലായനം ചെയ്ത മനുഷ്യരുടെ അനന്തര തലമുറയെ സംബന്ധിച്ച്, വിഘടന വാദവും കലാപവും വലിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായ അസംതൃപ്തി ഈ ഭീഷണി മൂലം അടക്കി നിര്‍ത്താന്‍ ബി.ജെ.പിക്കായി. മണിക് സാഹയെ മുഖ്യമന്ത്രിയാക്കി കൊണ്ടുവന്നതും ഈ വഴിക്ക് പ്രയോജനപ്പെട്ടു. തിപ്രമോതയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുക എന്ന ഇടത് പക്ഷത്തിന്റെ പദ്ധതിയും ഇതുമൂലം തടസപ്പെട്ടു.

തെരഞ്ഞെടുപ്പിന് അവസാനം തിരിഞ്ഞ് നോക്കുമ്പോള്‍ സി.പി.ഐ.എമ്മിനാണ് വലിയ നഷ്ടം. 2018-ല്‍ തോല്‍ക്കുമ്പോഴും 43 ശതമാനം വോട്ടുണ്ടായിരുന്നത് 25 ശതമാത്തോളമായി. 11 സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതാണ് ഇതിന് കാണമെന്ന് പറയാമെങ്കിലും ഗോത്രവര്‍ഗ്ഗമേഖല, മുസ്ലിം മേഖല എന്നിവടങ്ങളിലൂണ്ടായ തകര്‍ച്ച നിര്‍ണായകമാണ്. 22 ശതമാനത്തിലേറെ വോട്ടും 13 സീറ്റുകളും പിടിച്ച തിപ്രമോതയാണ് നിലവില്‍ പ്രധാന പ്രതിപക്ഷം. അവര്‍ ഭരണത്തിന്റെ പങ്കാളികളായി മാറുമോ എന്നിപ്പോഴും ഉറപ്പിച്ച് പറയാന്‍ പറ്റില്ലെങ്കിലും. 13 സീറ്റുകള്‍ പിടിച്ചുവെന്നതിനേക്കാള്‍ 20 സീറ്റുകളിലെങ്കിലും ഇടത്പക്ഷ സഖ്യത്തെ തോല്‍പ്പിക്കുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചു. ബി.ജെ.പിയുടെ കുറഞ്ഞ നാലരശതമാനത്തോളം വോട്ടുകളും പോയിരിക്കുന്നത് തിപ്രമോതയിലേയക്കാകണം. ഐ.എഫ്.പി.റ്റിയുടെ സ്വാധീനവും നിര്‍ണായകമായി കുറഞ്ഞു.

ഈ തരത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ വിജയത്തിന്റെ അടിസ്ഥാനമായി മാറിയത് പ്രദേശിക പാര്‍ട്ടികളുടെ ഇടപെടലാണെന്ന് കാണാം. സാങ്കേതികമായി വിജയം ബി.ജെ.പിയുടേതാണ്. പക്ഷേ അവരുടെ രാഷ്ട്രീയത്തിന്റേതല്ല, മറിച്ച് രാഷ്ട്രീയ നീക്കങ്ങളുടേതാണ്. ഇത് ഉത്തര ജനാധിപത്യം അഥവാ പോസ്റ്റ് ഡെമോക്രസി എന്ന രാഷ്ട്രീയാവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ സഞ്ചാരത്തിന്റെ ഭാഗമാണ്.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍