UPDATES

പ്രവാസം

കുടിയേറ്റ തൊഴിലാളികള്‍ക്ക് താല്‍കാലിക വിസ നല്‍കാന്‍ ഒമാന്‍ പദ്ധതി

മെഡിക്കല്‍, അക്കാദമിക്, ടെക്‌നിക്കല്‍, കണ്‍സള്‍ട്ടന്‍സി പരിശീലനം തുടങ്ങിയ തസ്തികകളില്‍ താല്‍ക്കാലിക പെര്‍മിറ്റുകള്‍ അനുവദിക്കുന്നതാണ് ആലോചനയിലുള്ളതെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തന്‍ഫീദ്’ അവലോകനം ചെയ്യുന്ന ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ആന്‍ഡ് ഫോളോ അപ്പ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

                       

ഒമാനില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് താല്‍കാലിക വിസകള്‍ നല്‍കാന്‍ പദ്ധതി. ചില പ്രത്യേക തസ്തികകളില്‍ നിശ്ചിത സമയത്തേക്കാകും ഇത്തരം നിയമനങ്ങള്‍ അനുവദിക്കുക. മെഡിക്കല്‍, അക്കാദമിക്, ടെക്‌നിക്കല്‍, കണ്‍സള്‍ട്ടന്‍സി പരിശീലനം തുടങ്ങിയ തസ്തികകളില്‍ താല്‍ക്കാലിക പെര്‍മിറ്റുകള്‍ അനുവദിക്കുന്നതാണ് ആലോചനയിലുള്ളതെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തന്‍ഫീദ്’ അവലോകനം ചെയ്യുന്ന ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ആന്‍ഡ് ഫോളോ അപ്പ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യം മുന്‍നിര്‍ത്തിയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത്. തൊഴില്‍ മാര്‍ക്കറ്റിന്റെ ആവശ്യം മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള തൊഴിലുകള്‍ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ണയിക്കുകയും അവ എല്ലാ വര്‍ഷവും പുതുക്കുകയും ചെയ്യും.

ഒരേ ഗ്രൂപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലെ തൊഴിലാളികളെ സ്ഥാപനത്തിന്റെ താല്‍പര്യത്തിന് അനുയോജ്യമായ വിധത്തില്‍ പുനര്‍വിന്യസിക്കാന്‍ അനുമതി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ക്ക് തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മൂന്ന് മാസത്തേക്ക് മാറ്റാന്‍ സാധിക്കും. മാനവ വിഭവശേഷി മന്ത്രാലയത്തെ അറിയിച്ച ശേഷമായിരിക്കണം തൊഴിലാളികളെ മാറ്റുന്നത്.

Share on

മറ്റുവാര്‍ത്തകള്‍