UPDATES

നരേഷ് കൗശിക്‌

കാഴ്ചപ്പാട്

നരേഷ് കൗശിക്‌

ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് രംഗത്തെ ദുരന്തപൂര്‍ണ്ണമാക്കുമെന്ന് വ്യാപാര മേഖല; ഇന്ത്യന്‍ കമ്പനികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയോ?

യുകെയും ഇയുവും തമ്മിലുള്ള കുഴപ്പം പിടിച്ച ഈ വേര്‍പിരിയല്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

                       

സമയമടുത്തുകൊണ്ടിരിക്കുന്നു. ഇനി ഏതാണ്ട് ഒന്നര മാസത്തിനുള്ളില്‍, മാര്‍ച്ച 29-നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകും. ഈയാഴ്ച്ച ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ഒരു വോട്ടെടുപ്പിനെ തുടര്‍ന്ന് ഒരു പുതിയ കരാറിലെത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞില്ലെങ്കില്‍ ഒരു ധാരണ കൂടാതെയാകും അവര്‍ പുറത്തുപോരിക. ഒരു ധാരണയിലെത്താതെയുള്ള ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് രംഗത്തെ സംബന്ധിച്ച് വലിയ ദുരന്തമായിരിക്കുമെന്ന് വ്യാപാര വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെയും അത് ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും യൂണിയനിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മ്മനിയെ. ബ്രിട്ടനില്‍ വലിയ വിപണിയുള്ള യൂറോപ്യന്‍ രാജ്യമാണ് ജര്‍മ്മനി

യുകെയും ഇയുവും തമ്മിലുള്ള കുഴപ്പം പിടിച്ച ഈ വേര്‍പിരിയല്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലായി ബ്രിട്ടനില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുള്ള പല ഇന്ത്യന്‍ കമ്പനികളും ആശങ്കയിലാണ്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഒരു കവാടമായാണ് യുകെയെ പല ഇന്ത്യന്‍ കമ്പനികളും കണ്ടത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തടസങ്ങളില്ലാത്ത കടന്നുചെല്ലല്‍ സാധ്യമാക്കാന്‍ ഒരു പൊതുവിപണി ഈ കമ്പനികള്‍ക്ക് ഉറപ്പാക്കിയിരുന്നു. ഏതാണ്ട് 110,000 ആളുകള്‍ക്കു തൊഴില്‍ നല്‍കുന്ന 800-ലേറെ ഇന്ത്യന്‍ കമ്പനികള്‍ യുകെയിലുണ്ട്. അതില്‍ പകുതിയിലേറെപ്പേരും തൊഴിലെടുക്കുന്നത് ബ്രിട്ടനിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒന്നായ ടാറ്റ ഗ്രൂപ്പിന്റെ അഞ്ചു കമ്പനികളിലായാണ്.

ഒരു കരാറില്ലാത്ത ബ്രെക്‌സിറ്റ്, ആയിരക്കണക്കിനാളുകളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ഈ കമ്പനികളെ നിര്‍ബന്ധിതരാക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ Rolta, Bharti Airtel, Aegis Outsourcing തുടങ്ങി നിരവധി ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടനില്‍ വേരുറപ്പിച്ചിട്ടുണ്ട്. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് ബ്രിട്ടീഷ് കറന്‍സിയില്‍ വരുമാനത്തിന്റെ 13% ലഭിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമായി ഇത് 30% വരെയാണ്. ഔഷധ മേഖലയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് യു കെയില്‍ വലിയ വ്യാപാരമുള്ള മറ്റൊരു വ്യവസായം. പൗണ്ട് സ്റ്റെര്‍ലിങ്ങിന്റെ വിലയിടിവ് അവരുടെ വരുമാനത്തെ ബാധിക്കും. ബ്രെക്‌സിറ്റിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും പല ഇന്ത്യക്കാര്‍ക്കും ആശങ്കയുണ്ട്.

പഴയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് എളുപ്പത്തിലുള്ള കുടിയേറ്റം സാധ്യമാക്കുമെന്ന വിട്ടുപോരല്‍ ഭാഗക്കാരുടെ വാഗ്ദാനം കണക്കിലെടുത്ത് വലിയൊരു വിഭാഗം ഇന്ത്യക്കാരും തെക്കനേഷ്യക്കാരും ബ്രെക്‌സിറ്റിനു അനുകൂലമായാണ് വോട്ടു ചെയ്തത്. ഉദാഹരണത്തിന് യുകെ, ഇയുവില്‍ നിന്നും വിട്ടുപോന്നാല്‍ ഇന്ത്യയില്‍ നിന്നും കൂടുതല്‍ പാചകവിദഗ്ധരെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ഇന്ത്യന്‍ ഭക്ഷണശാല ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം. പക്ഷെ ബ്രെക്‌സിറ്റിന്റെ കടുത്ത അനുകൂലികള്‍ ഏതു തരത്തിലുമുള്ള കുടിയേറ്റത്തെ വെറുക്കുന്ന വലതുപക്ഷക്കാരാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുകയും പരക്കെ കരുതുന്നതുപോലെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്താല്‍ ഈ വിഭാഗങ്ങള്‍ തങ്ങളുടെ രോഷം വെള്ളക്കാരാല്ലാത്തവര്‍ക്കു നേരെ അഴിച്ചുവിടാന്‍ സാധ്യതയുണ്ട്.

പക്ഷെ എല്ലാ ഇന്ത്യക്കാരും ആശങ്കയിലല്ല. ബ്രിട്ടനുമായി അനുകൂലമായ ഒരു വാണിജ്യധാരണ ഉണ്ടാക്കാനുള്ള അവസരമായി പലരും ബ്രെക്‌സിറ്റിനെ കാണുന്നു. ബ്രിട്ടീഷ് രാഷ്ട്രീയക്കാരും അത്തരമൊരു ധാരണയ്ക്കുള്ള മുന്‍ഗണനാ സ്ഥലമായാണ് ഇന്ത്യയെ കാണുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യ ധാരണ അന്തിമമാക്കുന്നതിനും ഇന്ത്യക്ക് ഇത് അവസരമുണ്ടാക്കും. ആറു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുകൂട്ടര്‍ക്കും ഒരു ധാരണയുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്ത്യ-ഇ യു സ്വതന്ത്ര വാണിജ്യ കരാര്‍ ചര്‍ച്ചകള്‍ 2013-ല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനുശേഷം ഇരു വിഭാഗങ്ങളും ഉച്ചകോടിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

സ്വതന്ത്ര വാണിജ്യ കരാര്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ബ്രെക്‌സിറ്റ് ഇ യുവിനെ പ്രേരിപ്പിച്ചേക്കും. സ്വതന്ത്ര വാണിജ്യ കരാര്‍ ഇല്ലാതെയും ഇന്ത്യയും ഇ യുവും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിക്കുകയും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഇരട്ടിയാവുകയും ചെയ്തു. 2017-ല്‍ 85 ബില്യണ്‍ യൂറോ അഥവാ 8500 കോടി എന്ന നിലയില്‍ ഇ യുവാണ് ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. എന്നാല്‍ ഇ യുവിന്റെ ഭാഗത്തുനിന്നും നോക്കിയാല്‍ ഇന്ത്യ ചൈനയുടെ വളരെ പിറകിലായി ഒമ്പതാമത്തെ വാണിജ്യ പങ്കാളി മാത്രമാണ്. അതുകൊണ്ട് ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യക്ക് ഈ വിടവ് നികത്താനുള്ള അവസരം ലഭിക്കും.

യൂറോപ്യന്‍ നേതാക്കള്‍, പ്രത്യേകിച്ചും ജര്‍മ്മനിയിലും ഫ്രാന്‍സിലും നിന്ന്, ഇന്ത്യന്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നും വ്യത്യസ്തമായി ഈ രാജ്യങ്ങള്‍ക്കു ഇന്ത്യയുമായി കൊളോണിയല്‍ ഭൂതകാലത്തിന്റെ ഭാരമില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ഇ യുവിലെ ഷെന്‍ഗെന്‍ രാജ്യങ്ങളും തമ്മില്‍ വിനോദസഞ്ചാരവും ഏറെ വിപുലമായിട്ടുണ്ട്. കടുത്ത വിസ നിയന്ത്രണങ്ങള്‍ മൂലം ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കുറയുകയാണ്. ഒരു വാണിജ്യ ധാരണ ഉണ്ടാക്കാന്‍ സാധ്യമായ തരത്തില്‍ ക്രമപ്രകാരമുള്ള ഒരു ബ്രെക്‌സിറ്റാണ് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കും ഗുണം ചെയ്യുക. അത് ഒരു പൊതുവിപണിയുടെ ഗുണം ഇന്ത്യന്‍ കമ്പനികള്‍ക്ക് തുടര്‍ന്നും കിട്ടാന്‍ സഹായിക്കും.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്. രണ്ടാമതൊരു ഹിതപരിശോധനയ്ക്കുള്ള ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയിപ്പോള്‍ വിരളമാണ്. ഭരണകക്ഷിയായ യാഥാസ്ഥിതിക കക്ഷികക്കാര്‍ക്കിടയില്‍ കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കുള്ള സ്വാധീനമാണിതിന് കാരണം. ഇതിനകം സമ്മതിച്ച ഒരു ധാരണയില്‍ ഇനി വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് ഒരു കരാര്‍ രഹിത ബ്രെക്‌സിറ്റിന് ഇന്ത്യ തയ്യാറായിരിക്കണം.

*IANS

നരേഷ് കൗശിക്‌

നരേഷ് കൗശിക്‌

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍