UPDATES

സിനിമ

ഒരു മെക്‌സിക്കന്‍ അപാരത; ഒരു ഇടതുപക്ഷ സിനിമ

ക്യാമ്പസ് രാഷ്ട്രീയത്തിലെ ആണ്‍കോയ്മ ഈ സിനിമയും ആവര്‍ത്തിക്കുന്നുണ്ട്‌

                       

മഹാരാജാസ് കോളേജിലെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ ഇല്ലായ്മ ചെയ്ത ഇടതു പുരോഗമന വിദ്യാര്‍ഥി സംഘടനയുടെ വേരോട്ടത്തിന്റെ ഗതകാല ഗാഥയാണ് ഒരു മെക്‌സിക്കന്‍ അപാരത. ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞമര്‍ന്ന വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെ ജീവിതമാണ് സിനിമയുടെ പ്രമേയ വഴികളെ പ്രചോദിതമാക്കുന്നത്. വിപ്ലവത്തിന്റെ ചരിത്ര പരിസരങ്ങളുടെ ആഖ്യാനങ്ങളോടോന്നും ആ നിലയില്‍ നീതി പുലര്‍ത്തുന്നില്ലെങ്കിലും, കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള മുഴുവന്‍ മലയാളികള്‍ക്കും പരിചിതമാണ് സിനിമയുടെ കഥാപരിസരം. യൗവനാരംഭത്തില്‍ സിരകളില്‍ ലഹരിയാകുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചൂടും, ഊഷ്മളതയും, ആഹ്ലാദവും, സംഘര്‍ഷവുമെല്ലാം ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയ്ക്ക് ശേഷം മനോഹരമായി വരച്ചിടാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. അതിനപ്പുറത്തേക്ക് കാലിക പ്രസക്തമായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളൊന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നില്ല.

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത, ഇന്ന് എസ്എഫ്‌ഐയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന മഹാരാജാസ് കാമ്പസില്‍ എങ്ങനെ എസ്എഫ്‌ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരത നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് എന്ന നടന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമ കൂടിയാണ് ഒരു മെക്‌സിക്കന്‍ അപാരത. റിലീസ് ആകുന്നതിന് മുമ്പ് തന്നെ വന്‍ പ്രചാരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ക്യാമ്പസിലുള്ള കെഎസ്‌ക്യൂ, എസ്എഎഫ്‌വൈ എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തനത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അടിയന്തരാവസ്ഥ കാലത്തെ ക്യാമ്പസ് രാഷ്ട്രീയം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

1954 ലാണ് ചെ ഗുവേര മെക്‌സിക്കോ നഗരത്തില്‍ എത്തുന്നത് , അവിടെയുള്ള ജനറല്‍ ആശുപത്രിയില്‍ അലര്‍ജി വിഭാഗത്തില്‍ ജോലിക്കായി ചേര്‍ന്നു. ഇതു കൂടാതെ മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണമസ് സര്‍വ്വകലാശാലയില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ പോകുമായിരുന്നു. ഈ സമയത്തു തന്നെ ലാറ്റിന ന്യൂസ് ഏജന്‍സിക്കുവേണ്ടി ഛായാഗ്രാഹകന്റെ ജോലിയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. ആഫ്രിക്കയില്‍ ഭിഷഗ്വരനായി ജോലി ചെയ്യുകയും , അവിടുത്തെ മോശം സാഹചര്യങ്ങളെയോര്‍ത്ത് പ്രധാനമായി ദാരിദ്ര്യവും, രോഗപീഢയും- അദ്ദേഹം വളരെയധികം ചിന്താകുലനായിരുന്നു എന്ന് ചെയുടെ ആദ്യഭാര്യ ഹില്‍ദ എഴുതിയ പുസ്തകത്തില്‍ ഓര്‍മ്മിക്കുന്നു. പ്രായം ചെന്ന ഒരു അലക്കുകാരിയോടുള്ള ചെയുടെ ആദരം, ഈ പുസ്തകത്തില്‍ ഹില്‍ദ ഓര്‍മ്മിക്കുന്നു. ‘അവര്‍ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും, ചൂഷണത്തിനിരയാവുന്നവരുടേയും ഒരു പ്രതിനിധി ആണെന്ന്’ എപ്പോഴും പറയുമായിരുന്നത്രെ. ചൂഷണത്തിനിരയാവുന്നവര്‍ക്കും, തൊഴിലാളിവര്‍ഗ്ഗത്തിനും ഒരു നല്ല ഭാവി പടുത്തുയര്‍ത്താനുള്ള പ്രതിജ്ഞ അടങ്ങുന്ന ഒരു കവിത ചെ ഈ സ്ത്രീക്കു വേണ്ടി സമര്‍പ്പിച്ചിരുന്നതായും ഹില്‍ദയുടെ ഓര്‍മ്മകളില്‍ പറയുന്നു.

പിന്നീട് ചെ ഗുവേര, ഫിദല്‍ കാസ്‌ട്രോയുടെ വിപ്ലവ മുന്നേറ്റങ്ങളില്‍ പങ്കുചേരുകയാണ് ചെയ്തതെന്ന് ചരിത്രം. ഒരു പുതിയ മനുഷ്യനെ, പുതിയ വിപ്ലവകാരിയെ ജനിപ്പിച്ച ചെ ഗുവേരയുടെ മെക്‌സിക്കന്‍ യാത്രയുടെ ചരിത്രപരമായ പ്രാധാന്യമായിരിക്കാം ഈ ചിത്രത്തിന് ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന് പേരിടുന്നതിലേക്ക് നയിച്ചത് .

സിനിമയിലും സമാനമായ കഥാപരിസരം കാണുവാന്‍ കഴിയും. വെറുമൊരു സാധാരണ വിദ്യാര്‍ഥിയായി ക്യാമ്പസിലെത്തുന്ന പോള്‍ വര്‍ഗ്ഗീസ് (ടൊവിനോ തോമസ്) ആ കലാലയത്തിന്റെ രാഷ്ട്രീയ ഗതി മാറ്റിയെഴുതുന്നതാണ് പിന്നീട് കാണുന്നത്. പോള്‍ (ടൊവീനോ) സുഭാഷ് (നീരജ് ) രൂപേഷ് (രൂപേഷ് പീതാംബരന്‍) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായകനായ ടൊവിനോയ്ക്ക് സിനിമയില്‍ രണ്ട് ഗെറ്റപ്പുകളാണുള്ളത്. പോള്‍ എന്ന കഥാപാത്രത്തോട് ടോവിനോ നൂറ് ശതമാനം നീതി പുലര്‍ത്തി എന്നു തന്നെ പറയാം. പ്രതിനായക വേഷം അവതരിപ്പിച്ച രൂപേഷ് പീതാംബരനും നായക കഥാപാത്രത്തോട് തൊട്ടടുത്ത് നിന്ന നീരജ് മാധവനും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കിയെന്നു നിസ്സംശയം പറയാം.

അടിയന്തരാവസ്ഥ കാലത്തിനു ശേഷം ക്യാമ്പസ്, കെഎസ്‌ക്യൂ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും എസ്എഫ് വൈ പിടിച്ചെടുക്കുന്നതാണ് കഥാസാരം. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മങ്ങി രാഷ്ട്രീയ ബോധമില്ലാതെ നടന്നിരുന്ന നായകന്‍ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിപ്ലവകാരിയാകുകയും പിന്നീട് ക്യാമ്പസില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മിക്കവാറും രാഷ്ട്രീയ സിനിമകളില്‍ ഭീരുക്കളായി മാത്രം ചിത്രീകരിക്കാറുള്ള ഖദര്‍ധാരികള്‍ ഈ സിനിമയില്‍ ആദ്യാവസാനം വീരശൂരപരാക്രമികളാണെന്ന വിരോധാഭാസവും സിനിമയിലുണ്ട്.

പാര്‍ട്ടിക്ക് രക്തസാക്ഷികള്‍ ആവശ്യമാകുമ്പോള്‍ പാര്‍ട്ടി തന്നെ യുവാക്കളുടെ ജീവനും, ജീവിതവും ബലി കൊടുക്കാറുണ്ട് എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം സൂചിപ്പിച്ചു കഥ പറയാനും തിരക്കഥ രചിച്ച ടോം ഇമ്മട്ടി ആര്‍ജ്ജവം കാണിക്കുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന പോള്‍ എന്ന കഥാപാത്രം ക്യാമ്പസില്‍ പ്രണയിക്കുന്ന അനു എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായാണ് ഗായത്രി സുരേഷ് എത്തുന്നത്. ഏതാനും ചില സീനുകളില്‍ മാത്രമൊതുങ്ങുന്ന കഥാപാത്രത്തിന് അടക്കം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ യാതൊരു പ്രാധാന്യവുമില്ല എന്നത് പോരായ്മയായി മുഴച്ചു നില്‍ക്കുന്നുണ്ട്. ക്യാമ്പസ് രാഷ്ട്രീയം പണ്ടും, ഇപ്പോഴും ആണ്‍കൊയ്മാ രാഷ്ട്രീയത്തിന്റെത് മാത്രമാണെന്ന് പറയാതെ പറയുന്നുണ്ട് ഈ സ്ത്രീകഥാപാത്രങ്ങളുടെ അഭാവം. രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന സിനിമ എന്നു പറയുന്നുണ്ടെങ്കിലും ചിത്രത്തില്‍ പ്രണയം ഒരു പ്രമേയമേയാകുന്നില്ല എന്നതാണ് വാസ്തവം.

നവാഗത സംവിധായകന്‍ എന്ന നിലയില്‍ തന്റെ സാന്നിധ്യം മികവാര്‍ന്ന രീതിയില്‍ അടയാളപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മനോഹാരിതയ്ക്ക് മിഴിവേകുന്നു.
റഫീഖ് അഹമ്മദിന്റെ വരികളും മണികണ്ഠന്‍ അയ്യപ്പന്റെ സംഗീതവും മികച്ചു നിന്നെന്ന് പറയാം.

സഖാവ് കൊച്ചനിയനെയും, ചെ ഗുവേരയെയുമെല്ലാം മഹത്വവല്‍ക്കരിക്കുന്ന സിനിമ കലാലയ രാഷ്ട്രീയത്തിന്റെ പൈങ്കിളിക്കഥയാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ് പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. പൂര്‍ണമായും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ഒരു ഇടതു സഹയാത്രികനെങ്കിലുമല്ലെങ്കില്‍ കല്ലുകടിക്കാതെ ഈ ചിത്രം കണ്ടിരിക്കുക ലളിതവുമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍