UPDATES

വിദേശം

ഇസ്ലാമാബാദിലെ വിമാനത്താവളത്തിന് ചൈനീസ് പ്രസിഡന്റിന്റെ പേര്; ഏപ്രില്‍ ഫൂളായി മുന്‍ പാക് മന്ത്രി

ബേനസീര്‍ ഭൂട്ടോയുടെ പേര് നല്‍കിയിരിക്കുന്ന വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത്‌ അന്യായമാണെന്നാണ് അദ്ദേഹം പറഞ്ഞത്

                       

പത്രമൊരുക്കിയ ഏപ്രില്‍ ഫൂളില്‍ കുരുങ്ങി പാകിസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്. ഇസ്ലാമാബാദിലെ പുതിയ വിമാനത്താവളത്തിന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ പേര് നല്‍കുന്നുവെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ നല്‍കിയ വാര്‍ത്തയാണ് മാലികിനെ വിഡ്ഢിയാക്കിയത്. പത്രത്തിന്റെ വെബ്‌സൈറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വ്യാജവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ മാലികിന്റെ ഇതേക്കുറിച്ചുള്ള വിമര്‍ശനവും ഉയര്‍ന്നു. അന്തരിച്ച പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ പേര് നല്‍കിയിരിക്കുന്ന വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത്‌ അന്യായമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തന്റെ പാര്‍ട്ടി വിഷയത്തെ തീവ്രമായി സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഏപ്രില്‍ ഫൂളാണെന്ന് അറിയാതെ അദ്ദേഹം വൈകാരികമായി സംസാരിച്ചത്. ദേശീയ നായകരുടെ പേര് നല്‍കിയ സ്ഥാപനങ്ങളുടെയോ സംവിധാനങ്ങളുടെയോ പേര് മാറ്റുന്ന കീഴ്‌വഴക്കം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനോട് ഈ വിഷയത്തില്‍ അദ്ദേഹം വിശദീകരണം ചോദിക്കുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷമാണ് പത്രം ഏപ്രില്‍ ഫൂള്‍ തമാശയായാണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്ന് വ്യക്തമാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍