ഏഴു വര്‍ഷത്തോളം കേരളത്തിലെ പല കോടതികളിലും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ചിരുന്നു അനീഷ്യ. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നാണ് ഉയര്‍ന്ന മാര്‍ക്കോടെ അനീഷ്യ എല്‍എല്‍ബി പൂര്‍ത്തിയാക്കുന്നത്. അച്ഛന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പഠനം, ജീവിത ശൈലി തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ അനീഷ്യക്കും പട്ടാളച്ചിട്ട കൈമുതലായുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നിടങ്ങളിലെല്ലാം അതുകൊണ്ട് തന്നെ തെറ്റുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുള്ള അഭിഭാഷകയായിരുന്നു അനീഷ്യ.
ഒമ്പതു വര്‍ഷം മുമ്പാണ് സ്വന്തം നാടായ കൊല്ലം പരവൂരിലേക്ക് അനീഷ്യ സ്ഥലം മാറി വരുന്നത്. കുടുംബത്തെ അത്രമാത്രം സന്തോഷപ്പെടുത്തിയ സ്ഥലമാറ്റം. വീടിനടുത്തു ജോലി ലഭിച്ചതിന്റെ സന്തോഷമായിരുന്നു അനീഷ്യയുടെമാതാപിതാക്കള്‍ക്ക്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജി അജിത് കുമാറാണ് അനീഷ്യയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന മകളുമുണ്ട്.
കുറച്ചു കാലമായി അനീഷ്യയുടെ പതിവ് സംസാരങ്ങളില്‍ ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദത്തെയും മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മോശം പ്രതികരണങ്ങളും കടന്നു വന്നിരുന്നു. മകള്‍ പങ്കുവച്ച ഈ ആശങ്ക അമ്മ അനീഷ്യയുടെ സഹോദരന്‍ അനൂപിനോടും പറഞ്ഞിരുന്നു. എന്നാല്‍ അതിന് പരിഹരം കാണാനോ മറ്റു വഴികള്‍ തേടാനോ കാത്തു നില്‍ക്കാതെ അനീഷ്യ സ്വന്തം വിധി തെരഞ്ഞെടുത്തു. അനീഷ്യയുടെ കൈയെത്തിയാല്‍ മാത്രം സമ്പൂര്‍ണമായിരുന്ന വീട്ടുകാര്യങ്ങള്‍ അനീഷ്യയുടെ അഭാവത്തില്‍ അപൂര്‍ണമാണ്.
ജനുവരി 22 നാണ് കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു ആത്മഹത്യ. തൊഴിലിടത്ത് അനീഷ്യ നേരിട്ടത് ക്രൂരമായ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ അന്നേ പരാതി നല്‍കിയിരുന്നു. അനീഷ്യയുടെ ആത്മഹത്യയ്ക്കു പിന്നാലെ അവര്‍ക്കു നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. അനീഷ്യയെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ വിവരാവകാശം നല്‍കിയതില്‍ പ്രകോപിതനായിട്ടായിരുന്നു അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ‘ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം’, എന്നായിരുന്നു ഭീഷണി. കാസര്‍ഗോഡേക്കു സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. ഇത്തരം സമര്‍ദ്ദങ്ങളില്‍ മനം മടുത്താണ് അനീഷ്യ ആത്മഹത്യ ചെയ്തെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇപ്പോള്‍ അനീഷ്യയുടെ കുടുംബം ആരോപിക്കുന്നത്. അന്വേഷണത്തില്‍ മെല്ലെ പോക്കാണ് നടക്കുന്നതെന്നും, അന്വേഷണം പിന്നോട്ട് വലിക്കാന്‍ ആരോപണ വിധേയര്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.അന്വേഷണം ഇഴയുന്നത് പോലീസ് ശേഖരിച്ച ശബ്ദ സന്ദേശമടക്കമുള്ള തെളിവുകളില്‍ കൃത്രിമത്വം നടത്താന്‍ വഴിയൊരുക്കുമോ എന്ന ആശങ്കയും അനീഷ്യയുടെ കുടുംബം അഴിമുഖവുമായി പങ്കുവയ്ക്കുന്നു. തെരെഞ്ഞെടുപ്പ് കാലമായതോടെ മാധ്യമങ്ങളുടെയടക്കം ശ്രദ്ധ തിരിയും, ഈ സാഹചര്യം മുതലെടുത്ത് കുറ്റാരോപിതര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അഴിമുഖത്തോട് സംസാരിച്ച അനീഷ്യയുടെ സഹോദരന്‍ അനൂപ് ആശങ്കപ്പെടുന്നത്.
”തെറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത അനീഷ്യയുടെ സ്വഭാവം മേലുദ്യോഗസ്ഥരില്‍ വലിയ രീതിയില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. അനീഷ്യയുടെ സഹപ്രവര്‍ത്തകരും, മേലുദ്യോഗസ്ഥരും തമ്മില്‍ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന പല നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളെയും അനീഷ്യ ചോദ്യം ചെയ്തിരുന്നു. ആ സംഭവങ്ങളെ കുറിച്ച് മറ്റു സഹപ്രവര്‍ത്തകര്‍ക്കും കൃത്യമായ ധാരണയുണ്ടാകും. എന്നാല്‍ അവരാരും ഇപ്പോഴത് തുറന്നു പറയാന്‍ തയ്യാറായിരിക്കില്ല. ഇങ്ങനെ ചെറിയതെന്ന് തോന്നുന്ന പല പ്രശ്‌നങ്ങളും അനീഷ്യയെ വല്ലാതെ ബാധിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു നാള്‍ മുന്‍പ് സഹപ്രവര്‍ത്തകരില്‍ ഒരാളുടെ കല്യാണം നടന്നിരുന്നു. കല്യാണത്തിന് പങ്കെടുക്കാന്‍ ദൂര പ്രശ്‌നമുണ്ടായിരുന്നത് കൊണ്ട് അനീഷ്യ മേലുദ്യോഗസ്ഥനെ ബന്ധപ്പെട്ടിരുന്നു. ഓഫീസില്‍ നിന്നല്ലാതെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ കല്യാണത്തിന് പങ്കെടുത്തോളൂ എന്ന നിര്‍ദ്ദേശമാണ് കിട്ടിയത്. ദൂരക്കൂടുതലുള്ളത് കൊണ്ട് അനീഷ്യ കല്യാണത്തിന് പങ്കെടുത്തില്ല. എന്നാല്‍ അനീഷ്യ ഒഴിച്ച് ബാക്കിയുള്ളവര്‍ വ്യക്തിപരമല്ലാതെ, ഓഫീസ് തലത്തില്‍ തന്നെ കല്യാണത്തിന് പങ്കെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ പല അവര്‍ത്തിയായി അനീഷ്യയെ തഴഞ്ഞു കൊണ്ടിരുന്നിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ വച്ച് അധിക്ഷേപിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം പോലും ഇത്തരത്തില്‍ വലിയ രീതിയില്‍ അനീഷ്യയെ കരുതി കൂട്ടി അപമാനിച്ചിരുന്നു. വല്ലത്തൊരു മാനസിക സമ്മര്‍ദമായിരുന്നു അനീഷ്യ നേരിട്ട് കൊണ്ടിരുന്നത്. പിന്തുണയ്ക്കാന്‍ ആരുമില്ലാതെ തഴയപ്പെടുന്നതിന്റെ വേദനയില്‍ എടുത്ത തീരുമാനമായിരിക്കാം അത്. ഞാന്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ചോദ്യം ഈ ചെറിയ കാര്യത്തിന് എന്തുകൊണ്ട് ജീവിതം അവസാനിപ്പിച്ചുവെന്നാണ്. അങ്ങേയറ്റം നിസ്സഹായതയോടെയാണ് ഞാന്‍ ഈ ചോദ്യം കേട്ട് നില്‍ക്കുന്നത്. തങ്ങള്‍ കടന്നു പോകുന്ന അവസ്ഥയുടെ ഭീകരത അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ ചിലപ്പോള്‍ മനസിലാക്കാന്‍ കഴിയുകയുള്ളു. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടി വരുന്ന തൊഴിലിടത്തെ അവഗണനയും, ആക്ഷേപവും മാനസികമായും ശാരീരികമായി പോലും തളര്‍ത്താന്‍ കഴിയുന്നതാണ്. അനീഷ്യ അത്രമാത്രം ആഗ്രഹിച്ചും സ്വപ്നം കണ്ടും നേടിയെടുത്ത ജോലി കൂടിയായിരുന്നു ഇത്. ഓഫീസില്‍ അനീഷ്യ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സഹപ്രവര്‍ത്തകരും മറ്റും ചെയ്ത അനാസ്ഥയും പോലീസ് തെളിവായി സ്വീകരിച്ച ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലിടത്ത് അനീഷ്യ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ യാഥാര്‍ഥ്യമായി അവിടെ നിലനില്‍ക്കുമ്പോഴും എന്ത് കൊണ്ടാണ് ആത്മഹത്യക്ക് കാരണക്കാരായവര്‍ക്ക് നേരെ ചെറു വിരല്‍ അനക്കാന്‍സാധിക്കാത്തത്?. പ്രതിഭാഗത്തുള്ളവര്‍ നിയമപാലകരും വലിയ സ്വാധീനം ഉള്ളവരുമായതുകൊണ്ടണോ കേസില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തത്. വ്യക്തി അധിക്ഷേപവും, മാനസിക പീഡനവും ഒരാളുടെ ജീവനെടുക്കുന്ന നിലയില്‍ അതും ഒരു സ്ത്രീക്ക് അവളുടെ തൊഴിലിടത്ത് നേരിടേണ്ടി വന്നിട്ടും വളരെ ലാഘവത്തോടെയാണ് അവരതിനെ സമീപിക്കുന്നത്. പ്രകടമാക്കാന്‍ കഴിയുന്നതിലുമപ്പുറം ദേഷ്യത്തിലും നിരാശയിലുമാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിപ്പോഴും ഈ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല. അനീഷ്യയുടെ മരണത്തില്‍ നീതിയെങ്കിലും ഞങ്ങള്‍ക്ക് കിട്ടേണ്ടതുണ്ട്. കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നു വരുന്ന ഒരു സ്ത്രീക്കും തൊഴിലിടത്തില്‍ ഉണ്ടായ ദുരനുഭവം മൂലം ജീവന്‍ വേണ്ടിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായിക്കൂടാ. അതുറപ്പാക്കാനെങ്കിലും അനീഷ്യക്ക് നീതി ലഭിക്കണം. കേസ് മെല്ലെപോകുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.