ഡല്‍ഹി മുഖ്യമന്ത്രി ഗോവയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് സമാനമായ പ്രസംഗവുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും. ഗോവന്‍ തലസ്ഥാനമായ പനജിയുടെ പ്രാന്തപ്രദേശമായ ചിമ്പേലിലെ ഒരു ചേരിയിലാണ് പരീക്കര്‍ വിവാദ പ്രസ്താവന നടത്തിയത്.
റാലികളില്‍ പങ്കെടുക്കാന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും 500 രൂപ വീതം വാങ്ങുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ അത് ബിജെപിയ്ക്കാകണമെന്നുമാണ് പരീക്കര്‍ ആവശ്യപ്പെട്ടത്. ‘ചിലര്‍ സംഘടിപ്പിക്കുന്ന റാലികളില്‍ അവര്‍ക്കൊപ്പം സഞ്ചരിക്കാന്‍ നിങ്ങള്‍ 500 രൂപ വീതം വാങ്ങാറുണ്ടെന്ന് എനിക്കറിയാം, അതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ നിങ്ങള്‍ താമര ചിഹ്നം തന്നെ തെരഞ്ഞെടുക്കണം. അത് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ത്തിരിക്കണം’ എന്നതായിരുന്നു വിവാദ പ്രസ്താവന.
അതേസമയം സമാനമായ പ്രസ്താവന നടത്തിയ കെജ്രിവാളിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗോവയിലെ തെരഞ്ഞെടുപ്പ് അധികൃതരോട് നിര്‍ദേശിച്ച ഇന്നലെ തന്നെയാണ് പരീക്കറിന്റെ വിവാദ പ്രസംഗമെന്നത് കൗതുകകരമാണ്. ഈമാസം ആദ്യം ഗോവയില്‍ നടന്ന പൊതുസമ്മേളനത്തില്‍ എതിര്‍ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങിക്കൊള്ളൂ പക്ഷെ വോട്ട് ആംആദ്മി പാര്‍ട്ടിക്ക് മാത്രം നല്‍കണം എന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇന്നലെ കെജ്രിവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഒരു ഭരണഘടനാ സ്ഥാപനനെതിരായ കെജ്രിവാളിന്റെ ഈ ആരോപണം അടിസ്ഥാനരഹിതം മാത്രമല്ല, അധാര്‍മ്മികവും കമ്മിഷന് അപമാനകരവുമാണെന്ന് ശക്തമായ ഭാഷയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ്രിവാളിന് കത്തയയ്ക്കുകയും ചെയ്തു.