UPDATES

രാമക്ഷേത്രം ഉയരുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന്റെ പട്ടടയില്‍ ചവിട്ടിയാവും

വിധി പറയുന്നതിന് പകരം ഒത്തുതീര്‍പ്പിന് മുന്‍തൂക്കം നല്‍കുന്ന സുപ്രീം കോടതി നീതി നടപ്പാകില്ലെന്ന ആശങ്കയുണര്‍ത്തുന്നു.

                       

2010 സെപ്റ്റംബര്‍ 30-നു അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച്, ബാബറി മസ്ജിദ്-രാമ ജന്‍മഭൂമി തര്‍ക്കത്തില്‍  പുറപ്പെടുവിച്ച വിധി ഹിന്ദു മതമൌലികവാദികള്‍ സത്യമെന്ന് വിശ്വസിക്കുന്നതൊക്കെ ശരിവെക്കുന്ന തരത്തിലായിരുന്നു. 1992 ഡിസംബര്‍ 6-നു പള്ളി തകര്‍ക്കാന്‍ ‘വലിയ കഠിനമായ ഒരുക്കങ്ങളും ആസൂത്രണവും നടത്തിയ’ –ലിബര്‍ഹാന്‍ അയോധ്യ കമ്മീഷന്‍ ഔദ്യോഗിക അന്വേഷണത്തില്‍ പറഞ്ഞത്- ആളുകളുടെ വിശ്വാസപ്രമാണങ്ങളായിരുന്നു അതെല്ലാം. അന്നേ ദിവസം അവിടെ വന്നെത്തിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത, പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ഭാരതീയ ജനതാ പാര്‍ട്ടിയുടെയും രാഷ്ട്രീയ സ്വയം സംഘവുമായി ബന്ധമുള്ള ഹിന്ദു വര്‍ഗീയവാദ സംഘങ്ങളുടെയും നേതാക്കളുടെയും വിശ്വാസങ്ങള്‍ അതുതന്നെയായിരുന്നു. അപ്പോള്‍ നാമെല്ലാവരും- ഇന്ത്യയിലെ തുല്യ അധികാരമുള്ളവരെന്നു കരുതുന്ന പൌരന്‍മാര്‍, അത്തരം പൌരത്വത്തിന്റെ കൂടെയുള്ള അവകാശങ്ങളെ ഇന്ത്യന്‍ ഭരണകൂടം  ഉറപ്പുവരുത്തും എന്നു കരുത്തുന്നവരെല്ലാം- പ്രതീക്ഷിക്കുന്നത് ബാബറി മസ്ജിദ് – രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടനയും നിയമവാഴ്ച്ചയും ഉയര്‍ത്തിപ്പിടിക്കും എന്നാണ്.

പക്ഷേ വിധി പറയാനുള്ള കോടതിയുടെ പ്രാഥമിക ഉത്തരവാദിത്തവുമായി മുന്നോട്ട് പോകുന്നതിനു പകരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ തര്‍ക്കത്തിലെ കക്ഷികളോട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ദ്ദേശിക്കുകയും ഒത്തുതീര്‍പ്പ് പ്രക്രിയയില്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്ന് വാഗ്ദാനം നല്കുകയും ചെയ്യുകയുമായിരുന്നു. “അല്പം കൊടുക്കൂ, അല്‍പമെടുക്കൂ. അത് പരിഹരിക്കാന്‍ ശ്രമിക്കൂ… ഇരുകക്ഷികളും തെരഞ്ഞെടുക്കുന്ന മധ്യസ്ഥര്‍ക്കൊത്ത് ഞാനിരിക്കണമെന്ന് കക്ഷികള്‍ ആഗ്രഹിച്ചാല്‍ ഞാനാ ചുമതല ഏറ്റെടുക്കാം,” ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ വിഷയങ്ങള്‍ ‘വികാരവും മതവു’മായി ബന്ധപ്പെട്ടതാണ്. “നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമാണ് കോടതി ചിത്രത്തില്‍ വരേണ്ടതെ’ന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, ഒരു തുല്യതയുമില്ല എന്നു പ്രത്യക്ഷത്തില്‍ കാണാവുന്ന കക്ഷികള്‍ തമ്മില്‍- ഒരു വിഭാഗം, കേന്ദ്രത്തിലും നിയമവിരുദ്ധമായി ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലമുള്ള ഉത്തര്‍പ്രദേശിലും അധികാരത്തിലുള്ള സര്‍ക്കാരുകളുടെ പിന്തുണയുള്ള വിഭാഗം- ഒരു തര്‍ക്കം ‘ന്യായമായി’ പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പ് ഒരു വഴിയായി കാണാനാകുമോ? ഓരോ കക്ഷിയുടെയും ആപേക്ഷികമായ രാഷ്ട്രീയ ശക്തിയല്ല ഇതിന്റെ ഫലത്തെ നിശ്ചയിക്കേണ്ടത്, മറിച്ച് തര്‍ക്കത്തിലെ തെളിവുകളും വസ്തുതകളും, അതുമായി ബന്ധപ്പെട്ട പ്രസക്തമായ നിയമങ്ങളുടെ ശരിയായ വ്യാഖ്യാനവുമാണ് എന്നു സുപ്രീം കോടതി നിലപാടെടുക്കും എന്നാണ് നാം കരുതുക.  അലഹബാദ് ഹൈക്കോടതി കരുതുന്നപോലെ ‘ഭഗവാന്‍’ രാമന്‍ പള്ളിയുടെ താഴികക്കുടത്തിന് താഴെയാണ് ജനിച്ചതെന്ന വിശ്വാസം തര്‍ക്കത്തില്‍ പ്രധാനമാണോ?  ഇനിയത് സമ്മതിച്ചാല്‍ കൂടി 1528-ല്‍ നിര്‍മ്മിച്ച പള്ളിയുടെ മേല്‍ അതദ്ദേഹത്തിന് സ്വത്തവകാശം നല്കുന്നുണ്ടോ? ഒരു ക്ഷേത്രം പൊളിച്ചാണോ അവിടെ പള്ളി പണിതത്? ഈ വാദം വസ്തുതയാണെന്ന് തെളിയിക്കാന്‍ ഒരു തെളിവുമില്ല എന്നുകൂടാതെ, ഭൂമിയുടെ ദീര്‍ഘകാല കൈവശാവകാശം സാധ്യമല്ല എന്നുള്ള വാദം സാധ്യമല്ല എന്നത് തള്ളിക്കളയാന്‍ Limitation Act ബാധകമാകില്ലെ?

ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം പോലെ, പള്ളി തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ നിയമമുണ്ടാക്കാന്‍, രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ കാത്തിരിക്കുകയാണ് ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെന്ന് വ്യക്തമാണ്. പക്ഷേ അതിനു മുമ്പ് അവര്‍ക്ക് കോടതിയെ ചിത്രത്തില്‍ നിന്നും മാറ്റണം. ഇതാണോ പൊടുന്നനെ സുബ്രമണ്യം സ്വാമി (ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും) രംഗത്ത് വരാന്‍ കാരണം? പള്ളി തകര്‍ത്ത സ്ഥലത്ത് അമ്പലം പണിയണമെന്നാവശ്യപ്പെട്ട് അയാള്‍ നല്കിയ ഇടപെടല്‍ ഹര്‍ജി സ്വീകരിക്കാന്‍  യഥാര്‍ത്ഥ വ്യവഹാരത്തില്‍ ഒരു കക്ഷിയാല്ലാതിരുന്നിട്ടും കോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് അയാള്‍ക്ക് നല്കിയ അനര്‍ഹമായ ശ്രദ്ധ എങ്ങനെയാണ് വിശദീകരിക്കുന്നത്? (സ്വാമി ഈ കേസില്‍ കക്ഷിയല്ലെന്ന് പിന്നീടാണ് തങ്ങള്‍ അറിഞ്ഞത് എന്നാണ് ചീഫ് ജസ്റ്റിസ് അടുത്ത ഹിയറിംഗില്‍ വിശദീകരിച്ചത്)

മൂന്നു പേരുടെ നേതൃത്വത്തില്‍ ഏതാണ്ട് 50 പേര്‍ 1949 ഡിസംബര്‍ 22-23-നു പള്ളിയില്‍ കടന്നുചെന്ന് അതിന്റെ കേന്ദ്ര താഴികക്കുടത്തിന് താഴെ മൂന്നു പ്രതിമകള്‍ വെച്ചതു മുതല്‍, തകര്‍ത്ത പള്ളി നിന്നിരുന്ന സ്ഥലം 2010 സെപ്തംബര്‍ 30-നു അലഹാബാദ് ഹൈക്കോടതിയുടെ ലഖനൌ ബഞ്ച്  രാം ലല്ലയ്ക്ക് കൈമാറിയതുവരേക്കും ഇന്ത്യന്‍ ഭരണകൂടത്തിന്റെ  ഭരണ സംവിധാനങ്ങളും, നിയമനിര്‍മ്മാണസഭയും-അവരാണ് അയോദ്ധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുക്കാനുള്ള നിയമം, 1993 അംഗീകരിച്ചത്- പള്ളി രാം ലല്ലക്കായി കൈമാറാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ രൂപത്തില്‍ നീതിന്യായ സംവിധാനം രാം ലല്ലയുടെ ഏറ്റെടുക്കലിന് നിയമാനുമതി നല്കി. ഇപ്പോള്‍ രാജ്യത്തെ പരമോന്നത കോടതി, തര്‍ക്കവുമായി ബന്ധപ്പെട്ട തെളിവുകളും വസ്തുതകളും പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനും പകരം, ബലാബലത്തില്‍ സമരല്ലാത്ത കക്ഷികള്‍ തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുന്നു.

തകര്‍ത്തിട്ട ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങളുടെ മുകളില്‍ രാമ ക്ഷേത്രം ഉയര്‍ന്നേക്കാം. പക്ഷേ മതേതരത്വത്തിന്റെ ചെലവിലായിരിക്കും അത്. ഇന്ത്യന്‍ ഭരണകൂടം വിശ്വാസത്തില്‍ നിന്നും ദൈവത്തില്‍ നിന്നുമാകും- കൃത്യമായി പറഞ്ഞാല്‍ രാം ലല്ലയില്‍ നിന്നും- അതിനുള്ള അനുമതി തേടുക. ജനാധിപത്യ സമ്പ്രദായത്തിന്റെ പട്ടടയില്‍ നിന്നുമാകും രാമക്ഷേത്രം ഉയരുക. ജനാധിപത്യമാകും ഇര. മതേതരത്വത്തിന് ജനാധിപത്യം കൂടിയേ തീരൂ.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍