UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ അരുണാചലില്‍ ബി ജെ പി സര്‍ക്കാര്‍

പേമ ഘണ്ഡുവിന്റെ നേതൃത്വത്തില്‍ 33 പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നു

                       

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പേമ ഘണ്ഡുവിന്റെ നേതൃത്വത്തില്‍ 33 പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ അരുണാചല്‍ പ്രദേശ് നിയമസഭയില്‍ ബി ജെ പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമായി.

2015 അവസാനത്തോടെ ആരംഭിച്ച അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ 2016 അവസാനത്തോടെ നിര്‍ണ്ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.  ഭരണത്തിലുള്ള പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ തങ്ങളുടെ മുഖ്യമന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പേമ ഘണ്ഡുവിനെതിരെ പിപിഎയില്‍ തുടര്‍ച്ചയായി വിമതസ്വരങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കാഹ്ഫ ബെന്‍ഗിയ ഗവര്‍ണറെയും സ്പീക്കറെയും അറിയിച്ചു. ആറ് എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. താകാം പാരിയോയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ പേമ ഘണ്ഡുവിനെ മാത്രമേ പിന്തുണയ്ക്കു എന്ന് സഖ്യകക്ഷിയായ ബിജെപി പറഞ്ഞതോടെ പിപിഎയില്‍ ഒരു പിളര്‍പ്പിനുള്ള സാധ്യത തെളിഞ്ഞു. പിപിഎക്കാള്‍ ബിജെപിയോടാണ് പേമ കൂറുപുലര്‍ത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചില്ല എന്ന കാരണത്താലാണ് പുതിയ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ബിജെപി തയ്യാറാകാതിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ തമിയോ താഗ പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്ന പക്ഷം പാര്‍ട്ടി പേമ ഘണ്ഡുവിനെ പിന്തുണയ്ക്കുമെന്നും സംസ്ഥാന ടെക്‌സറ്റൈല്‍സ്, കരകൗശല മന്ത്രി കൂടിയായ തമിയോ താഗ വ്യക്തമാക്കിയിരുന്നു. 26 പിപിഎ എംഎല്‍മാര്‍ ഘണ്ഡുവിനെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതും തെറ്റിക്കുന്ന രീതിയില്‍ 33 അംഗങ്ങളാണ് ഇപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 43 അംഗങ്ങളാണ് പിപിഎയ്ക്ക് നിയമസഭയില്‍ ഉള്ളത്. ബിജെപിക്ക് 12 അംഗങ്ങള്‍ ഉണ്ട്.

താകാം പാരിയോ

2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 60ല്‍ 42 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. 2015 അവസാനത്തോടെ മുഖ്യമന്ത്രി നബാം തൂക്കിക്കെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന രോഷമാണ് ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിച്ചത്. അന്നത്തെ ആരോഗ്യമന്ത്രി കാലിഘോ പുല്‍ ആയിരുന്നു വിമതപക്ഷത്തെ നയിച്ചത്. 21 എംഎല്‍എമാര്‍ വിമതാനുകൂലികളായിരുന്നു. അന്നത്തെ ഗവര്‍ണര്‍ ജെപി രാജ്‌ഘോവ കേന്ദ്ര എന്‍ഡിഎ സര്‍ക്കാരിന്റെ പിണിയാളായി കോണ്‍ഗ്രസിനെ പിളര്‍ത്തുന്നതിനായി വിമതര്‍ക്ക് പിന്തുണ നല്‍കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2016 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന നിയമസഭ തിരഞ്ഞെടുപ്പ് അദ്ദേഹം 2015 ഡിസംബറിലേക്ക് മാറ്റി. സ്പീക്കര്‍ നബാം റെബിയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവും വിമതര്‍ ഉന്നയിച്ചു. നേരത്തെ ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ വച്ച് ബജെപി എംഎല്‍എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ വിമതര്‍ സ്പീക്കറെ പുറത്താക്കുന്നതില്‍ വിജയിച്ചു. കാലിഘോ പുലിനെ പുതിയ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പതിനാല് എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

എന്നാല്‍ 2016 ജനുവരി അഞ്ചിന് എംഎല്‍എമാരെ പുറത്താക്കിയ നടപടി ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതിയെ സമീപിച്ച സ്പീക്കര്‍ ഗവര്‍ണറുടെ നടപടിയെയും ചോദ്യം ചെയ്തു. സുപ്രീം കോടതി വിഷയം ഭരണഘടന ബഞ്ചിന് വിട്ടു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ മുഖ്യമന്ത്രി തൂക്കിയും സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തെ ന്യായീകരിച്ചു. ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും നിയമസാധുതയില്ലെന്നും ജനാധിപത്യ സംവിധാനം കശാപ്പ് ചെയ്യപ്പെടുമ്പോള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലെന്നുമുള്ള കടുത്ത പരാമര്‍ശങ്ങള്‍ പരമോന്നത കോടതി നടത്തി. സ്പീക്കര്‍ക്കെതിരായ വിമത എംഎല്‍എമാരുടെ അപ്പീലും കോടതി തള്ളി. തുടര്‍ന്ന് ഫെബ്രുവരി 19ന് രാഷ്ട്രപതി ഭരണം എടുത്തുകളയുകയും പിറ്റെ ദിവസം കാലിഘോ പുല്‍ അരുണാചല്‍ പ്രദേശിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 18 വിമത കോണ്‍ഗ്രസ് എംഎല്‍എ മാരുടെ പിന്തുണ പുലിനുണ്ടായിരുന്നു. പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ട് സ്വതന്ത്ര അംഗങ്ങളും മന്ത്രിസഭയെ വെളിയില്‍ നിന്നും പിന്തുണച്ചു. കോണ്‍ഗ്രസ് അംഗങ്ങളുടെ അസാന്നിധ്യത്തില്‍ പുല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ പുറത്തുവന്നു. മാര്‍ച്ച് മൂന്നിന് മുപ്പത് വിമത എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പിപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രൂപീകരിച്ചു. ഇതോടെ നിയമനടപടികള്‍ സ്വീകരിക്കാനുളള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ അടഞ്ഞു. അരണാചലിലും ഉത്തരാഖണ്ഡിലും നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കാലിഘോ പുല്‍

ജൂലൈ 13ന് സുപ്രീം കോടതി ഇടപെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിച്ചു. 16ന് വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായി പേമ ഘണ്ഡു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന അഖിലേഷ് യാദവിന്റെ റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ഇത്. ജൂലൈ 20ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. ഓഗസ്റ്റ് ഒമ്പതിന് മുന്‍മുഖ്യമന്ത്രി കാലിഘോ പുലിനെ തന്റെ ഔദ്ധ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 14ന് രാജ്‌ഘോവ അരുണാചല്‍ ഗവര്‍ണറായി വീണ്ടും ചുമതലയേറ്റു. ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് 12ന് അദ്ദേഹത്തെ പുറത്താക്കി.

സെപ്തംബര്‍ 16ന്, ഒരു അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ തൂക്കി ഒഴികെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പിപിഎയിലേക്ക് കൂറുമാറി. എന്‍ഡിഎയുടെ വടക്കുകിഴക്കന്‍ ഡമോക്രാറ്റിക് അലൈന്‍സിന്റെ ഭാഗമായി പിപിഎ മാറി. ബിജെപി എംഎല്‍എ താമിയോ താഗയെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പേമ ഘണ്ഡു മന്ത്രിസഭ വികസിപ്പിച്ചു. പുലിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് രാജ്‌ഘോവ ആവശ്യപ്പെട്ടു. എന്നാല്‍ പുലിന്റെ വിധവ  ദസാങ്‌ലു പുല്‍ ഹായുലിയാങ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. തുടര്‍ന്നാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ദേശീയ കക്ഷികളുടെ ചക്കളത്തിപ്പോരാട്ടങ്ങള്‍ ഈ അതിര്‍ത്തി സംസ്ഥാനത്ത് അസ്വാസ്ഥ്യങ്ങള്‍ വിതച്ചിരിക്കുകയാണ്. പുതുവര്‍ഷത്തിലും ഇത് തുടരാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണെന്ന് വേണം അനുമാനിക്കാന്‍.

Share on

മറ്റുവാര്‍ത്തകള്‍