UPDATES

പ്രവാസം

കുവൈറ്റില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സക്ക് പുതിയ നിബന്ധന

ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് അനുസരിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ഒരുദിവസം 30 ദിനാര്‍ നല്‍കണം.

                       

കുവൈറ്റില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചികിത്സ ലഭ്യമാകണമെങ്കില്‍ ജാമ്യക്കാരനെ കൊണ്ടു വരണം. രോഗിക്ക് ഫീസ് അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാമ്യക്കാരനില്‍ നിന്ന് തുക ഈടാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കരണം. ഈ നിബന്ധനകള്‍ പാലിക്കുമെന്ന സമ്മതം അറിയിച്ചുള്ള രേഖ ഒപ്പിട്ടുവാങ്ങിയ ശേഷമെ ആശുപത്രികളില്‍ വിദേശികളെ ചികിത്സക്കൂ.

2017 ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ സേവനത്തിന് വിദേശികളില്‍നിന്ന് ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ അടിയന്തിര ചികിത്സക്കായി എത്തുന്ന വിദേശികളില്‍ ചിലരുടെ കയ്യില്‍ പണമില്ലാത്തത് അധികൃതരെ കുഴക്കുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ജാമ്യക്കാരനില്‍ നിന്ന് ഒപ്പിട്ടു വാങ്ങുന്നത്. ജാമ്യക്കാരന്‍ പണമടച്ചില്ലെങ്കില്‍ മന്ത്രാലയം നിയമനടപടി സ്വീകരിക്കും.

ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് അനുസരിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ഒരുദിവസം 30 ദിനാര്‍ നല്‍കണം. തീവ്രപരിചരണം ലഭിക്കേണ്ടവരും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവരെയും ചികിത്സാ നിരക്ക് വര്‍ധന ബുദ്ധിമുട്ടിലാക്കും. നേരത്തെ അടിയന്തര ചികിത്സക്കായി എത്തുന്നവരെ മടക്കി അയക്കാനും ഫീസ് ഈടാക്കാനും കഴിയാത്ത അവസ്ഥ ആശുപത്രി അധികൃതര്‍ നേരിടാറുണ്ട്. സന്നദ്ധസംഘടനകള്‍ ഇടപെട്ടാണ് പലപ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടു വന്നത്.

Share on

മറ്റുവാര്‍ത്തകള്‍