യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്താന്‍ ഒരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി. പല വിമാനങ്ങളുടേയും സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും റൂട്ടും സമയവും തെറ്റിയതോടെ പ്രവാസികളും ബുദ്ധിമുട്ടിലായി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എന്നാല്‍ ചില വിമാനക്കമ്പനികള്‍ ഏതാനും സര്‍വീസുകള്‍ കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും മാറ്റുകയാണ്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതും കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും താല്‍കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അറിയിച്ച അധികൃതര്‍, എല്ലാ യാത്രക്കാരും കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുന്നാള്‍ അടുത്തതോടെ വലിയ നിരക്കാണ് കേരളത്തിലേക്കുള്ള എല്ലാ വിമാനത്താവളങ്ങളിലേക്കും വിമാനക്കമ്പനികള്‍ ഈടാക്കിയത്. ഇത്തരത്തില്‍ വന്‍തുക കൊടുത്ത് ടിക്കറ്റെടുത്തവര്‍ പലരും ടിക്കറ്റ് റദ്ദാക്കി. വിമാനസര്‍വീസുകള്‍ ഒഴിവാക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരോട് റദ്ദാക്കാനാണ് വിമാനക്കമ്പനികള്‍ നല്‍കുന്ന നിര്‍ദേശം. പകരം എന്ന് വിമാനം ഉണ്ടാവുമെന്നും അറിയിച്ചിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വരാന്‍ വൈകുകയും ചില സര്‍വീസുകള്‍ റദ്ദാവുകയും ചെയ്തതോടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തില്‍ പകരം സംവിധാനത്തിനായി കാത്തിരിപ്പായിരുന്നു. കേരളത്തിലുള്ളവരും കേരളത്തിലേക്ക് പോകുന്നവരുമായ യുഎഇ. പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ യുഎഇ. അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്തെ യുഎഇ. കോണ്‍സുലേറ്റാണ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കേരളത്തിലുള്ളവര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.