കടുത്ത ചൂട് കൂടിയ സാഹചര്യത്തില്‍ സൗദിയില്‍ ശനിയാഴ്ച മുതല്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇക്കാലയളവില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ നിയമം തെറ്റിച്ച് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.