July 17, 2025 |
Share on

‘സഫിയക്കൊരു സങ്കീര്‍ത്തനം’; പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആദരപൂര്‍വ്വം

അന്തരിച്ച പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിനെ കുറിച്ചുള്ള ഹൃസ്വ ചിത്രം

ദൃശ്യ മാധ്യമ പ്രവര്‍ത്തകനായ റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്ത അന്തരിച്ച പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിനെ കുറിച്ചുള്ള ഹൃസ്വ ചിത്രമാണ് ‘സഫിയയ്ക്കൊരു സങ്കീര്‍ത്തനം’.
ദമാമിലെ അസ്റ്റൂന്‍ ഹോസ്പിറ്റലില്‍ നേഴ്സിംഗ് സൂപ്രണ്ടായി ജോലി നോക്കിയിരുന്ന തിരുവല്ല സ്വദേശിയായ സഫിയ അജിത്ത് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സജീവ ജീവകാരുണ്യ പ്രവർത്തകയും പ്രവാസി സംഘടനയായ നവയുഗത്തിന്റെ കേന്ദ്രക്കമ്മറ്റി വൈസ് പ്രസിഡണ്ടും ആയിരുന്നു. മലയാളികളും അല്ലാത്തവരുമായ നൂറുകണക്കിന് പ്രവാസികളെ നിയമകുരുക്കുകളിലും ദുരിതങ്ങളിലും നിന്നും സഫിയ രക്ഷിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ സുറൈദമയിലുള്ള ആശുപത്രിയില്‍ ദീര്‍ഘകാലം നേഴ്സായി സേവനമനുഷ്ഠിച്ചിരുന്ന സഫിയ ദമാമിലെ അസ്റ്റൂണ്‍ ആശുപത്രിയില്‍ നേഴ്സിങ് സൂപ്രണ്ടായി ജോലിചെയ്തുവരികയായിരുന്നു. ഗള്‍ഫില്‍ കുടുങ്ങിപ്പോയവരെയും പല കാരണങ്ങളാല്‍ ജയിലില്‍ അകപ്പെട്ടവരെയും കണ്ടെത്തി നാട്ടില്‍ എത്തിക്കുന്നതിലും രോഗങ്ങള്‍ക്കടിമപ്പെട്ട അശരണരെയും ആശുപത്രിയില്‍ എത്തിക്കുന്നതിലും പാലിയേറ്റീവ് പരിചണത്തിലും സജീവ സാന്നിധ്യമായിരുന്നു സഫിയ.  മീഡിയാവണ്‍ ചാനലിന്റെ പ്രവാസി പുരസ്കാരം, ജസ്റ്റിസ് രാധാകൃഷ്ണമേനോന്‍ പുരസ്കാരം, കെ സി പിള്ള പുരസ്കാരം തുടങ്ങിയവ സഫിയയ്ക്ക് ലഭിച്ചിട്ടുണ്ട്.

അർബുദരോഗം ശരീരത്തെ തളർത്തിയപ്പോഴും തളർന്നു പോകാതെ സഫിയ തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 49 ക്യാന്‍സര്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫിയ അജിത്ത് 2015 ജനുവരി 28 ജീവിതത്തില്‍ നിന്നു വിടവാങ്ങി. നാല്‍പ്പത്തി ഒന്‍പതാം വയസ്സിലാണ് സഫിയ അജിത്ത് ഈ ലോകത്തോട് വിടപറഞ്ഞത്. സ്വന്തം ജീവിതം ക്യാന്‍സര്‍ കീഴടക്കുമ്പോഴും തളരാതെ നിരാലംബരായ കുറെ മനുഷ്യര്‍ക്ക് വേണ്ടി ജീവിച്ചു എന്നതാണു സഫിയയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.സഫിയ അജിത്ത് ഈ ലോകത്തോട് വിടപറഞ്ഞിട്ടു ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായി.

യെസ് ഫൌണ്ടേഷന്റെ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മിനുട്ടാണ്. എന്നാല്‍ സഫിയയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വെറും മൂന്നു മിനിറ്റിലൊന്നും ഒതുക്കാനാവില്ലെന്ന് സംവിധായകന്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്തു 101 മണിക്കൂറിനുള്ളില്‍ സിനിമ നിര്‍മ്മിച്ച് സമര്‍പ്പിക്കണം എന്നതാണ് യെസ് ഫൌണ്ടേഷന്റെ സാമൂഹിക ചലചിത്ര നിര്‍മ്മാണ പുരസ്കാരത്തിന്റെ പ്രത്യേകത. 13 ലക്ഷം പേരാണ് ഇത്തവണ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

×