സ്ഥാപനം രണ്ടു മാസത്തേക്ക് അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.
സൗദി അറേബ്യയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ച ഇന്ത്യന്‍ വംശജന് പിഴയും തടവ് ശിക്ഷയും. ദമാമിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ അല്‍ മദീന ഇംപോര്‍ട്ട് ആന്റ് ട്രേഡിംഗ് കമ്പനിക്കും, സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് ഇല്യാസിനാണ് ശിക്ഷ ലഭിച്ചത്. ദമാം അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഇയാള്‍ക്ക് പിഴയും തടവു ശിക്ഷയും വിധിച്ചത്. ശിക്ഷ അനുഭവിച്ച് തീര്‍ക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തെ നാടുകടത്താനും വിധിയില്‍ പറയുന്നു. രണ്ടു ലക്ഷം റിയാലാണ് പിഴ. ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തുന്നതിനും, രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.
വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാലാവധി തീര്‍ന്ന പാല്‍ക്കട്ടി, ജ്യൂസ് ശേഖരം എന്നിവയും വ്യാപാര സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. സ്ഥാപനം രണ്ടു മാസത്തേക്ക് അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് ഇല്ല്യാസിനെ പിടികൂടിയത്. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി വിധിച്ചു. സ്ഥാപനത്തിന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.