UPDATES

പ്രവാസം

സൗദിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുതിയ നിയമം വരുന്നു

നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമം അനുസരിച്ചു പദവി ശരിയാക്കുന്നതിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

                       

സൗദി അറേബ്യയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ബഖാലകള്‍ക്കും വേണ്ടി പുതിയ നിയമ വ്യവസ്ഥ വരുന്നു. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചു. ബഖാലകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള ബിനാമി ബിസിനസ് അടക്കമുള്ള പ്രവണത അവസാനിപ്പിക്കുകയാണ് ഇതിലൂടെ വാണിജ്യ നിക്ഷേപ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം സ്വന്തമായി ട്രേഡ് മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോര്‍ഡായിരിക്കും.

സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോര്‍ഡ് സ്ഥാപിക്കേണ്ടത്. കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നമ്പറും നെയിം ബോര്‍ഡില്‍ രേഖപ്പെടുത്തണം. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മുന്‍വശം സുതാര്യമായ ചില്ലുകള്‍കൊണ്ട് നിര്‍മ്മിച്ചതായിരിക്കണം. തൊഴിലാളികള്‍ക്ക് യൂണിഫോം നടപ്പാക്കണം. ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഹെല്‍ത്ത് കാര്‍ഡ് അവരുടെ യൂണിഫോമില്‍ തൂക്കിയിടണം. ബഖാലകളില്‍ പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ബോഡി കെയര്‍ ഉല്‍പന്നങ്ങള്‍ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ക്‌ളീനിംഗ് മെറ്റീരിയലുകളും ഉപകരണങ്ങളും എന്നിവ മാത്രമേ വില്‍ക്കുവാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളു. പുതിയതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമം അനുസരിച്ചു പദവി ശരിയാക്കുന്നതിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍