UPDATES

പ്രവാസം

കുവൈറ്റില്‍ വിദേശികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇനത്തില്‍ ഈടാക്കിയത് 100 കോടി 93 ലക്ഷം ദിനാര്‍

33 ലക്ഷം വിദേശികളാണു ഈ കാലയളവില്‍ താമസ രേഖ സ്റ്റാമ്പ് ചെയ്യുന്നതിനു മുന്നോടിയായി ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചത്.

                       

കുവൈറ്റില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഇനത്തില്‍ ആരോഗ്യമന്ത്രാലയത്തിനു ലഭിച്ചത് 100 കോടി 93 ലക്ഷം ദിനാര്‍. 2003 ജൂലായ് 28 മുതലാണ് വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് ഫീസ് നിര്‍ബന്ധമാക്കിയത്. വര്‍ഷം തോറും താമസ രേഖ പുതുക്കുന്നതിനോടൊപ്പം ഇന്‍ഷുറന്‍സ് ഫീസ് പിരിക്കുന്നതിനായി സ്വകാര്യ സ്ഥാപനം വഴിയാണ് തുക സമാഹരിച്ചത്.

33 ലക്ഷം വിദേശികളാണു ഈ കാലയളവില്‍ താമസ രേഖ സ്റ്റാമ്പ് ചെയ്യുന്നതിനു മുന്നോടിയായി ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചത്. ഈ തുക ആരോഗ്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലാണു നിക്ഷേപിച്ചിരിക്കുന്നത്.ഈ തുക ഉപയോഗിച്ച് വിദേശികള്‍ക്ക് മാത്രമായി അത്യാധുനിക സൗകര്യത്തിലുള്ള ആശുപത്രി നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും നടപ്പായിട്ടില്ല. ഫര്‍വാനിയ, സബാഹ് ഹോസ്പിറ്റല്‍, ജാബിരിയ, ജഹറ, ഫഹാഹീല്‍ എന്നിവിടങ്ങളിലായാണു ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് സമാഹരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ ഈ മാസം 28 മുതല്‍ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ സംവിധാനം ഈ വര്‍ഷം ജനുവരി മുതല്‍ ആരംഭിച്ചിരുന്നുവെങ്കിലും പുറം കരാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയും ഫീസ് സ്വീകരിച്ചു വന്നിരുന്നു. എന്നാല്‍ ഈ മാസം 28 ന് ആരോഗ്യമന്ത്രാലയവുമായുള്ള കമ്പനിയുടെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ, ഇന്‍ഷുറന്‍സ് ഫീസ് സ്വീകരിക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാകും.

Related news


Share on

മറ്റുവാര്‍ത്തകള്‍