UPDATES

ചരിത്രത്തില്‍ ഇന്ന്

1952 ഫെബ്രുവരി 6; ജോര്‍ജ്ജ് ആറാമന്‍ രാജാവ് അന്തരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയായി പ്രഖ്യാപിക്കപ്പെടുന്നു

1953 ജൂണ്‍ രണ്ടിനായിരുന്നു കിരീടധാരണം

                       

1952ന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് കിരീടത്തിന്റെ പരമ്പരാഗത അവകാശികളായ എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും കെനിയ വഴി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും ഒരു യാത്ര നടത്തി. ട്രീടോപ്‌സ് ഹോട്ടലില്‍ ഒരു രാത്രി ചിലവഴിച്ചതിന് ശേഷം 1952 ഫെബ്രുവരി ആറിന് കെനിയയിലെ വീടായ സഗാന ലോഡ്ജില്‍ ദമ്പതികള്‍ മടങ്ങിയെത്തിയപ്പോഴാണ് ജോര്‍ജ്ജ് ആറാമന്‍ രാജാവ് അന്തരിച്ചതായും എലിസബത്തിനെ ഉടനടി രാജ്ഞിയായി വാഴിക്കുമെന്നുമുള്ള വാര്‍ത്ത വരുന്നത്. പുതിയ രാജ്ഞിയെ ഫിലിപ്പ് രാജകുമാരന്‍ വാര്‍ത്ത അറിയിച്ചു. ഔദ്ധ്യോഗികമായ ഒരു പേര് സ്വീകരിക്കാന്‍ രജ്ഞിയോട് ആവശ്യപ്പെട്ടെങ്കിലും എലിസബത്ത് എന്ന് പേരില്‍ തുടരാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ അധികാരപരിധിയിലെല്ലാം എലിസബത്ത് രാജ്ഞിയായി പ്രഖ്യാപിക്കപ്പെടുകയും രാജകീയ സംഘം ഉടനടി യുകെയിലേക്ക് മടങ്ങുകയും ചെയ്തു.

എലിസബത്ത് രാജ്ഞിയും എഡിന്‍ബറോ പ്രഭുവും ബക്കിംഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റി. വിവാഹം കഴിക്കുന്ന ആളുടെ പേര് സ്ത്രീയുടെ പേരിനൊപ്പം ചേര്‍ക്കുന്ന രീതി വെച്ച് എലിസബത്ത് രാജ്ഞി ഭര്‍ത്താവിന്റെ പേരിന്റെ പിന്തുടര്‍ച്ചയായി കൊട്ടാരത്തിന്റെ പേര് ഹൗസ് ഓഫ് മൗണ്ട്ബാറ്റന്‍സ് എന്നാക്കി മാറ്റുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലും എലിസബത്തിന്റെ മുത്തശ്ശിയായിരുന്ന മേരി രാജ്ഞിയും ഹൗസ് ഓഫ് വിന്‍സര്‍ എന്ന പേര് നിലനിറുത്തണമെന്ന ആഗ്രഹം മുന്നോട്ട് വച്ചു. അതനുസരിച്ച് 1952 ഏപ്രില്‍ ഒമ്പതിന് രാജകൊട്ടാരത്തിന്റെ പേര് വിന്‍സര്‍ എന്ന് തന്നെ തുടരുമെന്ന് എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചു. ‘സ്വന്തം മക്കള്‍ക്ക് സ്വന്തം പേര് കൊടുക്കാന്‍ കഴിയാത്ത രാജ്യത്തെ ഒരേ ഒരു പൗരനാണ് ഞാന്‍,’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രഭു തീരുമാനത്തോട് വിയോജിച്ചു. 1953ല്‍ മേരി രാജ്ഞി അന്തരിക്കുകയും 1955ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ രാജിവെക്കുകയും ചെയ്തതിന് ശേഷം 1960ല്‍, രാജകീയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടില്ലാത്ത എലിസബത്തിന്റെയും ഫിലിപ്പിന്റെയും ആണ്‍ മക്കളുടെ പരമ്പരയ്ക്ക് മൗണ്ട്ബാറ്റണ്‍ എന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടുക്കപ്പെട്ടു.

കിരീടധാരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍, തന്നെക്കാള്‍ 16 വയസ്സ് കൂടുതല്‍ ഉള്ളയാളും മുന്‍വിവാഹത്തില്‍ രണ്ട് പുത്രന്മാര്‍ ഉള്ളയാളുമായ പീറ്റര്‍ ടൗണ്‍സെന്റിനെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍ഗരറ്റ് രാജകുമാരി തന്റെ സഹോദരിയെ അറിയിച്ചു. ഒരു വര്‍ഷം കാത്തിരിക്കാനാണ് രാജ്ഞി സഹോദരിയോട് ആവശ്യപ്പെട്ടത്. മാര്‍ട്ടിന്‍ ചാര്‍ട്ടറിസ് ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘രാജ്ഞിക്ക് രാജകുമാരിയുെടെ വികാരങ്ങള്‍ മനസിലാകുമായിരുന്നു. പക്ഷെ, ഒരു വര്‍ഷം കാത്തിരുന്നാല്‍ ബന്ധം ഇല്ലാതാകുമെന്ന് അവര്‍ കരുതി എന്നാണ് ഞാന്‍ അനുമാനിക്കുന്നത്.’ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബന്ധത്തിന് എതിരായിരുന്നു എന്ന് മാത്രമല്ല, വിവാഹമോചനത്തിന് ശേഷമുള്ള വിവാഹത്തെ ബ്രിട്ടീഷ് പള്ളി അംഗീകരിച്ചിരുന്നുമില്ല. ടൗണ്‍സെന്റിമായുള്ള തന്റെ ബന്ധം ഉപേക്ഷിക്കാന്‍ മാര്‍ഗരറ്റ് രാജകുമാരി തീരുമാനിച്ചു. മാര്‍ച്ച് 24ന് മുത്തശ്ശി മേരി രാജ്ഞി അന്തരിച്ചെങ്കിലും അവരുടെ ആഗ്രഹപ്രകാരവും മുന്‍നിശ്ചയത്തിന് അനുസരിച്ചും 1953 ജൂണ്‍ രണ്ടിന് തന്നെ കിരീടധാരണം നടന്നു. വെസ്റ്റ്മിനിസ്റ്റര്‍ അബെയില്‍ നടന്ന ചടങ്ങിലെ തൈലാഭിഷേകവും കൂദാശയും ഒഴികെയുള്ള ചടങ്ങുകള്‍ ചരിത്രത്തില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്യപ്പെട്ടു. രാജ്ഞിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പുഷ്പമുദ്രകള്‍ ആലേഖനം ചെയ്ത വസ്ത്രമാണ് രാജ്ഞി ധരിച്ചത്. ഇംഗ്ലണ്ടിന്റെ ടൂഡര്‍ റോസ്, സ്‌കോട്ട്‌ലന്റിലെ തിസ്‌റ്റെല്‍, വെല്‍സില്‍ നിന്നുള്ള ലീക്, ഐയര്‍ലണ്ടില്‍ നിന്നുള്ള ഷാംറോക്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാറ്റില്‍, കാനഡയില്‍ നിന്നുള്ള മേപ്പിള്‍ ഇല, ന്യൂസിലന്റില്‍ നിന്നുള്ള വെള്ളി ഫേണ്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രോടീ, ഇന്ത്യയില്‍ നിന്നും സിലോണില്‍ നിന്നുമുള്ള താമരകള്‍, പാകിസ്ഥാനില്‍ നിന്നുള്ള ഗോതമ്പ്, പരുത്തി, ചണ പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ ആ കുപ്പായത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരുന്നു.

1952ല്‍ അവര്‍ അധികാരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വിവിധ സ്വതന്ത്ര രാജ്യങ്ങളുടെ ചുമതലയുള്ള വ്യക്തി എന്ന അവരുടെ കടമ സ്ഥാപിക്കപ്പെട്ടിരുന്നു. 1953ല്‍, കരയിലൂടെയും കടലിലൂടെയും വായുവിലൂടെയും 40,000 മൈലുകള്‍ സഞ്ചരിച്ച് 13 രാജ്യങ്ങള്‍ കറങ്ങിയ ഒരു ലോക സഞ്ചാരം രാജ്ഞിയും ഭര്‍ത്താവും കൂടി നടത്തി. ഓസ്‌ട്രേലിയയും ന്യൂസിലന്റും സന്ദര്‍ശിക്കുന്ന ആദ്യത്തെ ചക്രവര്‍ത്തിയും അവരായിരുന്നു. സന്ദര്‍ശനം നടന്ന സ്ഥലങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമായിരുന്നു. ഓസ്‌ട്രേലിയന്‍ ജനസംഖ്യയിലെ മൂന്നിലൊന്ന് ഭാഗവും അവരെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഭരണകാലത്ത് നൂറു കണക്കിന് രാജ്യങ്ങളും സ്ഥലങ്ങളും അവര്‍ സഞ്ചരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഔദ്ധ്യോഗിക സഞ്ചാരങ്ങള്‍ നടത്തിയ രാഷ്ട്രാധിപയാണ് അവര്‍.

Share on

മറ്റുവാര്‍ത്തകള്‍