സ്വന്തം മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി അവരുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ചിന്തിക്കുന്നത് സ്വാഭാവികം. പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പില്‍ക്കാലത്ത് രാഷ്ട്രീയ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത് നാം കണ്ടതുമാണ്. അത്തരത്തില്‍ തന്നെയാണ് കേരളത്തിലെ മാത്രമല്ല, ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞനായ കെ കരുണാകരന്‍ നടപ്പിലാക്കിയത്. തന്റെ മകനായ മുരളീധരനെയും മകളായ പത്മജയെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുകയും പ്രമുഖ സ്ഥാനങ്ങള്‍ കൊടുക്കുവാന്‍ തന്റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. കെ കരുണാകരന്റെ മകന്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണി മൂത്രമൊഴിക്കാന്‍ പോയ സംഭവം കേരള രാഷ്ട്രീയത്തിലെ മായ്ച്ചു കളയുവാന്‍ കഴിയാത്ത ഒരു ഏടാണ്.
ബിജെപി വോട്ടുകളും, വോട്ട് കച്ചവടവും…
മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായി വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ജനാധിപത്യ രാഷ്ട്രത്തിന് ഒരിക്കലും യോജിച്ചതല്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നുള്ള നിലപാടും ശരിയുള്ളതല്ല. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് നേതാവായി വരുന്നതില്‍ ഒരു തെറ്റും പറയുവാനും സാധിക്കില്ല. അത്തരത്തില്‍ വന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ പിതാക്കന്മാരുടെ അനുഗ്രഹത്താല്‍ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം നേടുന്നത് അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദോഷം വരുത്തി വെച്ചിട്ടുണ്ട് എന്നുള്ളത് പില്‍ക്കാല രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്റെ അധപതനത്തിനും ഇത് ഒരു കാരണമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കുറ്റം പറയുവാനും സാധിക്കില്ല.
കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി പലതവണ ജയിച്ചിട്ടുണ്ടെങ്കിലും മകളായ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളതാണ് ചരിത്രം. 2001 ഏപ്രില്‍ 28ന് കേരള കൗമുദിയില്‍ ടി കെ സുജിത്ത് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയം കൂടിയാണ്. കെപിസിസി പ്രസിഡന്റായി കെ മുരളീധരന്‍ ഒരു സ്‌കൂട്ടറില്‍ പോകുന്നതും വീട്ടുമുറ്റത്ത് കളിച്ചിരിക്കുന്ന മകള്‍ പത്മജയെയും ആണ് കാര്‍ട്ടൂണില്‍ കാണുക. വീട്ടുമുറ്റത്ത് ചാരുകസേരയില്‍ ഇരിക്കുന്ന കെ കരുണാകരന്‍ മുറ്റത്ത് വന്നു നില്‍ക്കുന്ന എ കെ ആന്റണിയോട് പറയുകയാണ്: മോന്റെ കാര്യം രക്ഷപ്പെട്ടു. മോളെ എംപി കോഴ്‌സിന് വിടാനാണ് പ്ലാന്‍. പെന്‍ഷന്‍ ആകുമ്പോഴേക്കും കുട്ടികളെ നല്ല നിലയ്ക്ക് ആക്കണല്ലോ…
ഇതേസമയം സംഗമം സംഗമം ത്രിവേണി സംഗമം എന്ന പ്രശസ്തമായ പാട്ട് റേഡിയോയില്‍ നിന്ന് ഉയരുന്നുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനായി കുടുംബ സംഗമം പദ്ധതി ആവിഷ്‌കരിക്കും എന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സുജിത്ത് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി