UPDATES

ഓഫ് ബീറ്റ്

മലയാളത്തിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-86

                       

പോക്കറ്റ് കാര്‍ട്ടൂണുകള്‍ ഒറ്റ കോളത്തില്‍ ഒതുങ്ങുന്നു. പറയേണ്ട വലിയ ആശയം ഒറ്റ വരിയില്‍ ഇവിടെ സാധിപ്പിക്കുന്നു. പോക്കറ്റ് കാര്‍ട്ടൂണിനെ ബോക്‌സ് കാര്‍ട്ടൂണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യകാലത്ത് ഗാഗ് എന്നാണ് ഇത്തരം കാര്‍ട്ടൂണുകള്‍ അറിയപ്പെട്ടിരുന്നത്. പത്രമാധ്യമങ്ങളില്‍ ഇന്ന് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒന്നായി പോക്കറ്റ് കാര്‍ട്ടൂണുകള്‍ മാറിയിട്ടുണ്ട്. പത്രങ്ങളില്‍ ചെറിയ സ്ഥലത്ത് വലിയ സംഭവങ്ങള്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ ലളിതമായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ആകര്‍ഷണം.

‘പോക്കറ്റ് കാര്‍ട്ടൂണ്‍’ എന്ന സങ്കല്‍പ്പം ഇന്ത്യയിലെ മാധ്യമ രംഗത്ത് വളര്‍ന്ന് വരുന്നതിന് മുന്‍പ് തന്നെ, കെ എസ് പിള്ള ദേശബന്ധു എന്ന കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്നു. വേലുച്ചാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് അതേ പേരിലാണ് ദേശബന്ധു ബോക്‌സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്. വേലുച്ചാര്‍ എന്ന ബോക്‌സ് കാര്‍ട്ടൂണ്‍ ദേശബന്ധുവില്‍ എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നില്ല. ചിലപ്പോള്‍ തുടര്‍ച്ചയായും, ഇടവിട്ടുള്ള ദിവസങ്ങളിലും വേലുച്ചാര്‍ പത്രത്തിന്റെ പേജുകളില്‍ സ്ഥാനം നേടിയിരുന്നു. 1955 മുതല്‍ അത് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. വരച്ചിരുന്നത് കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ളയായിരുന്നെങ്കിലും അതിന്റെ കമന്റുകള്‍ മിക്കവാറും പത്ര ഉടമയും സരസനുമായ കെ എന്‍ ശങ്കുണ്ണിപിള്ളയുടേതായിരുന്നു. വിദേശ മാധ്യമങ്ങളില്‍ ഗാഗ് കാര്‍ട്ടൂണുകള്‍ കണ്ട പത്രാധിപര്‍ കെ എന്‍ ശങ്കുണ്ണിപിള്ള താത്പര്യമെടുത്താണ് വേലുച്ചാര്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിന് തുടക്കം കുറിച്ചത്. 1949 ജനുവരി 25ന് ദേശബന്ധുവില്‍ കെ. എസ് പിള്ള വരച്ച ആദ്യത്തെ വേലുച്ചാരാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതാണ് മലയാളത്തിലെ ആദ്യ ബോക്‌സ് കാര്‍ട്ടൂണ്‍.

ഇന്ത്യയും ചൈനയും, നെഹ്റുവും ഇഎംഎസും

1959 ജൂലായ് 19 മുതല്‍ യേശുദാസന്‍ ജനയുഗത്തില്‍ കിട്ടുമ്മാവന്‍ എന്ന പേരില്‍ ബോക്‌സ് കാര്‍ട്ടൂണ്‍ വരച്ച് തുടങ്ങി. തെങ്ങമം ബാലക്യഷ്ണനാണ് കിട്ടുമ്മാവന്‍ എന്ന പേര് നല്‍കിയത്. ഈ കാലത്തായിരുന്നു വിമോചന സമരം കൊടുമ്പിരി കൊണ്ടിരുന്നത്. വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി അതിരൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്റെ തുടക്കം. കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ മറ്റ് പത്രങ്ങളും പോക്കറ്റ് കാര്‍ട്ടൂണുകള്‍ സ്ഥിരമാക്കി. കിട്ടുമ്മാവന്റെ ലളിതമായ നര്‍മ്മ സല്ലാപങ്ങള്‍ ജനങ്ങള്‍ക്ക് എന്നും സംസാരവിഷയമായി. കേരള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത സ്വീകാര്യതയായിരുന്നു കിട്ടുമ്മാവന് ലഭിച്ചത്. മലയാളത്തില്‍ ഒരു കഥാപത്രത്ത വെച്ച് മുടക്കമില്ലാതെ തുടര്‍ച്ചയായി ഏറെ നാള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പോക്കറ്റ് കാര്‍ട്ടൂണ്‍ കിട്ടുമ്മാവനാണ്.

മലയാള മനോരമ 1960 ആഗസ്ത് 2ാം തിയതി രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുകുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുകുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുകുറുപ്പിന്റെ നര്‍മ്മസല്ലാപം വായിക്കുക.’ ഇതായിരുന്നു കുഞ്ചുകുറുപ്പിന്റെ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന് താഴെ എഴുതിയിരുന്നത്. 1960 ഓഗസ്റ്റ് 3ാം തീയതി മലയാള മനോരമയില്‍ ആദ്യത്തെ കുഞ്ചുകുറുപ്പ് പ്രസിദ്ധീകരിച്ചു. അത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് റ്റോംസായിരുന്നു വരച്ചത്. ഉപ്പായി മാപ്ല എന്ന പേരില്‍ കേരളധ്വനിയില്‍ ജോര്‍ജ് കുമ്പനാട് ബോക്‌സ് കാര്‍ട്ടൂണ്‍ വരച്ചു. ഇതിന് പിന്നാലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നാണിയമ്മയും ലോകവും എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ മാത്യഭൂമിയുടെ മുന്‍ പേജുകളില്‍ വന്നു തുടങ്ങി.

Share on

മറ്റുവാര്‍ത്തകള്‍