UPDATES

ട്രെന്‍ഡിങ്ങ്

‘ഹായ് ചെല്ലം’ ബോക്സ്‌ ഓഫീസിൽ വീണ്ടും ഹിറ്റടിച്ച് ഗില്ലി

രജനികാന്ത് ചിത്രത്തെ പിന്നിലാക്കി റി റിലീസ്

                       

വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഒരു ചിത്രം വീണ്ടും റീ റിലീസ് ചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ റിലിസ് ചെയ്ത സൂപ്പർ സ്റ്റാർ ചിത്രത്തിനെയും കടത്തിവെട്ടി വീണ്ടും ബോക്സ്‌ ഓഫീസിൽ ഹിറ്റാവുന്നു. പറഞ്ഞു വരുന്നത് 2014 ൽ റിലീസ് ചെയ്ത വിജയ് ചിത്രം ഗില്ലിയെ കുറിച്ചാണ്. ഗില്ലി വീണ്ടുമെത്തിയപ്പോള്‍ രജനികാന്തിന്റെ പുത്തൻ ചിത്രത്തെയാണ് മറികടന്നിരിക്കുന്നത്. ഗില്ലി’യുടെ റിലീസിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാ​ഗമായാണ് റീറിലീസ്. തമിഴ്‍നാടിനു പുറത്ത്

കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ആകെ 300 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. റി റിലീസിന് ഓപ്പണിംഗില്‍ 11 കോടിയോളം ഗില്ലി നേടി എന്നാണ് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍.

കബഡി താരം വേലുവായി എത്തുന്ന വിജയും തൃഷയുടെ ധനലക്ഷ്മിയെന്ന നായിക കഥാപാത്രവും മുത്തുപാണ്ഡിയായി എത്തിയ പ്രകാശ് രാജിന്റെ വില്ലനിസവും ഇപ്പോഴും  എവർഗ്രീൻ കോമ്പോയായി തുടരുന്നു. മികച്ച പ്രതികരണങ്ങൾക്ക് പിന്നിലെ രഹസ്യവും ഇതാണെന്ന് സമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു. കേരളത്തിലടക്കം ദളപതിക്ക് ശക്തമായ ആരാധക വൃന്ദം ഉണ്ടാകുന്ന സമയം കൂടിയായിരുന്നു ഇത്. അന്ന് സൂര്യയുടെ വാരണം ആയിരം നേടിയെടുത്ത കളക്ഷൻ റെക്കോർഡുകളെയാണ് മറികടന്നതെങ്കിൽ തിരിച്ചു വരവിൽ രജനികാന്തിന്റെ ബാബയും കമൽ ഹാസന്റെ ആളാവന്തനും മറികടക്കാൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ റി റിലിസ് ആരാധകർ ആഘോഷമാക്കുന്ന വീഡിയോ തൃഷയും സമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഒരിക്കൽ കൂടി ബ്ലോക്ക്‌ബസ്റ്ററിലേക്ക് തിരികെ എത്തുന്നുവെന്ന് തൃഷ കുറിക്കുന്നു. വിജയോടൊപ്പമുള്ള ചിത്രം പങ്കുവച്ച പ്രകാശ് രാജ് തന്റെ ഐകോണിക് ഡയലോഗാണ് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.

ഒരിക്കൽ കൂടി തന്റെ ബോക്സ്‌ ഓഫീസ് പ്രഭാവം വ്യക്തമാക്കിയിരിക്കുകയാണ് ദളപതി. വെങ്കട്ട് പ്രഭുവിൻ്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിലാണ് വിജയ്. ചിത്രത്തിൽ ഡബിൾ റോളിലാണ് വിജയ് എത്തുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ എന്നിവരും അഭിനയിക്കുന്ന ചിത്രം സെപ്തംബറിൽ തിയേറ്ററുകളിലെത്തും. 2026-ൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് തൻ്റെ അവസാന പ്രോജക്റ്റ് എന്തായിരിക്കുമെന്ന് അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിദാമുയാർച്ചി, തഗ് ലൈഫ് എന്നീ ചിത്രങ്ങളിലും, തെലുങ്ക് ചിത്രം വിശ്വംഭരയ്ക്ക് പുറമെ റാം, ഐഡൻ്റിറ്റി എന്നീ മലയാള ചിത്രങ്ങളുടെയും ഷൂട്ടിംഗിലാണ് തൃഷ.

Share on

മറ്റുവാര്‍ത്തകള്‍