April 27, 2025 |

ലോകകപ്പിന് അനധികൃത ടിക്കറ്റ് വില്‍പ്പന: എണ്ണൂറിലധികം വെബ്‌സൈറ്റുകളെ റഷ്യ വിലക്കി

ഇത്തരം സൈറ്റുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌മെദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 15 ലക്ഷം റൂബിള്‍ ആണ് ഇത്തരം അനധികൃത വില്‍പ്പന നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്നത്.

ഫുട്‌ബോള്‍ ലോകകപ്പിന് അനധികൃത ടിക്കറ്റ് വില്‍പ്പന നടത്തുന്ന 800ലധികം വെബ്‌സൈറ്റുകള്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തി. 858 സൈറ്റുകളാണ് ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെ നീളുന്ന ലോകത്തെ ഏറ്റവും വലിയ ജനപ്രിയ കായികമേളക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഫിഫ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ വലിയ കാത്തുനില്‍പ്പ് വേണ്ടിവരുന്ന സാഹചര്യത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മറ്റ് സൈറ്റുകള്‍ തേടി പോകുന്നത്.

ഇത്തരം സൈറ്റുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 15 ലക്ഷം റൂബിള്‍ ആണ് ഇത്തരം അനധികൃത വില്‍പ്പന നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്നത്. ഫിഫയില്‍ നിന്നല്ലാതെ ടിക്കറ്റ് നേടിയവരെയൊന്നും കളി കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സുരക്ഷ പരിശോധനയ്ക്ക് ശേഷം നല്‍കുന്ന ഫാന്‍ ഐഡി കാര്‍ഡും കളി കാണാന്‍ പോകുന്നവര്‍ കൂടെ കരുതേണ്ടി വരും. ഫൈനലിനും ജൂണ്‍ 16ന് അര്‍ജന്റീനയും ഐസ്‌ലന്റും തമ്മിലുള്ള മത്സരത്തിനുമുള്ള ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നിട്ടുണ്ട്. ബാക്കി മത്സരങ്ങള്‍ക്ക് ടിക്കറ്റ് ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×