UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സൈറ ബാനു: നീതിക്കും നിയമത്തിനും ഇടയില്‍ രണ്ടു പെണ്ണുങ്ങള്‍

തിരക്കഥയിലെ പുതുമയും വ്യത്യസ്തതയും വലിച്ചുനീട്ടലും എല്ലാം ചേർന്ന് ശ്വാസം മുട്ടിച്ച സിനിമ

                       

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘മൂന്നാമിടം’ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രംഗത്ത് ശ്രദ്ധേയനായ ആളാണ് ആന്റണി സോണി. അദ്ദേഹത്തിൻറെ ഫീച്ചർ സിനിമാ രംഗത്തേക്കുള്ള കാൽവെപ്പാണ് C/o സൈറാ ബാനു. ഒരുകാലത്ത് മലയാളിയുടെ പ്രിയ നടി ആയിരുന്ന അമലയുടെ കാൽനൂറ്റാണ്ട് കഴിഞ്ഞുള്ള മടങ്ങി വരവ് ഈ സിനിമയുടെ ഒരു ആകർഷണമാണ്. മഞ്ജു വാര്യരുടെ ടൈറ്റിൽ കഥാപാത്രത്തോടൊപ്പം കിസ്മത്തിലൂടെ ശ്രദ്ധേയനായ ഷെയിൻ നിഗത്തിന്റെ മുഴുനീള സാന്നിധ്യവും സിനിമയിലുണ്ട്.

പോസ്റ്റ് വുമൺ ആയ സൈറാ ബാനുവും മകനായ ജോഷ്വ പീറ്ററും തമ്മിലുള്ള തീവ്രവും അസാധാരണവുമായ ഇഴയടുപ്പത്തിലൂടെയാണ് കഥ തുടങ്ങുന്നത്. പേരുകൾ തമ്മിൽ സമൂഹം കണ്ടെത്തിയ അന്തരവും രണ്ടു പേരുടെയും പ്രായം ഉണ്ടാക്കുന്ന ആശയ കുഴപ്പങ്ങളും ഇവരെ ബാധിക്കുന്നതേ ഇല്ല. നിയമ വിദ്യാർത്ഥി ആയ ജോഷ്വ ഫോട്ടോഗ്രാഫി വലിയ പാഷൻ ആയി കൊണ്ട് നടക്കുന്നുണ്ട്. ജോഷ്വയുടെ അച്ഛൻ പീറ്റർ ജോൺ മലയാള രമയിലെ ഫോട്ടോഗ്രാഫർ ആയിരുന്നു. അതിപ്രശസ്തയും സമര്‍ത്ഥയുമായ ഹൈക്കോടതി വക്കീൽ ആനി ജോൺ തറവാടി ആയി അമല എത്തുന്നു. യാദൃശ്ചികമായി ആനിയും സൈറാ ബാനുവും തമ്മിൽ ബന്ധപ്പെടേണ്ട ഒരു സാഹചര്യം  ഉണ്ടാവുകയും അതിനെ തുടർന്ന് വിചിത്രമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോകേണ്ടി വരുന്ന ഇരുവരുടെയും ജോഷ്വയുടെയും ജീവിതമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

രണ്ടു സ്ത്രീകൾ മുന്നോട്ട് കൊണ്ട് പോകുന്ന സിനിമ പോപ്പുലർ മലയാളം സിനിമാ മോഡിൽ ഇപ്പോഴും വലിയ വെല്ലുവിളി ആണ്. അമലയുടെ തിരിച്ചു വരവും മഞ്ജു വാര്യരുടെ സാന്നിധ്യവുമെല്ലാം നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടെങ്കിലും തീയറ്ററുകളിൽ ‘ഓ അത്ര ചെറുപ്പമല്ലാത്ത പെണ്ണുങ്ങളുടെ സിനിമ’ എന്നൊരു നിസംഗത ഉണ്ട്.  ആദ്യമായി ചുംബന സമരം ഒരു പാസ് ബൈ റഫറൻസ് മാത്രമല്ലാതെ സിനിമയിൽ വരുന്നുമുണ്ട് C/o സൈറാ ബാനുവിലൂടെ. അത് നിയന്ത്രിക്കുന്ന കഥാപാത്രത്തിന്റെ പേര് അരുന്ധതി എന്നാണ്. അവരുടെ യാതൊരു അനുവാദവുമില്ലാതെ (?) വന്ന ഈ ശ്രദ്ധേയമായ അശ്രദ്ധ നൈതികമല്ല. ന്യായാന്യായ, ശ്ലീലാശ്ലീല വിവക്ഷകൾക്കു പോകാതെ സിനിമയെ മുന്നോട്ട് നയിക്കുന്ന ഒരു സംഭവം മാത്രമായി അതിനെ ഉപയോഗിക്കുന്നു. മലയാള ജനപ്രിയ സിനിമയിലെ ബോധ്യങ്ങൾ വച്ച് നോക്കിയാൽ ഇത് പോലും പോസിറ്റീവ്  ആണെന്ന് പറയാം ഒരർത്ഥത്തിൽ. എന്നാൽ നിയമം, നീതി തുടങ്ങിയവയുടെ പ്രശ്നവത്ക്കരണം ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളിലും എന്ന പോലെ സൈറാ ബാനുവിലും ഉണ്ട്. നിയമം നീതിക്ക് വേണ്ടി നിൽക്കുമോ നീതി നടപ്പാക്കേണ്ടത് നിയമത്തിലൂടെ തന്നെ ആണോ എന്നൊക്കെ മലയാള പടങ്ങളിൽ ഇപ്പോൾ ആവർത്തിച്ചു കേൾക്കുന്നുണ്ട്.

സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി വിഷയ ബാഹുല്യമായിരുന്നു. സൈറാ ബാനുവിന്റെയും ജോഷ്വയുടെയും സ്നേഹം, ആനിയുടെ വ്യക്തി ജീവിതവും തൊഴിലും, ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം, കോടതി നിയമ വ്യവഹാരങ്ങൾ, ന്യായാന്യായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളും സംഭവങ്ങളും സിനിമയിൽ നിരന്തരം സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിനിടക്ക്‌ തിരക്കഥയിലെ പുതുമയും വ്യത്യസ്തതയും വലിച്ചുനീട്ടലും എല്ലാം ചേർന്ന് സിനിമ വല്ലാതെ ശ്വാസം മുട്ടി. പുതുമയും സാധ്യതയും ഉള്ള തിരക്കഥാ ത്രെഡിനെ ഇടയ്ക്കു വച്ച് വലുതും ചെറുതുമായ കാര്യങ്ങൾ കുത്തി നിറച്ചു പലവഴിക്ക് കൊണ്ടുപോകുകയും ചെയ്തു. നിരവധി മാനുഷിക തലങ്ങളിലേക്ക് വികസിക്കാവുന്ന സാധ്യതകൾ ഉള്ള തിരക്കഥയെ ‘നല്ല അമ്മ’, ‘ചീത്ത അമ്മ’ വഴികളിലേക്ക് മാത്രം ചെറുതാക്കി രണ്ടാം പകുതിയിൽ. പ്രശ്നവത്ക്കരിക്കപ്പെട്ട അവസ്ഥകൾ പകുതിയിൽ എങ്ങോട്ടോ വഴിമാറിപോയി.

ചിലരൊക്കെ ശബ്ദമായി വന്നു പോയാൽ പോലും ദൈവികമായ വിവരണം, വർണന ഒക്കെ ആവശ്യമാണ് എന്ന അവസ്ഥ മലയാള സിനിമയുടെ അവസ്ഥയെ കുറിച്ച് ചിലതു പറയുന്നുണ്ട്. 25  വർഷത്തെ അപരിചിതത്വതo അമലയുടെ ഡബ്ബിങ്ങിൽ അസഹനീയമായി മുഴച്ചു നിൽക്കുന്നുണ്ട്. നിയമ സംഹിതകൾക്കുള്ളിൽ പെട്ട് പോകുന്ന സ്ത്രീ, വിശ്വവിഖ്യാതമായ എറിക്ക് ബ്രോക്കോവിച്ചിനെ ഇടക്കൊക്കെ ഓർമിപ്പിച്ചു. പ്രധാന കഥാതന്തു വ്യത്യസ്തമാണെങ്കിലും ആനി ആദ്യം വാദിക്കുന്ന കേസിനും എറിക് ബ്രോക്കോവിച്ചിന്റെ  പ്രത്യക്ഷ സാമ്യം ഉണ്ട്. അനവസരത്തില്‍ വന്നു പോകുന്ന പാട്ടുകൾ സിനിമയുടെ രസംകൊല്ലി ആയാണ് പ്രവർത്തിച്ചത്.

സാമൂഹ്യ പ്രതിബദ്ധത ഉള്ള ക്രൈം/ലീഗല്‍ ത്രില്ലർ വിഭാഗത്തിൽ രണ്ടു സ്ത്രീകളെ ഉപയോഗിച്ചു വ്യത്യസ്തമായ പരീക്ഷണമായിരുന്നു സിനിമയുടെ ഉദ്ദേശം എന്ന് ഇടക്ക് തോന്നാം. പക്ഷെ ഈ ലക്ഷ്യത്തിൽ എത്താൻ ശ്രമിച്ച്, ഇടക്കെവിടെയോ പരാജയപ്പെട്ട്, ഇടക്ക് വഴിമാറി, ചിലപ്പോൾ ലക്ഷ്യത്തിൽ എത്താൻ ശ്രമിച്ച്, ഇഴഞ്ഞു നീങ്ങുന്നു സൈറ ബാനു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍