UPDATES

പ്രമോദ് പുഴങ്കര

കാഴ്ചപ്പാട്

ഫലശ്രുതി

പ്രമോദ് പുഴങ്കര

സംഘപരിവാറിന് വഴി തെറ്റിയിട്ടില്ല

തെരഞ്ഞെടുപ്പുവിജയങ്ങള്‍ ഇല്ലാതിരുന്ന കാലം സംഘപരിവാര്‍ ഉറങ്ങുകയായിരുന്നില്ല.

                       

എന്തുകൊണ്ടാണ് ഹിന്ദി പശുപ്രദേശത്ത് തങ്ങള്‍ ജയിക്കുന്നത് എന്ന് സംഘപരിവാറിന് കൃത്യമായ ധാരണയുണ്ട് എന്നതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കടുത്ത ആര്‍എസ്എസ് പ്രചാരകന്‍മാരും വര്‍ഗീയവൈതാളികരും ബിജെപിയിലൂടെ ഭരണസാരഥ്യത്തിലേക്കെത്തുക എന്നത് സംഘപരിവാറില്‍ അപൂര്‍വ്വതയല്ല. നരേന്ദ്ര മോദി വരെയുള്ളവര്‍ അതിനു ഉദാഹരണങ്ങളാണ്.

പക്ഷേ യോഗിയുടെ കിരീടധാരണം ബി ജെ പി നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ചില കെട്ടുകഥകളെ പൊളിക്കുന്നു എന്നുമാത്രമേയുള്ളൂ. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അത് സംഘപരിവാര്‍ ജയിക്കാനായി മാത്രം കളിക്കുന്ന കളിയായിരുന്നു. മുസ്ലീം വംശഹത്യയെന്ന എക്കാലത്തെയും സംഘസ്വപ്നത്തിന്റെ ഒരു നടത്തിപ്പ് മാതൃക, ഭരണാധികാരിയായി ഇരുന്നു കാണിച്ചുകൊടുത്ത  മോദി, സംഘപരിവാറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വര്‍ഗീയബിംബമായിരുന്നു. മോദിക്കപ്പുറം ഹിന്ദുത്വഭീകരതയില്‍ മുങ്ങിയ ഒരു ഭരണാധികാരിയെ അടുത്ത കാലത്തൊന്നും ഇനി കിട്ടാന്‍ പോകുന്നില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു.

മോദി വരുന്നതുവരെ സംഘപരിവാര്‍ കാത്തിരിക്കുകയല്ല ഉണ്ടായിരുന്നത്. ഒരുപക്ഷേ യൂറോപ്പിലെ നാസി-ഫാഷിസ്റ്റ് അധികാരപര്‍വ്വത്തില്‍ നിന്നും സംഘപരിവാറിനെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളിലൊന്ന് രാഷ്ട്രീയാധികാരം കയ്യാളുന്നതിന് മുമ്പ് അത് നടത്തിയ കൃത്യമായ, അതിദീര്‍ഘമായ, പതിറ്റാണ്ടുകള്‍ നീണ്ട സംഘടനാപരമായ സാമൂഹ്യ പാകപ്പെടുത്തലുകളാണ്. യൂറോപ്പില്‍ ഇത്തരത്തിലൊരു സംഘടനാരൂപം ഉണ്ടായില്ല എന്നല്ല. പക്ഷേ അതിത്ര സുദീര്‍ഘവും വ്യാപകമായ സാമൂഹ്യാടിത്തറയുള്ളതുമായിരുന്നില്ല. ഇറ്റലിയിലും ജര്‍മ്മനിയിലും, മുസോളനിക്കും ഹിറ്റ്ലര്‍ക്കും ഉണ്ടായിരുന്നത് സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളുടെ ചലനനിയമങ്ങളുടെ തുണയായിരുന്നു എങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാനും അതുണ്ടായാല്‍ അതുപയോഗപ്പെടുത്താനുമുള്ള സുസംഘടിതമായ ഒരു സംഘടനരൂപവും അതിന്റെ സാമൂഹ്യമായ സ്വീകാര്യതയും സംഘപരിവാറിന്റെ പ്രത്യേകതയാണ്. 1925-ലാണ് ആര്‍ എസ് എസ് ഉണ്ടാകുന്നത് എന്നോര്‍ക്കണം. അന്നുമുതല്‍ രാഷ്ട്രീയാധികാരത്തിനായി നിരാശാവൈവശ്യമില്ലാതെ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നീറിക്കത്തിയ ഒരു യുദ്ധമാണ്.

അന്നുതൊട്ടിന്നോളം നിരവധിയായ സ്ഥൂല/സൂക്ഷ്മ രാഷ്ട്രീയ പ്രയോഗങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. അത് ഒളിവും മറവുമില്ലാത്ത വര്‍ഗീയലഹളകളും വംശീയ കശാപ്പുകളും തൊട്ട് സാന്ദീപനി/സരസ്വതീ  വിദ്യാലയങ്ങളും രാമകഥ ഗായകരും വരെയാണ്. അങ്ങനെ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ തെരഞ്ഞെടുപ്പ് എന്നത് സംഘപരിവാറിന്റെ ശേഷിയുടെയും ശക്തിയുടെയും പലതിലൊരു ഉരകല്ല് മാത്രമാണ്.

അന്തിമമായി സമഗ്രാധിപത്യ രാഷ്ട്രീയാധികാരമാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം എന്നതില്‍ സംശയമൊന്നുമില്ലെങ്കിലും അതിനിടയിലെ ഇക്കാലങ്ങളില്‍ തെരഞ്ഞെടുപ്പ് വഴിക്കുള്ള രാഷ്ട്രീയാധികാര പരീക്ഷണങ്ങള്‍ക്ക് അവര്‍ എല്ലായ്പ്പോഴും ഒരേ രീതിയിലല്ല ഉത്സുകരായിരുന്നത്. പലപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ആര്‍ എസ് എസിന് ഒട്ടും പ്രതിപത്തിയില്ല എന്ന വ്യാജ പ്രതിച്ഛായ വരെ അവര്‍ സൃഷ്ടിച്ചെടുത്തു. തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര വ്യാപനത്തിനുള്ള മികച്ച ആയുധമല്ല തെരഞ്ഞെടുപ്പുകള്‍ എന്നു തോന്നിയ കാലത്തായിരുന്നു ആര്‍ എസ് എസ് അത്തരത്തില്‍ ഒരു പ്രതിച്ഛായ ഉണ്ടാക്കിയത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വളക്കൂറുള്ള മണ്ണ് ഉണ്ടാക്കിയെടുത്തു എന്നുറപ്പു കിട്ടിയപ്പോള്‍ ഒരു മടിയും കൂടാതെ അവര്‍ കളത്തില്‍ എല്ലാ സന്നാഹങ്ങളോടും കൂടി ചാടിയിറങ്ങുകയും ചെയ്തു.

പക്ഷേ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുവിജയങ്ങള്‍ ഇല്ലാതിരുന്ന കാലം സംഘപരിവാര്‍ ഉറങ്ങുകയായിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ നാനാവിധമായ മേഖലകളില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രോഗാണുക്കള്‍ വളരെ വിദഗ്ദ്ധമായി കുത്തിവെക്കുകയായിരുന്നു. അതുകൊണ്ടാണ് ബി ജെ പി തെരഞ്ഞെടുപ്പ്  വിജയങ്ങള്‍ നേടാതിരുന്ന കാലത്തും ഇന്ത്യയില്‍ വളരെ വിദഗ്ദ്ധമായി വര്‍ഗീയകലാപങ്ങള്‍ ആര്‍ എസ് എസ് നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യയിലെമ്പാടും, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ മുസ്ലീമിനെ അധിനിവേശക്കാരാക്കിയ,  അപരന്മാരാക്കിക്കൊണ്ടുള്ള നിലപാടുകള്‍ക്ക് ഹിന്ദു സമൂഹത്തില്‍ വലിയ എതിര്‍പ്പില്ലാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

ആദ്യം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായല്ല ഇവിടെയൊന്നും സംഘപരിവാര്‍ ചെല്ലുന്നത്. അത് മുസ്ലീം വിരുദ്ധതയും, ഹിന്ദു ആഘോഷങ്ങളെ ആര്‍ എസ് എസ് സംഘടനാ സംവിധാനത്തിന് കീഴിലുള്ള ആഘോഷങ്ങളാക്കി മാറ്റുന്നതിലും, ആദിവാസി മേഖലകളില്‍ അവരെ ഹിന്ദുവത്കരിക്കുന്നതിന് രാമകഥ പാടുന്ന ഗ്രാമീണഗായകരായും ഒക്കെയാണ് അവര്‍ എത്തുന്നത്. ഇങ്ങനെ പല രീതികളിലുള്ള സാമൂഹ്യ ഇടപെടലുകളിലൂടെയാണ് സംഘപരിവാര്‍ നിലനില്‍ക്കുന്നത്. അതായത് തെരഞ്ഞെടുപ്പിലെ തോല്‍വികള്‍ പോലും വരെ കാര്യമായി തളര്‍ത്തുന്നില്ല എന്നാണ്.

വടക്കേ ഇന്ത്യയില്‍ ഏത് സമയത്തും ഉത്തേജിപ്പിക്കാവുന്ന തരത്തില്‍ പൊടിപ്പിച്ചുനിര്‍ത്തിയ ചരിത്രവിദ്വേഷങ്ങള്‍ സംഘപരിവാര്‍ വളരെ കൃത്യമായി ഉപയോഗിക്കും. മുസ്ലീം അധിനിവേശവും, ഇന്ത്യ വിഭജനവും എക്കാലത്തും ഉപയോഗിക്കാവുന്ന, ഏത് കഥയും കൂട്ടിച്ചേര്‍ക്കാവുന്ന ഒരു കേന്ദ്രരാഷ്ട്രീയ പ്രമേയമായി ഹിന്ദുത്വാദികളുടെ കയ്യിലുണ്ട്. അതിലെ പൊള്ളത്തരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇപ്പോഴും വടക്കേ ഇന്ത്യയിലെ, പതിറ്റാണ്ടുകളായുള്ള ആര്‍ എസ് എസ് കൃഷിഭൂമികളില്‍ ജനത്തെ ധ്രുവീകരിക്കാവുന്ന ഒന്നായി ഇത് നിലനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും അവര്‍ ഇതേ തന്ത്രം പയറ്റിയിരുന്നു.

ഇതേ തന്ത്രം തെക്കേ ഇന്ത്യയില്‍ വേണ്ടത്ര ഏശാത്തതും ബിജെപിക്ക് തെക്കേ ഇന്ത്യയില്‍ ആപേക്ഷികമായി നോക്കിയാല്‍ ശക്തിനേടാന്‍ പറ്റാത്തതും ഈ ചരിത്രപരമായ പകയെന്ന ആഖ്യാനം ഇവിടെ ചെലവാക്കാന്‍, അത്തരമൊരു ചരിത്രവുമായി തെക്കേ ഇന്ത്യയെ ബന്ധിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. മുസ്ലീം അധിനിവേശം എന്ന സംഘപരിവാര്‍ ഉണ്ടാക്കുന്ന വ്യാജ ചരിത്രം തെക്കേ ഇന്ത്യയില്‍ വേണ്ടത്ര വിറ്റുപോകാത്തത് ആ ചരിത്രനിര്‍മ്മിതിയില്‍ ഒരിടത്തും തെക്കേയിന്ത്യയെ ബന്ധിപ്പിക്കാന്‍ ആര്‍ എസ് എസിന് ഒരു പഴുതും ഇല്ലാത്തതുകൊണ്ടാണ്. അതോടെ ആര്‍ എസ് എസിന്റെ എക്കാലത്തെയും രണ്ട് പ്രധാന ആഖ്യാനങ്ങളിലൊന്നാണ് പ്രശ്നത്തിലാകുന്നത്.

രണ്ടാമത്തേതാകട്ടെ, ഇന്ത്യാവിഭജനമാണ്. ഒരുകാലത്തും തെക്കേ ഇന്ത്യ, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന അഖണ്ഡ ഭാരത സങ്കല്‍പ്പത്തിലേക്ക് ഭൂമിശാസ്ത്രപരമായും വൈകാരികമായും (ബ്രിട്ടീഷുകാര്‍ക്ക് മുമ്പ്) ഉള്‍ച്ചേര്‍ന്നിരുന്നില്ല. ഇന്ത്യാവിഭജനമൊക്കെ തെക്കേ ഇന്ത്യയെ സംബന്ധിച്ചു കേട്ട കഥ മാത്രമാണ്. ഈ രണ്ട് നിര്‍ണായകമായ ആഖ്യാനങ്ങളിലാണ് ആര്‍എസ്എസ് എക്കാലത്തും മുസ്ലീം അപരനിര്‍മ്മിതി നടത്തിയത്. ഈ ആഖ്യാനങ്ങളുമായുള്ള ചേര്‍ച്ചക്കുറവ് മൂലമാണ് തെക്കേ ഇന്ത്യയിലേക്കുള്ള സംഘപരിവാറിന്റെ രാഷ്ട്രീയാധികാര യാത്രയ്ക്ക് വേണ്ട സാമൂഹ്യമായ നിലമൊരുങ്ങാത്തത്. പക്ഷേ ദേശീയതലത്തിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ബൃഹദാഖ്യാനങ്ങളിലൂടെ ഈ കുറവ് അവര്‍ ഒരു പരിധിവരെ പരിഹരിക്കുകയും അത് വലിയോരളവോളം സാധ്യമാക്കുകയും ചെയ്തേക്കാം. എങ്കിലും ഇപ്പോള്‍പ്പോലും അതൊട്ടും എളുപ്പമല്ല.

അപ്പോള്‍, തെക്കേയിന്ത്യയല്ല, വടക്കേ ഇന്ത്യയാണ്, ഹിന്ദി പശുപ്രദേശമാണ് തങ്ങളുടെ കളിനിലമെന്ന് മറ്റാരേക്കാളും നന്നായി സംഘപരിവാറിനറിയാം. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചത് ഒരു വടക്കേ ഇന്ത്യന്‍ ഹിന്ദുത്വ രാഷ്ട്രീയകക്ഷി എന്ന പ്രതിച്ഛായയില്‍പ്പോലും (അങ്ങനെയല്ല അവരുടെ ഭാവി പരിപാടികള്‍ എന്നുള്ളപ്പോഴും) ബിജെപിക്ക് കേന്ദ്രഭരണം പിടിച്ചെടുക്കാം എന്നതാണ്. ബി ജെ പിക്ക് കേന്ദ്രഭരണം നേടിക്കൊടുക്കാന്‍ വടക്കെ ഇന്ത്യയിലെ സീറ്റുകളുടെ അടിത്തറ മാത്രം മതി.

ഇവിടെക്കുള്ള സംഘപരിവാറിന്റെ അടുത്ത തലമുറയിലെ അന്തകവിത്തായിട്ടാണ് യോഗി ആദിത്യനാഥിനെ അവര്‍ പരീക്ഷിക്കുന്നത്. ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്നത് പരസ്യമായ മുസ്ലീം വിരോധവും ഭൂരിപക്ഷ വര്‍ഗീയതയുടെ, ഹിന്ദുത്വ ഭീകരതയുടെ കായികമായ ഹിംസയുമാണ്. ഏതാണ്ട് ഇതേ രാഷ്ട്രീയാഖ്യാനമാണ് മോദിയും നടത്തുന്നത്. പ്രധാനമന്ത്രി പദം നല്‍കുന്ന സുരക്ഷിതത്വത്തില്‍പ്പോലും തന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മാറ്റിവെക്കാന്‍ മോദി ഒരിയ്ക്കലും തയ്യാറായിട്ടില്ല.

ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സംഘപരിവാറിലെ ചില ഘടകങ്ങളുമായി സംഘടനാപരമായി മോദി അത്ര സുഖത്തിലായിരുന്നില്ല. എന്നാല്‍ 2014-ലെ ദേശീയ തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും തീര്‍പ്പിലെത്തി. ഗുജറാത്തില്‍ ഒരുപക്ഷേ നടക്കുമെങ്കിലും, ഇന്ത്യയൊട്ടാകെ ആര്‍എസ്എസ് ഇല്ലാതെ ഒരു തെരഞ്ഞെടുപ്പുയന്ത്രം ചലിപ്പിക്കാന്‍ മോദിക്കാവില്ല. സംഘപരിവാറിനാണെങ്കില്‍ ദേശവ്യാപകമായി മോദിയോളം ആകര്‍ഷണീയമായി അവതരിപ്പിക്കാവുന്ന ഒരു ഹിന്ദുത്വ മുഖം ഇല്ലായിരുന്നുതാനും. ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പു ചെയ്യാന്‍ എല്ലാ സംവിധാനവും ഒരുക്കിക്കൊടുത്ത ഒരാളെ അവര്‍ക്കെപ്പോഴും കിട്ടണമെന്നില്ല.

തുടര്‍ന്ന് ആര്‍ എസ് എസ് ഉണ്ടാക്കിയ തൊഴില്‍വിഭജനത്തിലെ ഒരു പ്രധാന സംഗതി സാമ്പത്തിക പരിഷ്കരണ രംഗത്ത്, നാട്ടുകാരെ പറ്റിക്കാനായി കൊണ്ടുനടന്നിരുന്ന സ്വദേശി ജാഗരന്‍ മഞ്ച് പോലുള്ള സകല തട്ടിപ്പുകളും ഒരുതരത്തിലുള്ള അലോസരവും ഉണ്ടാക്കില്ലെന്ന് മോദിക്കും അയാളുടെ പ്രായോജകരായ മുതലാളിമാര്‍ക്കും ഉറപ്പുനല്‍കുകയായിരുന്നു. പകരം ആര്‍എസ്എസ് വാങ്ങിയെടുത്ത ഉറപ്പ്, അല്ലെങ്കില്‍ ആര്‍എസ്എസിന്റെ പദ്ധതി, ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യം സൂചിപ്പിച്ച സാമൂഹ്യമായ നിലമൊരുക്കലിന് ഭരണകൂടത്തിന്റെ ഉള്ളഴിഞ്ഞ പിന്തുണയായിരുന്നു. എല്ലാവിധത്തിലും ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി താദാത്മ്യം പ്രാപിച്ച മോദിയെ സംബന്ധിച്ച് അത്തരമൊരു ധാരണ സ്വീകാര്യവുമായിരുന്നു.

ഈ ധാരണയാണ്, ഗോ രക്ഷകരായും തീവ്ര സങ്കുചിത ദേശീയതയുടെ ആക്രോശങ്ങളായും സര്‍വ്വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദുത്വ, ദേശീയത അജണ്ടയുടെ കായികമായ ആക്രമണമായുമെല്ലാം വരുന്നത്. ഈ അജണ്ടയിലൂടെ മാത്രമേ തെരഞ്ഞെടുപ്പ് വിജയത്തെ നിലനിര്‍ത്താനും അവര്‍ക്ക് കഴിയൂ. ഈ തന്ത്രമാണ് ഖബറിസ്ഥാന്‍-ശ്മശാനം, റംസാന്‍-ഹോളി ദ്വന്ദ്വങ്ങളെ പരസ്പരവിരുദ്ധമായ ഹിന്ദുപീഡനത്തിന്റെ ചിത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് മോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചത്. മുസ്ലീം അപരനെന്ന, ഹിന്ദു പീഡകനായ അധിനിവേശ മുസ്ലീമെന്ന പതിറ്റാണ്ടുകളായി ഊട്ടിയുറപ്പിച്ച ഒരു ധാരണയെയാണ് ആവശ്യാനുസരണം സംഘപരിവാര്‍ പൊടിതട്ടിയെടുക്കുന്നത്. ഈ മുസ്ലീം അപരനെ ചൂണ്ടിയാണ്, അത് കാശ്മീരിന്റെ പ്രത്യേകാവകാശങ്ങളായാലും, ഏകീകൃത സിവില്‍ നിയമമായാലും, പാകിസ്ഥാനെതിരായ യുദ്ധവെറിയായാലും സംഘപരിവാര്‍ തെരഞ്ഞെടുപ്പുവിഷയങ്ങള്‍ സൃഷ്ടിക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാത്രത്തിന്റെ ബിംബനിര്‍മ്മിതികളെ അതേ ബിംബങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ചെറുക്കാനാകുമെന്ന രാഷ്ട്രീയബാലാരിഷ്ടത പ്രകടിപ്പിക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തിന് ഈ നിലമൊരുക്കലിന്റെ ചരിത്രം കൂടുതല്‍ വിശദമായി പഠിക്കാവുന്നതാണ്.

ഈ ആഖ്യാനത്തെ ഏറ്റവും ഭംഗിയായി നിറവേറ്റുന്ന ഒരാളെന്ന നിലയ്ക്കാണ് ആദിത്യനാഥിനെ സംഘപരിവാര്‍ കാണുന്നത്. വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയം അവര്‍ പ്രബലമായ അധിനിവേശ മുസ്ലീം, ഇന്ത്യാ വിഭജനം അഥവാ പാകിസ്ഥാന്‍ വിരുദ്ധത എന്ന കാലങ്ങളില്‍ ഇനിയും തളച്ചിടും എന്നുമാണ് ആ സൂചന.

അതായത് ഹിന്ദു രാഷ്ട്രമെന്ന രാഷ്ട്രീയാധികാര അജണ്ടയില്‍ സംഘപരിവാര്‍ വെള്ളം ചേര്‍ക്കുന്നില്ല. വെറും രാഷ്ട്രീയാധികാരമല്ല, വെറും ഭരണനിര്‍വ്വഹണമല്ല, മറിച്ച് ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ അനുബന്ധമായ വിശാല ഹിന്ദു എന്നതിന്റെ ഭൌമരൂപമായ ഇന്ത്യ എന്ന രാജ്യത്തെ വെച്ചുള്ള സങ്കുചിത ദേശീയതയുമായിരിക്കും ആ രാഷ്ട്രീയാധികാരത്തിന്റെ കാതല്‍ എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

മോദി, ആദിത്യനാഥിനേക്കാള്‍ കുറഞ്ഞ വര്‍ഗീയവാദിയായിരുന്നില്ല. എന്നുമാത്രമല്ല, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം വംശഹത്യയ്ക്കും അയാളാണ് മേല്‍നോട്ടം വഹിച്ചത്. അതുകൊണ്ട് വര്‍ഗീയതയുടെ ആള്‍രൂപ സൂചന ഇതാദ്യമല്ല. പക്ഷേ ആദിത്യനാഥ് വരുമ്പോള്‍ തെളിയുന്ന കാര്യം മൂലധന ഭീകരതയുടെ വികസനമെന്ന  മറപിടിച്ചല്ല ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് സംഘപരിവാര്‍ മുഖ്യമന്ത്രിയെ നിയമിച്ചത് എന്നാണ്.

2024-ലേക്ക് ആദിത്യനാഥാകണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് സംഘപരിവാര്‍ തീരുമാനിച്ചു എന്ന് ഇപ്പോള്‍ പറയുന്നത് അല്പം നേരത്തെയാകും. പക്ഷേ ഒന്നുറപ്പാണ്, സുഗമമായ അധികാരക്കൈമാറ്റത്തിനുള്ള ഒരു മാര്‍ഗരേഖ സംഘപരിവാര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് വിജയിക്കുമോ എന്നത് വേറൊരു ചോദ്യമാണ്.

ബാബറി മസ്ജിദ് തകര്‍ത്തിടത്ത് അമ്പലം പണിയണോ എന്ന കാര്യത്തില്‍ ഇനി മധ്യസ്ഥ ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറയുന്നത് ഒട്ടും നിഷ്ക്കളങ്കമായ നീതിബോധമായല്ല ഞാന്‍ കാണുന്നത്. ഒന്നുകില്‍ സംഘപരിവാറിന്റെ ഹിന്ദുത്വത്തെ സ്വാംശീകരിച്ച്, അല്ലെങ്കില്‍ രണ്ടാംകിട പൌരന്മാരായി ജീവിക്കാം എന്ന ഗോള്‍വാര്‍ക്കറുടെ ഭീഷണി കൂടുതല്‍ പ്രബലമാവുകയാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ദിനംപ്രതി ദുര്‍ബ്ബലമാകുന്ന, മൂലധന ഭീകരതയുമായി ഒരുവിധത്തിലുള്ള തര്‍ക്കങ്ങള്‍ക്കുമില്ലാത്ത മുഖ്യധാര ഇടതുപക്ഷത്തെപ്പോലും സംഘപരിവാര്‍ അവഗണിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകളെ സര്‍വകലാശാലകളില്‍ നിന്നും പൊതുസംവാദ മണ്ഡലങ്ങളില്‍ നിന്നും ഓടിക്കുകയാണ് തങ്ങളുടെ പരിപാടിയെന്ന് സംഘപരിവാര്‍ പരസ്യമായി നിലപാടെടുത്തിരിക്കുന്നു. ജെഎന്‍യുവിലും, ഡല്‍ഹി സര്‍വ്വകലാശാലായിലും നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ ഇടതുപക്ഷത്തിനെതിരായിരുന്നു.

മുന്‍കാലങ്ങളില്‍ തങ്ങളുടെ സാമൂഹ്യമായ ഹിന്ദുത്വ നിലമൊരുക്കല്‍ വേണ്ടത്ര പാകപ്പെടാത്ത സമയത്ത് ആര്‍ എസ് എസ് ഇടതുപക്ഷ/ഉദാര ജനാധിപത്യ ധാരയിലുള്ള സമരങ്ങളോട് വരെ ചേര്‍ന്നുനില്‍ക്കാനുള്ള കൌശലം കാണിച്ചിട്ടുണ്ട്. 1974-ലെ റെയില്‍വേ പണിമുടക്കും, 1974-75-ലെ ജെ.പി മുന്നേറ്റവും, വി പി സിംഗിന്റെ (1989) അഴിമതിവിരുദ്ധ/കോണ്‍ഗ്രസ് വിരുദ്ധ പടനീക്കവുമെല്ലാം ആര്‍ എസ് എസ് കൌശലപൂര്‍വം ഉപയോഗിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ ഉത്തരത്തിലുള്ള നാട്യങ്ങളൊന്നും അത്ര ആവശ്യമില്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി എന്ന ആത്മവിശ്വാസം സംഘപരിവാറിന് തോന്നുന്നു എന്നാണ് യോഗി ആദിത്യനാഥ് എന്ന മതവെറിയനായ ഹിന്ദുത്വ ഭീകരവാദിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ തെളിയുന്നത്. ഈ ആത്മവിശ്വാസത്തെ നേരിടാന്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന പല രാഷ്ട്രീയ ഘടകങ്ങളും ഇന്ന് ദുര്‍ബ്ബലമാണ് എന്നത് വലിയ ആശങ്ക ഉണ്ടാക്കണം. സത്താപരമായി അനിവാര്യമായ അസ്തിത്വ പ്രതിസന്ധി നേരിടുന്ന സ്വത്വരാഷ്ട്രീയവും, മൂലധന താത്പര്യങ്ങളുമായി കൈകോര്‍ക്കുകയും ജനാധിപത്യപരമായ സംഘടനാസംവിധാനങ്ങളിലേക്ക് പുതുക്കാന്‍ കഴിയാതെയും മാഞ്ഞുപോകുന്ന ഇടതുപക്ഷവും സംഘപരിവാറിന്റെ ആത്മവിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കുന്നു.

തെരഞ്ഞെടുപ്പുകളിലൂടെയുള്ള രാഷ്ട്രീയാധികാരം എന്നതിനപ്പുറം സാമൂഹ്യമായ ദീഘകാലാസ്തിത്വം കൈവരിക്കുന്ന ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്രയുടെ നിര്‍ണായകമായ സ്ഥാനാരോഹണമാണ് യോഗി ആദിത്യനാഥിന്റേത്. തെരഞ്ഞെടുപ്പുകള്‍ക്കപ്പുറത്താണ് അതിനെതിരായ പോരാട്ടവുമെന്നതാണ് മതേതര, പുരോഗമന രാഷ്ട്രീയത്തിനുള്ള സൌകര്യവും വെല്ലുവിളിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍