UPDATES

താംബെ കൊല്ലപ്പെടുമ്പോള്‍ വീണ്ടും ഓര്‍മിക്കപ്പെടുന്ന സരബ്ജിത്

സരബ്ജിത് സിംഗ്; ഒരു കറുത്ത അധ്യായത്തിലെ സുപ്രധാന മുഖം

                       

ചാരന്‍ എന്നാരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ച സരബ്ജിത് സിംഗിനെ ജയിലില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീന്‍ സര്‍ഫറാസ് താംബയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അനുയായി കൂടിയായ അമീറിനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് ഞായറാഴ്ച്ച തോക്കിന് ഇരയാക്കിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

ആരായിരുന്നു സരബ്ജിത് സിംഗ്?

1990 ഓഗസ്റ്റിലാണ് സരബ്ജിത് സിംഗിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. അന്ന് 27 വയസുണ്ടായിരുന്ന സരബ്ജിത് മദ്യപിച്ച് അബോധാവസ്ഥയില്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നാണ് ഇന്ത്യ ഈ അറസ്റ്റിനോട് പ്രതികരിച്ചത്. 14 പാക്കിസ്ഥാനികളുടെ മരണത്തിന് ഇടയാക്കിയ ഫൈസലാബാദ്, മുള്‍ത്താന്‍, ലാഹോര്‍ എന്നിവിടങ്ങളിലെ നാല് ബോംബ് സ്ഫോടനങ്ങളാണ് സരബ്ജിത്തിന്റെ മേല്‍ ചുമത്തപ്പെട്ടത്. ഇതിന്റെ പേരില്‍ വധശിക്ഷയും വിധിച്ചു.

2013 ഏപ്രില്‍ 26-ന് കോട് ലോക്പത് ജയിലില്‍ വച്ച് താംബെയുടെ നേതൃത്വത്തിലുള്ള സഹതടവുകാരുടെ മര്‍ദ്ദനമേറ്റ സരബ്ജിതിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ലാഹോറിലെ ജിന്നാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സരബ്ജിതിനെ മുതിര്‍ന്ന ന്യൂറോസര്‍ജന്മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്. പക്ഷേ മെയ് രണ്ടിന് സരബ്ജിത് സിംഗ് മരിച്ചു. തുടര്‍ന്ന് സരബ്ജിതിന്റെ കുടുംബം മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചെയ്തു.

സരബ്ജിതിനെ പാക് ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സഹോദരി നടത്തുന്ന ശ്രമങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് സരബ്ജിത്. ഐശ്വര്യ റായ്‌ ആണ് സഹോദരി ദല്‍ബീര്‍ കൗറിന്റെ വേഷത്തില്‍ അഭിനയിച്ചത്.

ഒരു കറുത്ത അധ്യായത്തിലെ സുപ്രധാന മുഖം

സര്‍ സിറില്‍ റാഡ്ക്ലിഫ് മേശപ്പുറത്ത് നിവര്‍ത്തിയിട്ട ഭൂപടത്തില്‍ രാജ്യതിര്‍ത്തികള്‍ വേര്‍തിരിച്ച് കോറിയിട്ട വരകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണീരുണങ്ങാത്ത പ്രദേശമായി മാറുമെന്ന് അന്ന് ചിന്തിച്ചിരിക്കില്ല. യഥാര്‍ത്ഥ ഭൂപ്രദേശത്ത് എത്തിയപ്പോള്‍ കടലാസിലെ ഈ മഷിപ്പാടിന് മാത്രം അഞ്ച് കിലോമീറ്റര്‍ വരെ വീതിയുണ്ടായി. ഗ്രാമങ്ങളുടെ നടുവിലൂടെ, കൃഷിയിടങ്ങളെ രണ്ടാക്കി, വീടുകള്‍ക്ക് അകത്ത് കൂടിയാണ് വര കടന്ന് പോയത്.

എരിഞ്ഞ് നിന്നിരുന്ന വര്‍ഗീയാഗ്നിക്ക് മേല്‍ ഈ വരകള്‍ എണ്ണയായി. വരകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പവും വര്‍ഗീയതയും കൂട്ടുപിണഞ്ഞ ഇന്ത്യാ-പാക് ബന്ധത്തില്‍ അധികം ചര്‍ച്ചചെയ്യപ്പെടാത്ത ഒരു കറുത്ത അധ്യായത്തിലെ ഏറ്റവും പ്രശസ്തനായ മുഖമായിരിക്കും സരബ്ജിത് സിംഗ്.

മദ്യലഹരിയില്‍ സരബ്ജിത്ത് അതിര്‍ത്തി കടന്നതാണെന്ന ഇന്ത്യയുടെ വാദവും ബോംബ് സ്ഫോടനത്തിന് എത്തിയ ഇന്ത്യന്‍ ചാരനാണെന്ന പാകിസ്ഥാന്റെ മറുവാദവും തല്‍ക്കാലം നമുക്ക് മാറ്റിനിര്‍ത്താം. അയല്‍രാജ്യത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമായി രണ്ട് രാജ്യത്തേയും സുരക്ഷാ എജന്‍സികള്‍ ചെറുപ്പക്കാരെ അതിര്‍ത്തികടത്തി വിടാറുണ്ട് എന്നത് പകല്‍പോലെ സത്യം. സുരക്ഷാ ഏജന്‍സികള്‍ കൊടുക്കുന്ന തുച്ഛമായ വരുമാനത്തിനു വേണ്ടിയാണ് ജീവനും കൈയില്‍പിടിച്ച് ഇവരുടെ യാത്ര. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നിന്ന് അപ്പുറവും ഇപ്പുറവും കടന്ന് പോയ ആളുകള്‍ ഇന്ത്യയിലേയും പാകിസ്ഥാനിലേയും തടവറയില്‍ കഴിയുന്നുണ്ട്. ഇവരെക്കുറിച്ച് സ്വന്തം വീട്ടില്‍പോലും ചര്‍ച്ചചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് ഭയമാണ്.

വാസ്തവുമായി പുലബന്ധം പോലുമില്ലാത്ത വിവരം വിറ്റ് കാശാക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്, അതിര്‍ത്തി കടന്ന് വരുന്ന ലഹരി വില്‍പനക്കാര്‍, കള്ളക്കടത്ത് നടത്തുന്നവര്‍…എന്നിങ്ങനെ പോകുന്നു ഇവരുടെ പട്ടിക. ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുന്ന വിവരങ്ങളും ഇവര്‍ കൈമാറാറുണ്ട് എന്നത് മറ്റൊരു കാര്യം. വളരെ ചുരുക്കമായി മാത്രമാണ് ഇപ്രകാരം സംഭവിക്കുന്നത്.

ശാസ്ത്രീയമായ ചട്ടക്കൂട് നിര്‍മിച്ച് രഹസ്യാന്വേഷണരംഗത്തെ അടിമുടി മാറ്റിപണിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. തെക്കേ ഏഷ്യയെ കൈപ്പിടിയില്‍ മുറുക്കിപിടിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ രഹസ്യാന്വേഷണത്തിന്‌ പുതിയ മുഖം നല്‍കിയത്. മധ്യ ഏഷ്യക്ക് വേണ്ടി റഷ്യയും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മില്‍ നടന്ന ഗ്രേറ്റ് ഗെയിം കാലത്ത് ഇങ്ങനെയൊക്കെയെുള്ള ചാരപ്രവര്‍ത്തനം അനിവാര്യമായിരുന്നു. ടെന്നീസ് ബോളിന്റെ ചിത്രം ഒപ്പിയെടുക്കാന്‍ സാധിക്കുന്ന സാറ്റലൈറ്റുകളും പൈലറ്റില്ലാതെ മണിക്കൂറോളം പറന്ന് നടക്കാന്‍ കഴിയുന്ന യു.എ.വികളുടേയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഒളിഞ്ഞ് നോട്ടത്തിന് മനുഷ്യജീവിയെ ഉപയോഗിക്കേണ്ടതുണ്ടോ?

ദേശതാല്‍പര്യങ്ങളെന്ന പേരില്‍ തീവ്രവാദം ഉപയോഗിച്ചത്തിന്റെ ഫലം ചോരപ്പുഴയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച സ്ഥലമാണ് നമ്മുടേത്. ഇനിയും ഇതാവര്‍ത്തിക്കാനാണ് ഉദ്ദേശമെങ്കില്‍ ഫലം മറ്റൊന്നാകില്ല. വിഷം വമിക്കുന്ന പേരാട്ടം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും പക്വതയുള്ള രാജ്യങ്ങളായി മാറണം. ടി.വി.ചാനലുകളിലെ ഒമ്പത് മണി ചര്‍ച്ചയില്‍ പരസ്പരം ചെളിവാരിയെറിയുന്നത് ഒന്നിനും പരിഹാരമാകില്ല. രാജ്യത്തിന്റെ ഉള്ളിലേക്ക് നോക്കി പട്ടിണിയും നിരക്ഷരതയും തുടച്ച് നീക്കാനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുകയാണ് വേണ്ടത്.

Share on

മറ്റുവാര്‍ത്തകള്‍