ആകാരം കൊണ്ടും ജീവിതരീതി കൊണ്ടും മറ്റു ജീവികളില്‍ നിന്ന് ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ജീവിയായ ആന മനുഷ്യന് എന്നും കൗതുകക്കാഴ്ചയാണ്. മനുഷ്യന്റെതു പോലെ ആനയുടെയുടെ പരിണാമ ചരിത്രവും രസകരമാണ്. ആനയുടെ പൂര്‍വ്വികരും ഉത്ഭവിച്ചത് ആഫ്രിക്കയിലാണെന്നാണ് കരുതപ്പെടുന്നത്. അവരുടെ പിന്‍ഗാമികളായ മാമോത്തുകള്‍ മറ്റു പല ഭൂഖണ്ഡങ്ങളിലേക്കും ചേക്കേറി. ഈ പരിണാമ ഘട്ടത്തില്‍ കരയിലെ മൃഗങ്ങളില്‍വെച്ച് ഏറ്റവും വലിയ തലച്ചോറും അവര്‍ക്ക് ലഭിച്ചു. മനുഷ്യന്റെ തലച്ചോറ് 1.4 കിലോഗ്രാം ഭാരം വരുമ്പോള്‍ ആനയുടെത് അത് 5 കിലോഗ്രാം ആണ്.
ആനയുടെ തലച്ചോറിനു ഇത്രയും തൂക്കം വരാന്‍ കാരണമെന്താണ്? ചെറിയ തലച്ചോറുണ്ടായിരുന്ന ആദ്യകാലങ്ങളില്‍ നിന്നും വലിയ തലച്ചോറുകളുള്ള ആധുനിക ആനകളിലേക്ക് എത്തിയതെങ്ങിനെയാണ്. പുതിയ പഠനത്തിലൂടെ നമ്മുടെ അറിവിലുണ്ടായ ഏകദേശം 30 ദശലക്ഷം വര്‍ഷം നീണ്ടുനിന്ന വിടവ് നികത്തപ്പെടുകയാണ്.
ദക്ഷിണാഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ആറുവര്‍ഷം ചെലവഴിച്ചാണ് ആനകളുടെ വംശത്തിലെ മസ്തിഷ്‌ക പരിണാമത്തിന്റെ ആദ്യത്തെ കൃത്യമായ സമയരേഖ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ആനകളുടെ തലച്ചോറ് വലുതാകാന്‍ പ്രധാന കാരണമായതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥയിലെ ഒരു മാറ്റം, മറ്റ് പാരിസ്ഥിതിക തടസ്സങ്ങള്‍, പുതിയ എതിരാളികളുടെയും വേട്ടക്കാരുടെയും ഉത്ഭവം തുടങ്ങി ആനകളുടെ തലച്ചോറിനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുള്ള നിരവധി ഘടകങ്ങളുണ്ട്. ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍’ ഈ പഠനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വളരെക്കാലമായി നിലനില്‍ക്കുന്ന ശാസ്ത്ര രഹസ്യം പരിഹരിക്കുക മാത്രമല്ല ഈ കണ്ടെത്തലിലൂടെ ചെയ്തിരിക്കുന്നത്. നിലവിലെ കാലാവസ്ഥാ പ്രതിസന്ധിയുമായി ആധുനിക ജീവിവര്‍ഗ്ഗങ്ങള്‍ എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് മനസിലാക്കാനുള്ള ഒരു മാര്‍ഗംകൂടെയാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.