ചന്ദ്രനില്‍ കാല് കുത്തിയവരില്‍ നാലാമതായി ചരിത്രത്തില്‍ ഇടം പിടിച്ചത് അലന്‍ ബീന്‍. ചന്ദ്രനില്‍ കാല് കുത്തിയിട്ടുള്ള ലോകത്തെ 12 മനുഷ്യരില്‍ ഒരാളാണ് ബീന്‍.
ചന്ദ്രനില്‍ നടന്ന നാലാമത്തെ മനുഷ്യനും നാസയുടെ ബഹിരാകാശ പര്യവേഷകനുമായ അലന്‍ ബീന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് യുഎസിലെ ഹൂസ്റ്റണിലാണ് അന്ത്യം. ആദ്യ ചാന്ദ്ര ദൗത്യ സംഘത്തിന്റെ അപ്പോളോ 11 ദൗത്യത്തിന് ശേഷം രണ്ടാമത്തെ ദൗത്യ വാഹനമായ അപ്പോളോ 12ലാണ് അലന്‍ ബീന്‍ ചന്ദ്രനിലിറങ്ങിയത്. ആദ്യ മൂന്ന് സംഘാംഗങ്ങളില്‍ നീല്‍ ആംസ്‌ട്രോംഗും എഡ്വിന്‍ ആല്‍ഡ്രിനുമാണ് (ബുസ് ആല്‍ഡ്രിന്‍) ചന്ദ്രനില്‍ ഇറങ്ങി നടന്നത്. രണ്ടാം ദൗത്യത്തില്‍ ആദ്യം ചന്ദ്രനില്‍ കാല് കുത്തിയത് പെറ്റെ കോണ്‍റാഡ് – ചന്ദ്രനില്‍ കാല് കുത്തിയ മൂന്നാമന്‍. നാലാമതായി ചരിത്രത്തില്‍ ഇടം പിടിച്ചത് അലന്‍ ബീന്‍. ചന്ദ്രനില്‍ കാല് കുത്തിയിട്ടുള്ള ലോകത്തെ 12 മനുഷ്യരില്‍ ഒരാളാണ് അലന്‍ ബീന്‍.
31 മണിക്കൂര്‍ ചന്ദ്രനില്‍ ചിലവഴിച്ചതടക്കം 69 ദിവസം അലന്‍ ബീന്‍ ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. നീല്‍ ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചന്ദ്രനില്‍ കാല് കുത്തിയതിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് അലന്‍ ബീനും സംഘവും അപ്പോളോ 12ല്‍ ചന്ദ്രനിലെത്തുന്നത്. അപ്പോളോ 11ല്‍ മൈക്കിള്‍ കോളിന്‍സ് ആണ് വാഹനത്തെ നിയന്ത്രിക്കുന്ന ചുമതല നിര്‍വഹിച്ചതെങ്കില്‍ അപ്പോളോ 12ല്‍ റിച്ചാര്‍ഡ് ഗോര്‍ഡണായിരുന്നു ഈ ചുമതല. തുടക്കം കുഴപ്പം പിടിച്ചതായിരുന്നെങ്കിലും ദൗത്യം വിജയമായിരുന്നു. വിക്ഷപണത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ റോക്കറ്റിനെ മിന്നല്‍പ്പിണര്‍ ആഘാതമേല്‍പ്പിച്ചു. എന്നാല്‍ സംഘം വിജയകരമായി ചന്ദ്രനിലെത്തി. 1973ല്‍ ആദ്യ യുഎസ് സ്‌പേസ് സ്റ്റേഷന്‍ സ്‌കൈ ലാബിലേയ്ക്കുള്ള സെക്കന്റ് ക്രൂവിന്റെ കമാന്‍ഡറായിരുന്നു അലന്‍ ബീന്‍. ആ ദൗത്യത്തിന്റെ ഭാഗമായി 59 ദിവസവും 24.4 മില്യണ്‍ മൈല്‍ ദൂരവും അലന്‍ ബീന്‍ ഭൂമിയെ വലം വച്ചു. ആ സമയത്ത് അത് റെക്കോര്‍ഡ് ആയിരുന്നു.
വായനയ്ക്ക്: https://goo.gl/3cb1SE