തന്റെ മുന്‍പില്‍ വച്ച് മുകളില്‍ നിന്ന് താഴേക്ക് വീണ ആപ്പിള്‍ ‘എന്തുകൊണ്ട് താഴേക്കു തന്നെ വീണു? എന്തുകൊണ്ട് മുകളിലേക്ക് പോയില്ല?’ എന്ന ചിന്തയും സംശയവും മനസ്സില്‍ ഉണ്ടായതും അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതുമാണ് സര്‍ ഐസക്ക് ന്യൂട്ടണ്‍ എന്ന ശാസ്ത്ര പ്രതിഭയുടെ ‘ചലന നിയമങ്ങള്‍’ ശാസ്ത്ര ലോകത്തിനു സംഭാവന ലഭിക്കാന്‍ കാരണമായത്. തന്റെ ലണ്ടനിലേക്കുള്ള യാത്രയില്‍ മഹാസമുദ്രത്തിന്റെ നീല നിറം എന്തുകൊണ്ട്? എന്ന മനസ്സില്‍ വന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തലാണ് ‘രാമന്‍പ്രഭാവം’ തെളിയിക്കാനും അതിലൂടെ നോബല്‍ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവരാനും സര്‍ സി.വി. രാമന് സാധിച്ചത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നമ്മുടെ മനസിലും ഇത്തരം സംശയങ്ങള്‍ ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അതിനു കുറവ് സംഭവിച്ചിട്ടുണ്ടോ?
ശാസ്ത്രം എന്നാല്‍ എന്താണ്? ശാസ്ത്രാവബോധത്തിന് ജീവിതത്തിലെ പ്രാധാന്യം എന്ത്? ശാസ്ത്രത്തില്‍ എല്ലാം സത്യമാണോ? സത്യമായത് ശാസ്ത്രീയമായി തെളിയിക്കുന്നതെങ്ങനെ? പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ എങ്ങിനെയെല്ലാം നടക്കുന്നു? ഇത്തരത്തില്‍ ഒരു ചോദ്യമല്ല ഒരായിരം ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ നിങ്ങളുടെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാകാം. അത്തരം ചോദ്യങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങള്‍ക്ക് പാഠപുസ്തകത്തില്‍ നിന്നോ അദ്ധ്യാപകരില്‍ നിന്നോ ഉത്തരം ലഭിച്ചിരിക്കുകയില്ല. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കരുത് എന്നും അവയുടെ ഉത്തരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇനിയും ചോദ്യം ചോദിക്കണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ആവശ്യപ്പെടുക മാത്രമല്ല അവയ്ക്കുള്ള ഉത്തരം കണ്ടെത്താനുള്ള വേദി തന്നെ ശാസ്ത്ര രംഗം ശാസ്ത്ര ജാലകം എന്ന പദ്ധതിയിലൂടെ ഇന്ത്യയില്‍ ആദ്യമായി ഒരുക്കിതന്നിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ദൂരം പിന്നിട്ട് ന്യൂ ഹോറിസോൺസ്: ചിത്രങ്ങൾ അയച്ചു തുടങ്ങി
വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ(SIET) നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ‘ശാസ്ത്രം അറിയാന്‍ ശാസ്ത്ര ജാലകം’ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലയിലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. 1650 വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലയിലെ തിരഞ്ഞെടുത്ത പ്രമുഖ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ശാസ്ത്രവുമായി സംബന്ധിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുത്തു. കേരളത്തില്‍ 39 കേന്ദ്രങ്ങളിലായി നടന്ന ത്രിദിന ശില്പശാലയില്‍ 840 പെണ്‍കുട്ടികളും 810 ആണ്‍കുട്ടികളും പങ്കെടുക്കുകയുണ്ടായി. കാസര്‍ഗോഡ്, വയനാട്, പോലുള്ള ജില്ലകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം 90 ശതമാനത്തില്‍ കൂടുതലായിരുന്നു. എല്ലാ ജില്ലകളിലും മൂന്ന് ക്യാമ്പ് വീതം സംസ്ഥാനത്ത് 42 ക്യാമ്പാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പ് ചേര്‍ന്നുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രവബോധവും, ശാസ്ത്രീയ ചിന്ത രീതിയും വളര്‍ത്താന്‍ വിഭാവനം ചെയ്യുന്ന പദ്ധതി ഇത്തരത്തില്‍ രാജ്യത്താദ്യമാണ്.
സംവാദ വിഷയങ്ങള്‍
ശാസ്ത്രവബോധം വളര്‍ത്താന്‍ വിദ്യാര്‍ത്ഥികളില്‍ പ്രധാനമായി വേണ്ട കാര്യം അവരുടെ ശാസ്ത്രവുമായി സംബന്ധിക്കുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക എന്നുള്ളതാണ്. അതിനാല്‍ അത്തരം വിഷയങ്ങള്‍ ത്രിദിന ശില്പശാലയുടെ പ്രധാന ചര്‍ച്ചയായി മാറണം. ശാസ്ത്രം എന്നും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതുതലമുറ പഠിക്കേണ്ടിയിരിക്കുന്നു. അത്തരം ചിന്താരീതി ഇല്ലാത്തതിനാല്‍ അന്ധവിശ്വാസവും അനാചാരവും സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതിനെതിരെയുള്ള ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ശാസ്ത്ര ജാലകം ത്രിദിന ശില്പശാലയില്‍ ക്ലാസ്സുകളും, പരീക്ഷണങ്ങളും സംഘടിപ്പിച്ചിരുക്കുന്നത്. ഓരോ സയന്‍സ് വിഷയങ്ങളിലും അടിസ്ഥാന ശാസ്ത്രത്തെ പ്രതിപാദിക്കുന്ന വിഷയ സംബന്ധമായ ക്ലാസുകള്‍, ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ പുതിയ കണ്ടെത്തലുകള്‍ ഇതെല്ലാം മനുഷ്യനു ഉപകാരപ്രദമായി രീതിയില്‍ കുട്ടികളുടെ മനസിലൂടെ വിവിധ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ശാസ്ത്ര മേഖലയിലെ പുതിയ കണ്ടെത്തലുകളെ കുറിച്ചുള്ള സംശയങ്ങള്‍ കുട്ടികള്‍ക്ക് ചോദിക്കാനും അവരെ ഉത്തരം കണ്ടെത്താനും അത്തരം വിഷയം കൂടുതല്‍ അവരുടെ ഭാവി ജീവിതത്തിലും തൊഴില്‍ സമ്പാദനത്തിനും ഉതകുന്ന രീതിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്രത്തിന്റെ നൂതന സാങ്കേതിക വിദ്യകളായ നാനോ ടെക്‌നോളജി, ഫോട്ടോണിക്‌സ്, ജനിതക സാങ്കേതിക വിദ്യ തുടങ്ങിയവയും ഭക്ഷ്യ വസ്തുകളിലെ മായം കണ്ടെത്തല്‍, രക്ത ഗ്രൂപ്പ് പരിശോധനകള്‍ വിദ്യാര്‍ഥികള്‍ സ്വയം ചെയ്യല്‍, വാനനിരീക്ഷണം എന്നിവയുമുണ്ടായി. വൈകുന്നേരങ്ങളില്‍ തയ്യാറാക്കിയ സാംസ്‌കാരിക സദസ്സും സാമൂഹിക സാംസ്‌കാരിക കാഴ്ചപ്പാടോടെ ജീവിക്കാനുള്ള പരിശീലനം ലക്ഷ്യംവച്ച് കൊണ്ടായിരിന്നു.
സംഘാടനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ(SIET) നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയുണ്ടായി. സംസ്ഥാന തലത്തില്‍ 20000 വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുത്തു. രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തിയത്. അതില്‍ നിന്ന് ഓരോ ജില്ലയില്‍ നിന്ന് മുന്നിലെത്തിയ 150 കുട്ടികളെ തിരഞ്ഞെടുക്കുകയും അത്തരത്തില്‍ തിരഞ്ഞെടുത്ത വരെ 50 പേര്‍ ഉള്‍പ്പെട്ട 3 ബാച്ച് ആയി മാറ്റുകയായിരുന്നു. അതിനു ശേഷം ഓരോ ജില്ലയില്‍ നിന്ന് അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ ഉള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നു ഒരു ത്രിദിന ശില്പശാലക്കു ഒരു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ തിരഞ്ഞെടുത്തു. ചര്‍ച്ച ചെയ്യേണ്ട അക്കാദമിക വിഷയവും, നടത്താവുന്ന പരീക്ഷണ വിഷയവും എസ് ഐ ഇ ടിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുകയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നല്‍കുകയുണ്ടായി. പദ്ധതിക്ക് ആവശ്യമുള്ള ഫണ്ടും ലഭ്യമാക്കി. ഉദ്ഘാടനവും, പങ്കെടുക്കേണ്ട ശാസ്ത്ര മേഖലയിലെ വ്യക്തികളുടെ കുറിച്ചുള്ള നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. ഓരോ ജില്ലയിലും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരാണ് പ്രോഗ്രാമിന് മുഖ്യ പദ്ധതി നിര്‍വഹണ ചുമതല നടത്തിയത്.
പങ്കെടുത്ത പ്രമുഖ വ്യക്തികള്‍
2018 ഒക്ടോബര്‍ 26 നു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലം TKM ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് ബഹു കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അതിനുശേഷം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട്, കേരള, മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, അതാത് ജില്ലയിലെ കളക്ടര്‍, സബ് കളക്ടര്‍മാര്‍, പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി (IIT)ഡയറക്ടര്‍ ISRO പോലുള്ള ശാസ്ത്ര മേഖലയിലെ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്‍മാര്‍, നിയമസഭ സാമാജികര്‍, വിവിധ തദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ വകുപ്പിലെ സമഗ്ര ശിക്ഷ അഭിയാന്‍ തുടങ്ങിയവയിലെ ഡയരക്ടര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഓരോ ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ എന്നിവര്‍ വിവിധ ജില്ലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 2018 ഡിസംബര്‍ 2 നു 33 ശില്പശാലകള്‍ പൂര്‍ത്തിയായപ്പോള്‍ ക്ലാസ്സു മുറിയില്‍ നിന്ന് ലഭിക്കാത്ത വിവിധ വിഷയങ്ങളിലെ അറിവിന്റെയും തിരിച്ചറിവിന്റെയും ജാലകം വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് തുറന്നിടാന്‍ ശാസ്ത്ര ജാലകം പദ്ധതി കൊണ്ട് സാധിച്ചുവെന്നു വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
ശാസ്ത്ര ജ്ഞാനം വര്‍ദ്ധിപ്പിക്കുക, ശാസ്ത്രത്തെ എങ്ങിനെ ജനകീയമാക്കാം എന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക തുടങ്ങിയവയാണ് ശാസ്ത്ര ജാലകം പദ്ധതിയിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ശാസ്ത്രം പഠിക്കുന്നവര്‍ തന്നെ ശാസ്ത്രീയമായി ചിന്തിക്കാത്തത്തിന്റെ പല പ്രശ്‌നങ്ങള്‍ നമ്മള്‍ സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. കേരളത്തില്‍ നിന്ന് ഭാവിയില്‍ മികച്ച ശാസ്ത്രജ്ഞന്‍മാരെ വളര്‍ത്തിയെടുക്കന്‍ എസ്.ഐ.ഇ.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര ജാലകം പോലുള്ള പദ്ധതികള്‍ സഹായകമാകും.