കഴിഞ്ഞ നാലു വര്‍ഷമായി ഈ അമ്മയും മകളും ഒന്നിച്ചാണ് തമിഴ്നാട് പി.എസ്.സി പരീക്ഷയ്ക്ക് പരിശ്രമിക്കുന്നത്. ഇപ്പോഴിതാ 47 വയസ്സുള്ള ശാന്തി ലക്ഷ്മിക്കും, മകള്‍ തേന്‍ മൊഴിക്കും ഇത് സന്തോഷത്തിന്റെ ദിനങ്ങള്‍. അമ്മയും മകളും ഒരേ പോലെ തമിഴ്നാട് പി.എസ്.സി പരീക്ഷ പാസാകുകയും ജോലി നേടിയിരിക്കുകയാണ്.
15-ാം വയസ്സില്‍ തേനിയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് ശാന്തി ലക്ഷ്മി വിവാഹം കഴിച്ചത്. പത്താം ക്ലാസിനു ശേഷം , തന്റെ കുടുബം ജീവിതത്തെ ക്രമീകരിച്ചും കൃഷിക്കാരനായ ഭര്‍ത്താവിനെയും പിന്തുണച്ചുമാണ് ശാന്തി ലക്ഷ്മി കഴിഞ്ഞത്. എങ്കിലും തുടര്‍ന്ന് പഠിക്കണമെന്നുള്ള അവരുടെ സ്വപ്നം മനസ്സില്‍ തന്നെ ഉണ്ടായിരുന്നു.
‘എനിക്ക് കുട്ടിക്കാലം മുതല്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ സാഹചര്യങ്ങള്‍ കാരണം വിവാഹം കഴിച്ച് ഒരു കുടുംബം തുടങ്ങേണ്ടി വന്നു. പക്ഷേ എന്റെ ആഗ്രഹം അപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷം ആഗ്രഹത്തിനു വേണ്ടിയുള്ള പ്രയത്നം തുടങ്ങിയിരുന്നെങ്കിലും താമസിച്ചിരുന്നു’ ശാന്തി ലക്ഷ്മി തമിഴ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷം അവര്‍ പ്ലസ് ടു പരീക്ഷയും ടൈപ്പ് റൈറ്റിങ് കോഴ്സും വിജയിച്ചു. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം 2010-ല്‍ തമിഴില്‍ ബി.എ ബിരുദവും കരസ്ഥമാക്കി. ഇതിനിടയിലാണ് ഭര്‍ത്താവ് മരിക്കുന്നത്. ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തിയെങ്കിലും മൂന്നു പെണ്‍മക്കളെയും കൊണ്ട് ശാന്തി ലക്ഷ്മി ജീവിതത്തില്‍ മുന്നേറി വന്നു. ശാന്തി ലക്ഷ്മിയും മകള്‍ തേന്‍മൊഴിയും ഇപ്പോള്‍ മധുരൈ കാമരാജ് സര്‍വ്വകലാശാലയില്‍ നിന്നും തമിഴില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്.
എങ്കിലും ഇത് ശാന്തി കൃഷ്ണയുടെ ആദ്യത്തെ പി.എസ്.സി പരീക്ഷ അല്ല. 2012 മുതല്‍ തേനി തമിഴ്നാട് പി.എസ്.സി കേന്ദ്രത്തിലെ സ്ഥിരം മുഖമാണ് ശാന്തി. മുന്‍പ് പി.എസ്.സി പരീക്ഷകള്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ ജോലി നഷ്ടമായി.
2015-ലാണ് തേന്‍മൊഴി ബിരുദത്തിനു ശേഷം പി.എസ്.സി പഠിക്കുന്നതിനായി തേനിയിലുള്ള സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്. ‘അമ്മ ദിവസവും എന്റെ കൂടെ ക്ലാസില്‍ വരുമായിരുന്നു. എന്റെ സഹോദരിയെ നോക്കണ്ട സാഹചര്യം വന്നപ്പോള്‍ പോലും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള ക്ലാസില്‍ അമ്മ എത്തുമായിരുന്നു’ തേന്‍മൊഴി പറഞ്ഞു. അമ്മയ്ക്ക് നഷ്ടപ്പെടുന്ന ക്ലാസുകള്‍ താന്‍ പഠിപ്പിച്ചു കൊടുത്തിരുന്നെന്നും തേന്‍മൊഴി കൂട്ടി ചേര്‍ത്തു.
ഉറങ്ങുന്നതിനു മുന്‍പ് എന്തെല്ലാം പഠിപ്പിച്ചു വെന്നു തേന്‍മൊഴി തന്റെ അമ്മയ്ക്ക് ഒരു കഥ പോലെ പഠിപ്പിച്ചു കൊടുക്കുമായിരുന്നു. എന്നാല്‍ പിറ്റേന്ന് ഇരുവരും ചായ കുടിക്കുന്ന സമയത്ത് തേന്‍മൊഴി പഠിപ്പിച്ച പാഠങ്ങളെല്ലാം ശാന്തി ലക്ഷ്മി മകള്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.
ശാന്താ ലക്ഷ്മി തന്റെ കുട്ടികള്‍ പഠിക്കാന്‍ അവരെ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരിക്കല്‍ പോലും പഠിപ്പിക്കുന്നതിന് ഒരു എതിരും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. ഒരു സഹോദരി ബി.എസ്.സി മാത്സ് വിദ്യാര്‍ത്ഥിയും ഏറ്റവും ഇളയ ആള്‍ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നതെന്നും തേന്‍മൊഴി കൂട്ടിച്ചേര്‍ത്തു.
എന്റെ മാതാപിതാക്കള്‍ എന്നെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഈ മൂന്നു കുട്ടികളെ വളര്‍ത്തി എന്റെ ആഗ്രഹങ്ങള്‍ ഞാന്‍ എങ്ങനെ നിറവേറ്റുമായിരുന്നു. എനിക്ക് തമിഴ് വളരെ ഇഷ്ടമായതിനാലാണ് തമിഴ് തന്നെ എടുത്ത് പഠിച്ചത്. തുടര്‍ന്ന് എം.ഫില്ലും , പി.എച്ച്.ഡിയും എടുത്ത് ഒരു തമിഴ് അധ്യാപക ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശാന്തി ലക്ഷ്മി പറയുന്നു.
തമിഴ് നാട് ആരോഗ്യ വകുപ്പില്‍ തിങ്കളാഴ്ച ശാന്താ ലക്ഷ്മി ജോലിയില്‍ പ്രവേശിക്കും. ഇതിനായി ഉടന്‍ തന്നെ തേനി ജില്ലയിലുള്ള വീരപാണ്ടി എന്ന സ്ഥത്തേക്ക് ഇവര്‍ താമസം മാറും. തമിഴ്നാട് ഹിന്ദു റിലീജിയസ് എന്‍ഡോവിമെന്റ് വിഭാഗത്തിലെ ജോലി പ്രവേശനത്തിനായി കാത്തിരിക്കുകയാണ് തേന്‍മൊഴി.