രാജീവ്ഗാന്ധിയുടെ ഭാര്യ നൈജീരിയക്കാരിയായിരുന്നെങ്കില്‍ അവര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാവുമായിരുന്നോ എന്നാണ് സംഘപരിവാര്‍ അംഗവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ സിംഗ് പറഞ്ഞത്. അതായത് വെള്ളക്കാരിയായതുകൊണ്ടാണ് സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതെന്നു സാരം.
ഗിരിരാജ് പറഞ്ഞത് വംശീയ അധിക്ഷേപം ആണെന്നാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെത്തിയത്. പക്ഷെ, ആ വംശീയ അധിക്ഷേപം ആര്‍ക്കെതിരെയാണ് നടന്നതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടികളും കണ്ടെത്തിയില്ല. വാസ്തവത്തില്‍, മന്ത്രി പറഞ്ഞതിനെക്കാള്‍ വലിയ വംശീയ അധിക്ഷേപം അതിനെ എതിര്‍ത്തവരാണ് നടത്തിയത്. മാധ്യമങ്ങളാകട്ടെ, പതിവുരീതിയില്‍, പകിട്ടുള്ളതിന്റെ പിറകെ പോയി. അങ്ങനെ മന്ത്രിയുടെ പരാമര്‍ശം സോണിയാഗാന്ധിക്കെതിരെയുള്ള വംശീയ അധിക്ഷേപമായി ചരിത്രരേഖകളില്‍ കുറിച്ചിട്ടു. ചരിത്രത്തിലെ പല തെറ്റുകളില്‍ ഒന്നായി ഈ വംശീയ അധിക്ഷേപവും മാറി.
എന്തായിരുന്നു മന്ത്രി ഉദ്ദേശിച്ചത് എന്ന് മന്ത്രിക്കു മാത്രമേ അറിയൂ. അത് രാഷ്ട്രീയക്കാരുടെ – ഏതു രാഷ്ട്രീയ പാര്‍ട്ടിയിലെയായാലും – പൊതുസ്വഭാവമാണ്. പക്ഷെ മന്ത്രി പറഞ്ഞ കാര്യം ശ്രദ്ധയോടെ വായിച്ചാല്‍ മന്ത്രി അധിക്ഷേപിച്ചത് സോണിയഗാന്ധിയെ അല്ലെന്ന് വ്യക്തമാകും.
മന്ത്രിയുടെ പ്രസ്താവനയോട് ആദ്യം തന്നെ പ്രതികരിച്ചത് വൃന്ദാ കാരാട്ടാണ്. പ്രസ്താവന വംശീയം മാത്രമല്ല, അധ്വാനിക്കുന്ന സ്ത്രീകളോട് മുഴുവന്‍ കാട്ടുന്ന അപമര്യാദയാണെന്നാണ് വൃന്ദാകാരാട്ട് കണ്ടെത്തിയത്. സഖാവിനോടുള്ള എല്ലാ ബഹുമാനവും വച്ചു കൊണ്ടുതന്നെ ചോദിയ്ക്കട്ടെ; ഇംഗ്ലീഷ് ഭാഷാ അറിയാമായിരുന്നില്ലെങ്കില്‍, പ്രകാശ് കാരാട്ടിന്റെ ഭാര്യയല്ലായിരുന്നെങ്കില്‍, താങ്കള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പി ബി മെമ്പര്‍ ആകുമായിരുന്നോ?
അങ്ങനെ ചോദിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഇടിച്ചുകാട്ടാനല്ല. മറിച്ച്, താങ്കളേക്കാള്‍ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, താങ്കളേക്കാള്‍ മെച്ചപ്പെട്ട കമ്മ്യൂണിസ്റ്റ് ബോധം ഉള്ള സ്ത്രീസഖാക്കളെ കേരളത്തില്‍ തന്നെ ധാരാളമായി കണ്ടിട്ടുള്ളതുകൊണ്ടാണ്. അവരില്‍ പലരും ജില്ലാ കമ്മിറ്റിയ്ക്കപ്പുറം വളര്‍ന്നിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലേക്ക് വളര്‍ന്നവരില്‍ ചിലരെങ്കിലും അവരോളം രാഷ്ട്രീയ സമര പാരമ്പര്യം ഇല്ലാത്തവരുമാണ്. അതിനു കാരണങ്ങള്‍ പലതാകാം. തൊലിവെളുപ്പായതുകൊണ്ടാകാം. ഇംഗ്ലീഷും മലയാളവും പച്ചവെള്ളം പോലെ സംസാരിക്കാനറിയാവുന്നതുകൊണ്ടാകാം. മുന്തിയ സഖാക്കളുമായി നല്ലബന്ധം പുലര്‍ത്തുന്നതു കൊണ്ടാകാം. വെറും കഴിവുകൊണ്ടാകാം. പക്ഷെ, അവരേക്കാള്‍ മെച്ചപ്പെട്ട കമ്മ്യൂണിസ്റ്റുകള്‍ തഴയപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാകില്ല. എത്ര വിശദീകരണങ്ങള്‍ കഴിഞ്ഞാലും ചില ചോദ്യങ്ങള്‍ ബാക്കിയുണ്ടാകും. അതിലൊന്നാണ്, അതിലൊന്നു മാത്രമാണ് – സോണിയാഗാന്ധിയെ അധിക്ഷേപിക്കാനാണ് പറഞ്ഞതെന്ന് വാദിക്കുകയാണെങ്കില്‍ പോലും – മന്ത്രി പറഞ്ഞ കാര്യവും.
മന്ത്രിയുടെ പ്രസ്താവന വന്ന ഉടന്‍ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ഡീന്‍ കുര്യാക്കോസുമാരും ബിന്ദുകൃഷ്ണമാരും പ്രകടനം നടത്തി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ചിലരൊക്കെ മന്ത്രിയുടെ കോലവും കത്തിച്ചു. അതാതു സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തിയശേഷം ഡീന്‍ കുര്യാക്കോസുമാരും ബിന്ദുകൃഷ്ണമാരും അനുയായികളും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തീര്‍ന്നു. ഇനി ആരെങ്കിലും സോണിയാഗാന്ധിയേയോ രാഹുല്‍ഗാന്ധിയെയോ റോബര്‍ട്ട് വധേരയെയോ എന്തെങ്കിലും പറഞ്ഞിട്ടുവേണം അടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തുടക്കം കുറിക്കാന്‍. രാഷ്ട്രീയം സമരഭൂമിയാണല്ലോ! പ്രത്യേകിച്ചും, ഡി.വൈ.എഫ്.ഐ.ക്കാരും എസ്.എഫ്.ഐ.ക്കാരും സമരം വേണ്ട എന്നും പകരം ഗോവധനിരോധനനിയമത്തിനെതിരെ ബീഫ്കറി വച്ചുകഴിച്ചുള്ള നേരിട്ടുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു എന്നും ഉള്ള സ്ഥിതിക്ക്.
സോണിയാഗാന്ധിയാകട്ടെ, ഇത്തരം പ്രതിഷേധങ്ങള്‍ക്കൊന്നും പോയില്ല. (മകന്‍ എവിടെപ്പോയി എന്നോ എന്നുവരുമെന്നോ അറിയാത്ത ഒരു മാതൃഹൃദയത്തെ ഇത്തരം കാര്യങ്ങളൊന്നും ഉലയ്ക്കില്ല.) വളരെ മാന്യമായ രീതിയില്‍ ആണ് സോണിയ പ്രതികരിച്ചത്. ”ഇടുങ്ങിയ മനസ്സുള്ളവരുടെ അഭിപ്രായങ്ങളോട് ഞാന്‍ പ്രതികരിക്കുന്നില്ല.” അതൊരു പ്രതികരണമാണ്. പക്ഷെ പ്രതികരണമല്ല. അതാണ് മാന്യത.
സോണിയയുടെ പ്രതികരിയ്ക്കാതെയുള്ള പ്രതികരണത്തിലൂടെയും മനസ്സിലാകുന്നത് മന്ത്രി സോണിയാഗന്ധിയെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ്.
മുമ്പ് പലവട്ടം ഇതേ മന്ത്രി ഇതിനേക്കാള്‍ തരംതാണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. (ഉദാഹരണത്തിന് ‘നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരുടെ നാടാണ് പാകിസ്ഥാന്‍’) കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കിട്ടിയത് 32 ശതമാനം വോട്ടാണ്. അതു മുഴുവന്‍ നരേന്ദ്ര മോദിക്ക് കിട്ടിയ വോട്ടാണെങ്കിലും ബാക്കി 68 ശതമാനം ഇന്ത്യക്കാര്‍ നരേന്ദ്ര മോദിക്കെതിരെയാണ് വോട്ടു ചെയ്തത്. അവരെല്ലാം ഇന്ത്യ വിട്ട് പാകിസ്ഥാനില്‍ പോകണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്ന് അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ കോണ്‍ഗ്രസ് നേതൃത്വമോ ചോദിച്ചില്ല.
തീര്‍ന്നില്ല, മരുമകന്‍ റോബര്‍ട്ട് വാധ്രേ ഫെയ്‌സ് ബുക്കില്‍ തന്റെ പ്രതികരണം പോസ്റ്റ് ചെയ്തു. അമ്മായിയമ്മയെക്കുറിച്ച് – അതും ഇത്രയേറെ മാന്യതയുള്ള ഒരു വനിതയെക്കുറിച്ച് – കേന്ദ്രമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതുകേട്ട് മരുമകന്‍ ഞെട്ടിയത്രെ. ജീവിതത്തില്‍ കഠിനയാതനകള്‍ സഹിക്കേണ്ടിവന്ന, വേണ്ടപ്പെട്ടവരെ നഷ്ടപ്പെടേണ്ടിവന്ന ഒരു വനിതയെ കുറിച്ച് ഇതാണ് പറയുന്നതെങ്കില്‍, ഇന്ത്യയിലെ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നു കൂടി മരുമകന്‍ പരിതപിക്കുന്നു.
സോണിയാഗാന്ധിയുടെ ഭര്‍ത്താവും അമ്മായിയമ്മയും കൊല്ലപ്പെട്ടതാണ്. അവര്‍ രണ്ടുപേരും, ആ നിലയ്ക്കപ്പുറം നൂറുകോടി ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിമാരായിരുന്നു. നേതാക്കളായിരുന്നു. വ്യക്തിപരമായി സോണിയ ഗാന്ധിയുടെ നഷ്ടം വളരെ വലുതാണ്. പക്ഷെ, ആ നഷ്ടമാണ് സോണിയാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് വരെ കൊണ്ടെത്തിച്ചതും. ചില നഷ്ടങ്ങള്‍ ചില നേട്ടങ്ങളില്‍ ചെന്നെത്തുന്ന് അങ്ങനെയാണ്. അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയുടെ സാരികള്‍ തെരഞ്ഞെടുക്കുന്നതിലും രാജീവിന്റെ കുടുംബകാര്യങ്ങളിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുമായിരുന്നോ? ഇനി, അതും സോണിയാഗാന്ധി ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി ചെയ്യുന്ന ത്യാഗമാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുമോ?
പക്ഷെ, രാജീവിന്റെ മരണം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയതെന്താണ്? ദീര്‍ഘവീക്ഷണമുള്ള, ഒരു പക്ഷെ കൊല്ലപ്പെടാതിരുന്നെങ്കില്‍, തന്റെ രണ്ടാം ഊഴത്തില്‍, ആദ്യം പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാത്ത ഒരു മികച്ച നേതാവിനെയാണ് നഷ്ടമായത്. പകരമായി കിട്ടിയതോ? ഇന്ത്യ എന്തെന്നറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത, സോണിയാഗാന്ധിയേയും പത്തുകൊല്ലം പ്രധാനമന്ത്രിയായിരുന്നിട്ടും 545 ലോക്‌സഭാമണ്ഡലങ്ങളില്‍ ഒന്നില്‍ നിന്നുപോലും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലാത്ത, ഇന്ത്യയിലെ അരശതമാനം വോട്ടര്‍മാരുടെ ഇടയില്‍പോലും സ്വാധീനമില്ലാത്ത മന്‍മോഹന്‍സിംഗ് എന്ന 10 ജന്‍പഥിലെ ഒരു മാനേജറെയും.
എന്താണ് സോണിയാഗാന്ധി അനുഭവിച്ച കഠിന യാതനകള്‍? വാധ്രേ അതേക്കുറിച്ച ഒരു പുസ്തകമെഴുതട്ടെ.
ഏറെ വിചിത്രമായി തോന്നിയത് പ്രശ്‌നത്തില്‍ ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ പ്രതികരണമാണ്. ഇത്തരം വ്യക്തിവിരോധം നിറഞ്ഞ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ മേലാല്‍ പാര്‍ട്ടിയിലെ ആരും പറയരുതെന്ന് ഷാ പറഞ്ഞു. അതേ, അമിത് ഷാ തന്നെ. ഗുജറാത്ത് കലാപത്തില്‍ മോദിയ്‌ക്കൊപ്പം പങ്കുണ്ടെന്ന് സാധാരണ ജനം കരുതുന്ന അമിത് ഷാ. False Encounter -ലൂടെ നിരപരാധികളെ കൊല്ലുന്നതിന് വഴിയൊരുക്കുകയും ഒടുവില്‍ അത്ഭുതകരമാം വിധം കേസില്‍ നിന്ന് ഊരിക്കൊണ്ടുപോകാന്‍ കെല്‍പ്പും ഉള്ള അമിത് ഷാ. മുസഫര്‍പൂര്‍ കലാപത്തിന്റെ സൂത്രധാരന്‍ എന്ന് അവിടുത്തെ നാട്ടുകാര്‍ വിശ്വസിക്കുന്ന അമിത് ഷാ. കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വിത്തുപാകിയ അമിത്ഷാ.
ഇതിനിടയ്ക്ക് സോണിയാ ഗാന്ധിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗിനെതിരെ വംശീയ അധിക്ഷേപത്തിനെതിരെ ഐ.പി.സി. 166-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദില്ലിയിലെ മിഥുനപുര പോലീസിനോട് കോടതി ഗിരിരാജ് സിംഗിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിയ്ക്കാതെപോയ ഒരു പ്രധാന കാര്യമുണ്ട്. മന്ത്രിയുടെ പ്രസ്താവനയില്‍ വംശീയ അധിക്ഷേപമുണ്ടെങ്കില്‍, അത്, വാസ്തവത്തില്‍, നൈജീരിയന്‍ ജനതയ്‌ക്കെതിരാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ നൈജീരിയയുടെ ആക്ടിംഗ് ഹൈകമ്മീഷണര്‍ ഒകോങ്‌ഗോര ഇങ്ങനെ പറഞ്ഞത്: ”പ്രസ്താവന പിന്‍വലിച്ച് മന്ത്രി നൈജീരിയന്‍ ജനതയോട് മാപ്പുപറയണം.”
എന്നാല്‍, ഈ വസ്തുതയോ ഒകോങ്‌ഗോറിന്റെ പ്രസ്താവനയോ ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയോ മാധ്യമങ്ങളുടെയോ കണ്ണുതുറപ്പിച്ചില്ല. അവര്‍ കറുത്തവനെ കാണുന്നതേയില്ല. സത്യത്തില്‍ ഈ കാണാതിരിയ്ക്കലാണ് യഥാര്‍ത്ഥത്തിലുള്ള വംശീയ അധിക്ഷേപം.
അമേരിക്കയില്‍ നടന്ന ഒരു സംഭവം ഓര്‍മ്മവരുന്നു. റോഡില്‍ സൈഡു കൊടുക്കാത്തതിന് ക്ഷുഭിതനായ ഒരു വെള്ളക്കാരന്‍ മുമ്പില്‍ പോയ വാഹനത്തെ മറികടന്ന് അതിനെ ചെറുത്തുനിര്‍ത്തി. വണ്ടി ഓടിച്ചത് ഒരു നീഗ്രോ ആണെന്നു കണ്ട സായിപ്പ് സോറി എന്നു പറഞ്ഞ് വണ്ടി ഓടിച്ചുപോയി. നീഗ്രോ അയാളെ പിന്തുടര്‍ന്നു. ഒരിടത്തു വച്ച് വണ്ടി ചെറുത്തുനിര്‍ത്തിയിട്ട് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്നോട് വഴക്കുണ്ടാക്കാനാണ് നിങ്ങള്‍ എന്റെ കാര്‍ ചെറുത്തുനിര്‍ത്തിയത്. എന്നിട്ട്, നിങ്ങള്‍ എന്തിന് സോറി പറഞ്ഞു തിരിച്ചുപോയി? അത് ഞാനൊരു കറുത്തവര്‍ഗ്ഗക്കാരനായതുകൊണ്ടല്ലേ? നിങ്ങളുടെ ഈ വംശീയ അധിക്ഷേപം ഞാന്‍ ക്ഷമിക്കുകയില്ല.” നീഗ്രോ സായിപ്പിന്റെ കരണത്തടിച്ചു.
പക്ഷെ, ഇതൊന്നും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മനസ്സിലായില്ല. ദളിതരെ ചുട്ടുകൊല്ലുന്ന നാട്ടില്‍ എന്തു വംശീയ അധിക്ഷേപം. മന്ത്രി ഗിരിരാജ്‌സിംഗിന്റെ പ്രസ്താവനയിലെ വംശീയ അധിക്ഷേപം സോണിയാ ഗാന്ധിക്കെതിരെയല്ല, മറിച്ച് നൈജീരിയന്‍ ജനതയ്‌ക്കെതിരെയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത രാഷ്ട്രീയ – മാധ്യമ-ബുദ്ധിജീവികള്‍ക്കിടയില്‍ വംശീയ അധിക്ഷേപത്തിനെതിരെയുള്ള ചര്‍ച്ചകള്‍ പോലും വംശീയ അധിക്ഷേപമായി മാറുന്നത് അതുകൊണ്ടാണ്.
പത്തോ പന്ത്രണ്ടോ വര്‍ഷം മുമ്പാണ്. അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ.ആന്റണി അമൃതാനന്ദമയിയെ കാണാന്‍ പോയി. തന്റെ മുന്നില്‍ കാണുന്ന ആരെയും നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിക്കുന്ന അമൃതാനന്ദമയി അതുതന്നെ ആന്റണിയോടും ചെയ്തു. ചിത്രം അടുത്ത ദിവസം പത്രങ്ങളില്‍ വന്നു. നിയമസഭ നടക്കുന്ന കാലമായിരുന്നു അത്. ആന്റണി അമൃതാനന്ദമയിയെ കെട്ടിപ്പിടിയ്ക്കുന്നതുകണ്ടാല്‍ സില്‍ക്ക് സ്മിതയെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നതുപോലെ തോന്നുന്നുവെന്ന് ടി.കെ.ഹംസ നിയമസഭയില്‍ പറഞ്ഞത് വലിയ കോളിളക്കമുണ്ടാക്കി. അമൃതാനന്ദമയി മഠം ഹംസ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. തീര്‍ന്നില്ല, ഹംസ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തി എന്നു പറഞ്ഞ് ആശ്രമവാസികളും അമ്മയുടെ ഭക്തരും സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു നിരാഹാരസത്യാഗ്രഹം നടത്തി. അതോടെ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടി.
എന്നാല്‍, ആ പരാമര്‍ശത്തിലൂടെ ഹംസ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് വാദിച്ചവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അപമാനിച്ചത് സ്മിതയെയാണെന്ന് ഓര്‍ത്തില്ല. സ്മിതയുമായി താരതമ്യപ്പെടുത്തിയാല്‍ ഇടിവുപറ്റുന്നതാണ് അമൃതാനന്ദമയിയുടെ മാനം എന്നു വാദിച്ചാല്‍, സ്മിത അത്രയേറെ പതിതയാണെന്നല്ലേ അര്‍ത്ഥം? സ്മിത എന്ന വ്യക്തിയെ പലര്‍ക്കും അറിയില്ലല്ലോ. തന്റെ ചുറ്റുമുള്ളവരും താന്‍ സ്‌നേഹിച്ച പുരുഷനും തന്നെ വഞ്ചിക്കുകയായിരുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു പാവം സ്ത്രീയായിരുന്നു സ്മിത. പക്ഷെ, സിനിമയിലെ സ്മിത അതല്ല. അവയെല്ലാം സ്മിത അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എന്ന വസ്തുത പോലും മനസ്സിലാക്കാതെ, കഥാപാത്രങ്ങളിലൂടെ ഉത്പാദിപ്പിയ്ക്കപ്പെട്ട സ്മിതയുടെ ഇമേജ് സ്മിതയെന്ന വ്യക്തിയില്‍ ആരോപിക്കപ്പെടുകയും ചെയ്തശേഷം ആ വ്യക്തിയുമായുള്ള താരതമ്യം പോലും ഒരു സന്യാസിനിയെ അപമാനിക്കലാണെന്നാണ് അന്ന് ഭക്തരും മാധ്യമങ്ങളും വ്യാഖ്യാനിച്ചത്. അതും മാന-അപമാനങ്ങള്‍ക്ക് അതീതനാണ് സന്യാസി എന്ന വസ്തുത നിലനില്‍ക്കെ. (ഇടയ്ക്ക് പറയട്ടെ, സംഭവം സ്മിതയെ അപമാനിക്കുന്നതാണെന്നുമായിരുന്നു Society മാഗസീനില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത്.)
ആ പഴയ സംഭവത്തിന്റെ തനിയാവര്‍ത്തനം ആണ് ഗിരിരാജ് – സോണിയ പ്രശ്‌നത്തിലും ഉളളത്.
ഗിരിരാജിന്റെ വിവാദ പ്രസ്താവനയോട് ചേര്‍ന്ന് മന്ത്രി മറ്റു ചില ചോദ്യങ്ങളും കോണ്‍ഗ്രസുകാരോട് ചോദിച്ചു. അത് കോണ്‍ഗ്രസുകാര്‍ കേട്ടില്ല എന്ന് നടിക്കുകയാണ്.
മന്ത്രി ചോദിച്ചത് ഇതാണ്. ”ബജറ്റ് സമ്മേളനംപൂര്‍ത്തിയായി. എവിടെയാണ് രാഹുല്‍ ഗാന്ധി? ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത മലേഷ്യന്‍ വിമാനത്തിന് സമാനമാണ് പ്രശ്‌നം. കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ആ പാര്‍ട്ടിയുടെ നേതാവാണ് രാഹുല്‍ഗാന്ധി. എന്നാല്‍ അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറുമല്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍, രാഹുല്‍ പ്രധാനമന്ത്രിയായി വന്നിരുന്നെങ്കില്‍, അപ്പോഴും 30-40 ദിവസം രാഹുല്‍ ഇങ്ങനെ അപ്രത്യക്ഷനാവുമായിരുന്നോ?”
സോണിയയ്‌ക്കെതിരെയുള്ള ഇല്ലാത്ത വംശീയ അധിക്ഷേപത്തിന് പിറകെ നടക്കാതെ ഉള്ള രാഹുല്‍ഗാന്ധി ഇല്ലാതായി മാറുന്നതിനെകുറിച്ച് കോണ്‍ഗ്രസുകാര്‍ അന്വേഷണം നടത്തട്ടെ. അപ്പോള്‍ അവര്‍ക്ക് ഗിരിരാജ് സിംഗ് ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടും. രാഹുലിനെ കുറിച്ച് ചോദിച്ച ചോദ്യങ്ങളെകുറിച്ചുള്ള ഉത്തരം മാത്രമല്ല, സോണിയയെക്കുറിച്ചു ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും കിട്ടും. അപ്പോള്‍, വംശീയ അധിക്ഷേപ ചര്‍ച്ചകള്‍ രാഷ്ട്രീയ അധിക്ഷേപ ചര്‍ച്ചകള്‍ക്കു വഴിമാറും. അതൊരു നല്ല സൂചനയാണ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)