UPDATES

വിപണി/സാമ്പത്തികം

ഇന്ത്യ-ജര്‍മനി വ്യാപാരബന്ധം പുരോഗമനപാതയില്‍: ജര്‍മന്‍ കോണ്‍സല്‍ ജനറല്‍

രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയില്‍ പ്രിയങ്കരം

                       

ഇന്ത്യയും ജര്‍മനിയും തമ്മില്‍ സുദൃഢമായ ബന്ധമാണു നിലനില്‍ക്കുന്നതെന്നും ഇന്ത്യ-ജര്‍മനി വ്യാപാരബന്ധം പുരോഗമന പാതയില്‍ മുന്നേറുമെന്നും ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് പറഞ്ഞു. ജര്‍മനിയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജര്‍മന്‍ കോണ്‍സുലേറ്റുമായി സ്‌പൈസസ് ബോര്‍ഡ്, സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യുമായി എന്നിവ സംയുക്തമായി നടത്തിയ ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ഗിറ്റ് ഹെല്‍വിഗ്. സുഗന്ധ വ്യഞ്ജന-സമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സംവാദത്തില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമുദ്രവിഭവ കയറ്റുമതിരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജര്‍മനി എന്നും മുന്നിലാണ്. ഇന്ത്യ-ജര്‍മനി ബന്ധം ശക്തമായി നീങ്ങുന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രമേഖല തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാണ്. രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയില്‍ പ്രിയങ്കരമാണെന്നും ഹെല്‍വിഗ് പറഞ്ഞു.

സുഗന്ധവ്യഞ്ജന-സമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിക്കണമെന്നും കയറ്റുമതിയില്‍ സുതാര്യമായ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും എംപിഇഡിഎ ചെയര്‍മാന്‍ എ. ജയതിലക് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ഇന്ത്യ പരമാവധി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കയറ്റുമതി തിരിച്ചയയ്ക്കപ്പെടുന്ന സാഹചര്യം തീരെ കുറവാണെന്നത് സന്തോഷകരമാണ്. ജൈവ ഉല്‍പ്പാദനമാണ് എവിടെയും ശ്രദ്ധ നേടുന്നതെന്നും അതിനാല്‍ കീടനാശിനി വിമുക്ത ഉല്‍പ്പന്നങ്ങളാണ് രാജ്യം കയറ്റിയയയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ജര്‍മനിയില്‍നിന്ന് കൂടുതല്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ ഇറക്കുമതിയുടെ 25 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നുവെന്നും ജയതിലക് പറഞ്ഞു. കുരുമുളക്, പുതിന ഉല്‍പ്പന്നങ്ങളും എണ്ണയും സുഗന്ധ എണ്ണകളുമാണ് കയറ്റുമതിയുടെ സിംഹഭാഗം.

2015-16ല്‍ 5211 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ജര്‍മനിയിലേക്കു കയറ്റിയയച്ചത്. ഇതിന്റെ മൂല്യം 39. 69 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ശീതീകരിച്ച ചെമ്മീനായിരുന്നു മുഖ്യമായും കയറ്റുമതി ചെയ്തത്. കണവയും മല്‍സ്യവുമാണ് തൊട്ടുപിന്നില്‍.

ജര്‍മന്‍ ഭക്ഷണവ്യവസായം സുഗന്ധവ്യഞ്ജനങ്ങളെ ഏറെ ആശ്രയിക്കുന്നതാണെന്നും ഗുണനിലവാരമുറപ്പാക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കേരളത്തിന്റെ വിഭവങ്ങളാണ് ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമെന്നും ജര്‍മന്‍ കോണ്‍സുലേറ്റ് ഓണററി കോണ്‍സുല്‍ സെയ്ദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി. ജര്‍മന്‍കാര്‍ ക്രിസ്മസ് കേക്കുകളില്‍ കറുവപ്പട്ടയും ഇഞ്ചിയുമൊക്കെ യഥേഷ്ടം ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ഏറെ പ്രിയങ്കരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും സെയ്ദ് പറഞ്ഞു.

കേരളം സ്വന്തം പരിസ്ഥിതി നയങ്ങളുടെ പേരില്‍ അറിയപ്പെടുന്ന നാടാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ കെ.മൊഹമ്മദ് വൈ. സഫറുള്ള പറഞ്ഞു. ഭക്ഷ്യസുരക്ഷാമേഖലയിലെ ബോധവല്‍കരണ പരിപാടികള്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. നാം രാജ്യാന്തര നിലവാരം കൈവരിച്ചുവെന്ന് ഉറപ്പായി പറയാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on

മറ്റുവാര്‍ത്തകള്‍