ട്രാക്കിലെ വേഗ കുതിപ്പിനോട് വിടചൊല്ലിയെങ്കിലും നല്ലൊരു ഫുട്‌ബോളറാകുന്നതിനുള്ള ഉസൈന്‍ ബോള്‍ട്ടിന്റെ കുതിപ്പിന് വേഗം വെച്ച് തുടങ്ങിയിരിക്കുന്നു. അതിനുള്ള തെളിവായിരുന്നു ഓസ്‌ട്രേലിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനായി ബൂട്ട് കെട്ടിയ താരത്തിന്റെ ഇരട്ടഗോള്‍ നേട്ടം. ബോള്‍ട്ടിന്റെ ഇരട്ടഗോള്‍ നേട്ടത്തില്‍ മകാര്‍തുര്‍ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിന്റെ ജയം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 55, 69 മിനുറ്റുകളിലാണ് ബോള്‍ട്ട് വലകുലുക്കിയത്. ട്രാക്കിലെ വേഗക്കുതിപ്പ് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ബോള്‍ട്ടിന്റെ ആദ്യ പ്രഫഷണല്‍ ഗോള്‍. പ്രതിരോധതാരത്തെ മിന്നല്‍കുതിപ്പില്‍ മറികടന്ന് ബോള്‍ട്ട് അതിസുന്ദരമായി ഫിനിഷ് ചെയ്തു.
കളിയുടെ 55 മിനിറ്റില്‍ ബോള്‍ട്ട് നേടിയ ഗോളില്‍ ഇങ്ങനെയായിരുന്നു. ഇടതു വിംഗിലൂടെ സ്‌കോട്ടിഷ് മുന്നേറ്റ താരം റോസ് മക്കോര്‍ക്കിന്റെ പാസിലായിരുന്നു ഉസൈന്‍ ബോള്‍ട്ട് ഗോള്‍ നേടിയത്. പീന്നീട് അറുപത്തിയൊമ്പതാം മിനുറ്റിലെ രണ്ടാം ഗോളിന് ബോള്‍ട്ടിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗോളിയുടെയും പ്രതിരോധ താരത്തിന്റെയും പിഴവ് മുതലെടുത്ത താരം അനായാസം പന്ത് വലയിലാക്കുകയായിരുന്നു. നേരത്തെ പകരക്കാരനായി കളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ബോള്‍ട്ടിന്റേത് മോശം പ്രകടനം ആയിരുന്നു.
അതേസമയം ബോള്‍ട്ടുമായി ഇതുവരെ ക്ലബ് കരാറില്‍ ഏര്‍പ്പെട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ താരവുമായി ക്ലബ് കരാറില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷ
ഈ മാസം 19 നാണ് ഓസ്‌ട്രേലിയന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
മത്സരത്തില്‍ തന്റെ ഭാഗത്തു നിന്നു പിഴവുകള്‍ സംഭവിച്ചതായി മനസിലാക്കുന്നു. രണ്ട് ഗോള്‍ നേടാനായത് നല്ലൊരു തുടക്കമായാണ് കരുതുന്നത്. ഇനിയുള്ള മത്സരങ്ങളില്‍ കൂടതല്‍ മികവോടെ കളിക്കാന്‍ ശ്രമിക്കുമെന്നും ബോള്‍ട്ട് മത്സര ശേഷം പറഞ്ഞു. മുന്‍പു യൂറോപ്പിലടക്കം പലവട്ടം ഫുട്‌ബോള്‍ ട്രയല്‍സിന് ഇറങ്ങിയെങ്കിലും, പ്രഫഷനല്‍ താരമാകാനുള്ള മികവില്ലെന്ന വിലയിരുത്തലില്‍ ബോള്‍ട്ട് പിന്തള്ളപ്പെടുകയായിരുന്നു. ഓഗസ്റ്റ് 31ന് നടന്ന ഒരു സൗഹൃദക്കളിയുടെ 72ാം മിനിറ്റ് പകരക്കാരനായെങ്കിലും പ്രകടനം നിരാശാജനകമായിരുന്നു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബോള്‍ട്ടിന്റെ ഇരട്ടഗോള്‍ നേട്ടം താരത്തിന്റെ മുന്നോട്ടുള്ള കരിയറിന് പ്രയോജനം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ബോള്‍ട്ട് നേടിയ ഇരട്ടഗോള്‍ നേട്ടത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു.
2017 ലാണ് ട്രാക്കിലെ വേഗ താരമായ ബോള്‍ട്ട് അത്‌ലറ്റിക്‌സിനോട് വിട പറയുന്നത്. ട്രാക്കില്‍ നിന്നിറങ്ങിയ താരം ഒരു ഫുട്‌ബോള്‍ താരമാകുകയെന്നത് തന്റെ ജീവിത അഭിലാഷമാണെന്നറിയിച്ചിരുന്നു. മൂന്ന് ഒളിമ്പിക്‌സുകളില്‍ നിന്നായി എട്ട് സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 11 സ്വര്‍ണവുമാണ് ബോള്‍ട്ടിന്റെ നേട്ടം. 100, 200 മീറ്ററുകളില്‍ ലോകറെക്കോര്‍ഡും ഈ ജമൈക്കന്‍ താരത്തിനൊപ്പമാണ്.