24 വര്‍ഷത്തെ അതുല്യമായ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ല്‍ വിരമിച്ചപ്പോള്‍ സച്ചിന്റെ 10ാം നമ്പര്‍ ജഴ്‌സിയും അനാഥമായി. ലോക കായിക ചരിത്രത്തില്‍ 10നെ വിശുദ്ധ നമ്പറാക്കുന്നത് ലോകം കണ്ട ഏറ്റവും വിഖ്യാതനായ ഫുട്‌ബോള്‍ താരം പെലെയാണ്. ദൈവത്തിന് വേണ്ടി ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ മറഡോണയും 10നെ അനശ്വരമാക്കി. ക്രിക്കറ്റില്‍ 10ാം നമ്പറിന് ചുറ്റും ഓറ തീര്‍ക്കേണ്ടത് സച്ചിനായിരുന്നു. ദൈവം വിശ്രമിക്കാന്‍ പോയ സാഹചര്യത്തില്‍ മുംബയ് ഇന്ത്യന്‍സ് ആദ്യമേ ജേഴ്‌സി മടക്കിവച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബിസിസിഐയും ഇത് നടപ്പാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സച്ചിന് പകരം വയ്ക്കാവുന്ന ആരെങ്കിലും വരുന്നത് വരെയെങ്കിലും.
ഏതായാലും കുറേ കാലത്തേയ്ക്ക് 10ാം നമ്പര്‍ ആര്‍ക്കും കൊടുക്കാതെ അപ്രത്യക്ഷമാക്കി വച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയുമായുള്ള ഏകദിനത്തിനിടെ ശ്രദ്ധുല്‍ ഠാക്കൂര്‍ 10ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങി. ആരാധകരുടെ വികാരം മനസിലാക്കിയോ എന്തോ, ബിസിസിഐ 10ാം നമ്പറിനും റിട്ടയര്‍മെന്റ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഒരു നമ്പര്‍ ജഴ്‌സി പിന്‍വലിക്കണമെങ്കില്‍ അതിന് ഐസിസിയുടെ അംഗീകാരം വേണം. ഇത് ലഭിക്കുന്നത് വരെ തല്‍ക്കാലം ജഴ്‌സി ആര്‍ക്കും കൊടുക്കാതിരിക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി മുതല്‍ 10ാം നമ്പര്‍ ജഴ്‌സിയുണ്ടാകില്ലെന്ന് അനൗദ്യോഗികമായി ടീം അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മറ്റൊരു സച്ചിന്‍ അല്ലെങ്കില്‍ സച്ചിനെ ചെറുതാക്കുന്ന മറ്റൊരാള്‍ വരുമ്പോള്‍ ഇന്ത്യയുടെ 10ാം നമ്പര്‍ ജഴ്‌സി വീണ്ടും അവതരിക്കുമായിരിക്കും.
വായനയ്ക്ക്: https://goo.gl/QLhfTA