ഖത്തര്‍ 2022ലെ ലോകകപ്പിനുവേണ്ടി തയാറെടുക്കുമ്പോള്‍ വേദികള്‍ തയാറാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ഞെട്ടിപ്പിക്കുന്ന മരണ നിരക്ക് ഒരു ട്രേഡ് യൂണിയന്‍ നേതാവ് ഓര്‍മ്മപ്പെടുത്തുന്നു. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം 1200 ഓളം തൊഴിലാളികള്‍ മരിച്ചു വീണതായി കണക്കുകള്‍ ചൂണ്ടികാട്ടിയാണ് നോര്‍വേജിയന്‍ കോണ്‍ഫഫെഡറേഷന്‍ ഓഫ് ട്രേഡഡ് യൂണിയന്‍ നേതാവ് ഹാന്‍സ് ക്രിസ്റ്റന്‍ ഗബ്രിയേല്‍സണ്‍ രംഗത്തു വന്നിരിക്കുന്നത്.
വിഷയത്തില്‍ ഖത്തറിനെതിരെ വലിയ മനുഷ്യവകാശ ലംഘനങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ സമീപനമാണ് വിമര്‍ശനത്തിനിടയാക്കുന്നത്. ലോകകപ്പിന് മുമ്പായി എട്ടോളം സ്റ്റേഡിയങ്ങള്‍ നാലു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഖത്തറിനുമേല്‍ സമ്മര്‍ദവും അധികമാണ്. അതേസമയം വേഗത്തില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറില്‍ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങള്‍ അടക്കം ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവുന്നത്.
”ലോകകപ്പിനു വേണ്ടി ഇതു വരെ മരിച്ചു വീണ ഒരോ തൊഴിലാളിക്കും വേണ്ടി മത്സരങ്ങളിലെ ഒരോ മിനുട്ടു വീതം മൗനം ആചരിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ ആദ്യ നാല്‍പത്തിനാലു മത്സരങ്ങള്‍ പൂര്‍ണ നിശബ്ദതയില്‍ നടത്തേണ്ടി വരും.” ഗബ്രിയേല്‍സണ്‍ മരണ നിരക്കിന്റെ തീവ്രത വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
അതേസമയം ജോലികള്‍ക്കിടെ മരണമടഞ്ഞവരില്‍ അധികവും കുടിയേറ്റ തൊഴിലാളികളാണെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രവാസി തൊഴിലാളികളുടെ എണ്ണം ഇങ്ങനെ വര്‍ദ്ധിക്കുന്നത് ട്രേഡ് യൂണിയന്റെ ഇടപെടലുകളെ പല തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും ഗബ്രിയേല്‍സണ്‍ പറഞ്ഞു.
21 തൊഴിലാളികളാണ് റഷ്യന്‍ ലോകകപ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോഴത്തെ കണക്ക് പ്രകാരം 2022 ആവുമ്പോഴേക്കും ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച മരണനിരക്ക് നാലായിരത്തിലധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന മുനുഷ്യവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടി കാണിച്ച് ലോകകപ്പ് മത്സരം രാജ്യത്ത് നിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിവാദങ്ങളെന്നും റിപോര്‍ട്ടുകളുണ്ട്.
ആംനസ്റ്റി അടക്കമുള്ള സംഘടനകൾ നേരത്തെ തന്നെ ഖത്തർ ലോകകപ്പ് നിർമാണ പ്രവർത്തനങ്ങളിലെ തൊഴിലാളി മരണങ്ങൾക്കും , തൊഴിൽ ചൂഷങ്ങൾക്കുമെതിരെ രംഗത്ത് വന്നിരുന്നു.
The leader of Norwegian Confederation of Trade Unions:
“If we were to hold a minute of silence for every estimated death of a migrant worker due to the constructions of the Qatar World Cup, the first 44 matches of the tournament would be played in silence”
Disgraceful. pic.twitter.com/yEJiIdk9PO
— Footy Accumulators (@FootyAccums) October 13, 2018