UPDATES

സയന്‍സ്/ടെക്നോളജി

ന്യൂറല്‍ മെഷിന്‍ ട്രാന്‍സ്ലേഷന്‍: പുതിയ വിവര്‍ത്തന സംവിധാനവുമായി ഗൂഗിള്‍

മനുഷ്യന്റെ തലച്ചോറിന്റെ മാതൃകയിലാണ് ന്യൂറല്‍ നെറ്റ് വര്‍ക്ക് തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് ഗൂഗിള്‍ റിസര്‍ച്ച് എഞ്ചിനിയര്‍ മെല്‍വിന്‍ ജോണ്‍സണ്‍ പറയുന്നു.

                       

ഇന്ത്യന്‍ ഭാഷകളുടെ വിവര്‍ത്തനവുമായി ബന്ധപ്പെട്ട് ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍ (എന്‍എംടി) എന്ന പുതിയ സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, മലയാളം, കന്നഡ എന്നീ ഒമ്പത് ഭാഷകളിലാണ് അത് പ്രാവര്‍ത്തികമാവുക. ഒന്നിലധികം ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റം ഒരേസമയം നടക്കും. 2015ല്‍ തന്നെ ഗൂഗിള്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ടെന്‍സര്‍ ഫ്‌ളോ ലൈബ്രറി ഉപയോഗിച്ചായിരുന്നു ഇത്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള പരിഭാഷ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തിലാണ് ഗൂഗിള്‍ ശ്രദ്ധ ചെലുത്തിയത്.

മനുഷ്യന്റെ തലച്ചോറിന്റെ മാതൃകയിലാണ് ന്യൂറല്‍ നെറ്റ് വര്‍ക്ക് തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് ഗൂഗിള്‍ റിസര്‍ച്ച് എഞ്ചിനിയര്‍ മെല്‍വിന്‍ ജോണ്‍സണ്‍ പറയുന്നു. കമ്പ്യൂട്ടറുകളെ ചിത്രങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കുന്നതിന് സമാനമായാണ് ഗൂഗിളിന്റെ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ നിലവാരത്തിലും വേഗത്തിലും വിവര്‍ത്തനം സാദ്ധ്യമാക്കുന്നതാണ് എന്‍എംടി എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഫ്രേസ് ടു ഫ്രേസ് എന്ന രീതിയിലുള്ള പഴയ രീതിക്ക് പകരം ഒരു വാചകത്തില്‍ നിന്ന് മറ്റൊരു വാചകത്തിലേയ്ക്ക് എന്ന രീതിയില്‍ മാറിയിരിക്കുന്നു.

ഇത് സാധാരണയായി മനുഷ്യന്‍ ചെയ്യുന്ന പരിഭാഷപ്പെടുത്തല്‍ പോലെ കൃത്യമായിരിക്കും എന്നാണ് അവകാശവാദം. മനുഷ്യര്‍ നിര്‍വഹിക്കുന്ന പരിഭാഷയും കമ്പ്യൂട്ടര്‍ പരിഭാഷയും തമ്മില്‍ നിലവാരത്തിലുള്ള അന്തരം കുറയ്ക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗൂഗിള്‍ പറയുന്നു. വളരെയധികം വ്യത്യസ്തങ്ങളമായ പ്രാദേശിക ഭാഷകളുള്ള ഇന്ത്യയില്‍ ഇത് ഇപ്പോഴും വലിയ വെല്ലുവിളി നേരിടുന്നതായി മെല്‍വിന്‍ ജോണ്‍സണ്‍ പറയുന്നു. ഗൂഗിളിന് ഇനിയും ഏറെ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍