June 13, 2025 |
Share on

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണ് ഹ്യുണ്ടായുടെ വാക്കിംഗ് കാര്‍

സാധാരണ പ്രദേശങ്ങളില്‍ വീലുകളുടെ സഹായത്താല്‍ ഓടിയെത്തുകയും ആവശ്യമുള്ളിടത്ത് നടക്കുകയും പാറക്കെട്ടുകള്‍ക്കു മുകളില്‍ ചാടിക്കയറുകയും ചെയ്യും വാക്കിംഗ് കാറുകള്‍.

ട്രാന്‍സ്‌ഫോമേഴ്‌സ് എന്ന ഹോളിവുഡ് സിനിമ കാണാത്തവരായി ആരുമുണ്ടാകില്ല. കാറെന്നും ട്രക്കെന്നുമെല്ലാം തോന്നിപ്പിക്കുമെങ്കിലും അവശ്യഘട്ടങ്ങളില്‍ രൂപം മാറുന്നവരാണ് ട്രാന്‍സ്‌ഫോമറുകള്‍. ഇതേ രീതി ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങളുടെ കാറില്‍ അവലംബിക്കാനൊരുങ്ങുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്. അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളില്‍ സാധാരണ വാഹനങ്ങള്‍ക്ക് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ദുര്‍ഘടമാണെന്നിരിക്കെ ഈ പരിമിതികള്‍ മറികടക്കുകയാണ് ഹ്യുണ്ടായിയുടെ വാക്കിംഗ് കാര്‍ ചെയ്യുന്നത്.

എലിവേറ്റ് വാക്കിംഗ് കാര്‍ എന്നതാണ് ഈ മോഡലിന്റെ പേര്. ലോകത്തെ ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു.എം.വി) എന്ന ഖ്യാദി കൂടി സ്വന്തമാക്കിയാണ് ഈ മോഡലിന്റെ വരവ്. യു.എസിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഈ മോഡലിനെ ഹ്യുണ്ടായ് അവതരിപ്പിച്ചത്. ഏറെ പ്രശംസയാണ് ഈ മോഡലിന് ലഭിച്ചത്. ദുരന്തമുഖത്തു നിന്നും അപകടം സംഭവിച്ചവരെ കണ്ടെത്തി രക്ഷിക്കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക, നിരീക്ഷണം നടത്തുക എന്നിവയാണ് വാക്കിംഗ് കാറിന്റെ പ്രധാന ചുമതലകള്‍.

സാധാരണ പ്രദേശങ്ങളില്‍ വീലുകളുടെ സഹായത്താല്‍ ഓടിയെത്തുകയും ആവശ്യമുള്ളിടത്ത് നടക്കുകയും പാറക്കെട്ടുകള്‍ക്കു മുകളില്‍ ചാടിക്കയറുകയും ചെയ്യും വാക്കിംഗ് കാറുകള്‍. ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകള്‍ ഘടിപ്പിച്ച വീലുകളുടെയും ഇതിനോടൊപ്പം ഉള്‍ക്കൊള്ളിച്ച റൊബോട്ടിക് കാലുകളുടെയും സഹായത്തോടെയാണ് നടക്കുകയും ചാടിക്കടക്കുകയും ചെയ്യുന്നത്. കാറിന്റെ വര്‍ക്കിംഗ് സ്‌കെയില്‍ മോഡലും എന്‍ജിനീയര്‍മാര്‍ സി.ഇ.എസില്‍ പരിചയപ്പെടുത്തി.

സുനാമി, ഭൂമികുലുക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനാകാത്തതിന്റെ പേരില്‍ നിരവധി പേരാണ് മരണമടയുന്നത്. എന്നാല്‍ ഹ്യുണ്ടായിയുടെ ഈ സംരംഭം ഇത്തരം ഘട്ടങ്ങളില്‍ സമാനതകളില്ലാത്ത സഹായം നല്‍കുമെന്ന് ഹ്യുണ്ടായ് അധികൃതര്‍ പറയുന്നു. സൗകര്യാര്‍ത്ഥം നഗരപ്രദേശങ്ങളിലും ഉപയോഗിക്കുന്ന രീതിയിലാണ് കാറിന്റെ നിര്‍മാണം. എന്നാല്‍ സാങ്കേതികമായ നിരവധി പരീക്ഷണങ്ങള്‍ ഇനിയും നടത്താനുണ്ട്. മൂന്നുവര്‍ഷത്തെ പരീക്ഷണ ഫലമാണ് ഹ്യൂണ്ടായിയുടെ ഈ അതിനൂതന സംരംഭം.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×